എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫസർ ബി. സുജാതാദേവി അന്തരിച്ചിട്ട് ഇന്ന് ഏഴുവർഷം.
'ദേവി' എന്ന പേരിൽ കവിതയും 'സുജാത' എന്ന പേരിൽ ഗദ്യവും എഴുതിയിരുന്നു. 'മൃൺമയി' എന്ന കവിതാ സമാഹാരവും 'കാടുകളുടെ താളംതേടി' എന്ന യാത്രാനുഭവക്കുറിപ്പും ആണ് പ്രസിദ്ധീകൃതമായ കൃതികൾ. ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് ഒരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിസ്ഥിതി, സഞ്ചാരം എന്നീ വിഷയങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലും ഒട്ടേറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അപ്രകാശിതമായ കവിതകളും ഒട്ടേറെയുണ്ട്.
പ്രസിദ്ധ കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ബോധേശ്വരന്റെയും പ്രൊഫ. വി.കെ. കാർത്ത്യായനി അമ്മയുടെയും മകളാണ്. 1946-ൽ ജനനം. എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ഹൃദയകുമാരിയുടെയും (നിര്യാണം: 2014) കവയിത്രി സുഗതകുമാരിയുടെയും (നിര്യാണം: 2020) ഇളയ സഹോദരിയാണ് സുജാതാ ദേവി.
പരസ്പരം കൈത്താങ്ങായാണ് മൂവരും കര്‍മ്മമേഖലകളില്‍ മുഴുകിയത്. സങ്കടങ്ങളും വേദനകളും മൂവരും ഒന്നിച്ചു പങ്കുവെച്ചു. തീരുമാനങ്ങള്‍ ഒന്നിച്ചെടുത്തു. ജീവിതം വെച്ചുനീട്ടുന്ന അരക്ഷിതാവസ്ഥകളെ ഒറ്റക്കെട്ടായി നേരിട്ടു. അസാധാരണമായ ഒരു പെണ്‍കൂട്ടായ്മ ആയിരുന്നു അത്. ഒരുപക്ഷേ, ഒരേ പോലെ പ്രശസ്തരായ മറ്റ് മൂന്ന് സഹോദരിമാര്‍ മലയാള സാഹിത്യലോകത്ത് വേറെയുണ്ടാവില്ല.
തിരുവനന്തപുരം വിമൻസ് കോളേജിൽ ആയിരുന്നു സുജാതാ ദേവിയുടെ വിദ്യാഭ്യാസം; തുടർന്ന്, എറണാകുളം മഹാരാജാസ് കോളജ്, തിരുവനന്തപുരം വിമെൻസ് കോളജ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്നു.
കമ്യൂണിസ്റ്റ് നേതാവും മുൻമന്ത്രിയുമായ എം.എൻ. ഗോവിന്ദൻ നായരുടെ അനന്തരവൻ പരേതനായ അഡ്വ. പി. ഗോപാലകൃഷ്ണൻ നായരാണ് ഭർത്താവ്. അദ്ദേഹം ഹൈക്കോടതിയിൽ പ്രാക്റ്റീസ് ചെയ്തിരുന്ന കാലത്ത്, ദിവാൻസ് റോഡിൽ താമസിച്ചിരുന്നത് ഓർക്കുന്നു. മക്കൾ: പരമേശ്വരന്‍ (സഞ്ജു), പരേതനായ ഗോവിന്ദന്‍ (ഉണ്ണി), പദ്മനാഭന്‍ (കണ്ണന്‍) എന്നിവരാണ്. കൊച്ചിയിൽ ജോലി ചെയ്തിരുന്ന യുവാവായ തന്റെ മകൻ ഗോവിന്ദന്റെ റോഡ് അപകടമരണം അവരിൽ വലിയ മാനസിക ആഘാതം സൃഷ്ടിച്ചിരുന്നു.
'കാടുകളുടെ താളം തേടി’ എന്ന യാത്രാവിവരണത്തിന്, 1999-ലെ, കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള അവാർഡ് ലഭിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളിൽ സഹോദരി സുഗതകുമാരിക്കൊപ്പം പ്രവർത്തിച്ചു. ഹിമാലയൻ പരിസ്ഥിതി പഠനത്തിന് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
സുജാതദേവിയുടെ 'ചിദഗ്നി കുണ്ഡ സംഭൂതാ' എന്ന കൃതി, മധ്യകാല ഭക്തകവയിത്രികളെ ക്കുറിച്ചുള്ള പഠനമാണ്.
സുഗതകുമാരിക്കൊപ്പം നന്ദാവനം ‘വരദ’യിലാണ് സുജാതാദേവി അന്ത്യനാളുകളില്‍ താമസിച്ചിരുന്നത്. 2018 ജൂൺ 23-ന്, 72-ാം വയസിൽ, തിരുവനന്തപുരത്തെ SUT ആശുപത്രിയിൽ (പുലർച്ചെ 1.40-ന്) ആണ് നിര്യാതയായത്. മസ്തിഷ്‌ക സംബന്ധമായ രോഗം ബാധിച്ച് രണ്ടാഴ്ചയിലേറെ ദീർഘിച്ച ആശുപത്രി ചികിത്സക്ക് അവസാനമായിരുന്നു അന്ത്യം.
'ദേവി' എന്ന പേരിലായിരുന്നു കവിതകളെഴുതിയിരുന്നത് എന്നു സൂചിപ്പിച്ചുവല്ലോ. മരണശേഷം അവ പ്രസിദ്ധീകരിക്കരുതെന്ന് വില്‍പത്രത്തില്‍ വരെ അവരെഴുതിവച്ചു. തന്റെ കവിതകളെല്ലാം കത്തിച്ചുകളഞ്ഞേക്കൂ, എന്നായിരുന്നു സുജാതദേവി എഴുതിവച്ചത്. എന്നാല്‍, സഹോദരിയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചു കാണാനായിരുന്നു സുഗതകുമാരിക്കിഷ്ടം. അതിനുള്ള അവകാശം തനിക്കുണ്ടെന്ന് സുഗതകുമാരി ടീച്ചര്‍ പറഞ്ഞു. എന്നിട്ട് സഹോദരിയുടെ കവിതകള്‍ എഡിറ്റ് ചെയ്തു, അവ പ്രസിദ്ധീകരിക്കപ്പെട്ടു; 'മൃൺമയി' (കവിതാസമാഹാരം); കവയത്രിയുടെ പേര് 'ദേവി' എന്നു മാത്രമാണ് കൊടുത്തിട്ടുള്ളത്... (മാതൃഭൂമി ബുക്ക്സ്)