ഒരിക്കൽ ചിക്കാഗോ സാഹിത്യ സമ്മേളനത്തിൽ വെച്ച് ഒരപരിചിതൻ, ഹാളിന്റെ വാതിക്കൽ നിന്ന എന്റെ അടുത്തു വന്നു ചോദിച്ചു.
"തമ്പി ആന്റണി അല്ലേ, ഞാൻ ഫാദർ കാട്ടിൽ”
(പേരുകൾ വ്യാജമാണു കേട്ടോ )
" ഒന്നു പരിചയപ്പെടണമെന്നുണ്ടായിരുന്നു, ദേ
ഇപ്പോൾ തേടിയ വള്ളി കാലിൽചുറ്റിയതുപോലെ ആയി"
"അതിനെന്താ, അച്ചാ കഴുത്തിൽ ചുറ്റാതിരുന്നാൽ പോരെ "
"മതിയേ മതി " എന്ന് അച്ചനും.
ഞാനും ചിരിച്ചു. അടുത്തുനിന്നവരും ചിരിച്ചു. ഒരു കൊച്ചു കൂട്ടച്ചിരി !
ആളുകൾ ശ്രദ്ദിക്കാൻ തുടങ്ങിയപ്പോൾ കാട്ടിലച്ചൻ കുറച്ചു ഗൗരവത്തിൽ ഒരു ചോദ്യം.
"പള്ളീലെക്കെങ്ങും കാണാറില്ലല്ലോ”
" ക്രിസ്തു പറഞ്ഞിരിക്കുന്നത് ശത്രുക്കളെ സ്നേഹിക്കാനല്ലേ അച്ചോ, അതുകൊണ്ട് തൽക്കാലം ശത്രു ആയിട്ടിരിക്കുന്നതല്ലേ നല്ലത് "
"അതു ശരിയാ അപ്പോൾ ക്രിസ്തു ഒരിക്കലും കൈ വിടില്ല, കൂടെ നിർത്തും "
അച്ചൻ തറപ്പിച്ചു പറഞ്ഞു
"അതിലെനിക്കുമുറപ്പുണ്ടച്ചോ. ഇരുവശങ്ങളിലും കുരിശ്ശേൽകിടന്ന കമ്മ്യൂണിസ്റ്റുകാരെ കൂടെ കൊണ്ടുപോയ വിപ്ലവകാരിയല്ലേ ജീസസ് “
“മോഷ്ട്ടാക്കളല്ലേ കമ്മ്യൂണിസ്റ്റല്ലല്ലോ.”
അച്ചന്റെ ന്യായമായ സംശയം, അത്ര പിടിച്ചില്ലാന്നു തോന്നി. എന്നാലും വിവരമുള്ള കത്തനാരാ
വിമോചന ദൈവശാസ്ത്രത്തെപറ്റിയൊന്നും പ്രത്യേകിച്ചിനി പറയേണ്ട ആവശ്യമില്ലെന്നു മനസ്സിലായി.
“പാവങ്ങളുടെ തൊഴിലല്ലേ അച്ചോ മോഷണവും, വേണമെങ്കിൽ മോഷണത്തൊഴിലാളി എന്നും വിളിക്കാം. അവർക്കുമുണ്ട് യൂണിയൻ “
“ അതു ശരി, അപ്പോൾപിന്നെ ഈ പാവം അന്തോനീസ് പുണ്ണ്യാളനെ എന്തായാലും ഉടലോടെ കൊണ്ടുപോകും “
അതുപറഞ്ഞിട്ടു കാട്ടിലച്ചൻ ഒന്ന് ആക്കിചിരിച്ചു. എന്നെക്കൂടി പാവം കള്ളനാക്കിയ ഒരു കള്ളച്ചിരി ! ഞാനും കൂടെ ചിരിച്ചു.
ദൂരെനിന്ന് ആ അപൂർവ സംഗമം കണ്ടിട്ടു പ്രേമയും ഞങ്ങളുടെ അടുത്തേക്ക് ഹാളിന്റെ മറ്റേ അറ്റത്തുനിന്ന് ഓടി കിതച്ചുവന്നു. രണ്ടുപേരും ചിരിക്കുന്നത് കണ്ടെങ്കിലും, ഞാൻ പള്ളീൽ അച്ഛനോട് കടുപ്പിച്ചെന്തെങ്കിലും പറയുമോ എന്നു കരുതിയിട്ടാകണം, ഭാര്യ ഓടി വന്നത്. മുൻകാല അനുഭവങ്ങൾ മറന്നിട്ടുണ്ടാവില്ലന്നുകൂട്ടിക്കൊ.
പക്ഷെ ഒന്നും സംഭവിച്ചില്ല, അല്ലങ്കിലും അച്ചന്മാർക്കെന്നെ അറിയാം. അവരാരും
എന്നെ ഉപദേശിക്കാറില്ല. എല്ലാരും എന്റെ ശത്രുക്കളാ അതുകൊണ്ടായിരിക്കണം, സ്നേഹത്തിന് ഒരു കുറവുമില്ല. പ്രേമയുടെ ആ വരവു കണ്ടപ്പോൾ അച്ചൻ ചിരിച്ചുകൊണ്ടുപറഞ്ഞു .
"ഭാര്യയാണെന്നു മനസിലായി "
"അച്ചന്മാർക്കും ദിവ്യദൃഷ്ടി ഉണ്ടന്നല്ലേ പറയുന്നത് "
പ്രേമ പ്രതികരിച്ചു.
"അതിനെന്തിനാ ദിവ്യദൃഷ്ട്ടി. ഈ ഓട്ടവും വെപ്രാളവും കണ്ടാല്‍ അറിയാവുന്നല്ലേയുള്ളു " അച്ചൻ അതുപറഞ്ഞപ്പോൾ ഞങ്ങൾ മൂന്നുപേരും ഉറക്കെ ചിരിച്ചു. എന്തായാലും ഞങ്ങൾക്കിഷ്ട്ടപെട്ടു നല്ല സഹൃദയനായ കൊച്ചച്ചൻ.
“ഇതു വെറും കാട്ടിലച്ചനൊന്നുമല്ല നല്ല നാട്ടിലച്ചനാ”
“ഒന്നു മിണ്ടാതിരി മനുഷ്യാ”
ഭാര്യക്കു ദേഷ്യം വന്നു തുടങ്ങി.
“നല്ല ഒന്നാംതരം നാടനച്ചനാ ഒരു സംശയവും വേണ്ട“
അച്ചൻ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
അച്ചനു കാര്യം മനസ്സിലായി എന്നുമനസിലായി.
കാട്ടിലച്ചൻ അത്രയും പറഞ്ഞപ്പോഴേക്കും മറ്റാരോ വിളിച്ചു. രക്ഷപെട്ടല്ലോ എന്നു വിചാരിച്ചു ഞാൻ തിരിഞ്ഞു നടന്നപ്പോഴാണ്, അച്ചൻ ഒരു ദീർഘശ്വാസം വിട്ടിട്ടു, ഭാര്യയോടു പറയുന്നത് അവ്യക്തമായി കേട്ടത്.
"കണ്ടാല്‍ യേശുക്രിസ്തു, കയ്യിലിരിപ്പു ശരിയല്ല "
ദിവ്യദൃഷ്ടിയല്ലേ അതൊക്കെ പ്രതീക്ഷിച്ചെങ്കിലും, ഞാൻ കേൾക്കാത്ത മട്ടിൽ നടന്നുപോയി .. അല്ലപിന്നെ, എന്തായാലും എന്നെ കണ്ടപ്പോൾ കത്തനാർ കൃസ്തുവിനെ ഓർത്തല്ലോ. സന്തോഷം.
അല്ലെങ്കിലും ശത്രുക്കളെ സ്നേഹിക്കാനല്ലേ യേശു വേദപുസ്തകത്തിൽ പറയുന്നത്. ഇനിയിപ്പം
എന്നെപോലെയുള്ളവരെ ഉടലോടെ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകില്ലെന്നാരുകണ്ടു!
ഒരിക്കൽ മറ്റൊരച്ചൻ വീട്ടിൽ വന്നപ്പോൾ ഭാര്യയുടെ
നിർബന്ധത്തിനു വഴങ്ങി എന്റെ
'തലയ്ക്കു പിടിപ്പിച്ചു.'
തലയിൽ തൊട്ടനുഗ്രഹിക്കുക എന്നാണതിന്റെ അർഥം. എന്നിട്ടോ എന്നെതല്ലണ്ടമ്മാവാ ഞാൻ നന്നാകില്ല എന്നമട്ടിൽമിണ്ടാതെനിന്നു.
