മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു എമ്പുരാന്‍. മാര്‍ച്ച് 27 ന് ആയിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രമായി മാറുകയും ചെയ്തു എമ്പുരാന്‍. തിയറ്റര്‍ പ്രദര്‍ശനത്തിന് പിന്നാലെ ഒടിടിയിലേക്കും എത്തിയിരുന്നു ചിത്രത്തിന്റെ വ്യാജപ്പതിപ്പും റിലീസിനൊപ്പം തന്നെ ലീക്കായിരുന്നു. നിര്‍മാതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിനിമയുടെ വ്യാജ പതിപ്പ് പുറത്തായതിന് പിന്നില്‍ വന്‍ സംഘമെന്ന് പൊലീസ് കണ്ടെത്തി.
തിയേറ്ററുകളില്‍ നിന്ന് തന്നെയാണ് സിനിമ ചോര്‍ന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും പൊലീസ് പറയുന്നു. കേസില്‍ സംവിധായകന്‍ പൃഥ്വിരാജിന്റെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും മൊഴിയെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. കണ്ണൂര്‍ പാപ്പിനിശേരിയിലെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നാണ് വ്യാജ പതിപ്പ് പൊലീസ് പിടിച്ചിരുന്നത്.