Image

പത്മവ്യൂഹം! (കവിത: ജോയ് ഗുരുവായൂർ)

Published on 22 June, 2025
പത്മവ്യൂഹം! (കവിത: ജോയ് ഗുരുവായൂർ)

വേശ്യകളും പിമ്പുകളും സദാചാരികളും 
പഴയ കൂട്ടുകച്ചവടക്കാരുമൊന്നുപോലെ, 
നിൻ്റെ ചോരയ്ക്കുവേണ്ടി തെരുവിൽ വ്യാളിവിലാസങ്ങളാടുകയാണ്!

ദുസ്വപ്നം കാണുന്നൊരു കുട്ടിയെപോൽ,
കരിയിലയനക്കങ്ങളിൽ ഞെട്ടുന്നു നീ!
ഭീകരരൂപികളായ തെയ്യങ്ങളുടെമുമ്പിൽ,
ഭക്തിചോരാതെ പിടിച്ചുനിൽക്ക നീ..

അരുത്.. നീ തളരരുതൊരിക്കലും.. 
രഥക്കൈയിലിരിക്കുന്ന സാരഥിയുടെ
ഉപദേശങ്ങൾകേട്ട്, എടുക്കുമ്പോളൊന്നും
തൊടുക്കുമ്പോൾ പത്തുമായി തുടരട്ടേ..

രക്തബന്ധങ്ങളും ആദർശങ്ങളുംനോക്കി,
ഒരു യുദ്ധവുമിതുവരെ ജയിച്ച ചരിത്രമില്ല!
നീതികളെയും ധർമ്മങ്ങളെയും നിർദ്ദയം,
ചതിക്കുഴികളിലടക്കിവെച്ച് മുന്നേറുക നീ.

നിൻ്റെ ദാർഷ്ട്യവും അഹങ്കാരവുമെല്ലാം 
വിവേകത്തിനു വഴിമാറേണ്ട കാലമാണ്. 
ഒരു കോഴിക്കള്ളൻ്റെ ഭയചേഷ്ടകളല്ലാ
നിന്നിൽനിന്നിപ്പോൾ ബഹിർഗ്ഗമിക്കേണ്ടത്!

നിയമം നിയമത്തിൻ്റെ വഴിക്കും
സത്യം സത്യത്തിൻ്റെ വഴിക്കും
ആദർശം ആദർശത്തിൻ്റെ വഴിക്കും
നാം നമ്മുടെ വഴിക്കും... മുന്നോട്ട്!..  

ഇതു ബറാബാസ്സുമാരുടെ സുവർണ്ണകാലം!
മൺമറഞ്ഞുപോയ ഹിറ്റ്ലറുടെയും  മുസ്സോളിനിയുടെയും
ശവക്കല്ലറകളിൽ പുനർജ്ജനിയുടെ 
വിള്ളലുകൾവീഴുന്ന കലികാലം!

വിവേകവും ആത്മാർത്ഥതയുമൊക്കെ,
കൊടികുത്തിവാണിരുന്ന കാലമെല്ലാം,
നാമാവശേഷമായിക്കഴിഞ്ഞെന്നുള്ളത്,
നിൻ്റെ പ്രതീക്ഷകൾക്കു ശ്വാസമേകുന്നുണ്ട്!

ഒരു വൈക്കോൽത്തുരുമ്പെങ്കിലും
നിന്നെത്തേടി വരാതിരിക്കില്ല.
"മൗനം വിദ്വാനുഭൂഷണം" എന്ന പഴഞ്ചൊല്ല്,
നിനക്കുമിന്നു ഭൂഷണമാണെന്നറിയുക!

രക്ഷപ്പൊനുളള പഴുതുകളടഞ്ഞെന്നു,
ബോദ്ധ്യമാകുന്ന ആ നിമിഷംമുതൽ,
ചാടിമരിക്കാനൊരു പൊട്ടക്കിണറോ,
തൂങ്ങാനൊരു മരക്കൊമ്പോ കരുതുക!

തത്കാലം മനസ്സുതണുപ്പിക്കുവാനൊരു
രുദ്രവീണ,  നിനക്കുഞാൻ തന്നുവയ്ക്കാം.
നഗരം കത്തിയെരിയുന്നതുംനോക്കി,
മട്ടുപ്പാവിലിരുന്ന് വായിച്ചാസ്വദിക്കാൻ!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക