ചെന്നൈ: ലഹരിക്കേസില്‍ തമിഴ് നടന്‍ കൃഷ്ണ അറസ്റ്റില്‍. ഇയാളുടെ സുഹൃത്ത് കെവിനും അറസ്റ്റിലായിട്ടുണ്ട്. നടന്‍ ശ്രീകാന്ത് ഉള്‍പ്പെട്ട ലഹരിക്കേസില്‍ കൃഷ്ണയെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കൃഷ്ണയെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കൃഷ്ണ സജീവമായിരുന്നുവെന്നും ചാറ്റുകളിലൂടെ മയക്കുമരുന്ന് ഉപയോഗിക്കുന്ന സമയത്തെയും സ്ഥലത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. വിപുലമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റിലായതിന് പിന്നാലെ കൃഷ്ണ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നേരത്തെ നുങ്കമ്പാക്കം പൊലീസ് എഐഎഡിഎംകെ മുന്‍ എക്‌സിക്യൂട്ടീവ് അംഗം പ്രസാദ്, ഘാന സ്വദേശി ജോണ്‍, സേലം സ്വദേശി പ്രദീപ് എന്നിവരെ മയക്കുമരുന്ന് കടത്തിന് അറസ്റ്റ് ചെയ്തിരുന്നു. പ്രസാദ് ആണ് ശ്രീകാന്തിന് മയക്കുമരുന്ന് നല്‍കിയതായി മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ നിന്ന് നടന്‍ ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശ്രീകാന്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരു വര്‍ഷത്തോളമായി നടന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. വീര, മാരി 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് കൃഷ്ണ.
ശ്രീകാന്തിനെതിരെ നാലു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ശ്രീകാന്ത് കൊക്കെയ്ന്‍ വാങ്ങിയെന്ന് അന്വേഷണത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞിരുന്നു. 43 തവണയായി അഞ്ച് ലക്ഷം രൂപയ്ക്ക് ശ്രീകാന്ത് കൊക്കെയ്ന്‍ വാങ്ങിയതായാണ് സൂചന