നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അബ്ദുന്നാസര്‍ മദനിയുടെ പി.ഡി.പി ഇടതു മുന്നണിക്കുള്ള പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമി യു.ഡി.എഫ് പക്ഷം ചേര്‍ന്നത് വലിയ ഒച്ചപ്പാടുണ്ടാക്കി. മതേതരപ്പാര്‍ട്ടിയായ കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി വര്‍ഗീയ കക്ഷികളുമായി കൈകോര്‍ക്കുന്നുവെന്ന ആക്ഷേപമാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതു നേതാക്കളും നിലമ്പൂരില്‍ ആവര്‍ത്തിച്ച് ഉന്നയിച്ചത്. എന്നാല്‍ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ 3000-ലധികം വോട്ടല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിന് നിര്‍ണായകമായത്.
ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സി.പി.എം സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ചിട്ടും എന്തുകൊണ്ട് ഇടതു മുന്നണിക്ക് സീറ്റ് നിലനിര്‍ത്താനായില്ല എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. മുസ്ലീം ലീഗുകാര്‍ക്ക് പല കാരണങ്ങളാല്‍ വിയോജിപ്പുകളുണ്ടായിരുന്നയാളാണ് ആര്യാടന്‍ ഷൗക്കത്ത്. യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നതും ലീഗ് അണികള്‍ക്ക് അത്ര പിടിക്കുന്ന കാര്യമായിരുന്നില്ല. എന്നാല്‍ മുസ്ലീം ലീഗിന്റെ നേതാക്കളും ആര്യാടനുവേണ്ടി പ്രവര്‍ത്തകരും ശക്തമായ പ്രവര്‍ത്തനമാണ് നടത്തിയത്.
ഭരണവിരുദ്ധ വികാരം വലിയതോതിലാണ് യു.ഡി.എഫിനെ തുണച്ചത്. പി.വി അന്‍വര്‍ ഇരുപതിനായിരത്തിനടുത്ത് വോട്ടു നേടിയിട്ടും യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിക്കാന്‍ കാരണമായത് ഇതാണ്. അന്‍വര്‍ തുടക്കം മുതലേ ഉയര്‍ത്തിയ പിണറായി വിരുദ്ധ നിലപാടും യു.ഡി.എഫിന് ഗുണകരമായി. കോണ്‍ഗ്രസിന്റെ യൂത്ത് ബ്രിഗേഡ് എന്നുതന്നെ പറയാവുന്ന വിധം എംപിമാരും എംഎല്‍എമാരും അടക്കമുള്ള യുവനേതാക്കളുടെ നിര തന്നെ നിലമ്പൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചു. ഈ ഘടകങ്ങളെയെല്ലാം ഏകോപിപ്പിക്കാനും എല്ലാ സാമുദായിക വിഭാഗങ്ങളെയും യു.ഡി.എഫിലേക്ക് ഒരുമിപ്പിക്കാനും ക്യാപ്റ്റനായുള്ള വി.ഡി സതീശന്റെ നേതൃത്വവും കരുത്ത് പകര്‍ന്നു.
എന്തായാലും ജമാഅത്തെ ഇസ്ലാമി-യു.ഡി.എഫ് സഹകരണം വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും തുടരും. ജമാഅത്തെ ഇസ്ലാമിയ്ക്ക് ഈ ബന്ധം തുടര്‍ന്ന് പോകണം എന്നാണ് ആഗ്രഹം. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുകയായിരുന്നു.
വിജയിച്ച ശേഷം ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളുടെ പിന്തുണ ലഭിച്ചതായി ആര്യാടന്‍ ഷൗക്കത്തും പറഞ്ഞിരുന്നു. ഇനി പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ ഉള്‍പ്പടെ യു.ഡി.എഫുമായി ചര്‍ച്ചകള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണ് എന്ന് കോണ്‍ഗ്രസിന് അഭിപ്രായമില്ലെന്ന് വി.ഡി സതീശന്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു.
ജമാഅത്തെ ഇസ്ലാമി പ്രധാനമായും മതസംഘടനയാണെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. സംഘടന ഇതുവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയപരമായി പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാറി മാറി പിന്തുണ നല്‍കിയിട്ടുണ്ട്. അതില്‍ സി.പി.എമ്മും ഉണ്ടെന്നുള്ളതാണ് കൗതുകകരം. 1941 ആഗസ്റ്റ് 27-ന് ഇസ്ലാമിക നവോത്ഥാന നായകരില്‍ ഒരാളായ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിക്കുന്നത് 1944-ലാണ്.
ഇന്ത്യാ വിഭജനത്തിനു ശേഷം മൗദൂദി പാകിസ്ഥാനിലേയ്ക്കു പോകുകയും, ഒരു ചെറു വിഭാഗം ജമാഅത്തെ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ തന്നെ തങ്ങുകയും ചെയ്തു. ഇതാണ് ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം നിലനിര്‍ത്തിയത്. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉള്ള ഘടകങ്ങള്‍ വളരെ സ്വാധീനമുള്ള രാഷ്ട്രീയകക്ഷികളാണെങ്കിലും ഈ സംഘടനയ്ക്ക് ഇന്ത്യന്‍ രാഷട്രീയത്തില്‍ പറയത്തക്ക സ്വാധീനമൊന്നുമില്ല.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമി തിരികൊളുത്തിയിട്ടുണ്ട്. അടിയന്തിരാവസ്ഥക്കലാത്തും ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെത്തുടര്‍ന്നും 1992-ല്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു. അതിനുശേഷം 1994-ല്‍ സുപ്രീംകോടതി ഈ നിരോധനം റദ്ദാക്കുകയും സംഘടനയ്ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു.
നീതിയിലും ക്ഷേമത്തിലും അടിസ്ഥാനമായ ഇസ്ലാമിക രാഷ്ട്ര സങ്കല്‍പം പ്രാവര്‍ത്തികമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന തന്നെ പറയുന്നു. ഇസ്ലാമിക രാഷ്ട്ര സംസ്ഥാപനം (ഇഖാമത്തുദീല്‍) ആണ് സംഘടനയുടെ ലക്ഷ്യം. ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏക പോംവഴി പലിശരഹിത ബാങ്കിങ്ങും ദരിദ്രരെ സാമ്പത്തികമായും സാമൂഹികമായും ശാക്തീകരിക്കുന്ന സകാത്ത് ഉള്‍പ്പെടെയുള്ള സംവിധാനമാണെന്നും അവര്‍ വാദിക്കുന്നു.
ശരീഅത്തില്‍ അടിസ്ഥാനമായ മതേതരത്വവും ജനാധിപത്യവും പ്രാബല്യത്തില്‍ വരുത്തണമെന്നും ഈ സംഘടന ആവശ്യപ്പെടുന്നു. മതാശ്‌ളേഷത്തെ ഇവര്‍ പ്രോത്സാഹിപ്പിക്കുന്നു. മുസ്ലീം നിയമങ്ങള്‍ക്കുമേല്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കെതിരേയും ഭാരതത്തിലെ മുസ്ലീങ്ങള്‍ അഭിമുഖീകരിക്കുന്ന മറ്റു സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരേയും പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ഈ സംഘടന മുന്നിട്ടു നില്‍ക്കുന്നു.
അതേസമയം നിലമ്പൂരില്‍ ജമാഅത്തെ ഇസ്ലാമിയുടം പിന്തുണ സ്വീകരിച്ചെങ്കിലും മുസ്ലീം ലീഗ് അവരെ വെള്ളപൂശാന്‍ തയ്യാറായിരുന്നില്ല. മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും രണ്ടാണ് എന്നും ജമാഅത്തെ ഇസ്ലാമിക്കെതിരെ ലീഗ് സ്വീകരിച്ച പ്രത്യയശാസ്ത്ര നിലപാടില്‍ വെള്ളം ചേര്‍ത്തിട്ടില്ല എന്നുമായിരുന്നു എം.കെ മുനീറും കെ.എം ഷാജിയും അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി എന്നും അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല എന്നുമായിരുന്നു വി.ഡി സതീശന്റെ നിലപാട്.
ജമാഅത്തെ ഇസ്ലാമി എല്‍.ഡി.എഫിന് പിന്തുണ കൊടുത്തിരുന്നു. അപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലായിരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് വര്‍ഗീയവാദികളുടെ പിന്തുണ വേണ്ട എന്നതാണ് എല്ലാ കാലത്തും സ്വീകരിച്ച നിലപാട് എന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആവര്‍ത്തിച്ചിരുന്നു. ഫലം വന്നതിന് ശേഷവും ഇതേ നിലപാടാണ് സ്വരാജ് ആവര്‍ത്തിച്ചത്.