ഒന്നും അടുക്കുതെറ്റുന്നത്
ഞാനിഷ്ടപ്പെട്ടിരുന്നില്ല..
അലക്കിമടക്കിയ
വസ്ത്രങ്ങള്‍..
കഴുകിവച്ച പാത്രങ്ങള്‍..
അടുക്കളത്തട്ടിലെ ഡബ്ബകള്‍..
ചില്ലുകോപ്പകള്‍..
പൂപ്പാത്രങ്ങള്‍..
കസേരകള്‍..
റാക്കിലെ പുസ്തകങ്ങള്‍..
കഥകള്‍..
കവിതകള്‍..
കഥാപാത്രങ്ങള്‍ വരെ..
വരികള്‍ തെറ്റാതെ,
ക്രമം തെറ്റാതെ,
അടുക്കിക്കൊണ്ടേയിരുന്നു,
ഒരൊറ്റക്കൊടുങ്കാറ്റൂതും വരെ!
ഒച്ചയില്ലാക്കാറ്റില്‍
എന്തോ ഒന്ന്
അടുക്കുതെറ്റി
നിലംപതിച്ചിരിക്കുന്നു!
ഞാനെന്ന കവിത!
തുന്നിച്ചേര്‍ത്ത ചുണ്ടുകള്‍
വിരലരിഞ്ഞുപോയ കൈകള്‍
തേഞ്ഞു തീര്‍ന്ന കാലുകള്‍
താഴിട്ട ഗര്‍ഭപാത്രം
കൊട്ടിയടച്ച കാതുകള്‍
അങ്ങനെ എല്ലാവരികളും
ചിതറിക്കിടക്കുന്നു!
ചില അക്ഷരങ്ങള്‍
വക്കുപൊട്ടി മുന കൂര്‍ത്തിരിക്കുന്നു!
ചില വാക്കുകള്‍
കാണുന്നതേയില്ല!
മറ്റുചില വാക്കുകള്‍
കഷണങ്ങളായി മുറിഞ്ഞ്
പുതിയവ ജനിച്ചിരിക്കുന്നു!
വീണ്ടും അടുക്കണം..
സമയമുണ്ട്..
അടുത്ത കൊടുങ്കാറ്റിനു
തൊട്ടുമുന്‍പുവരെ!