പൂർണ്ണത കൈവിട്ടപ്പോൾ
പൂർണ്ണമായും
അപൂർണ്ണതയുടെ ദാസൻ
അപൂർണ്ണത കൈവിട്ടപ്പോൾ
പൂർണ്ണമായും
പൂർണ്ണതയുടെ ദാസൻ
ദാസ്യപ്രവൃത്തികളിൽ
ലാഭഹാനി നോക്കിയില്ല
അപൂർണ്ണതയിൽ
ചെറുതുണ്ടുകളായി
പരസ്പരബന്ധമറ്റ്
അസ്വതന്ത്രനായി ജീവിച്ചു
രുചികളെയും
സ്വപ്നങ്ങളെയും
വേട്ടയാടിയതില്ല
കിട്ടിയതു കൊണ്ട്
തൃപ്തിപ്പെട്ടു കഴിഞ്ഞു
പൂർണ്ണതയിൽ
സംഗത്വം വെടിയാതെ
നിസ്സംഗനായി ജീവിച്ചു
ഉപയോക്താവിന്റെ സഹായപുസ്തകം
തുറന്നു നോക്കാതെ തന്നെ
ജീവനെ നേരിട്ടറിഞ്ഞു
അപരോക്ഷാനുഭൂതിയിൽ അലിഞ്ഞു
പ്രകാശത്തിന്റെ വ്യാപാരികളിൽ നിന്നും
ഒഴിഞ്ഞു മാറിയതിനാൽ
കൂരിരുട്ടാൽ വേട്ടയാടപ്പെട്ടില്ല
ഏകാകിതയിൽ നിന്നും
വെളിച്ചത്തിന്റെയും വെളിച്ചമായ
വെളിച്ചം ഏകാന്തതയിലേക്ക് നയിച്ചു
ഏകാന്തതയിൽ നിന്നും
ഏകത്വത്തിലേക്കുള്ള
യാത്രയിൽ ഒപ്പം ആരുമില്ല -
ഈ തഥാകഥിത ഞാൻ പോലും
ദൈവത്തിന്റെ കണ്ണിൽ
ആർജ്ജിതവിവേകം പോലും
വെറുമൊരു ഭോഷത്തമാകും
ആകയാൽ ശ്മശാനത്തിനുമപ്പുറത്തേക്ക്
കടത്തുവാനായി കയ്യിൽ
ഒന്നും തന്നെ സൂക്ഷിക്കുന്നില്ല.