കാസർഗോഡ് എം പി യും കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താന് വളരെ ചെറുപ്പം മുതൽ ആരുടെ ആണെങ്കിലും സംബന്ധത്തിൽ അഥവാ വിവാഹത്തിൽ പങ്കെടുക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്
കൊല്ലം എസ് എൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് കെ എസ് യൂ വിന്റെ സജീവ പ്രവർത്തകൻ ആയിരുന്നപ്പോഴും അധികാരത്തിനോട് അമിത ആർത്തി ഇല്ലാതിരുന്ന ഉണ്ണിത്താൻ ഒരു സംബന്ധത്തിൽ പങ്കെടുക്കവേ അവിടെ വന്ന എസ് ഫ് ഐ നേതാവ് എം എ ബേബി അനവസരത്തിൽ വെല്ലുവിളിച്ചതുകൊണ്ട് മാത്രമാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതും ബേബിയെ മലർത്തിയടിച്ചതും
വർഷങ്ങൾക്കു ശേഷം സജീവ കോൺഗ്രസ് പ്രവർത്തകൻ ആയപ്പോൾ ഐ ഗ്രൂപ്പിന്റെ ഭാഗമാകാനും കടുത്ത കരുണാകര ഭക്തനും ശിഷ്യനും ആകാൻ കാരണവും ജന്മനാടായ കൊല്ലത്തു ഒരു സംബന്ധത്തിൽ പങ്കെടുക്കവേ അതിൽ പങ്കെടുത്ത കരുണകാരനുമായി പരിചയപ്പെട്ടു പിന്നീട് ആ ബന്ധം വളർന്നു വലുതായതുകൊണ്ടാണ്
ആന്റണി ഗ്രൂപ്പും കരുണാകര ഗ്രൂപ്പും ബദ്ധ വൈരികളായി ഗ്രൂപ്പ് പോര് അതിരു കടന്ന തൊണ്ണൂറുകളുടെ അവസാനം ഐ ഗ്രൂപ്പിന്റെ വക്താവ് സ്‌ഥാനം ഏറ്റെടുത്തുകൊണ്ട് ആന്റണി ഗ്രൂപ്പിനെതിരെ തന്റെ ജന്മനായുള്ള വാക്ചാതുരിയിലും വാചാലതയിലും ആരോപണങ്ങൾ ഉന്നയിച്ചു ഉണ്ണിത്താൻ ആക്രമിച്ചിരുന്നതും രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന സംബന്ധങ്ങളിൽ വച്ചായിരുന്നു
രണ്ടായിരത്തി നാലിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പിന്റെ കൊല്ലം സീറ്റ് പ്രതീക്ഷിച്ചിരുന്ന ഉണ്ണിത്താൻ ആ സീറ്റ് ശൂരനാട് രാജശേഖരന് കെ മുരളീധരൻ മറിച്ചു വിറ്റു എന്നു അറിയുന്നതും ഒരു സംബന്ധത്തിൽ പങ്കെടുക്കവേ ആണ് തുടർന്ന് ശരത്ചന്ദ്രപ്രസാദിനെയും കൂട്ടി വന്നു കൊല്ലം പ്രസ്സ് ക്ലബ്ബിൽ വാർത്താസമ്മേളനം വിളിച്ചു മുരളീധരനെ പരസ്യമായി ചീത്ത വിളിച്ചിട്ട് പോയതും മറ്റൊരു സംബന്ധത്തിൽ പങ്കെടുക്കുവാൻ ആണ്
അതിന് ശേഷം പിറ്റേദിവസം തിരുവനന്തപുരത്തു കെ പി സി സി ആസ്‌ഥാനമായ ഇന്ദിരഭവനിൽ കെ പി സി സി യോഗം നടക്കുമ്പോൾ അവിടെ മാരുതി ഒമിനിയിൽ എത്തിയ ഉണ്ണിത്താന് ഒരു പറ്റം ഗുണ്ടകൾ ആക്രമിച്ചു ഉടുതുണി പറിച്ചെടുത്തെങ്കിലും അധികം പരുക്ക് പറ്റാത്തിരുന്നത് വരുന്ന വഴിയിൽ പങ്കെടുത്ത ഒരു സംബന്ധത്തിലെ പൊറോട്ടയുടെയും മട്ടൻകറിയുടെയും ബലത്തിൽ ആണ്
രണ്ടായിരത്തി ആറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് കോൺഗ്രസ് നേതൃത്വതോട് ആവശ്യപ്പെട്ടെങ്കിലും ഉണ്ണിത്താന് കൊടുത്തത് തലശ്ശേരി ആണ്. കമ്മ്യൂണിസ്റ് കോട്ടയായ തലശ്ശേരിയിൽ കരുത്തനായ കോടിയേരിയോട് ഏറ്റുമുട്ടിയിട്ടു കാര്യമൊന്നും ഇല്ലന്ന് അറിഞ്ഞിട്ടും ഉണ്ണിത്താൻ തലശ്ശേരിക്കു ട്രെയിൻ കയറിയത് തലശ്ശേരിയിലെ സംബന്ധങ്ങൾക്കു വിളമ്പുന്ന തലശ്ശേരി ബിരിയാണിയുടെ സ്വാദ് ഓർത്തിട്ടാണ്
തലശ്ശേരിയിൽ നിന്നും കഴിച്ച ബിരിയാണിയുടെ ബലത്തിൽ ജയിക്കാനായില്ലെങ്കിലും കോടിയേരിയെ വിറപ്പിച്ച ഉണ്ണിത്താൻ പിന്നീട് പത്തു വർഷക്കാലം തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നു ഏഷ്യാനെറ്റിലെ അന്തി ചർച്ചയിൽ പങ്കെടുത്തു സി പി എം ന്റെയും ബി ജെ പി യുടെയും പ്രതിനിധികളെ അലറി വിളിച്ചു വിരട്ടാൻ വരുന്നതും തലശ്ശേരിയിൽ നിന്നും കഴിച്ച ബിരിയാണിയുടെ ബലത്തിൽ ആയിരുന്നു
ഇടക്കാലത്തു സിനിമ അഭിനയം തുടങ്ങിയ ഉണ്ണിത്താന് കിട്ടിയ റോളുകൾ അധികവും വില്ലൻ വേഷം ആയിരുന്നു. ടൈഗർ എന്ന സിനിമയിൽ നായകനായ സുരേഷ് ഗോപിയുമായി ഒരു സ്റ്റണ്ട് രംഗം ചിത്രീകരിക്കുമ്പോൾ കുറെയധികം തവണ ചെയ്തിട്ടും ടേക് ശരിയായില്ല. ഒടുവിൽ ഉണ്ണിത്താൻ പ്രൊഡക്ഷൻ കൺട്രോളറോഡ് ചോദിച്ചു കുറച്ചു ഫ്റൈഡ്റൈസും ചില്ലിചിക്കനും സംഘടിപ്പിക്കാമോ എന്നു ഉടൻ തന്നെ ഷൂട്ടിംഗ് നടക്കുന്നതിന് അടുത്തു സംബന്ധം നടക്കുന്ന വീട്ടിൽ നിന്നും കൊണ്ടുവന്ന ഫ്റൈഡ്റൈസും ചില്ലിചിക്കനും കഴിച്ചു കഴിഞ്ഞപ്പോൾ സ്റ്റണ്ട് രംഗം ഡ്യൂപ്പില്ലാതെ ഉണ്ണിത്താൻ ഗംഭീരമാക്കി
കുറെകാലം സംബന്ധങ്ങളിൽ ഒന്നും പങ്കെടുക്കുന്നില്ല എന്നു ഉണ്ണിത്താൻ തീരുമാനിച്ചു. ആ സമയത്താണ് കുണ്ടറയിൽ മുൻ മന്ത്രിയായിരുന്ന ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കു എതിരെ മത്സരിക്കാൻ ഉണ്ണിത്താൻ പോയത് സംബന്ധങ്ങളുടെ കുറവാണോ എന്നറിയില്ല മുപ്പതിനായിരത്തിൽ അധികം വോട്ടിനു ഉണ്ണിത്താൻ മേഴ്‌സികുട്ടിയമ്മയോട് പരാജയപ്പെട്ടു
പത്തൊൻപതിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അധികം പരിജയം ഇല്ലാത്ത കാസർഗോഡ് മത്സരിക്കുവാൻ പാർട്ടി പറഞ്ഞപ്പോൾ ഉണ്ണിത്താനെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം വരത്തനായതുകൊണ്ട് കാസർഗോഡ്കാർ സംബന്ധങ്ങൾക്കു തന്നെ ക്ഷണിക്കുമോയെന്നായിരുന്നു
ഏതായാലും പാർലമെന്റിലേയ്ക്കുള്ള കന്നി അങ്കത്തിൽ തന്നെ കമ്മ്യൂണിസ്റ് കോട്ടയിൽ വെന്നികൊടി പാറിച്ച ഉണ്ണിത്താനു കഴിഞ്ഞ ആറു വർഷമായി എം പി ആയി ഇരിക്കുന്നതുകൊണ്ട് കാസർഗോഡും ഡൽഹിയിലും ജന്മ നാടായ കൊല്ലത്തുമായി സംബന്ധങ്ങളുടെ തിരക്കാണ്
നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയായ ആര്യടാൻ ഷൗക്കത്തിന്റെ ഇലക്ഷൻ പ്രചരണത്തിന് പ്രിയങ്ക ഗാന്ധി മുതൽ കേരളത്തിൽ നിന്നുള്ള വർക്കിംഗ് കമ്മിറ്റി അംഗങ്ങളും മുഴുവൻ എം പി മാരും എം എൽ എ മാരും ദിവസങ്ങളോളം നിലമ്പുരിൽ ക്യാമ്പ് ചെയ്തു കഠിനാധാനം ചെയ്താണ് ഷൗക്കത്തിനെ വിജയിപ്പിച്ചെടുത്തത്
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും സ്റ്റാർ പ്രചാരകനുമായ ശശി തരൂർ നിലമ്പുരിൽ എത്താതിരുന്നത് വലിയ വാർത്തയായിരുന്നു. ഇലക്ഷൻ കൊടുംബിരി കൊണ്ടിരുന്നപ്പോൾ തന്നെ ആരും ക്ഷണിക്കാതിരുന്നത് കൊണ്ടാണ് താൻ വരാത്തത് എന്നു തരൂർ പരസ്യമായി പ്രസ്താവന ഇറക്കി
മറ്റെല്ലാ കോൺഗ്രസ് നേതാക്കളും തരൂരിനെ പറ്റി ചാനലുകാർ ചോദിച്ചപ്പോൾ മൗനം പാലിച്ചെങ്കിലും കോൺഗ്രസിന്റെ ഗർജിക്കുന്ന സിംഹം രാജ്‌മോഹൻ ഉണ്ണിത്താൻ മാത്രമാണ് തരൂരിന് ചുട്ട മറുപടി കൊടുത്തത്
ഉണ്ണിത്താൻ തരൂരിനോട് പറഞ്ഞത് ക്ഷണിക്കാൻ നിലമ്പുരിൽ നടക്കുന്നത് ഷൗക്കത്തിന്റെ സംബന്ധം അല്ലെന്നാണ്