നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിച്ചപ്പോൾ വി.ഡി.സതീശൻ്റെ ഉറച്ച നിലപാടിനെ പലരും പ്രകീർത്തിക്കുന്നത് കണ്ടു. തോൽക്കുകയോ ഭൂരിപക്ഷം കുറയുകയോ ചെയ്തിരുന്നെങ്കിൽ എല്ലാവരും കൂടി അദ്ദേഹത്തിൻ്റെ തലയിൽ കയറി നിരങ്ങിയേനെ. ഒരു സംശയവും വേണ്ട.
സതീശൻ ഉറച്ച നിലപാടുകൾ മാത്രമല്ല അജ്ഞാശക്തിയുമുള്ള നേതാവാണ് എന്നാണ് എൻ്റെ വിശ്വാസം.
2015ൽ ദേശീയ ഗെയിംസ് കേരളത്തിൽ നടക്കുന്നു. ഒരു ദിവസം സതീശൻ എന്നെ ഫോണിൽ വിളിച്ചിട്ടു പറഞ്ഞു. " ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഒരു കോഫി ടേബിൾ ബുക്കും ഒരു സുവനീറും പ്രസിദ്ധീകരിക്കുന്നുണ്ട്. അതിൽ കേരളത്തിൻ്റെ സ്പോർട്സ് ചരിത്രം ചുരുക്കി എഴുതണം. അതു ഞാൻ ഏറ്റു. എന്നു പറഞ്ഞാൽ സനിലിനെക്കൊണ്ട് എഴുതിക്കാമെന്ന് ഞാൻ ഏറ്റെന്ന് ."
ദൂരദർശൻ മുൻ ഡയറക്ടർ കുഞ്ഞിക്കൃഷ്ണൻ സാറാണ് എഡിറ്റർ.സാറിന് എന്നെ അറിയില്ല. അടുത്ത ദിവസം സാർ ഫോണിൽ വിളിച്ചു പരിചയപ്പെടുത്തി.സതീശനാണ് ഫോൺ നമ്പർ തന്നതെന്നും പറഞ്ഞു. അതിലേറെ രസകരമായി തോന്നിയത് ഞാൻ ഡെഡ് ലൈൻ പാലിച്ചില്ലെങ്കിൽ തന്നോട് പറഞ്ഞാൽ മതിയെന്നും സതീശൻ പറഞ്ഞുവെന്ന കാര്യമാണ്.
കെ.കരുണാകരനുശേഷം ഇത്തരമൊരു നേതാവ് കേരളത്തിൽ കോൺഗ്രസിന് ആദ്യമാണ്. അനിവാര്യവുമാണ്. പി.വി.അൻവറിൻ്റെ സമ്മർദത്തിനു വഴങ്ങുകയോ അൻവറിനെ യു.ഡി.
എഫിൽ ഉൾപ്പെടുത്തി മൽസരിക്കുകയോ ചെയ്തിരുന്നെങ്കിൽ നിലമ്പൂർ വിജയത്തിൻ്റെ ക്രെഡിറ്റ് അൻവർ അവകാശപ്പെട്ടേനെ. അത് ഒഴിവായിക്കിട്ടി. കോൺഗ്രസിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായിരുന്നു ഉമ്മൻ ചാണ്ടി. പക്ഷേ, അദ്ദേഹം സമ്മർദങ്ങൾക്കു വഴങ്ങിയിരുന്നു.ഉമ്മൻ ചാണ്ടിക്കു സതീശൻ്റെ കഴിവുകളിൽ വിശ്വാസമുണ്ടായിരുന്നു.അതു കൊണ്ടാണ് സാമ്പത്തിക വിദഗ്ദ്ധനായ തോമസ് ഐസക്കിനെ നിയമസഭയിൽ നേരിടാൻ ഉമ്മൻ ചാണ്ടി സതീശനെ ചുമതലപ്പെടുത്തിയത്.നിയമസഭയിൽ മാത്രമാണ് സതീശൻ മികവുകാട്ടുന്നത് എന്നു വിശ്വസിച്ചവർക്കും തെറ്റി.മികച്ച തിരഞ്ഞെടുപ്പ് മാനേജരുമാണ് സതീശൻ. പക്ഷേ, ഉപതിരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽ മാത്രം കേന്ദ്രീകരിച്ചാൽ മതി. പൊതുതിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും ശ്രദ്ധിക്കണം.അത് എത്രത്തോളം സാധ്യമാകുമെന്നതാണു വെല്ലുവിളി.
കേരളത്തിൽ ഇന്ന് കോൺഗ്രസിൻ്റെ കരുത്ത് മിടുക്കരായ യുവനിരയാണ്. അവരെ എണ്ണയിട്ട യന്ത്രംപോലെ ചലിപ്പിക്കുവാൻ സതീശനു സാധിക്കുന്നുണ്ട്.
നിലമ്പൂർ തിരഞ്ഞെടുപ്പു ദിവസം ശശി തരൂർ വളരെ മിതമായ ഭാഷയിൽ തൻ്റെ അനിഷ്ടം പ്രകടിപ്പിച്ചതൊഴിച്ചാൽ അടുത്ത കാലത്ത് കോൺഗ്രസിലോ യു.ഡി.എഫിലോ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇനി ഈ വർഷം പഞ്ചായത്ത്, മുനിസിപ്പൽ തിരഞ്ഞെടുപ്പും അടുത്ത വർഷം പകുതിക്കു മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനുണ്ട്.സതീശനെതിരെ പാർട്ടിക്കുള്ളിൽ ആരൊക്കെ പാരയുമായി ഇറങ്ങും എന്ന് അറിയില്ല. അതാണല്ലോ കോൺഗ്രസിൻ്റെ പാരമ്പര്യം.ഒരു കാര്യം ഉറപ്പാണ്. കർക്കശ നിലപാടും ഉജ്വല ആജ്ഞാശക്തിയുമുള്ള പിണറായി വിജയനെ എതിരിടാൻ ഇപ്പോഴത്തെ അവസ്ഥയിൽ വി.ഡി.സതീശനു തുല്യനായി മറ്റൊരാൾ കോൺഗ്രസിലോ യു.ഡി.എഫിലോ ഇല്ല. കോൺഗ്രസ് ഹൈക്കമാൻഡ് കേരളത്തിലെ കാര്യങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്നതിനാൽ വിമത നീക്കങ്ങൾ കരുത്താർജിക്കില്ലെന്നു പ്രതീക്ഷിക്കാം.
വ്യക്തിപരമായി ഒരു കാര്യം കൂടി പറയട്ടെ. വി.ഡി.സതീശൻ നല്ലൊരു സ്പോർട്സ് പ്രേമിയാണ്. വിളിക്കുമ്പോൾ ഫോൺ എടുക്കാൻ പറ്റിയില്ലെങ്കിൽ തിരിച്ചുവിളിക്കുന്ന നല്ല സ്വഭാവത്തിനും ഉടമയാണ്.