ഇരുളുന്നൊരിന്നിന്റെ കരളിൽ നിന്നുണരണം
വിരിയുന്ന നാളെതൻ പുലരിത്തുടിപ്പുകൾ !
മനുഷ്യന്റെ സ്വപ്‌നങ്ങൾ ചിറകടിച്ചുയരുന്ന
യൊരു നല്ല നാളെയാം പുളകപ്പുതപ്പുകൾ
ഹൃദയ വിപഞ്ചികേ, പാടുക
പാടുക
യുണരുന്ന മണ്ണിന്റെ സൂര്യഗായത്രികൾ
ഒരു പിഞ്ചു കുഞ്ഞിന്റെ ചോര കോകൊണ്ടെഴുതുന്ന
തൊരുനാടിനും വീര പരിവേഷമല്ലിനി !
മാനിഷാദപ്പൊരുൾ തേടുന്ന മാനവ
നീതി ശാസ്ത്രത്തിന്റെ യാഗക്കുതിപ്പുകൾ
കീഴടക്കീടണം ചക്രവാളങ്ങളിൽ
ജീവിതതാള പുളകങ്ങൾ പൂക്കണം !
ആരോ വരച്ചോരതിർത്തിയിൽ തോക്കുമായ്
കാവൽ നിൽക്കുന്നൊരീ നാറിയ രീതികൾ
മാറണം .സോദരർ നേരറിഞ്ഞാർത്തു കോ -
ണ്ടാപ്പച്ചിരിമ്പുകൾ മൺവെട്ടിയാക്കണം !
പാറ തുരക്കുന്ന ഹുങ്കാരവങ്ങളിൽ
ചീറിയടുക്കുന്ന ബോംബുകൾ വേണ്ടിനി.
ചാലേ പറന്നിറങ്ങും വിമാനങ്ങളിൽ
താരാട്ടു പാട്ടിൻ ചിണുങ്ങൽ മതിയിനി.