പടിഞ്ഞാറു നിന്നവൾ
ആർത്തലച്ചു വരും
അന്തിയോടൊപ്പം
കിഴക്കു നിന്നവൾ
മുടിയഴിച്ചിട്ടാടി വരും
സൂര്യനോടൊപ്പം
വടക്കു നിന്നവൾ
പുഴ നീന്തിവരും
കാറ്റിനോടൊപ്പം
തെക്കു നിന്നവൾ
അമ്പലമുറ്റം നനച്ചു
തുള്ളിത്തുളുമ്പി വരും.
പൂവും പുല്ലും
നനച്ചു
വാ പെണ്ണേ യെന്നു
കിലുങ്ങിച്ചിരിച്ചു
വിളിക്കും
അവൾ പെയ്യും
ഞാനും പെയ്യും
അവൾ പെയ്തു തോർന്നാലും ഞാനിവിടെ
പെരുമഴയിലൊരു
വെയിൽ മുന കൊണ്ടും
തൂമഞ്ഞിലൊരു
തീക്കൊള്ളിപ്പൊള്ളലായും
അന്തിക്കറുപ്പിലൊരു
സൂര്യ പ്രണയത്തെ
സ്വപ്നം കണ്ടും
മാനത്തെ മഴവില്ലഴകുകൾ
മായ്ച്ചു
തോരാതിങ്ങനെ
പെയ്തു കൊണ്ടേയിരിക്കും.