പിശാചിനെ ഓടിക്കാൻ നാടുനീളെ നടന്നിരുന്ന കടമറ്റത്തു കത്തനാരെപോലെ കൈയിൽ കൊന്തയും കുരുശുമുണ്ടായിരുന്നു. അതൂടെ കണ്ടപ്പോൾ ഞാൻ അറിയാതെ ഒന്നു ചിരിച്ചുപോയി. അതുകൊണ്ടായിരിക്കും പിശാച് എങ്ങോട്ടും പോയില്ല. എന്നിലേക്കുതന്നെ ആവാഹിച്ചു, എന്നാ തോന്നിയത്.
മറ്റൊരവസരത്തിൽ ഒരു ധ്യാനഗുരു ഫോണിൽ വിളിച്ചു.
“തമ്പി ആന്റണി സാറല്ലേ “
“അതേ എന്താ ഗുരുവേ വിശേഷിച്ച് “
ഗുരു സാറിനോടായി. സാറും ഗുരുവും! രണ്ടും ഒന്നാണല്ലോ എന്നാണപ്പോൾ ഓർത്തത്.
"ധ്യാനത്തിനു വരുന്നില്ലേ "
"അയ്യോ സോറി ഞാൻ ഇത്തിരി തിരക്കിലാ “
"ഇങ്ങനെയൊക്കെ അങ്ങു പോയാൽ മതിയോ ഒന്നു നന്നാകണ്ടേ "
വിടുന്ന ലക്ഷണമില്ല !
എനിക്കപ്പോൾ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നൊരു തോന്നൽ.
“ഞാൻ മഹാപാപിയാണെന്നാണോ അച്ചൻ പറയുന്നത് “
കുറേനേരത്തേക്കു നിശബ്ദത .
" അല്ല ... ഞാൻ ചോദിച്ചെന്നേയുള്ളൂ ,
"മനസ്സിലായില്ല " ഞാൻ പറഞ്ഞു
"പള്ളീം പട്ടക്കാരനുമൊക്കെ വേണ്ടേ “
അച്ചൻ തമാശരൂപേണ ചോദിച്ചു.
“ ഗുരുവേ പാപം ചയ്തിട്ടു പച്ഛാത്തപിക്കുന്നവർ എന്റെ അടുത്തു വരുവിൻ എന്നല്ലേ കർത്താവു പറഞ്ഞിരിക്കുന്നത്. ഞാനിനി കുറച്ചു കടുത്ത പാപം ചെയിതിട്ടു വരാം”
ധ്യാന ഗുരു അതിനുമാത്രം പ്രതികരിച്ചില്ല. കൂട്ടം തെറ്റിയ ഈ കുഞ്ഞാടിനെ ഓർത്തതുകൊണ്ടായിരിക്കണം. മൗനം ഭജിച്ചു.
അപ്പോൾ ഞാൻ എന്റെ തീരുമാനം പറഞ്ഞു.
" ഗുരുവേ ഞാൻ നരകത്തിലോട്ടു പോകാനുള്ള തീരുമാനത്തിലാ. അപ്പോൾപിന്നെ ഈ ഭുമിയിലെങ്കിലും അടിച്ചുപൊളിച്ചങ്ങു ജീവിക്കാമല്ലോ"
"നീ കൂട്ടം തെറ്റിയ കുഞ്ഞാടല്ല, മുട്ടനാടാ "
ഗുരുവും കാട്ടിലച്ചന്റെ കൂട്ടുകാരനാണെന്നു തോന്നുന്നു. ഹ്യൂമർസെൻസുണ്ട്.
"പിന്നെ ഒന്നുരണ്ടു സംശയം കൂടെ"
"ഇതവസാനത്തെ ചാൻസാ, എനിക്കിനി സമയമില്ല. ഇന്നത്തെ ധ്യാനത്തിനു സമയമായി”
ധ്യാനഗുരു അന്ത്യാശാസനം നൽകി.
“മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ വേദപുസ്തകത്തിൽ. അകത്താളില്ലെങ്കിലോ “
“ചവിട്ടിപൊളിക്കേണം “ അല്ലാതെന്ത്”
അച്ചനു ദേഷ്യം വന്നു.
അതു ഗൗനിക്കാതെ ഒരു സംശയംകൂടി ചോദിച്ചു.
"ഉടലോടെ സ്വർഗ്ഗത്തിൽപോയാൽ, വസ്ത്രം വേണമല്ലോ അതും കർത്താവു തരുമോ. അതൊന്നറിയാനാ.
“അതിനാണോ പോവഴി ഇല്ലാത്തത്. യുസഫ് അലിയെ വിളിക്കാം ഒരു പുതിയ ലുലുമാൾ അവിടെയും തുടങ്ങാം”
ഗുരു വീണ്ടും പരിഹാസരൂപേണപറഞ്ഞു.
“അതിന്, അവരുടെ ദൈവം സമ്മതിക്കുമെന്നു തോന്നുന്നില്ല “
ഞാൻ ഇത്തിരി കടുപ്പിച്ചു പറഞ്ഞു.
“അതാരുടയാ മനസ്സിലായില്ലല്ലോ “
ഗുരു ഗൗരവത്തിൽ ചോദിച്ചു.
“ആരുടേതാണെങ്കിലും, ഇവിടെ കുമ്പസാരിച്ചും,
ധ്യാനം കൂടിയും, നൊയമ്പു നോക്കിയുമുള്ള സ്വർഗ്ഗമൊന്നും എനിക്കുവേണ്ടച്ചോ. ഇവിടാകുമ്പോൾ ഇടയ്ക്കിടെ ലുലുമാളിലും ബാറിലും കള്ളുഷാപ്പിലുമൊക്കെ പോകാമല്ലോ “
" ഒക്കെ പിശാച് തോന്നിപ്പിക്കുന്നതാ "
ഗുരുവിനു പിന്നെയും ദേഷ്യം വന്നതുപോലെ…
" ഒന്നുമല്ല ഗുരുവേ, എന്റെതന്നെ തോന്നലുകളാ "
അതിൽപിന്നെ ധ്യാനഗുരുക്കന്മാരും എന്റെ ശത്രുക്കളായി. അപ്പോൾപിന്നെ അവരെയും സ്നേഹിക്കാതിരിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ടായിരിക്കണം, എല്ലാ ശതുക്കളോടും എനിക്കിപ്പോൾ അകമൊഴിഞ്ഞ സ്നേഹമാ.
അയൽക്കാരന്റെ കാര്യം പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ .
‘നിന്നെപ്പോലെ നിന്റെ അയൽക്കാരെയും സ്നേഹിക്കുക ‘
ഞാൻ പിന്നെയും എനിക്കറിയാവുന്ന വചനങ്ങൾ പറഞ്ഞുനോക്കി.
അപ്പോൾത്തന്നെ ഗുരു പ്രതികരിച്ചു.
“എന്നാലും നല്ല തല്ലുകൊള്ളാതെ നോക്കണം കേട്ടോ…ഒന്നും കൂടുതൽ ആകല്ലേ ..
അറിയാമല്ലോ , ‘അധികമായാൽ അമൃതും വിഷം’
അതോർമ്മ വേണം “
അവസാനമായി ഗുരുവിന്റെ വക ഒരുപദേശംകൂടി
“ആകാശത്തിലേ പറവകളെ നോക്കു അവർ വിതക്കുന്നില്ല കൊയ്യുന്നില്ല “
“പക്ഷെ പക്ഷികൾക്കു ചിറകുള്ള കാര്യം കൃസ്തു മറന്നുപോയില്ലേ ഗുരുവേ”
അപ്പോൾ ഡിം എന്നൊരു ശബ്ദം കേട്ടു.
ധ്യാനഗുരു ഒന്നുംമിണ്ടാതെ ഫോൺ കട്ട് ചെയിതു എന്നു മനസ്സിലായി. കുറച്ചുകൂടി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണമെന്നുണ്ടായിരുന്നു. എന്തുചെയ്യാം ഫോൺ കട്ടാക്കി കടന്നു കളഞ്ഞില്ലേ .
‘ഉഷ്ണമുഷ്‌ണേന ശാന്തി ‘ എന്നല്ലേ
ഗുരുവും സാറുമായുള്ള ആ സംഭാഷണവും അങ്ങനെ ശാന്തിയിൽ അവസാനിച്ചു.