തൃശൂർ കേരളവർമ്മ കോളേജിലെ മലയാള വിഭാഗം അധ്യാപിക ദീപാ നിശാന്തിന്റെ ' കുന്നോളമു ണ്ടല്ലോ ഭൂതകാല കുളിർ' എന്ന പുസ്തകത്തിന്റെ വായനാക്കുറിപ്പ്.
ഏറെക്കാലത്തിനുശേഷം ഓരോ അക്ഷരങ്ങളും അത്രമേൽ ആസ്വദിച്ചു വായിച്ച ഒരു പുസ്തകമായിരുന്നു ദീപ ടീച്ചറുടെ ഈ പുസ്തകം. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാൻ തോന്നിപ്പിക്കുന്ന പുസ്തകങ്ങൾ വളരെ കുറവാണ്.എന്നാൽ, ഈ പുസ്തകത്തിലെ ഓരോ അധ്യായം വായിക്കുമ്പോഴും ഹൃദയത്തിനുള്ളിൽ നിറയുന്ന ഒരു കുളിരുണ്ട്. ആ കുളിരിനെ പറ്റി തന്നെയാണ് പുസ്തകത്തിലുടനീളം എഴുത്തുകാരി വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നത്.
അവതാരികയിൽ പറയുന്നതുപോലെ, ഒരു നിലവിറക്കുള്ളിൽ അടുക്കിവെച്ച പുസ്തകങ്ങളെ പോലെയാണ് ഈ കുറിപ്പുകൾ. ഈ ഓർമ്മക്കുറിപ്പുകൾക്ക് നാം ഇന്നോളം അനുഭവിക്കാത്ത ഒരു ഗന്ധമുണ്ട്.ഹൃദയം നുറുങ്ങുന്ന വേദനകളും നമ്മുടെ പ്രാണനിൽ പറ്റിപ്പിടിച്ച അനുഭവങ്ങളും ഒരു മറയും മടിയും കൂടാതെ എഴുത്തുകാരി വരച്ചു കാട്ടുന്നു. വെറുമൊരു ഓർമ്മക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കി വെക്കാൻ നമുക്ക് കഴിയാത്തതും അതുകൊണ്ടുതന്നെ!
പുസ്തകത്തിന്റെ ഓരോ അധ്യായത്തിലും 'ഇവ എന്റെ ജീവിതത്തിലെ കുട്ടിക്കാലത്തെ അനുഭവമല്ലേ ' എന്ന് തോന്നിപ്പിക്കും വിധമുള്ള കാര്യങ്ങൾ എഴുത്തുകാരി അവതരിപ്പിക്കുന്നു. കുട്ടി ക്കാലത്തെ നൈർമല്യമുള്ള നിമിഷങ്ങളെ, ജീവിതത്തിൽ നിന്നും മാഞ്ഞുപോയ മുഖങ്ങളെ, ചില സുന്ദരമായ ഓർമകളെ ഓർത്തെടുത്തു വളരെ നർമബോധത്തോടെയാണ് ദീപടീച്ചർ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ ഓരോ അനുഭവങ്ങൾക്ക് പിന്നിലും ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന കരയിപ്പിക്കുന്ന ചില കഥകൾ ഉണ്ടെന്ന് എഴുത്തുകാരി ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു. പുസ്തകത്തിലെ ഓരോ വരികളും പഴമയുടെ ഗന്ധം പേറിയ നനുത്ത ഓർമ്മകളായി വായനക്കാരുടെ മനസ്സിലേക്ക് ഊർന്നിറങ്ങുന്നു. ഇതിലെ ആദ്യ അദ്ധ്യായം വായിക്കുമ്പോൾ തന്നെ ഓർമ്മകളിലേക്ക് ഒരു ടിക്കറ്റ് മുറിച്ചു നീട്ടുന്നുണ്ട് എഴുത്തുകാരി.
വളരെ ലളിതമായ ഭാഷയിലൂടെ തന്റെ കുട്ടിക്കാല അനുഭവങ്ങളെയും കുഞ്ഞുമനസ്സിൽ അന്ന് തോന്നിയ പൊട്ടത്തരങ്ങളും പറ്റിപ്പോയ അബദ്ധങ്ങളും വളരെ നർമ്മബോധത്തോടെ എഴുതിച്ചേർത്തതാണ് ഓരോ അധ്യായങ്ങളുo. വളരെ ആലങ്കാരികമായോ സാധാരണക്കാർക്കും മനസ്സിലാവാത്ത കടുകട്ടി സാഹിത്യ ഭാഷയോ ഇതിൽ ഒരിക്കൽ പോലും വന്നു പോയിട്ടില്ല എന്നതും പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. നമ്മുടെ മനസ്സിന്റെ ഉള്ളിൽ ഇരുന്ന് വളരെ പ്രിയപ്പെട്ടൊരാൾ സ്വകാര്യം പറഞ്ഞു തരുന്ന പോലെ തോന്നിപ്പിക്കുന്ന ഭാഷാ ലാളിത്യo ദീപ ടീച്ചറുടെ മിക്ക പുസ്തകങ്ങളെയും കൂടുതൽ സ്വീകാര്യമാക്കുന്നു.
