Image

ഞാൻ കണ്ട തുർക്കി (ഭാഗം -4: ആന്റണി കൈതാരത്ത്‌)

Published on 23 June, 2025
ഞാൻ കണ്ട തുർക്കി (ഭാഗം -4: ആന്റണി കൈതാരത്ത്‌)

3 - Canakkale to Izmir

പുരാതന ഗ്രീസിലെ ഇതിഹാസ കാവ്യങ്ങളുടെ കർത്താവായി അറിയപ്പെടുന്ന ഒരു മഹാകവിയാണ് ഹോമർ. അദ്ദേഹത്തെ ഗ്രീസിൻ്റെ അധ്യാപകൻ എന്നും വിശേഷിപ്പിക്കാറുണ്ട്. ഇലിയഡ് (The Iliad) ഒഡീസി (The Odyssey) എന്നി രണ്ട് പ്രധാന ഇതിഹാസ കാവ്യങ്ങൾ  ഹോമർ രചിച്ചുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഹോമറിൻ്റെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന നഗരമാണ് Izmir. ഇന്നത്തെ ഞങ്ങളുടെ യാത്ര ആ ചരിത്ര നഗരത്തിലേക്കാണ്.
ഏകദേശം 300 കിലോമീറ്റർ ദൂരെയാണ് Izmir എന്ന നഗരം. വഴിയിൽ പുരാതന ഗ്രീക്ക് നഗരമായ പെർഗമണിൽ (Pergamum) കാണുവനായി ഞങ്ങൾ നിർത്തുന്നു. ഇന്നത്തെ ഉച്ചഭക്ഷണം അവിടത്തെ ഒരു ഗ്രാമീണ വീട്ടിലായിരിക്കും.
തുർക്കിയുടെ ഗ്രാമീണ ഭൂപ്രകൃതിയും ഗ്രാമീണ ജീവിതവും, കൃഷിത്തോട്ടങ്ങളും, ഒലിവ് മരക്കാടുകളും അടങ്ങിയ മനോഹരമായ കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് യാത്ര തുടർന്നു.
പെർഗമം (Pergamun/Pergamon), ആധുനിക തുർക്കിയിലെ ഏഷ്യാ മൈനറിൽ സ്ഥിതി ചെയ്യുന്ന പുരാതന പ്രമുഖ ഗ്രീക്ക് നഗരമായിരുന്നു. 

അറ്റാലിഡ് രാജവംശം (Attalid Dynasty): ബി.സി. മൂന്നും രണ്ടും നൂറ്റാണ്ടുകളിൽ പെർഗമം അറ്റാലിഡ് രാജവംശത്തിൻ്റെ തലസ്ഥാനമായിരുന്നു. ഫിലറ്റൈറസ് (ബി.സി. 343-263) ആയിരുന്നു ഈ രാജവംശത്തിൻ്റെ സ്ഥാപകൻ. ഈ രാജവംശത്തിൻ്റെ കീഴിലാണ് പെർഗമം ഒരു വലിയ സാംസ്കാരിക ശക്തിയായി വളർന്നത്.
അക്കാലത്തെ ഏറ്റവും മികച്ച ലൈബ്രറികളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലൈബ്രററി  ഇവിടെയായിരുന്നു. ഏകദേശം 200,000 ചുരുളുകൾ ഇവിടെയുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഏറ്റവും വലുത് ഈജിപ്ത്ലെ അലക്സാണ്ട്രിയയിൽ ആയിരുന്നു.
ക്രിസ്ത്യൻ ബൈബിളിലെ വെളിപാട് പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന ഏഴ് ഏഷ്യൻ സഭകളിൽ ഒന്നാണ് പെർഗമം.
പെർഗമം അൾത്താർ (Pergamon Altar): യൂമെനെസ് രണ്ടാമൻ രാജാവ് നിർമ്മിച്ച ഈ വലിയ അൾത്താർ ഹെല്ലനിസ്റ്റിക് കലയുടെ ഉന്നതിയും, രാഷ്ട്രീയ വിജയത്തിൻ്റെ ഒരു സ്മാരകവും, കലാപരമായ കണ്ടുപിടിത്തങ്ങളുടെ ഒരു മികച്ച ഉദാഹരണവുമാണ്. അതിൻ്റെ ശിൽപങ്ങളിലെ ഭാവതീവ്രതയും ചലനാത്മകതയും ഇന്നും ലോകമെമ്പാടുമുള്ള കലാപ്രേമികളെയും ചരിത്രകാരന്മാരെയും ആകർഷിക്കുന്നു. അൾത്താരയുടെ ഏറ്റവും ശ്രദ്ധേയമായ ഭാഗം അതിൻ്റെ അടിത്തട്ടിലുള്ള വലിയ മനോഹരമായ കൊത്തുപണികളാൽ അലങ്കരിച്ച ശിൽപങ്ങളാണ്. ഈ ശിൽപങ്ങൾ ദേവന്മാരും ഭീമൻമാരും തമ്മിലുള്ള ഐതിഹാസിക യുദ്ധമായ "ഗിഗാന്റോമാക്കി" (Gigantomachy) ചിത്രീകരിക്കുന്നു.ഇന്ന് ഈ അൾത്താരയുടെ പ്രധാന ഭാഗങ്ങൾ ബെർലിനിലെ പെർഗമോൺ മ്യൂസിയത്തിൽ പുനർനിർമ്മിച്ചിട്ടുണ്ട്.

Pergamon Altar- ൻ്റെ പൂർണ്ണരൂപം. ഇന്നു ഇതിൻ്റെ അവശിഷ്ടങ്ങൾ മാത്രം കാണാം

അക്രോപോളിസ് (Acropolis): (അക്രോപോളിസ് എന്നാൽ വലിയ കോട്ടകൾ എന്നർത്ഥം) നഗരത്തിൻ്റെ ഉയരമുള്ള ഭാഗത്ത് സ്ഥിതി ചെയ്യുന്ന അക്രോപോളിസിൽ, ക്ഷേത്രങ്ങൾ, തിയേറ്ററുകൾ, കൊട്ടാരങ്ങൾ, സൈനിക നിർമ്മിതികൾ എന്നിവ ഉൾക്കൊണ്ടിരുന്നു.

പെർഗമം ഇന്ന് തുർക്കിയിലെ ബെർഗാമ (Bergama) എന്ന ആധുനിക നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്നു. ക്ഷേത്രങ്ങളുടെയും തിയേറ്ററുകളുടെയും കോട്ടകളുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ബഹുതല സാംസ്കാരിക ഭൂപ്രകൃതിക്ക് പേരുകേട്ട പെർഗമം 2014-ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
പ്രശസ്ത ഗ്രീക്ക് ഭിഷഗ്വരനായ ഗാലൻ (Galen) പെർഗമത്തിൽ ജനിച്ചയാളാണ്. വൈദ്യശാസ്ത്ര ചരിത്രത്തിൽ പെർഗമം ഒരു പ്രധാന സ്ഥാനമർഹിക്കുന്നു, കാരണം ഗ്രീക്ക് വൈദ്യശാസ്ത്ര ദേവനായ അസ്ക്ലേപിയസിന് സമർപ്പിച്ച പ്രസിദ്ധമായ എസ്കുലാപ്പിയോൺ (Asclepieion) എന്ന ചികിത്സാ കേന്ദ്രം ഇവിടെ ഉണ്ടായിരുന്നു. അവിടെ രോഗികൾ സ്വപ്ന വ്യാഖ്യാനം, ജലചികിത്സ, വ്യായാമം, മനഃശാസ്ത്രം തുടങ്ങിയ വിവിധ രീതികളിലൂടെ രോഗശാന്തി തേടി. രോഗികൾക്ക് വിശ്രമിക്കാനും ചികിത്സ തേടാനും ധ്യാനിക്കാനുമുള്ള സൗകര്യങ്ങളും ഇവിടെയുണ്ടായിരുന്നു. ഇത് ആരോഗ്യ സംരക്ഷണ ചിഹ്നമായ എസ്കുലാപ്പിയസ് വടിയുടെ ഉത്ഭവത്തിന് കാരണമായി. ഈ വടി ഇന്നും വൈദ്യശാസ്ത്രത്തിൻ്റെ വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു ചിഹ്നമായി തുടരുന്നു.

പാമ്പുകൾക്ക് രോഗശാന്തി ഗുണങ്ങളുണ്ടെന്ന് അവർ വിശ്വസിച്ചു. അവയുടെ തൊലി ഉരിഞ്ഞു കളയുന്നത് പുനർജന്മം, നവീകരണം, പുനരുജ്ജീവനം എന്നിവയുടെ പ്രതീകമായി കണക്കാക്കി, ഇത് രോഗശാന്തിയുടെയും വീണ്ടെടുക്കലിൻ്റെയും ആശയവുമായി തികച്ചും യോജിച്ചു.
വൈദ്യശാസ്ത്ര ചിഹ്നങ്ങൾക്ക് ആകർഷകമായ ഒരു ചരിത്രമുണ്ട്, പലപ്പോഴും പുരാണങ്ങളിലും പുരാതന ആചാരങ്ങളിലും വേരൂന്നിയതാണ് അവ. ഏറ്റവും അറിയപ്പെടുന്ന രണ്ട് ചിഹ്നങ്ങൾ:
അസ്ക്ലേപിയസിൻ്റെ വടി - ഒരു വടിയിൽ ചുറ്റിയിരിക്കുന്ന ഒറ്റ പാമ്പിനെ ചിത്രീകരിക്കുന്ന യഥാർത്ഥ വൈദ്യശാസ്ത്ര ചിഹ്നമാണിത്. ഗ്രീക്ക് വൈദ്യശാസ്ത്ര ദേവനായ അസ്ക്ലേപിയസിൽ നിന്ന് ഉത്ഭവിച്ച രോഗശാന്തിയെയും വൈദ്യശാസ്ത്രത്തെയും ഇത് പ്രതിനിധീകരിക്കുന്നു. 


കാഡൂഷ്യസ് - പലപ്പോഴും അസ്ക്ലേപിയസിൻ്റെ വടിയുമായി ആശയക്കുഴപ്പത്തിലായ കാഡൂഷ്യസിൽ ചിറകുള്ള ഒരു വടിയിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന രണ്ട് പാമ്പുകളെ ചിത്രീകരിക്കുന്നു. ഗ്രീക്ക് വാണിജ്യത്തിൻ്റെയും ആശയവിനിമയത്തിൻ്റെയും ദേവനായ ഹെർമിസുമായി ഇത് ആദ്യം ബന്ധപ്പെട്ടിരുന്നു. ചരിത്രപരമായ ഒരു ആശയക്കുഴപ്പം കാരണം, 20-ാം  നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ യുഎസ് ആർമി മെഡിക്കൽ കോർപ്സ് കാഡൂഷ്യസിനെ ഒരു മെഡിക്കൽ ചിഹ്നമായി സ്വീകരിച്ചു, ഇത് ആരോഗ്യ സംരക്ഷണത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതിന് കാരണമായി.
ഫാർമസിയെ പ്രതിനിധീകരിക്കുന്ന ബൗൾ ഓഫ് ഹൈജിയ, മാനുഷിക വൈദ്യസഹായത്തെ സൂചിപ്പിക്കുന്ന റെഡ് ക്രോസ് തുടങ്ങിയ മറ്റ് മെഡിക്കൽ ചിഹ്നങ്ങളും ഉണ്ട്.


Village life:

തുർക്കി ഒരു വലിയ രാജ്യമാണ്, അതിൻ്റെ വിവിധ ഭാഗങ്ങളിൽ ഗ്രാമജീവിതത്തിന് വ്യത്യസ്തതകളുണ്ട്. 
ഗ്രാമജീവിതത്തിൻ്റെ പ്രധാന ആശ്രയം കൃഷിയാണ്. ധാന്യങ്ങൾ (ഗോതമ്പ്, ബാർലി), പയർവർഗ്ഗങ്ങൾ, പഴങ്ങൾ (പ്രത്യേകിച്ച് മുന്തിരി, ഒലിവ്, അത്തിപ്പഴം), പച്ചക്കറികൾ എന്നിവയാണ് പ്രധാന വിളകൾ. 
ആട്, ചെമ്മരിയാട്, കന്നുകാലികൾ എന്നിവയെ വളർത്തുന്നത് ഗ്രാമീണരുടെ വരുമാനത്തിൻ്റെ ഒരു പ്രധാന ഉറവാണ്. പാൽ, മാംസം, കമ്പിളി എന്നിവ ഇതിൽ നിന്ന് ലഭിക്കുന്നു.


പരമ്പരാഗത കരകൗശല വസ്തുക്കളുടെ നിർമ്മാണം പല ഗ്രാമങ്ങളിലും ഒരു പ്രധാന വരുമാന മാർഗ്ഗമാണ്.
ഗ്രാമങ്ങളിൽ കുടുംബബന്ധങ്ങൾ വളരെ ശക്തമാണ്. പ്രായമായവർക്ക് സമൂഹത്തിൽ വലിയ ബഹുമാനം ലഭിക്കുന്നു. ആതിഥ്യമര്യാദ, സഹായമനോഭാവം എന്നിവക്ക് വലിയ പ്രാധാന്യം നൽകുന്നു.
തുർക്കി ഗ്രാമങ്ങളിലെ ആഹാരം ലളിതവും പോഷകസമൃദ്ധവുമാണ്. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന വിളകളും ഇറച്ചിയും ഉപയോഗിച്ചുള്ള വിഭവങ്ങളാണ് കൂടുതലും, തുർക്കിയുടെ ഗ്രാമജീവിതം ഇപ്പോഴും അതിൻ്റെ തനതായ സംസ്കാരവും പാരമ്പര്യവും നിലനിർത്തുന്നുണ്ട്. 
ചരിത്രപരമായ പ്രാധാന്യമുള്ളതോ പ്രകൃതി സൗന്ദര്യമുള്ളതോ ആയ ഗ്രാമങ്ങളിൽ വിനോദസഞ്ചാരം ഗ്രമീണർക്ക് ഒരു അധിക വരുമാന മാർഗ്ഗമാണ്.
ഇന്നത്തെ ഞങ്ങളുടെ ഉച്ചഭക്ഷണം അത്തരമൊരു ഗ്രാമത്തിലെ വീട്ടിൽ ആണ് ഒരുക്കിയിരുന്നത്.

ഞങ്ങളെ സ്വാഗതം ചെയ്യാൻ ഗ്രാമത്തലവൻ അവിടെ കാത്തുനിന്നിരുന്നു. പരമ്പരാഗത ശൈലിയിൽ അവർ ഞങ്ങളെ വീട്ടിലേക്ക് സ്വീകരിച്ച് കൊണ്ടുപോയി. പിന്നീട് പാലിൽ നിന്ന് തൈര് ഉണ്ടാക്കുന്ന പരമ്പരാഗത രീതി അവർ വിശദീകരിച്ചു. തുടർന്ന് വീട്ടിൽ ഉണ്ടാക്കുന്ന bread- ഉം തൈരും കഴിക്കാൻ തന്നു. അത് വളരെ രുചികരമായിരുന്നു.
തുടർന്നു ഞങ്ങൾ ഉച്ചഭക്ഷണത്തിന് ഇരുന്നു. പ്രാദേശികമായി വളർത്തിയ പച്ചക്കറികളും ധ്യാനങ്ങളും മാത്രം ഉപയോഗിച്ചാണ് ഭക്ഷണം തയ്യാറാക്കിയത് എന്ന് അവർ വിശദീകരിച്ചു.
തക്കാളി സൂപ്പിൽ ഉണങ്ങിയ തൈര് പൊടിച്ച് ചേർത്തതായിരുന്നു ആദ്യത്തെ വിഭവം. തുടർന്ന്  സാലഡ്, വഴുതനങ്ങ കറി, അങ്ങനെ പലതും.... ഒടുവിൽ കുറച്ച് മധുരപലഹാരങ്ങൾ. 
ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ഭാഷാ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും അമ്മൂമയും അമ്മയും മകളും അടങ്ങുന്ന എല്ലാവരും സംസാരിക്കാൻ  ഒട്ടും മടി കാണിച്ചില്ല.
വീടുകൾ ചെറുതാണെങ്കിലും, ഗ്രാമത്തിൻ്റെ ഊഷ്മളതയും ആതിഥ്യമര്യാദയും പ്രതിഫലിപ്പിക്കുന്ന തരത്തിൽ അവ മനോഹരമായി അലങ്കരിച്ചിരുന്നു.
അവർ ഞങ്ങളെ സ്വീകരിച്ച രീതിയിയും അവരുടെ ആതിഥ്യമര്യാദയും കരുതലും അതിശയിപ്പിക്കുന്നതായിരുന്നു.

പെർഗമണിലെ കാഴ്ചകളും ഗ്രാമവാസികളുടെ ഭക്ഷണത്തിനും ശേഷം വൈകിയാണ് ഹോട്ടലിൽ എത്തിയത്. 
ഇന്നത്തെ അത്താഴം വളരെ രുചികരമായ. ഒരു ടർക്കിഷ് വിഭവം ആയിരുന്നു. കട്ടിയായ തൈരും മുകളിൽ ബീഫും, അതിന് മുകളിൽ ഉരുളക്കിഴങ്ങും ഉള്ളിയും ഫ്രൈ ചെയ്തു ഇട്ട് കൂടെ ഒരു പച്ചമുളകും tomato യും റോസ്റ്റ് ചെയ്ത് ഉണ്ടാക്കിയത്. തൈരിൻ്റെ പുളിയും ഇറച്ചിയുടെ മസാലകളും ക്രിസ്പി ഘടനയും ചേരുമ്പോൾ ഇത് ഒരു സവിശേഷമായ അനുഭവം നൽകുന്നു.

തുടരും- ഭാഗം – 5--  Ephesus tour

Read Part 3: https://www.emalayalee.com/news/344503

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക