Image

ശക്തൻ സതീശൻ- നിലമ്പുർ വഴി ക്ലിഫ് ഹൗസ് (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 24 June, 2025
ശക്തൻ സതീശൻ-   നിലമ്പുർ വഴി ക്ലിഫ് ഹൗസ്  (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹോസ്പിറ്റലുകളിൽ ഒന്നായ ലേക്‌ഷോർ സ്‌ഥിതി ചെയ്യുന്ന കൊച്ചിയിലെ നെട്ടൂരിൽ നിന്നും കേരളത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവ് ആയി നിലമ്പുർ ഉപതെരഞ്ഞെടുപ്പോട് മാറിയ വി ഡി സതീശൻ എന്ന കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ വളർച്ച അമ്പരപ്പിക്കുന്നതും അസൂയവഹവുമാണ്

തേവര കോളേജിൽ പഠിക്കുന്ന കാലത്ത് കെ എസ് യൂ വിലൂടെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സൗമ്യനും സുമുഖനുമായ സതീശന് തന്റെ രാഷ്ട്രീയ ജീവിതത്തിലെ മുന്നേറ്റത്തിന് വഴി ഒരുക്കിയത് ഒരു പരിധിവരെ അക്കാലത്തു ആ കോളേജിലെ കെമിസ്ട്രി വിഭാഗം തലവനും കോൺഗ്രസ്‌ നേതാവുമായിരുന്ന പ്രൊഫസർ കെ വി തോമസും ആയുള്ള ആഴത്തിലേറിയ സുഹൃദ് ബന്ധം ആയിരുന്നു

ദീർഘകാലം എറണാകുളം ഡി സി സി പ്രസിഡന്റ് ആയിരുന്ന തോമസ് മാഷ് ഡി സി സി ആസ്‌ഥാനമായ ചൈതന്യയിൽ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അവിടുത്തെ നിത്യ സന്ദർശകൻ ആയിരുന്നു എം എസ് ഡബ്ല്യൂ കഴിഞ്ഞു ലോ വിദ്യാർത്ഥി ആയിരുന്ന സതീശൻ

ലീഡർ കെ കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും എറണാകുളത്തു പനമ്പള്ളി നഗറിലുള്ള മകൾ പദ്മജയുടെ വീട്ടിൽ വരുമ്പോഴേല്ലാം അദ്ദേഹത്തെ കാണുവാൻ തോമസ് മാഷ് കുമ്പളങ്ങി കായലിൽ നിന്നു പിടിച്ച മുഴുത്ത തിരുത വീട്ടിൽ കറിയാക്കി കരുണാകരനു കൊടുക്കുവാൻ കൊണ്ടുപോകുമ്പോൾ എല്ലാം കൂട്ടിനു വിളിച്ചിരുന്നത് തന്റെ അരുമ ശിഷ്യൻ സതീശനെ ആയിരുന്നു

ഒരുപാട് കാലം ഡി സി സി ഓഫീസിലും പനമ്പള്ളി നഗറിൽ ലീഡറെ കാണുവാനും കയറി ഇറങ്ങിയ സതീശനെ ഒടുവിൽ കരുണാകര കടാക്ഷം ഉണ്ടായത് തൊള്ളായിരത്തി തൊണ്ണൂറ്റി ആറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആണ്‌

കമ്മ്യൂണിസ്റ് കോട്ടയും എൺപതിനു ശേഷം ഒരു കോൺഗ്രസ്‌ സ്‌ഥാനാർഥിയും ജയിച്ചിട്ടില്ലാത്ത എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ മണ്ഡലത്തിൽ പോയി മത്സരിക്കുവാൻ കരുണാകരൻ സതീശനോട് ആവശ്യപ്പെട്ടു

കമ്മ്യൂണിസ്റ് കോട്ടയിൽ മത്സരിക്കുവാനുള്ള വെല്ലുവിളി ഏറ്റെടുത്ത സതീശൻ ജന്മനാടായ നെട്ടൂരിൽ നിന്നും കിടക്കയും പായയും എടുത്തു പാതിരാത്രിയിൽ തന്നെ തനിക്കു ഒട്ടും പരിചിതമല്ലാത്ത പറവൂരിൽ എത്തി

തൊണ്ണൂറ്റി ആറിലെ കന്നി അങ്കത്തിൽ പറവൂരിൽ ദീർഘ കാലം എം എൽ എ ആയിരുന്ന എൻ ശിവൻപിള്ളയുടെ മകനും സിറ്റിംഗ് എം എൽ എ യും സി പി ഐ നേതാവുമായ പി രാജുവിനോട് പരാജയപ്പെട്ടു

പക്ഷേ വിട്ടു കൊടുക്കുവാൻ തീയിൽ കുരുത്ത സതീശൻ തയ്യാറായില്ല തനിക്കു ഒരു അവസരം കൂടി തരണമെന്ന് കോൺഗ്രസ്‌ നേതൃത്വതോട് ആവശ്യപ്പെട്ട സതീശൻ നെട്ടൂര് പോയി അവശേഷിച്ച പാത്രെങ്ങളും സാധന സാമഗ്രികളും പറവൂരിലേയ്ക്കു എടുത്തുകൊണ്ടു വന്നു പറവൂരിൽ സ്‌ഥിര താമസമാക്കി

പറവൂരിൽ സ്‌ഥിര താമസമാക്കിയ സതീശൻ തൊണ്ണൂറ്റി ആറു മുതൽ രണ്ടായിരത്തി ഒന്നു വരെ പറവൂരിലെ എല്ലാ ജനക്ഷേമ പരിപാടികളിലും പങ്കെടുത്തു ജനങ്ങൾക്കായി പ്രവർത്തിച്ചു പറവൂരിന്റെ പ്രിയങ്കരനായി മാറി

രണ്ടായിരത്തി ഒന്നിലെ തെരഞ്ഞെടുപ്പ് തൊണ്ണൂറ്റി ആറിന്റെ ആവർത്തനം ആയിരുന്നു സിറ്റിംഗ് എം എൽ എ പി രാജുവും സതീശനും വീണ്ടും നേർകുനേർ അങ്കത്തിനു ഇറങ്ങിയപ്പോൾ പറവൂരുകാരനും ജനകീയനുമായ രാജുവിനെ പറവൂർ കായലിലേയ്ക്കു കടപുഴക്കി എറിഞ്ഞു കൊണ്ടു സൗമ്യതയുടെയും മാന്യതയുടെയും പര്യായമായ സതീശൻ ആദ്യമായി നിയമസഭയുടെ ചവിട്ടുപടികൾ ചാടിക്കയറി

തുടർന്ന് നടന്ന നാലു തെരഞ്ഞെടുപ്പുകളിൽ സി പി ഐ പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെ പല പ്രമുഖരെയും സതീശന് എതിരെ പറവൂരിൽ അണിനിരത്തിയെങ്കിലും ഓരോ തെരഞ്ഞെടുപ്പിലും സതീശന്റെ ഭൂരിപക്ഷം വർധിച്ചു കൊണ്ടേയിരുന്നു

ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന രണ്ടായിരത്തി ആറുമുതൽ പതിനൊന്നു വരെയും രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന പതിനാറു മുതൽ ഇരുപത്തി ഒന്നുവരെയും പ്രതിപക്ഷത്തിന് വേണ്ടി ഏറ്റവും കൂടുതൽ സബ്മിഷനുകൾ നിയമസഭ യിൽ അവതരിപ്പിച്ചത് നിയമത്തിൽ മാസ്റ്റേഴ്‌സ് ഉള്ള സതീശൻ ആയിരുന്നു

രണ്ടായിരത്തി പതിനൊന്നിലെ ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രി സ്‌ഥാനത്തേയ്ക്കു സതീശന്റെ പേര് സജീവമായി പരിഗണിച്ചു ചർച്ചയായെങ്കിലും സമുദായിക വിഭജനത്തിൽ മത്സരത്തിനില്ല എന്നു പറഞ്ഞു സതീശൻ പിന്മാറുക ആയിരുന്നു

രണ്ടായിരത്തി പതിനൊന്നിൽ ഉമ്മൻചാണ്ടി സർക്കാർ അധികാരം ഏറ്റത് മുതൽ ഉമ്മൻചാണ്ടിക്ക് തുടർ ഭരണം ലഭിക്കാതെ ഇരിക്കുവാൻ പാരപണി നടത്തിയത് ചെന്നിത്തല ആണെന്നാണ് പിന്നാമ്പുറ സംസാരം. അതിനായി പാർലമെന്റിലേയ്ക്കു മത്സരിക്കാതെ ഹരിപ്പാട് സിറ്റിംഗ് എം എൽ എ ആയിരുന്ന ബാബു പ്രസാദിനെ ബലമായി മാറ്റി അവിടെ മത്സരിച്ചു ജയിച്ചു നിയമസഭയിൽ എത്തിയ രമേശ്‌ എൻ എസ് എസ് ന്റെ പിന്തുണയിൽ തിരുവഞ്ചൂരിൽ നിന്നും ആഭ്യന്തര മന്ത്രി സ്‌ഥാനം ബലമായി പിടിച്ചു വാങ്ങി പിന്നീട് ബാർ കോഴ വിവാദം ഇടതുപക്ഷത്തിനു ഒപ്പം നിന്നു ആളി കത്തിച്ചു