തീർത്ത മഴകൾ, ജീവിതം ഒരു മോണാലിസച്ചിരിയാണ്, ഒറ്റമരപ്പെയ്ത്ത്....എന്നു തുടങ്ങി വായനക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ച മറ്റു പുസ്തകങ്ങളുo എഴുത്തുകാരിക്ക് സ്വന്തം..!
ഫേസ്ബുക്കിൽ പലപ്പോഴായി കുറിച്ചിട്ട കുറിപ്പുകളാണ് പിന്നീട് പുസ്തകമാക്കിയത്. ടീച്ചറുടെ അധിക എഴുത്തുകളും വല്ലാത്തൊരു വൈകാരികാനുഭൂതി കാത്തു സൂക്ഷിക്കുന്നവയാണ്. വീണ്ടും വീണ്ടും വായിക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു ജാലവിദ്യ ഒളിഞ്ഞിരിപ്പുണ്ട് ഈ പുസ്തകത്തിലും.
ആദ്യ അദ്ധ്യായം ' വീട്ടാൻ ആകാത്ത ചില കടങ്ങൾ' എന്നതാണ്. ഇത് വായിച്ചു തുടങ്ങുമ്പോഴേക്കും ഇത്തരം അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടില്ലെ..എന്ന് ഓർത്തു പോകാറുണ്ട്. ചില കാര്യങ്ങൾ അങ്ങനെയാണ്, പകരം വീട്ടിയാലോ തിരിച്ചു കൊടുത്താലോ തീരാവുന്നതോ അല്ലാത്ത ചില കടങ്ങൾ... എന്ത് പകരം നൽകിയാലാണ് ചില സഹായങ്ങൾക്ക് പകരമാവുക എന്ന് ചിന്തിച്ച്, ചില മനുഷ്യരുടെ സ്നേഹത്തിനു മുന്നിൽ ആവർ തന്ന സഹായത്തിനു മുന്നിൽ അവർ നൽകിയ വിലപ്പെട്ട സമയത്തിനും മുന്നിൽ നമ്മൾ തോറ്റു പോകുന്ന സന്ദർഭങ്ങൾ നമുക്കും ഉണ്ടായിട്ടില്ലെ. അതെ ചില കടങ്ങൾ അങ്ങനെയാണ് വീട്ടാനാവില്ല വീട്ടിയാലെട്ടൊ തീരുകയുമില്ല...!
തുടർന്നങ്ങോട്ടുള്ള അധ്യായങ്ങളിൽ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി ഡ്രൈവിംഗ് പഠിക്കാൻ പോയ സംഭവങ്ങളെ വളരെ രസകരമായാണ് എഴുത്തുകാരി എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ഏത്ര ശ്രമിച്ചിട്ടും ഡ്രൈവിംഗ് പഠനം ശരിയാവാതെ വന്നപ്പോൾ താൻ ഗർഭിണിയാണെന്നും ഇനി പഠിക്കാൻ വരാൻ കഴിയില്ലെന്നും കളവു പറഞ്ഞു എഴുത്തുകാരി ഒഴിഞ്ഞുമാറിയ സംഭവങ്ങൾ.. ആ ഡ്രൈവിംഗ് അധ്യാപകനെ പിന്നീടൊരിക്കൽ കണ്ടു മുട്ടിയപ്പോൾ ഗർഭിണിയായി അഭിനയിച്ചതെല്ലാം വളരെ രസകരമായി,നർമ്മബോധത്തോടെ എഴുത്തുകാരി അവതരിപ്പിക്കുന്നുണ്ട്.
സ്ത്രീകളുടെ അഭിമാന ബോധത്തെയും, പൊതുസമൂഹത്തിന് മാനഭംഗയായ സ്ത്രീകളോടുള്ള പെരുമാറ്റത്തെയും പറ്റി ശക്തമായി അപലപിച്ച് സംസാരിക്കുന്നുണ്ട് എഴുത്തുകാരി. ഒരു ഗുസ്തി മത്സരത്തിൽ പുരുഷനോട് പൊരുതിത്തോറ്റു പോകുമ്പോൾ പോലും സ്ത്രീയോട് ആരും മാനം നഷ്ടപ്പെട്ടില്ലേ എന്നു ചോദിക്കാറില്ല.
