നിങ്ങളെന്നെ കല്ലെറിയും
എനിക്കറിയാം
എറിഞ്ഞ കല്ല്
കൃത്യമായെൻ്റെ മേൽ
കൊള്ളുകയും
വേദനിപ്പിക്കുകയും ചെയ്യും.
കയ് വളരുന്നോ
കാൽ വളരുന്നോയെന്ന്
നോക്കി വളർത്തിയതല്ലേ
കുഴിയിലൊരു പിടി മണ്ണ്
നെറ്റിയിലൊരവസാനയുമ്മ
കണ്ണടയും മുൻപവരാശിച്ചിരിക്കില്ലേ
ഒരു നോക്കുകാണാൻ
പണവും പണിയുമാണോ വലുത്
ഇങ്ങനെയിങ്ങനെ
എറിയുന്നോരോ കല്ലും
അവിടെത്തട്ടിയിവിടെത്തട്ടി
എന്നിലേക്കെത്തും
ആ കുഴിമാടത്തിലൊരിക്കലെങ്കിലും
ഒരു തിരിയെങ്കിലും
ഒരാത്മാവവിടെ
കാത്തിരിപ്പാണെന്നെങ്കിലും
പിറുപിറുക്കുന്ന
എങ്കിലുകൾക്കിടയിൽ
കുറ്റബോധപ്പെടാതെയിരിക്കുമ്പോഴും
എറിയുന്ന കല്ലുകളാൽ
ഹൃദയം മുറിയും
നീറിയെരിയും
ജീവിച്ചിരിക്കുമ്പോൾ
അവർക്കു വേണ്ടി
ഇത്തിരിയെങ്കിലുമെരിയാൻ
സാധിച്ചില്ലല്ലോയെന്ന്
ഓരോ നീറ്റലുമോർമ്മിപ്പിക്കും.