രണ്ടായിരത്തി പതിനാറിൽ തുടർ ഭരണം നഷ്ടമായ ഉമ്മൻചാണ്ടിക്ക് പകരം പ്രതിപക്ഷ നേതാവായ ചെന്നിത്തല പിണറായി ഗവണ്മെന്റ്റിനെ ആക്രെമിക്കുന്നതിൽ കൂടുതൽ താല്പര്യം കാണിച്ചത് തന്റെ ഗ്രൂപ്പ്‌ വളർത്തുവാൻ ആയിരുന്നു

രണ്ടായിരത്തി ഇരുപത്തി ഒന്നിൽ തുടർഭരണം പിണറായിക്ക് ലഭിച്ചപ്പോൾ തന്റെ മുഖ്യമന്ത്രി മോഹം നഷ്ടപ്പെട്ടു നിരാശനായ ചെന്നിത്തല അന്ന് ഹൈക്കമാണ്ടിൽ ദുർബലനായ ഉമ്മൻചാണ്ടിയുടെ പിന്തുണയോടെ പ്രതിപക്ഷ നേതാവ് സ്‌ഥാനത്തു തുടരാൻ ഒരുപാട് നാടകീയ നീക്കങ്ങൾ നടത്തിയെങ്കിലും രമേശിന് പകരം വന്ന രണ്ടു പേരുകളിൽ ഒന്നു തൃക്കാക്കര എം എൽ എ ആയിരുന്ന പി ടി തോമസിന്റെയും മറ്റൊന്ന് വി ഡി സതീശന്റെയും ആയിരുന്നു

ഒടുവിൽ പി ടി തോമസിനെ ഒഴിവാക്കി വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച കോൺഗ്രസ്‌ ഹൈക്കമാണ്ടിന്റെ തീരുമാനം നൂറു ശതമാനം ശരിവയ്ക്കുന്നതായിരുന്നു കഴിഞ്ഞ നാലു വർഷത്തെ സതീശന്റെ പ്രകടനം

സതീശൻ പ്രതിപക്ഷ നേതാവായപ്പോൾ ആ കൂടെ തന്നെ കെ പി സി സി പ്രസിഡന്റ് ആയ കണ്ണൂർ സിംഹം കെ സുധാകരനുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു എങ്കിലും അതെല്ലാം പാർട്ടിക്കുള്ളിൽ തീർക്കാനാണ് അന്തസ്സിന് വില കൊടുക്കുന്ന സതീശൻ ശ്രമിച്ചിട്ടുള്ളത്

കഠിനാദ്വാനി ആയ സതീശനെ പോലെ ഇലക്ഷൻ എഞ്ചിനീയറിഗിൽ വൈവിദ്ധ്യം ഉള്ള മറ്റൊരു രാഷ്ട്രീയ നേതാവ് ഇന്ന് കേരളത്തിൽ ഉണ്ടോയെന്നു സംശയമാണ്. അതിന് ഉദാഹരണം ആണ്‌ അദ്ദേഹം പ്രതിപക്ഷ നേതാവായതിനു ശേഷം നടന്ന ആറു ഉപതെരഞ്ഞെടുപ്പുകൾ

തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും കോൺഗ്രസ്‌ ചരിത്ര ഭൂരിപക്ഷത്തിൽ ജയിച്ചതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് സതീശന്റെ നേതൃത്വ പാടവമാണ്

നിലമ്പുർ ഉപതെരഞ്ഞെടുപ്പിനു മുന്നോടി ആയി ആ സീറ്റ് ഇടതുപക്ഷ മുന്നണിയിൽ നിന്നും പിടിച്ചെടുക്കുവാൻ ഒൻപതു വർഷം അവിടെ എം എൽ എ ആയിരുന്ന പി വി അൻവറെ യൂ ഡി എഫ് ൽ എടുക്കണമെന്ന് കോൺഗ്രസിലെ ഭൂരിപക്ഷം നേതാക്കളും മുന്നണിയിലെ മുസ്ലീംലീഗ് ഉൾപ്പെടെ ഉള്ള ഘടക കക്ഷികളും കോൺഗ്രസ്‌ ഹൈക്കമാണ്ടിനോട് ആവശ്യപ്പെട്ടതാണ്