ചില പ്രത്യേക അവയവങ്ങളെ അധിഷ്ഠിതമായി മാത്രം സ്ത്രീകളുടെ മാനത്തെ ചേർത്ത് വായിക്കുന്നതിൽ സമൂഹം എന്തൊരു അനീതിയാണ് കാണിക്കുന്നത് എന്ന് ദീപ ടീച്ചർ ചോദിക്കുന്നു.ഇത്തരം കുറിപ്പുകൾ ഏറെ പ്രസക്തവും സാമൂഹ്യ ബോധം നിറഞ്ഞവ യുമാണ്.
മറ്റൊരു അധ്യായത്തിൽ തന്റെ മരിച്ചുപോയ ഒരു സുഹൃത്തിനെ ഓർമ്മിച്ചെടുക്കുന്നുണ്ട് എഴുത്തുകാരി.അതിൽ ഇങ്ങനെ എഴുതി ചേർത്തിരിക്കുന്നു.
" ജീവിതമാണ് ..ആരു പോയാലും വന്നാലും അതിങ്ങനെ ഒഴുകിക്കൊണ്ടിരിക്കും..എന്നാൽ ചിലരു പോകുമ്പോൾ, ചിലത് നഷ്ടപ്പെടുമ്പോൾ അത് ഉൾക്കൊള്ളാൻ വിസമ്മതിച്ച് മനസ്സ് പിണങ്ങി മാറി നിൽക്കും. കൈവെള്ളയിൽ നിന്ന് വഴുതിയെ ന്നറിയുമ്പോഴാണ് നഷ്ടബോധത്തിന്റെ തീവ്രതയേറുന്നത് ".
നഷ്ടബോധങ്ങളുടെ ആകെ ത്തുകയാണ് നമ്മുടെയൊക്കെ ജീവിതം.' സ്വന്തമായി നഷ്ടബോധമില്ലാത്തവൻ ജീവിച്ചിട്ടില്ലാത്തവന് തുല്യമാണ് ' എന്ന് കവി.
' നഷ്ടങ്ങളൊക്കെയും നഷ്ടം തന്നെയാണ്.'.. എത്ര തീവ്രതയേറിയ വരികളാണ് എഴുത്തുകാരി കുറിച്ചു വെച്ചിട്ടുള്ളത്. വായനക്കാരെ വൈകാരികനുഭൂതിയുടെ തീചൂളയിലേക്ക് എറിഞ്ഞു കൊടുക്കും പോലെയുള്ള വക്കുകൾ..!
അധ്യാപികയായ ശേഷം പഠിപ്പിച്ച വിദ്യാർത്ഥികളെ വഴിയിൽ വെച്ച് കണ്ടുമുട്ടുമ്പോഴോ..'ടീച്ചറെ' എന്നവർ പിറകിൽ നിന്ന് വിളിച്ചു സംസാരിക്കുമ്പോഴോ ഉള്ളിൽ നിറയുന്ന വല്ലാത്തൊരു സന്തോഷ നിമിഷങ്ങളെ വൈകാരികത ഒട്ടും ചോർന്നു പോവാതെ എഴുതിച്ചേർക്കാൻ ദീപാ നിഷാന്ത് ഏറെ ശ്രദ്ധിച്ചി രിക്കുന്നു... ഒരദ്ധ്യായത്തിൽ ഒരു മുൻ വിദ്യാർഥി തന്റെ കല്യാണത്തിന് ക്ഷണിക്കാൻ ദീപ ടീച്ചറുടെ വീട്ടിൽ വന്ന സംഭവം വിവരിക്കുന്നുണ്ട്..അമ്മയെ ഇഷ്ടമല്ലാത്ത ഒരു വിദ്യാർത്ഥിയായിരുന്നു അവൻ...അവന്റെ അച്ഛനെയും അവനെയും മറന്നു മറ്റൊരാളുടെ കൂടെ ഇറങ്ങി പോയ അമ്മയെ അവന് വെറുപ്പായിരുന്നു...അവൻ കല്യാണം ക്ഷണിക്കാൻ വീട്ടിൽ വന്നപ്പോൾ ഇറങ്ങാൻ നേരത്ത് ടീച്ചർക്ക് ഒരു സമ്മാനപ്പൊതി കൊടുത്തു.. അത് എഴുത്തുകാരി വിവരിക്കുന്നതിങ്ങനെയാണ്.. ആ പൊതി തുറന്നപ്പോൾ... അതിൽ മാമ്പഴ നിറമുള്ള ഒരു സാരി.. ഒപ്പം ജയമോഹന്റെ നൂറുസിംഹാസനങ്ങൾ എന്ന പുസ്തകവും.! കൂടെ ഒരു കുറിപ്പുമുണ്ട് അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നവ ത്ര... 'അമ്മ എന്ന രണ്ട് അക്ഷരം എനിക്ക് അത്ര തന്നെ ഇഷ്ടമല്ല.പക്ഷേ ഇടക്കെനിക്ക് തോന്നാറുണ്ട്, ടീച്ചറെ അങ്ങനെ വിളിക്കാൻ.'എന്നിട്ടവർ പറയുന്നു..മർത്യായുസ്സിൽ സാരമായത് ചില മുന്തിയ സന്ദർഭങ്ങളെല്ല.. ചില മാത്രകൾ മാത്രം..!
ജീവിതത്തിലെ നിസ്സാരമായ ചില മാത്രകൾ ഏറെ വിലപ്പെട്ടതും പ്രിയപ്പെട്ടവുമാണെന്ന് വായനക്കാരെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു ദീപ. അത്തരം സന്ദർഭങ്ങളെ നമുക്ക് വില കൊടുത്തു വാങ്ങാൻ കഴിയില്ല.. കാലം എത്ര കഴിഞ്ഞാലും മൂല്യം നഷ്ടപ്പെടുയുമില്ല. ഒന്നിനും സമയമില്ലാതെ യാന്ത്രികമായി ഓടിക്കൊണ്ടിരിക്കുന്ന ഈ ലോകത്തോട് പണത്തിനും മേലെ നിൽക്കുന്ന മൂല്യമുള്ള ചില നിമിഷങ്ങൾ ഉണ്ടെന്ന് കഥാകാരി വിളിച്ചുപറയുന്നു. അതിനവർ ഉപയോഗിക്കുന്ന വാക്കുകളാണ് പെട്ടെന്ന് മനസ്സിൽ സ്ഥാനം പിടിക്കുന്നത്...
' ആയുധ കടത്തു പോലെ രഹസ്യം ആയിരിക്കണം ഓരോ സ്വപ്ന സ്ഥലികളും.. ആരും കാണരുത് ആരോടും പറയരുത്...എടിഎം കാർഡിന്റെ പിൻ നമ്പർ പോലെ ഉള്ളിൽ സൂക്ഷിച്ചേക്കണം, വളരെ രഹസ്യമായി ' എന്ന് എഴുത്തുകാരി കുറിക്കുമ്പോൾ അതുപോലെ ഒരു രഹസ്യ പിൻ നമ്പർ നമ്മുടെ മനസ്സിലേക്കും ഓടിയെത്തുന്നില്ലേ...?എവിടെയുo എഴുതിവെക്കാതെ തന്നെ പെട്ടെന്ന് ഹൃദയത്തിലേക്ക് കടന്നുവരുന്നവ..!. 'വീ ട്ടാനാകാത്ത ചില കടങ്ങൾ 'എന്ന അധ്യായമാണ് എന്നെ ഏറെ സ്വാധീനിച്ചത്..ചെറുപ്പകാലത്ത് ബസ്സിൽ സ്റ്റോപ്പ് തെറ്റി പ്പോയി പേടിച്ചു പകച്ചു നിന്ന് പോയ ഒരു ബാലികയെ സന്ധ്യാ നേരത്തു ഒരു അപരിചിതൻ വീട്ടിൽ കൊണ്ടാക്കി കൊടുക്കുന്നു... പിന്നീട് കുറെ കാലത്തേക്ക് അയാളെ പറ്റി ഒരു വിവരവുമില്ല..പിന്നീടൊ രിക്കൽ കോളേജ് അധ്യാപികയായ ശേഷം യാദൃശ്ചികമായി ദീപ ടീച്ചർ അയാളെ കണ്ടുമുട്ടുന്നു.... അയാൾ ചോദിച്ചു : ഇപ്പോൾ ടീച്ചർ ആണ് ലെ..?
ഉം... ടീച്ചർ മൂളി..
ഞാൻ കാണാറുണ്ട് ഇടക്ക്..ബസ് കാത്തുനിൽക്കുന്നതും,പോണതും. റാങ്ക് കിട്ടിയേന്റെo കല്യാണം കഴിഞ്ഞേന്റേം ഒക്കെ പടം പേപ്പറിൽ കണ്ടിരുന്നു..ഞാൻ കുറെ പേർക്ക് കാട്ടിക്കൊടുത്തു ഞാൻ അറിയുന്ന കുട്ടിയാന്നും പറഞ്ഞ്.. അയാൾ നിഷ്കളങ്കമായി പുഞ്ചിരിച്ചു.ഈ സന്ദർഭങ്ങൾ വിവരിക്കുമ്പോൾ എഴുത്തുകാരി പറയുന്നു.. എന്റെ ഉയർച്ചയിലും നേട്ടങ്ങളും ഒരു അപരിചിതൻ സന്തോഷിക്കുക, അത് വളരെ സന്തോഷത്തോടെ മറ്റുള്ളവരോട് പങ്കുവെക്കുക..തനിക്ക് ഇതുവരെ കിട്ടിയ സർട്ടിഫിക്കറ്റിനേക്കാൾ വലുതായിരുന്നു അയാളുടെ വാക്കുകൾ.. ഇന്നും അതിനു മുകളിൽ നിൽക്കുന്ന അവാർഡുകളോ സർട്ടിഫിക്കറ്റുകളോ എന്റെ കയ്യിലില്ലെന്ന് എഴുത്തുകാരി പറയുന്നു.. ' പറയാൻ വാക്കുകളില്ലാതെ ആയിപ്പോയ നിമിഷം...ഞാൻ വെറുതെ ചിരിക്കുക മാത്രം ചെയ്തു. വാ ക്കുകളെ, നിങ്ങൾ എവിടേക്കാണ് എന്നിൽ നിന്നും ഓടിയൊളിച്ചത്..?എനിക്ക് അയാളെ വീണ്ടും ഒന്ന് നോക്കാൻ പോലും സാധിക്കുമാ യിരുന്നില്ല...നോക്കിയാൽ ഞാൻ കരഞ്ഞു പോയേക്കുമെന്ന് തോന്നി…
സ്വന്തം അനുഭവങ്ങൾ മറ്റുള്ളവരുടെത് കൂടിയാണെന്ന് തോന്നിപ്പിക്കാൻ കഴിയുമ്പോഴല്ലേ ഒരു എഴുത്തുകാരൻ വിജയിക്കുന്നത്. ആ അർത്ഥത്തിൽ ദീപ നിശാന്ത് വിജയിച്ച ഒരു എഴുത്തുകാരി തന്നെയല്ലേ..?
ജീവിക്കുന്ന നിമിഷത്തിൽ ഇല്ലാത്ത ഒരു പ്രത്യേക ഭംഗി അവ ഓർമ്മകളായി മാറുമ്പോൾ കൈ വരുന്നില്ലേ., അത് നഷ്ടബോധമാണെങ്കിലും.!
ഓർമ്മകളെ ഇഷ്ടപ്പെടുന്നവരും ഓർമ്മകളെ നെഞ്ചോട് ചേർക്കുന്നവരും ഓർമ്മകളിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവരും ഉറപ്പായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് കുന്നോളമുണ്ടല്ലോ ഭൂതകാല ക്കുളിർ..
എപ്പോഴെങ്കിലും വീണു കിട്ടുന്ന ഒരു നേരത്ത് നോക്കി നമ്മളിലേക്ക് എത്താനായി എത്രയെത്ര ഓർമ്മകൾ ആയിരിക്കും കാത്തുകിടക്കുന്നുണ്ടാവുക..! മഴ വീണു തണുത്ത നനവോടെ നനുത്ത ഒരു കുളിരു തരുന്ന ചില നിമിഷങ്ങൾ ഓർമ്മകളായി മാറുമ്പോൾ അവയൊക്കെ കോർത്തിണക്കി ഒരു മാല തീർത്ത പോലെയാണ് ഈ പുസ്തകം വായിച്ചപ്പോൾ തോന്നിയത്.ഓരോ അധ്യായവും മുൻപത്തെ അധ്യായത്തിലെ ഓർമ്മകളുടെ അരികുപറ്റി ചേർന്നു നിൽക്കുന്ന പോലെ.
'ഓർമ്മകൾക്കില്ല, ചാവും ചിതകളും..' എന്ന് എഴുത്തുകാരി വിജയലക്ഷ്മി പറഞ്ഞതിനെ അന്വർത്ഥമാക്കും വിധം,തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും ഇത്തരം സന്ദർഭങ്ങൾ ഓർമ്മച്ചെടുത്ത് എഴുത്തുകാരി അവതരിപ്പിച്ചിരിക്കുന്നു.
അതെ,
നനയണം...
നനഞ്ഞു കുളിരണം ഈ ഓർമപ്പെയ്ത്തിൽ...
മുട്ടറ്റമേയല്ല കുന്നോളം തന്നേയുണ്ടീ ഭൂതകാലക്കുളിർ...