Image

കുടിയേറ്റ പ്രശ്നത്തിൽ ട്രംപിന്റെ അപ്രൂവല്‍ 51% (ഏബ്രഹാം തോമസ്)

Published on 24 June, 2025
കുടിയേറ്റ പ്രശ്നത്തിൽ ട്രംപിന്റെ  അപ്രൂവല്‍ 51% (ഏബ്രഹാം തോമസ്)

വാഷിംഗ്ടൺ : യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി 45% ആണെന്ന് എൻ ബി സി ഡിസിഷൻ ഡെസ്ക് പോൾ ജൂൺ 15നു നടത്തിയ അഭിപ്രായ സർവേയിൽ കണ്ടെത്തി. ട്രംപിന്റെ ഭരണത്തോടു വിയോജിപ്പ് പ്രകടിപ്പിച്ചവർ ശേഷിച്ച 55% ആണെന്നും സർവേ പറഞ്ഞു.

എൻ ബി സി ന്യൂസ് സർവേ ഏപ്രിലിൽ നടത്തിയ സർവേ ഫലവും ഇങ്ങനെ ആയിരുന്നു. രണ്ടാമത്തെ സർവേ 2025 മെയ് 30 നും ജൂൺ 10നും ഇടയിൽ 19,410 പ്രായപൂർത്തിയായവരിൽ നടത്തിയതാണ് . 2.1 പെർസെന്റജ് പോയിന്റുകളുടെ പ്ലസ് അല്ലെങ്കിൽ മൈനസ് വ്യതിയാനം ഉണ്ടാകാം എന്ന് സർവേ നടത്തിയവർ പറഞ്ഞു. അതിർത്തി സുരക്ഷയും കുടിയേറ്റവും കൈകാര്യം ചെയ്യുന്നതിൽ ട്രംപിനെ പിന്തുണക്കുന്നവർ ഇതിൽ കൂടുതലാണ്. 51% ട്രംപ് അതിർത്തി സുരക്ഷയും കുടിയേറ്റ പ്രശ്നവും കൈകാര്യം ചെയ്യുന്ന രീതിയെ അനുകൂലിക്കുമ്പോൾ 49% ട്രമ്പിനോട് യോജിക്കുന്നില്ല. ട്രംപിന്റെ ഒന്നാം ഭരണകാലത്തു നാട് കടത്തപെട്ടവർ ഒബാമ ഭരണ കാലത്തു നാട് കടത്തപെട്ടവരെ കാൾ കുറവായിരുന്നു. ഒബാമക്ക് ഡീപോർട്ടർ ഇൻ ചീഫ് എന്ന ബഹുമതി ലഭിക്കുവാൻ കാരണമായതും ഇതുമൂലമാണ്.
എന്നാൽ രണ്ടാം ഭരണകാലത്തു ട്രംപ് ഒബാമയെ കടത്തി വെട്ടുമോ എന്നറിയാൻ കുറച്ചു കൂടി കാത്തിരിക്കണം. ഇത്തരുണത്തിൽ ട്രംപിന് ഈ ദിവസങ്ങളിൽ സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചിരിക്കുന്ന 'ക്ലീൻ ചിറ്റും' പ്രസ്താവ്യമാണ്. തിങ്കളാഴ്ച യു എസ് സുപ്രീം കോടതി 3നു എതിരെ 6 വോട്ടുകൾക്ക് ട്രംപ് ഭരണകൂടത്തിന് ഇഷ്ടമുള്ള മൂന്നാം ചേരി രാഷ്ട്രങ്ങളിലേക്കു നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കാമെന്നു വിധിച്ചു.

മയന്മാർ (പഴയ ബർമ), വിയറ്റ്നാം, ക്യൂബ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ വളരെ ഗൗരവതരമായ കുറ്റങ്ങൾ ചെയ്തിട്ടുണ്ട് എന്ന് യു എസ് ഇമ്മിഗ്രേഷൻ അധികൃതർ ആരോപിക്കുന്നണ്ടെങ്കിലും അവരെ അവരുടെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുവാൻ തങ്ങൾക്കു കഴിയുന്നില്ലെന്ന് അധികൃതർ കോടതിയിൽ പറഞ്ഞു. ഈ കേസ് കോടതിയിൽ എത്തിയത് പ്രസിഡണ്ട് ട്രംപിന്റെ വളരെ കടുത്ത കുടിയേറ്റ നിലപാടുകളുടെ പശ്ചാത്തലത്തിലാണ്. നിയമവിരുദ്ധമായി അമേരിക്കയിൽ താമസിക്കുന്ന മില്ലിയനുകളെ അവരുടെ നാടുകളിലേക്ക് തിരിച്ചയക്കും എന്ന പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ തുടർന്ന് വ്യാപകമായ റെയ്‌ഡുകൾ രാജ്യത്തെങ്ങും നടക്കുകയാണ്.
നിയമ വിരുദ്ധമായി കുടിയേറിയവരെ തിരിച്ചയക്കാനുള്ള കോടതിയുടെ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി തന്റെ ന്യനപക്ഷ വിധി ന്യായത്തിൽ ജസ്റ്റിസ് സോണിയ സോടോമിയെർ ഇങ്ങനെ രേഖപ്പെടുത്തി: 'കോടതിയുടെ വിധി ആയിരങ്ങളുടെ കൊടിയ മർദനത്തിന്റെയും മരണത്തിന്റെയും സാധ്യതകൾക്കു കാരണമായേക്കാം.
ഗവെർന്മെന്റ് വാക്കാലും പ്രവർത്തിയാലും വ്യക്തമാക്കിയിരിക്കുകയാണ്, ആരെയും എവിടെ നിന്നും മുന്നറിയിപ്പ് നൽകാതെ, അവർക്കു പറയാനുള്ളത് കേൾക്കാതെ നാട് കടത്താൻ നിയമ പരമായ യാതൊരു വിലക്കുകളുമില്ല എന്ന്', സോടോമിയെർ വിയോജിപ്പ് പ്രകടിപ്പിച്ച മറ്റു രണ്ടു ന്യൂനപക്ഷ ജസ്റ്റിസുമാരായ എലീന കേഗനും കേതൻജി ബ്രൗൺ ജാക്‌സണുമായി യോജിച്ചു വിധി ന്യായം പുറപ്പെടുവിച്ചു .

സൗത്ത് സുഡാനിലേക്കു അയച്ച കുടിയേറ്റക്കാരുടെ അഭിഭാഷകർ തങ്ങൾ കോടതിയിൽ കേസ് തുടർന്ന് കൊണ്ട് പോകും എന്ന് പറഞ്ഞു . ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിഷ്യ മക്ലോഗ്ലിൻ ഒരു സാമൂഹ്യ മാധ്യമ പോസ്റ്റിൽ ഇത് അമേരിക്കൻ ജനതയുടെ ജീവന്റെ സുരക്ഷക്കും ഭദ്രതക്കും വലിയ ഒരു വിജയമാണ് എന്ന് പറഞ്ഞു. ഹോംലാൻഡ് സെക്യൂരിറ്റി ഏജൻസി ഇതെ കുറിച്ച് പ്രതികരണം ഒന്ന് നടത്തിയില്ല. ബോസ്റ്റണിലെ യു എസ് ഡിസ്ട്രിക്ട് ജഡ്ജ് ബ്രയാൻ ഇ മർഫി ഏപ്രിലിൽ നൽകിയ വിധിയിൽ കുറ്റാരോപിതർക്കു തങ്ങളുടെ ജീവൻ അപകടത്തിലാവാൻ സാധ്യതയുള്ള രാജ്യങ്ങളിലേക്ക് അയക്കുന്നതിനു മുൻപ് അവരുടെ വാദം കേൾക്കുവാനുള്ള അവസരം നൽകണം എന്ന് പറഞ്ഞിരുന്നു.

ഇമ്മിഗ്രേഷൻ അധികാരികൾ നാട് കടത്തപെട്ടവരെ ഡിജിബൗട്ടിൽ മാറ്റങ്ങൾ വരുത്തിയ ഒരു ഷിപ്പിംഗ് കണ്ടെയ്നറിലാണ് പാർപ്പിച്ചിരുന്നത്. ഇവരും ഇവരുടെ മേൽനോട്ടം വഹിച്ചിരുന്നവരും മോശമായ സാഹചര്യത്തിലാണ് കഴിഞ്ഞിരുന്നത്. അധികാരികൾ അമേരിക്കയുമായി കരാറുള്ള പാനമ, കോസ്റ്റ റിക തുടങ്ങിയ രാജ്യങ്ങളിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. സൗത്ത് സുഡാനിൽ തുടരെ അക്രമസംഭവങ്ങൾ ഉണ്ടാകാറുണ്ട് എന്ന വസ്തുത അവിടെ കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനു തടസ്സമായില്ല എന്ന് കുടിയേറ്റക്കാരുടെ അഭിഭാഷകർ വാദിക്കുന്നു.
ജഡ്ജ് മർഫിയുടെ വിധി മൂന്നാം ലോക രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ നാട് കടത്തുന്നതിന് എതിരായിരുന്നില്ല. എന്നാൽ കുടിയേറ്റക്കാർക്ക് അവരെ മറ്റൊരു രാജ്യത്തിലേക്ക് അയച്ചാൽ ഉണ്ടാകാവുന്ന കടുത്ത മർദനങ്ങളെ കുറിച്ചും മരണ സാധ്യതയെ കുറിച്ചും അറിവ് ഉണ്ടായിരിക്കണം എന്ന് വിധിയിൽ വ്യക്തമായി പറഞ്ഞിരുന്നു. ഇതിനെതിരെ അപ്പീൽ നൽകാൻ ആവശ്യമായ സമയം നൽകണമെന്നും നിർദേശിച്ചിരുന്നു.

വെനിസുവേലയിൽ നിന്നെത്തിയ കുടിയേറ്റക്കാരുടെ കാര്യത്തിലും (ഇവർ ഒരു അക്രമ സംഘത്തിലെ അംഗങ്ങളാണ് എന്നാരോപിച്ചാണ് ഇവരെ നാട് കടത്തിയത് ) അവർക്കു നിയമപരമായി ലഭിക്കേണ്ട അവസരങ്ങൾ നിരസിച്ചു എന്നാണ് ആരോപണം. ഈ കേസിൽ കോടതി പറഞ്ഞത് നാട് കടത്തപെടാൻ പോകുന്നവർക്ക് നിയമപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു എന്നാണ്. ജഡ്ജ് മർഫിയെ നിയമിച്ചത് പ്രസിഡണ്ട് ബൈഡൻ ആയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക