Image

പ്രേതനഗരം - നോവൽ - 6 : രശ്മി സജയൻ

Published on 25 June, 2025
പ്രേതനഗരം -  നോവൽ - 6 : രശ്മി സജയൻ

ഹോട്ടലിൻ്റെ പാർക്കിംഗ് ഏരിയയിൽ വണ്ടി നിർത്തി ഹെൽമറ്റ് തലയിൽ നിന്നൂരി ബൈക്കിൻ്റെ ഹാൻഡിലിൽ വച്ചിട്ട്  വണ്ടിയിലിരുന്നു കൊണ്ടു തന്നെ പോക്കറ്റിൽ കിടന്ന  ഫോണെടുത്തു യൂസുഫ് ഇബ്രാഹിമിൻ്റെ നമ്പറിലേക്ക് വിളിച്ചു.  രണ്ടു മൂന്നു ബെല്ലടിച്ചപ്പോഴേക്കും യൂസുഫ് ഇബ്രാഹിം ഫോണെടുത്തു .

" ഇങ്ങട്ട് കേറിപ്പോരെ കൊച്ചേ. ഇന്നത്തെ എൻ്റെ പിറന്നാൾ സദ്യയുണ്ണാനായി നിന്നെ കാത്തിരിക്കുകയാ ഞാനിവിടെ. വേഗം വന്നോളൂ. എനിക്ക് വിശപ്പധികരിച്ചിരിക്കുകയാ.അല്പസ്വൽപ്പം പഞ്ചാരയൊക്കെയുള്ളതാണേ... "

"ശരി ഇക്കാ ഞാനിതാ എത്തി 

കഴിഞ്ഞു "

എന്നു പറഞ്ഞ് വൈദി ഫോൺ കട്ട് ചെയ്ത് ഹോട്ടലിലേക്ക് നടന്നു.

റൂമിനടുത്തെത്തിയതും വാതിൽ തുറന്നിട്ട് അവളെ പ്രതീക്ഷിച്ചെന്ന വണ്ണം ഇരിക്കുന്ന യൂസുഫ് ഇബ്രാഹിമിനെ നോക്കി വൈദി ഒന്നു പുഞ്ചിരിച്ചുവെങ്കിലും ആ ചിരിയിലൊരു വിഷാദത്തിൻ്റെ അലകൾ അവളറിയാതെ അവളുടെ മുഖത്തെ സങ്കടത്തിലാക്കിയിരുന്നു.

"നിൻ്റെ ചിരിയിലൊരു വിഷാദത്തിൻ്റെ ലാഞ്ചനയുണ്ടല്ലോ  കൊച്ചേ? എന്തേ നിനക്ക് പറ്റീത്? അമ്മയും അച്ഛനുമായി വഴക്കിട്ടാണോ  ഇത്ര പെട്ടെന്നു പോന്നത്? വെറുതെയെങ്കിലും നീ ഒന്നു വന്നെങ്കിലെന്നു ഞാനാശിക്കയും ചെയ്തു. പക്ഷേ അതിത്ര പെട്ടെന്ന് ആവുമെന്ന് പ്രതീക്ഷിച്ചതുമില്ല."

വൈദി യൂസുഫിനെ ഒന്നു നോക്കി. ഈറനണിഞ്ഞ കണ്ണുകൾ കൈ കൊണ്ട് ഒന്നു തുടച്ചു. ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു.

"അതേ..... ഇക്കാ .അവരെ ധിക്കരിച്ച് എനിക്ക് വീടുവിട്ടിറങ്ങണ്ടി വന്നു . അവനും ഉണ്ടായിരുന്നു അവിടെ. ആ....... വിശാൽ. അവരെല്ലാവരും ചേർന്നെഴുതിയ തിരക്കഥയിൽ അറിയാതെ അഭിനയിക്കണ്ടി വന്നു. എൻ്റെ വേഷം എനിക്കു ചേരുന്നില്ലെന്നു കണ്ടതും ആ വേഷം അവിടെത്തന്നെ ഉപേക്ഷിച്ച് ഞാനിറങ്ങി.

അവർക്കെല്ലാവർക്കും ഇപ്പം ഉടനെ എൻ്റെ വിവാഹം നടത്തണം. എൻ്റെ സമ്മതം അതവർക്കൊരു പ്രശ്നമേയല്ല. എന്നെ കല്യാണം കഴിക്കാൻ തയ്യാറായി നിൽക്കയല്ലേ വിശാല്.

ഒന്നു നിർത്തി വീണ്ടും കണ്ണൊന്ന് തുടച്ച്

'എൻ്റെ സ്വഭാവത്തിന് തീരെ ചേരാത്തതാ ഈ കണ്ണുനീര്.പക്ഷേ അതൊരിക്കലും എന്നെ വിട്ടു പോവില്ലെന്ന് ഉറപ്പിച്ച് കൂടെ കൂടിയിരിക്കയാ......

എനിക്കിപ്പോ ഇരുപത്തിയഞ്ച് വയസ്സായി. ഇനിയും ഞാനറിയാതെ എൻ്റെ ജീവിതത്തിൻ്റെ ഗതി തിരിച്ചുവിടാൻ ഞാനാരേയും അനുവദിക്കില്ല.

കുറച്ചു നാൾ എങ്ങോട്ടെങ്കിലും ഒന്നു മാറി നിന്നാലോ എന്നാലോചിക്കുകയാ. വെറുതേ ഒരു യാത്ര. കുറച്ചു സ്ഥലങ്ങൾ കാണണം. അതോടൊപ്പം മനസ്സിൻ്റെ ഭാരം ലഘൂകരിക്കുകയും ചെയ്യാം.. എന്തായാലും ഇക്കായുടെ കഥ കേട്ടിട്ടേയുള്ളൂ ഇനിഎല്ലാം.  യാത്രയ്ക്കായി

ആരെയെങ്കിലും ഒരാളെക്കൂടി കണ്ടെത്തണം  യാത്രയിൽ കൂട്ടിനായി. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് എനിക്കിഷ്ടമല്ല മിണ്ടാനും പറയാനുമായിട്ട് ആരെങ്കിലും ഒരാൾ.  എന്നെ അഡ്ജസ്റ്റ് ചെയ്യുന്ന ആരെങ്കിലുമാവുകയും വേണം. അതു സാരമില്ല.ഇക്ക വാ നമുക്ക് ഭക്ഷണം കഴിക്കാം"

വൈദിയും യൂസുഫ് ഇബ്രാഹിമും ഭക്ഷണം ഒന്നിച്ചിരുന്നു കഴിക്കുന്നതിനിടയിൽ യൂസുഫ് വൈദിയോട്

'ആ വൈദി നിന്നോടൊരു കാര്യം ചോദിച്ചാൽ നീ എന്നെ പരിഹസിക്കുമോ ? മാത്രമല്ല അതു നിനക്കവിവേകമായിട്ടു തോന്നുന്നെങ്കിൽ ഞാനത് ചോദിച്ചില്ല എന്നു കരുതിക്കോ.. '

എന്തിനാ ഇക്ക നമ്മുടെയിടയിൽ ഇത്ര ബിൽഡപ്പ്?ആ കാര്യമങ്ങ് ചോദിച്ചാൽ പോരെ?

അത് പിന്നെ

നീയൊരു യാത്രയുടെ കാര്യം പറഞ്ഞില്ലേ. അതിനായൊരാൾ കൂട്ടു വേണമെന്ന് .അതിപ്പം ഞാനായാലോന്ന് ആലോചിച്ചു? ഞാനും എങ്ങോട്ടെങ്കിലും ഒന്നു പോവണമെന്ന് ആലോചിച്ചതാ

നിൻ്റെ അഭിപ്രായമെന്താ?"

"ഇക്കാ നിങ്ങൾ സീരിയസായിട്ടു പറഞ്ഞതാണോ? അതോ എന്നെ പറ്റിക്കാൻ വേണ്ടി വെറുതേ ഒരു തമാശ ? എനിക്കിതു വിശ്വസിക്കാമല്ലോ? അങ്ങനെയെങ്കിൽ നാളെത്തന്നെ നമുക്ക് യാത്ര തുടങ്ങിയാലോ? ഞാൻ റെഡി.  ധനുഷ് ക്കോടിയിലേക്കായാലോ നമ്മുടെ യാത്ര. കൂട്ടത്തിൽ മറ്റു ചില സ്ഥലങ്ങളും കാണാം. എങ്ങനെയാ നമ്മൾ പോവുക? ടാക്സി, ബസ്, ട്രെയിൻ ഏതിലാ നമ്മുടെ യാത്ര തുടങ്ങുക.?

വല്ലാത്തൊരു പാരവശ്യത്തോടെ വൈദി പറഞ്ഞു നിർത്തി

" കൊച്ചേ എൻ്റെ കാറിലാവാം യാത്ര. രാജീവനോടിച്ചോളും വണ്ടി. അവനാവുമ്പോ നമുക്ക് ഒരു പേടിയും വേണ്ട.'

'നമ്മളെപ്പഴാ പുറപ്പെടുക. ഇന്നു രാത്രിയിലായാലോ?'

 അതു വേണ്ട നമ്മൾ നാളെ വെളുപ്പിന് മൂന്നു മണിക്ക്  പുറപ്പെടുന്നു. ആദ്യം മധുരയിൽ. അവിടെ റൂമെടുത്ത് ഫ്രഷായി മധുരമീനാക്ഷിയെ ദർശിച്ചിട്ട് അവിടുന്ന് നമുക്ക് രാമേശ്വരത്തേക്കു പോവാം. ബാക്കിയൊക്കെ പോകും വഴി പ്ലാൻ ചെയ്യാം "

"ഇക്കാ വീട്ടിലറിയാതെയാണോ നമ്മുടെ യാത്ര ?"

"യാത്ര വീട്ടിലറിയിക്കുന്നുണ്ട്. നിന്നെക്കുറിച്ചും പോകുന്ന സ്ഥലത്തെക്കുറിച്ചും പറയുന്നുണ്ട്. ഞാൻ മധുരയിൽ പോവുന്ന കാര്യം നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. എൻ്റെയൊരു ആത്മാർത്ഥ സ്നേഹിതൻ്റെ മകൾ കഴിഞ്ഞ ആഴ്ച സൂയിസൈഡ് ചെയ്തു. അവൻ്റെ ദു:ഖത്തിൽ പങ്കുചേരാനായി എനിക്കവിടം വരെ പോകണം. പിന്നെ ഇനി ഒരു മാസത്തേക്ക് എനിക്ക് പൊതുപരിപാടികളൊന്നുമില്ല. എൻ്റെ നോവൽ ഇംഗ്ലിഷിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യണമെന്നു പറഞ്ഞിരിക്കുകയാണ്. അതിൻ്റെ കാര്യങ്ങളും നോക്കണം. യാത്ര ചിലവിനേക്കുറിച്ചോർത്ത്  ടെൻഷനടിക്കണ്ട. അതൊക്കെ ഞാൻ ചിലവാക്കിക്കൊള്ളാം. എൻ്റെ ഗൂഗിൾ പേ വഴി ഇപ്പോത്തന്നെ നിൻ്റെ അക്കൗണ്ടിലേക്ക് പൈസയിടാം. യാത്രയ്ക്കാവശ്യമുള്ള എന്തെങ്കിലും വാങ്ങണമെങ്കിൽ വാങ്ങാമല്ലോ"

"അയ്യോ ഇക്കാ പൈസാ ഒന്നും വേണ്ട? പൈസയൊക്കെ എൻ്റെ അക്കൗണ്ടിലുണ്ട്. അത്യാവശ്യം ബാങ്ക് ബാലൻസ് ഒക്കെ ഉണ്ടെന്നേ.  പിന്നെ സാധനങ്ങളൊക്കെ

 പോകുന്ന വഴി എവിടുന്നെങ്കിലുമൊക്കെ വാങ്ങാം ഞാൻ സന്ധ്യയോടെ വീട്ടിലേക്കു പോയി ബാഗ് പായ്ക്കു ചെയ്തു വരാം.ഇക്കാ ഇന്നിനി വീട്ടിൽ പോണുണ്ടോ?"

"ഇല്ല അവളെ വിളിച്ചു പറഞ്ഞാൽ എൻ്റെ ഡ്രൈവർ ലഗേജ് ഇവിടെ എത്തിച്ചോളും അത്യാവശ്യ സാധനങ്ങളൊക്കെ ഇവിടെ എൻ്റൊപ്പമുണ്ട്.  ഒരു കാര്യം ചോദിക്കട്ടെ നീ എന്താ കല്യാണത്തിന് സമ്മതിക്കാത്തത്? എന്തായാലും ഒരിക്കൽ കല്യാണം കഴിക്കണ്ടതല്ലേ?"

"ഇല്ല ഇക്കാ......ഈ ജന്മം എനിക്ക് കല്യാണമില്ല. എനിക്കെന്നല്ല എന്നെപ്പോലെ ജന്മമെടുത്ത ആർക്കും കല്യാണം കഴിക്കാൻ പറ്റില്ല."

"നിന്നെപ്പോലെ ജന്മമെടുത്ത എന്നു പറഞ്ഞാൽ എനിക്കു മനസിലായില്ലല്ലോ കൊച്ചേ. എന്താ നിൻ്റെ ജന്മത്തിനെന്തെങ്കിലും കുഴപ്പമുണ്ടോ?  നീ എന്താ അങ്ങനെ പറഞ്ഞത്? എനിക്കൊന്നും മനസ്സിലായില്ല.

"ഇക്കാ നിങ്ങൾ കാണുന്ന ഞാൻ  സ്ത്രീയാണ്.  എൻ്റെ മനസും സ്ത്രീയുടേതാ പക്ഷേ ശരീരം പെണ്ണിനെപ്പോലെ ജീവിക്കാൻ എന്നെപ്പോലെ ജനിച്ചവർക്കാർക്കും കഴിയില്ല. പിന്നെ ഇങ്ങനെയൊരു ജന്മമായി എന്നു പരിതപിച്ച് ഈ ജന്മം തള്ളിവിടാനും കഴിയില്ല. എൻ്റെ ഈ ജന്മ രഹസ്യത്തെക്കുറിച്ച് ഇതുവരെ ആർക്കും അറിയില്ല. എൻ്റെ അമ്മയ്ക്കും അച്ഛനും വിശാലിനുമൊന്നും അറിയില്ല.എൻ്റെ അമ്മയ്ക്ക് ദൈവം കൊടുത്ത ശിക്ഷയായിരിക്കും എൻ്റെ ജനനം."

"കൊച്ചേ ഇപ്പഴും കാര്യത്തിൻ്റെ ഗൗരവം പൂർണമായും എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. നീ കുറച്ചു കൂടി സിമ്പിളായി പറഞ്ഞാൽ ചിലപ്പോഴെനിക്കു മനസ്സിലാക്കാൻ പറ്റിയേനേ."

"ഇക്കാ അതു പിന്നെ എനിക്കൊരിക്കലും ഒരു സ്ത്രീയായി മാത്രം ജീവിക്കാൻ പറ്റില്ല. സ്ത്രീയുടെയും പുരുഷൻ്റേയും ശരീരം പേറി സ്ത്രീയുടെ മനസ്സുമായി ജീവിക്കുന്ന എന്നെപ്പോലെയുള്ളവരെ തിരിച്ചറിയാൻ ഞങ്ങളെപ്പോലുള്ളവർക്കേ കഴിയൂ.എന്തിനു പറയാൻ എന്നെ പ്രസവിച്ച അമ്മയ്ക്കു പോലും അതറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നെ ഇതു വരെ എൻ്റെയമ്മ സ്നേഹിച്ചിട്ടില്ല. എൻ്റെ നിറം കറുപ്പായതു കൊണ്ട് എന്നെ പ്രസവിച്ചയുടൻ തന്നെ അമ്മ എന്നെ ദൂരെ മാറ്റിക്കിടത്തി. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് അമ്മ എന്നെ പാലൂട്ടിയത്. അച്ഛനെന്നെ എന്നും സ്നേഹിച്ചു.അച്ഛമ്മയും  സ്നേഹിച്ചു. പക്ഷേ ഒരിക്കൽപ്പോലും അമ്മയെന്നെ സ്നേഹിച്ചിട്ടില്ല. വൈഗ ജനിച്ചപ്പോളാണ് അമ്മയുടെ മുഖം തെളിഞ്ഞു ഞാനാദ്യം കാണുന്നത്. അമ്മയുടെ സ്നേഹം അമ്മയായി നിഷേധിച്ചപ്പോൾ ഞാനും എല്ലാം നിഷേധിക്കാൻ തുടങ്ങി.അച്ഛനൊരു പട്ടാളക്കാരനായിരുന്നതുകൊണ്ട് ഞാനൊരാൺകുട്ടിയെപ്പോലെ വളരുന്നതിഷ്ടമായി. ഞാനെൻ്റെ ജീവിതത്തിൽ സാരി ഉടുക്കില്ല ഇക്കാ എന്നിലെ സ്ത്രീക്ക് എന്നെ അങ്ങനെ കാണാൻ മോഹമുണ്ട്' പക്ഷേ......

വൈഗ ഒന്നു നിർത്തി ഒരു നെടുവീർപ്പിട്ടു

' ഞാനെന്നെ മാത്രമേ എന്നും പേടിച്ചിട്ടുള്ളൂ. മറ്റാരെയും പേടിച്ചിട്ടില്ല. മദ്യത്തിൻ്റെ കൂട്ടിൽ ഓരോ രാത്രിയും തള്ളിവിടുമ്പോഴും അടുത്തൊരു പകലിനെ എന്തിനെന്നറിയാതെ ശപിക്കും.വെളിച്ചത്തെയും പകലിനേയും ഞാനമ്മയായി കണ്ടു. എന്നെ ഇരുട്ടായും. ഇന്നവർ എന്നെ കല്യാണം കഴിപ്പിക്കാൻ നിർബന്ധിക്കുന്നതു തന്നെ വൈഗയ്ക്കു വേണ്ടിയാ. അതിനായവർ വിശാലിനെ വിലയ്ക്കെടുത്തു. അച്ഛമ്മ എനിക്കായി കുടുംബ ഓഹരിയിൽ വസ്തുക്കളും വീടുമൊക്കെ എഴുതി വച്ചിട്ടുണ്ട്. വൈഗയ്ക്കും വിഷ്ണുവിനും അമ്മയും അച്ഛനും കൊടുക്കുന്നതിൽ കൂടുതലാണത്. അന്നേ അമ്മ പറയും അവരെനിക്കു സ്വത്തുക്കൾ തന്നതു കൊണ്ട് അച്ഛൻ്റെയും അമ്മയുടേയും സ്വത്തുക്കൾ വൈഗയ്ക്കും വിഷ്ണുവിനും മാത്രമാണെന്ന്. ഇക്കായ്ക്കറിയുമോ എൻ്റെ അച്ഛൻ ജോലി ചെയ്തിട്ടുള്ള ഒരു മിലിറ്ററി ക്യാമ്പും എനിക്കറിയില്ല. ഒരിക്കൽപ്പോലും അവരെന്നെ അവിടൊന്നും കൊണ്ടുപോയിട്ടില്ല.

അച്ഛനിഷ്ടമായിരുന്നു എന്നെ. പക്ഷേ അമ്മയുടെ ഇഷ്ടത്തിനായിരുന്നു പലപ്പോഴും അച്ഛൻ മുൻതൂക്കം നല്കിയിരുന്നത്. എന്നും അച്ഛനും അമ്മയും വൈഗയും വിഷ്ണുവും മാത്രമായിരുന്നു അമ്മയുടെ കുടുംബം. അച്ഛമ്മ എന്നെ സ്നേഹിക്കുന്നത് കൊണ്ട് അമ്മ ഒരിക്കലും അച്ഛമ്മയുടെ ഒപ്പം നിർത്തിയില്ല

അമ്മമ്മയുടെ ഇഷ്ടങ്ങൾക്കൊത്ത് കുറേക്കാലം ജീവിച്ചു. പിന്നീട് അമ്മാവൻ അമ്മായിയെ കല്യാണം കഴിച്ചു വന്നപ്പോൾ ഞാനമ്മയായി അമ്മാവിയെ കണ്ടു ഇന്നുമെൻ്റെ മനസ്സിൽ ഞാനമ്മയായി സ്നേഹിക്കുന്നത് എൻ്റെ അമ്മായിയെയാണ്. പക്ഷേ കുറച്ചു നാൾ മാത്രമേ ആ സനേഹവും എനിക്ക് കിട്ടിയുള്ളൂ. ജ്വാലയെ പ്രസവിച്ചതോടു കൂടി അമ്മായി അവരുടെ വീട്ടിലേക്ക് താമസം മാറ്റി.

 അമ്മയോടൊപ്പം ചിലവഴിക്കേണ്ടുന്ന സമയങ്ങൾ എനിക്കൊട്ടും ഇഷ്ടമല്ലായിരുന്നു.അമ്മയ്ക്കും അതു തന്നെ. അങ്ങനെ അമ്മയെ ഒഴിവാക്കിയാണ് ഞാൻ ജീവിച്ചത്.

പക്ഷേ എന്നെ ഇഷ്ടമല്ലെങ്കിലും ഫോണിലൂടെ എന്നെ വല്ലാണ്ടങ്ങുപദേശിക്കുമായിരുന്നു അമ്മ. ആരെയോ ബോധ്യപ്പെടുത്താൻ വേണ്ടി അമ്മ ചെയ്യുന്നതു പോലെയാണ് എനിക്കു തോന്നാറ്. അതിനാൽ ഇപ്പം എന്തിനു വിളിച്ചാലും ഞാൻ ഫോണെടുക്കില്ല. എൻ്റെ കൈയിൽ രണ്ടു ഫോണുള്ള കാര്യം അവർക്കാർക്കും അറിയില്ല. ഇന്ന് ഞാനെൻ്റ ഒരു ഫോൺ സ്വിച്ചോഫ് ചെയ്തു വച്ചിരിക്കുവാരുന്നു. അതു കൊണ്ടാ അവരിവിടെ എത്തിയത് എനിക് അറിയാൻ പറ്റാഞ്ഞത്.ഇക്കാ പറഞ്ഞിട്ട് വിശാലിനെ വിളിക്കാൻ വേണ്ടി ഓണാക്കിയതുകൊണ്ടാ അച്ഛൻ്റെ കാളെനിക്കു കിട്ടിയത്. അയ്യോ...... ഇക്കായെ ഞാൻ കത്തിവച്ചു കൊന്നില്ലല്ലോ അല്ലേ. സോറി ഇക്കാ"

"നീ എന്നെപ്പറ്റി അറിയാനാണ് വന്നതെങ്കിലും എനിക്കിനിയും നിന്നെക്കുറിച്ചറിയാനാണ് താൽപ്പര്യം എന്തായാലും നമ്മുടെ യാത്രയിൽ നമുക്ക് പരസ്പരം അറിയാം.എൻ്റെ അടുത്ത പുസ്തകത്തിന് ചിലപ്പോ നീ ഒരു വിഷയമായെങ്കിലോ? .മാത്രമല്ല എൻ്റെ ആദ്യ നോവൽ നിനക്കു പറ്റുമെങ്കിൽ ഇംഗ്ലിഷിലോട്ട് മൊഴിമാറ്റി എഴുതിക്കൂടെ. നിനക്കതു ചെയ്യാൻ കഴിഞ്ഞാൽ എനിക്കതു സന്തോഷമാവും." 

"ഇക്കാ ആദ്യം നമുക്ക് യാത്ര. യാത്രയിൽ നമുക്ക് നമ്മളെ കൂടുതലറിയാം. മനസ് ആനന്ദമാകുകയും ചെയ്യും. എൻ്റെ യാത്രയെക്കുറിച്ച് തത്ക്കാലം ആരുമറിയണ്ട. ഈ യാത്ര കഴിഞ്ഞെത്തുമ്പോഴേക്ക് എനിക്ക് കുറേ മാറ്റമാവും.  വെളുപ്പിന് മൂന്നു മണിയാവുമ്പോഴേയ്ക്ക് ഞാൻ റെഡിയായി വീട്ടിൽ നിൽക്കാം. ഇക്കാ എന്നെ അങ്ങോട്ടു വന്ന് കൂട്ടിയാൽ മതി. ലൊക്കേഷൻ വാട്ട്സപ്പിൽ സെൻ്റ് ചെയ്യാം. അതാവുമ്പം ഗൂഗിൾ ഭഗവതി ഇക്കായെ ബുദ്ധിമുട്ടില്ലാതെ വീട്ടിലെത്തിക്കും" . അങ്ങനെ ഒരു പരിചയവുമില്ലാതിരുന്ന യൂസുഫ് ഇബ്രാഹിമും  വൈദേഹി നമ്പ്യാരും ചിരപരിചിതരെപ്പോലെ അല്ലെങ്കിൽ ഏതോ മുജജന്മബന്ധം പോലെയുള്ള രണ്ടുപേരായി മാറി. ഇന്നു മുതൽ കുറച്ചു ദിവസത്തേക്ക് അവരുടെ കഥയിൽ അവർ മാത്രം.നാളെ തുടങ്ങുന്ന യാത്രയുടെ അന്ത്യത്തിൽ എന്താവും സംഭവിക്കുക എന്ന യാതൊരു ഉത്കണ്ഡയുമില്ലാതെ ഇന്നത്തെ ജന്മദിനം അതും യൂസുഫ് ഇബ്രാഹിമിൻ്റെ അറുപതാം വയസ്സ് രണ്ടു പേരും കൂടി മനസ്സും വയറും നിറഞ്ഞാസ്വദിച്ചുണ്ടു. ഇനി നാളത്തെ യാത്രയിൽ അവരറിയാതെ അവരൊപ്പം പ്രേത നഗരത്തിലേക്ക് നമുക്കും പോവാം. അവിടെ ചുരുളഴിയാനിരിക്കുന്ന കഥയുടെ പൊരുളു തേടാം .

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക