ആവേശം തോന്നുന്നുണ്ടല്ലേ..?
യുദ്ധമെന്ന് കേൾക്കുമ്പോൾ
ഹൃദയമിങ്ങനെ 'ദ്ധം'... 'ദ്ധ'മെന്നു
കൊട്ടിക്കയറുന്നുണ്ടല്ലേ...
തല്ലിത്തീരുന്നവരുടെ മതം നോക്കിയും
കൊടുത്തതിന്റെയും
കിട്ടിയതിന്റെയും കണക്കെടുത്തും ഓൺലൈനിൽ വാഗ്വാദങ്ങൾ
വേവിച്ചു തിന്നുമ്പോ
നല്ല രുചി തോന്നുന്നുണ്ടല്ലേ..
എന്നാലും അയലത്തെ വീടിനെ
പിണക്കണ്ട..
വീരവാദങ്ങൾ ചുറ്റുവട്ടങ്ങളോട്
തൽക്കാലം വേണ്ട..
താഴെ പാടത്തോ മേലേക്കുന്നിലോ
വീഴാൻ പോവുന്ന ഒരു മിസൈലിന്റെ
മുന്നറിയിപ്പിനപ്പുറം,
എത്തിപ്പിടിക്കാവുന്ന
ഏതെങ്കിലുമൊരു കയ്യിൽ
മുറുകെ പിടിച്ചോടേണ്ടതാണ്..
അന്നേരം നിനക്കും അയാൾക്കും മതമുണ്ടായേക്കില്ല...
വെടിയൊച്ചകൾ കൊണ്ടടഞ്ഞ ചെവിയിൽ
അവനവന്റെ നിലവിളികൾ മാത്രം കേൾക്കെ
യുദ്ധം വിനാശമാണെന്ന്
അലറിപ്പറയേണ്ടതാണ്..
അന്നത് പരസ്പരം കേൾക്കണമെന്നില്ല
ആകയാൽ
തമ്മിൽ കാണാവുന്നവനോടെങ്കിലും
വെറുതേ പറഞ്ഞേക്ക്
"സോദരാ... യുദ്ധം നാശമാണ്.."