പക്ഷേ അൻവർ ആര്യടാൻ ഷൗക്കത്തിനെ യൂ ഡി എഫ് സ്‌ഥാനാർത്തിയാക്കാൻ തയ്യാറാകാതെ പരസ്യമായി കെ സുധാകരന്റെയും രമേശ്‌ ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പിൻബലത്തിൽ രംഗത്തു വന്നപ്പോൾ അതിന് ഒറ്റയാൾ പോരാട്ടത്തിലൂടെ നേരിട്ടത് കുരുക്ഷേത്ര യുദ്ധത്തിലെ അർജുനനെപോലെ സതീശൻ ആയിരുന്നു

രണ്ടായിരത്തി ഇരുപത്തിയാറിലെ പൊതു നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽകുമ്പോൾ വിജയം മണക്കുന്ന യൂ ഡി ഫ് നു വേണ്ടി മുഖ്യമന്ത്രി കസേരയ്ക്കു ചെന്നിത്തലയും വേണുഗോപാലും സുധാകരനും തരൂരും കുറച്ചു കാലങ്ങളായി നോട്ടമിട്ടിരിക്കുക ആയിരുന്നു. അതിന് വേണ്ട എല്ലാ തയ്യാറെടുപ്പുകളും അവർ നടത്തിയിരുന്നു

എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു അടുത്ത പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആയ നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ തന്റെ സ്വന്തം സ്‌ഥാനാർഥി ആര്യടാൻ ഷൗക്കത്തിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു നിയമസഭയിൽ എത്തിച്ച സൂപ്പർ ഹീറോ സതീശൻ ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ ക്ലിഫ് ഹൗസിൽ ചെല്ലുന്ന കാലം വിദൂരമല്ല

 

Join WhatsApp News
Congress Partner 2025-06-24 02:58:28
പ്രിയ വല്ല തറയെ, വി ഡി സതീശനെ ഇത്ര അങ്ങ് പൊക്കിയത് ഒട്ടും ശരിയായില്ല. പിണറായി ഭരണം ആകപ്പാടെ തോറ്റം നാറിയും ഇരിക്കുന്ന ഒരു കാലമാണ്, അതിനാൽ മനം മടുത്ത ജനമാണ് Ariyaden Shouckth നെ ജയിപ്പിച്ചത്. അല്ലാതെ സതീശന്റെ ഒരു മിടുക്കും അല്ല. സത്യത്തിൽ സതീശൻ പിടിവാശി ഉപേക്ഷിച്ച് പി വി അൻവറിനെ കൂട്ടുപിടിച്ചിരുന്നെങ്കിൽ ഷൗക്കത്ത് ഇതിലും കൂടുതൽ ഭൂരിപക്ഷം നേടി വിജയിക്കും ആയിരുന്നു. വി ഡി സതീഷിനെകാൽ എത്രയോ വീരന്മാരായ കോൺഗ്രസുകാർ കേരളത്തിലുണ്ട്. പിന്നൊരു കാര്യം ഈ ശശി തരൂർ എന്ന പുള്ളിക്കാരൻ കോൺഗ്രസിന് ഒരു ബാധ്യതയാണ്. അയാൾ ഒരു ബിജെപി ചാരനാണ്. അയാളെ കോൺഗ്രസുകാർ എടുത്ത് ദൂരെ എറിയണം. കോൺഗ്രസിന്റെ എല്ലാ ഗുണവും വാഴപ്പഴവും തിന്നിട്ട് , തിന്നുകൊണ്ട് മോദിയെ പൊക്കി തോളിൽ വച്ചുകൊണ്ട് അയാൾ നടപ്പാണ്. . ലോകം മുഴുവൻ ഈ വിശ്വ പൗരൻ മോഡിയെ തോളിൽ വച്ചുകൊണ്ട് നടപ്പാണ്. പണ്ടേ എടുത്ത് ദൂരെ എറിയേണ്ടത്ആയിരുന്നു കോൺഗ്രസുകാർ. അമേരിക്കയിലെ കോൺഗ്രസുകാരും എപ്പോഴും ഈ ശശി തരൂരിനെ എടുത്തു പൊക്കി തോളിൽ വച്ചുകൊണ്ട് നടക്കുകയാണ്. അമേരിക്കയിലെ ഓ ഐസിസിക്കാരെ, ഐഒസിക്കാരെ നിങ്ങളും ഇയാളെ തോളിൽ നിന്ന് ഒന്ന് ഇറക്കി ഒരു ഏറു കൊടുക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക