Image

ഗോത്രജനവിഭാഗത്തിന് നേരെ അധിക്ഷേപ പരാമര്‍ശം; വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ്

Published on 22 June, 2025
ഗോത്രജനവിഭാഗത്തിന് നേരെ അധിക്ഷേപ പരാമര്‍ശം; വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ്

ഗോത്രജനവിഭാഗത്തിന് നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നടന്‍ വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ്. പഹല്‍ഗാം ആക്രമണത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഗോത്രജനവിഭാഗങ്ങളെ അധിക്ഷേപിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു. ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് ട്രൈബല്‍ കമ്യൂണിറ്റീസ് എന്ന സംഘടനയുടെ പ്രസിഡന്റായ നേനവത് അശോക് കുമാര്‍ നായക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഏപ്രിലില്‍, സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ നടത്തിയ പരാമര്‍ശമാണ് പരാതിയ്ക്ക് കാരണമായിരിക്കുന്നത്. പഹല്‍ഗാം ആക്രമണത്തെ വിമര്‍ശിക്കുന്നതിനിടെ പാകിസ്താനെതിരെ രൂക്ഷമായി താരം പ്രതികരിച്ചിരുന്നു. 500 വര്‍ഷം മുന്‍പ് ഗോത്രജനവിഭാഗങ്ങള്‍ പെരുമാറിയിരുന്ന പോലെയാണ് പാകിസ്ഥാന്‍ ഇപ്പോഴും ആക്രമണങ്ങളുമായി മുന്നോട്ടുപോകുന്നത് എന്നായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്.

ഈ പ്രതികരണത്തിനെതിരെ ശക്തമായ എതിര്‍പ്പ് ആ സമയത്ത് തന്നെ ഉയര്‍ന്നിരുന്നു. തീവ്രവാദികളെ ഗോത്രജനവിഭാഗങ്ങളോട് ഉപമിച്ചുകൊണ്ട് ട്രൈബല്‍ കമ്യൂണിറ്റിയെ നടന്‍ അപമാനിച്ചെന്നും വംശീയാധിക്ഷേപമാണ് നടത്തിയതെന്നുമാണ് ഇപ്പോഴത്തെ പരാതിയല്‍ ഉന്നയിച്ചിരിക്കുന്നത്. പട്ടിക ജാതി/പട്ടിക വര്‍ഗ(അതിക്രമങ്ങള്‍ തടയല്‍) നിയമ പ്രകാരമാണ് നടനെതിരെ കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു.

പ്രസംഗത്തിന് തൊട്ടുപിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോള്‍ വിജയ് ദേവരകൊണ്ട് ഖേദപ്രകടനം നടത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക