സിനിമയുടെ ജാനകി എന്ന പേര് മാറ്റണമത്രേ. സിനിമക്കുള്ളിലെ ജാനകി എന്ന കഥാപാത്രത്തിന്റെ പേരും മാറ്റണമത്രേ. ചിത്രത്തിലെ ജാനകി അതിക്രമങ്ങളുടെ ഇരയായാൽ പിന്നെ നാണക്കേട് വരുന്നത് മൊത്തം സീതാദേവിക്കല്ലേ. അപ്പോ പിന്നെ മാറ്റിക്കാൻ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമൊള്ളൂ ?
കഷ്ടം.
ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിലെ ജാനകി എന്ന പേര് സാക്ഷാൽ ഹൈന്ദവ ദേവിയായ സീതക്ക് അപമാനമാണെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ പറയുന്നത്. എന്തെന്നാൽ സീത ദേവിയുടെ പര്യായമാണ് ജാനകിയും മൈഥിലിയും വൈദേഹിയുമൊക്കെ. അതൊക്കെ അതിക്രമങ്ങളുടെ ഇരയായ കഥാപാത്രങ്ങൾക്ക് കൊടുക്കാൻ പറ്റില്ലത്രേ. അതുകൊണ്ട് സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരിക്കുവാണത്രേ.
അല്ല അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവ ; ഈ സീത ദേവിയും ഒട്ടനവധി വൈകാരിക ആക്രമണങ്ങൾക്കിരയായിട്ടില്ലേ? വനവാസത്തിന് പോകും മുൻപായി തന്നെ ‘കൂടെ വരണ്ട വീട്ടിലെ മുതിർന്നവരെ നോക്കി ജീവിച്ചോളൂ’ എന്ന് രാമനിൽ നിന്ന് തന്നെ കേൾക്കേണ്ടി വന്നവൾ, നിർബന്ധം കൊണ്ട് മാത്രം പങ്കാളിക്കൊപ്പം വനവസത്തിന് പോകുവാനുള്ള ഭാഗ്യം സിദ്ധിച്ചവൾ , രാവണനാൽ കട്ടെടുക്കപ്പെട്ടവൾ, ഭർത്താവ് തിരിച്ചെടുത്തെങ്കിലും പാതിവ്രത്യം ചോദ്യം ചെയ്യപ്പെട്ടവൾ, അഗ്നിപ്രവേശനം ചെയ്ത് വിശുദ്ധി ബോധ്യപ്പെടുത്തിയവൾ, നാട് കടത്തപ്പെട്ടവൾ, വാല്മീകി ആശ്രമത്തിൽ അഭയം പ്രാപിച്ചവൾ, എന്നിട്ടും അപമാനിക്കപ്പെട്ടവൾ.... ഒടുവിൽ എല്ലാമുപേക്ഷിച്ച് ഭൂമിയിലേയ്ക്ക് മറഞ്ഞു പോയവൾ
എന്റമ്മേ. വൈകാരികാക്രമണങ്ങൾ താങ വയ്യാതെ ഡിപ്രഷൻ, ആങ്സൈറ്റി, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡർ തുടങ്ങി എത്രയൊക്കെ അവസ്ഥകളിലൂടെയാ പാവം ദേവി കടന്ന് പോയിട്ടുണ്ടാവും. അത്രക്ക് നെറികെട്ട പരിപാടിയാണ് ഉത്തമ പുരുഷനാ പാവം സ്ത്രീയോട് കാണിച്ചു കൂട്ടിയതൊക്കെ.
സത്യത്തിലീ ശ്രീരാമൻ ഒരു സ്ത്രീയോട് ചെയ്യാവുന്ന എല്ലാത്തരം അനീതികളും കാണിച്ച ഒരു മോശം പുരുഷനാണ്. പറ്റാവുന്നടത്തോളം അതെല്ലാം കാണിച്ചു കൂട്ടിയിട്ട് ഏകപത്നീവ്രതനായി പുണ്യാളത്തരം കാണിച്ച കഥാപാത്രമാണ്. യജ്ഞത്തിനായി പത്നിയുടെ ആവശ്യം വന്നപ്പോൾ വേറെ വിവാഹം കഴിക്കാതെ സീതയുടെ പ്രതിമയെ സമീപത്ത് ഇരുത്തി സ്വയം നല്ലപിള്ള ചമഞ്ഞ ഒരു ഫെയ്ക്ക് കഥാപാത്രം മാത്രമാണ്. എന്നിട്ട് ഒരു പേരും - ഉത്തമ പുരുഷൻ.
വാസ്തവത്തിൽ സീതയാണ് ലൈഫിൽ ഒരുപാടൊരുപാട് അനുഭവിച്ചവൾ.
തിരസ്കരണം, അപമാനം, ഭയം - തുടങ്ങി എല്ലാം അതിന്റെ സർവ്വത്ര ഭീകരതയോടും കൂടിയവർ അനുഭവിച്ചിട്ടുണ്ട്. എന്നിട്ടും അവരതിനെയെല്ലാം ഒരായിരം തവണ അതിജീവിച്ചിട്ടുമുണ്ട്.
അതുകൊണ്ടൊക്കെ തന്നെ, അത്രയേറെ ട്രോമാറ്റിക്ക് അനുഭവങ്ങളിലൂടെയെല്ലാം കടന്ന് പോയി അതിനെയെല്ലാം അതിജീവിച്ച സീതയുടെ പേരോ അല്ലെങ്കിലാ പേരിന്റെ പര്യായമോ ഒക്കെ മറ്റൊരു വിക്ടിമിന് കൊടുത്താൽ എന്താ പ്രശ്നം?
ഇരകളായ പെൺകുട്ടികൾക്കും അതിജീവിതമാർക്കുമൊക്കെ നന്നായി ഇണങ്ങുന്ന പേര് തന്നെയാണ് സീത.
അതായത് സീത എന്നാൽ അതിജീവിത എന്ന് കൂടി നമ്മൾ കൂട്ടി വായിക്കേണ്ടതുണ്ട്. രാമായനം എന്നത് സീതായനം എന്നാക്കി മാറ്റണമെന്ന് പറയുന്നത് പോലെ തന്നെ സീത എന്നത് അതിജീവിത എന്നുകൂടിയാക്കി വായിക്കണം എന്നാണ് എന്റെ അഭിപ്രായം.
അപ്പോ പിന്നെ ജാനകിയും മൈഥിലിയും വൈദേഹിയുമൊന്നും ആർക്കും പ്രശ്നമാകില്ലല്ലോ ❤️