"ഇത് കലികാലമല്ലേ മക്കളേ ഇതും ഇതിനപ്പുറവും നടക്കും." ഓരോ ദിവസത്തെയും വാർത്തകൾ കേൾക്കുമ്പോൾ മുത്തശ്ശി പറയുന്ന വാക്യമാണിത്.
ഞാനീ വാക്യം കേൾക്കാൻ തുടങ്ങിയിട്ട് നാലു ദശകങ്ങൾ കഴിഞ്ഞു. ആദ്യമായി കേട്ടപ്പോൾ ഞാൻ തിരക്കിയിരുന്നു ''എന്താണ് മുത്തശ്ശീ ഈ 'കലികാലം' എന്നു പറഞ്ഞാൽ ?".
" അത് നാലു യുഗങ്ങളിൽ അവസാനമാണ് മോളേ.. ആദ്യത്തേത് കൃതയുഗം അല്ലെങ്കിൽ സത്യയുഗമായിരുന്നു .പിന്നീട് ത്രേതായുഗം വന്നു, അതു കഴിഞ്ഞായിരുന്നു ദ്വാപരയുഗം, ഇപ്പോൾ ദേ അതും കഴിഞ്ഞ് കലിയുഗമായി.
ധർമ്മം ക്ഷയിക്കുകയും അധർമ്മം വർദ്ധിക്കുകയും ചെയ്യുന്ന കാലം. ലോകത്തിൽ തിന്മയും അനീതിയും കൊടികുത്തി വാഴുന്ന കാലമായിരിക്കും, അതാണല്ലോ ഇപ്പോൾ നടക്കുന്നതും ''. മുത്തശ്ശി അന്നേ ഇങ്ങനാണ് പറഞ്ഞു തന്നത്.
ഇന്ന് ഞാനും ചിന്തകളുടെ താഴ്‌വരകളിലേയ്ക്ക് തിരികെ നടക്കുമ്പോൾ പലതും ശരിയാണല്ലോ എന്ന് വിശ്വസിക്കാതെ വയ്യ. എൻ്റെ ഗ്രാമത്തിലെത്തിയാൽ ഒരു നാട്യങ്ങളുമില്ലാത്ത ഒരു നാട്ടിൻ പുറമായിരുന്നു അത്. ആ ഗ്രാമത്തിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരെ ഉൾപ്പടെ എല്ലാവർക്കും എല്ലാവരെയും അറിയാമായിരുന്നു. 'ഞാൻ' 'എനിക്ക് ' എന്നുള്ള ചിന്തകൾ ഇല്ലായിരുന്നു. അപകട മരണങ്ങൾ കുറവായിരുന്നു. മാരക രോഗങ്ങൾ ഇല്ലായിരുന്നു. അഥവാ ഒരു പനിയോ ചുമയോ ആർക്കേലും വന്നാൽ സർക്കാർ ആശുപത്രിയിൽ നിന്ന് കിട്ടുന്ന ഒരു റോസ് നിറത്തിലുള്ള മരുന്ന് കഴിച്ചാൽ തീരുന്നതേ ഉണ്ടായിരുന്നുള്ളു. വല്യ ഡോക്ടർ ഇല്ലെങ്കിലും " കമ്പൗണ്ടർ " വിദഗ്ദമായി പരിശോധിച്ചിരുന്നു. രോഗികളുടെ പൾസ് നോക്കിയും നാക്കും മൂക്കും കണ്ണും ഹൃദയമിടിപ്പും നോക്കി അസുഖങ്ങൾ തിരിച്ചറിഞ്ഞിരുന്നു. (ഇന്ന് രോഗി അങ്ങോട്ട് പറയേണ്ട അവസ്ഥയാണ്.)
അന്നത്തെ ലഹരി തെങ്ങ് ചെത്തുന്ന കള്ളായിരുന്നു. ഒരു ഗ്രാമത്തിൽ ഒരു കള്ള് ഷാപ്പെങ്കിലും കാണുമായിരുന്നു. വിതയ്ക്കുന്നതും കൊയ്യുന്നതും ഒരുമിച്ചു തന്നെ. ഗ്രാമത്തിൻ്റെ ഐശ്വര്യം പോലെ അമ്പലങ്ങൾ. അവിടുത്തെ ഉത്സവങ്ങൾ. ഒന്നിനും മത്സരമുണ്ടായിരുന്നില്ല.
കൂടുമ്പോൾ ശരിക്കും ഇമ്പമുണ്ടായിരുന്നു ഓരോ കുടുംബങ്ങൾക്കും. ഓരോ വിശേഷങ്ങളും പറയാനും അറിയാനും താത്പര്യമുണ്ടായിരുന്നു. ഓരോ ബന്ധങ്ങൾക്കും വിലയുണ്ടായിരുന്നു. ബഹുമാനിക്കാനും സ്നേഹിക്കാനും പഠിച്ചിരുന്നു. ജാതി മത വർഗവർണ്ണവിവേചനമില്ലാതെ കൂട്ടു കൂടിയിരുന്നു. വന്നു പോയ യുദ്ധങ്ങളുടെ കഥകൾ കേട്ട് ഇനിയുണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചിരുന്നു.
ആ ഓർമ്മകളിൽ നിന്ന് ഇവിടെ തിരികെ എത്തി നിൽക്കുമ്പോൾ വളരുന്ന ശാസ്ത്രത്തിൻ്റെ, വരളുന്ന മന:ശാസ്ത്രത്തിൻ്റെ പ്രതീകങ്ങളായി മനുഷ്യർ മാറുന്നതു കാണുമ്പോൾ, വീണ്ടും യുദ്ധ ദുരന്തങ്ങളുടെ വാർത്തകൾ കാണുമ്പോൾ, ബന്ധങ്ങൾക്ക് ഒരു വിലയുമില്ലാതെ ആളുകൾ ഓരോന്ന് കാണിക്കുമ്പോൾ, അറവുമാടിനെപ്പോലെ മനുഷ്യർ മനുഷ്യരെ കൊല്ലുന്നതു കാണുമ്പോൾ, പ്രണയമെന്ന ദിവ്യാനുഭൂതിയെ നശിപ്പിക്കുമ്പോൾ, മാതൃത്വത്തെ അപമാനിക്കുമ്പോൾ............ വയ്യ........ തളർന്നു പോകുന്നു........ ഇനിയുമീ കലികാലത്തിൽ എന്തെല്ലാം കാണേണ്ടി വരുമെന്ന ഭീതിയോടെ...........
( ചിലരെങ്കിലും പറയും പണ്ടും ഇതൊക്കെ നടന്നിരുന്നു, അന്ന് സോഷ്യൽ മീഡിയ ഇല്ലായിരുന്നതുകൊണ്ട് അറിഞ്ഞില്ല എന്ന്.... ഞാനതിനോട് ഭാഗീകമായി വിയോജിക്കുന്നു, കാരണം എൻ്റെ ഗ്രാമത്തിൽ എന്തു നടന്നാലും എല്ലാവരും അറിഞ്ഞിരുന്നു)