നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ ത്രസിപ്പിക്കുന്ന വിജയം കരസ്ധമാക്കിയ യൂ ഡി ഫ് സ്‌ഥാനാർഥി ആര്യടാൻ ഷൗക്കത്തിന്റെ വിജയത്തിന്റെ ശില്പികൾ ആണെന്ന് പറഞ്ഞ് കോൺഗ്രസ് നേതൃത്വതിൽ തർക്കം തുടരുന്നതിനിടയിൽ താൻ നിലമ്പുരിലെ കുണ്ടും കുഴിയുമായ റോഡുകളിൽ കൂടി പി ടി ഉഷയെ വെല്ലുന്ന രീതിയിൽ ഓടിയതുകൊണ്ടാണ് ഷൗക്കത്തിനു ഈ മിന്നുന്ന ജയം ഉണ്ടായത് എന്ന അവകാശ വാദവുമായി പുതുപ്പള്ളി എം എൽ എ യും ഉമ്മൻചാണ്ടിയുടെ പൊന്നോമന പുത്രനുമായ ചാണ്ടി ഉമ്മൻ രംഗത്തു എത്തിയിരിക്കുകയാണ്
ഉമ്മൻചാണ്ടി തിരുവനന്തപുരത്തു സ്‌ഥിര താമസം ആക്കിയ ശേഷം തിരുവനന്തപുരത്തു ലയോളാ സ്കൂളിലും മാർ ഈവാനിയുസ് കോളേജിലും പഠിക്കുന്ന കാലത്ത് തന്നെ പുസ്തക പുഴു ആയിരുന്ന ചാണ്ടി പാട്ടിലും പ്രസംഗത്തിലും പിന്നിൽ ആയിരുന്നു എങ്കിലും ഓട്ട മത്സരത്തിൽ എന്നും ഒന്നാമൻ ആയിരുന്നു
തന്റെ വളരെ ചെറുപ്പത്തിൽ തന്നെ പിതാവ് ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ മത്സരിക്കുന്ന തെരഞ്ഞെടുപ്പു കാലത്തൊക്കെ വീടുകൾ കയറി ഇറങ്ങി പിതാവിന് വേണ്ടി വളരെ വേഗതയിൽ ഓടിനടന്നു വോട്ടു പിടിക്കുന്ന കുസൃതി കുടുക്കയായ ചാണ്ടികുഞ്ഞിനെ ഓട്ടക്കാരൻ ചാണ്ടി എന്നാണ് പുതുപ്പള്ളിക്കാർ സ്നേഹത്തോടെ വിളിച്ചിരുന്നത്
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ഉപരിപഠനത്തിന് അപ്ലൈ ചെയ്ത ചാണ്ടിക്ക് അഡ്മിഷൻ ലഭിച്ചത് തന്നെ ഓട്ടക്കാരൻ എന്ന നിലയിൽ സ്പോർട്സ് കോട്ടയിൽ ആണ്
വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞു കേരളത്തിൽ മടങ്ങി എത്തി യൂത്ത്കോൺഗ്രസ് സെക്രട്ടറി ആയ ചാണ്ടി തനിക്കു ഓടുവാനുള്ള ഒരവസരം നോക്കിയിരുന്നു കിട്ടാതെ നിരാശനായപ്പോൾ ആണ് മൂന്നു വർഷം മുൻപ് രാഹുൽ ഗാന്ധി ഭാരത് ജോടോ യാത്ര നടത്തുവാൻ തയ്യാറെടുക്കുന്നത്
രാഹുൽ ഗാന്ധി യോടൊപ്പം ഭാരത് ജോടോ യാത്രയിൽ പങ്കെടുക്കുവാനുള്ള കേരളത്തിൽ നിന്നുള്ള ഓട്ടക്കാരുടെ ലിസ്റ്റിൽ ചാണ്ടിയുടെ പേര് ആദ്യം ഇല്ലായിരുന്നു
ഓടുവാൻ പോയിട്ട് നേരെ ചൊവ്വേ നടക്കുവാൻ പോലും പറ്റാത്ത പല കോൺഗ്രസ് നേതാക്കളും ലിസ്റ്റിൽ കയറിപ്പറ്റിയപ്പോൾ തന്റെ കഴിവ് തെളിയിക്കുവാനുള്ള അവസരം നഷ്ടപ്പെട്ടു കലിതുള്ളിയ ചാണ്ടി കോൺഗ്രസ് ഹൈക്കമാണ്ടിനു അപ്പീൽ കൊടുത്തു
ഒടുവിൽ ഡൽഹിയിലെ ഫിറോസ് ഷാ സ്റ്റേഡിയത്തിൽ പോയി ഓടി ക്വാളിഫൈ ചെയ്ത ചാണ്ടി നാലായിരം കിലോമീറ്റർ ചെരുപ്പിടാതെ രാഹുലിനോട് ഒപ്പം ഓടിയാണ് ഓട്ടത്തിൽ തന്നെ തോല്പിക്കുവാൻ ഇന്ത്യയിൽ ഒരു കോൺഗ്രസ്‌കാരനും ജനിച്ചിട്ടില്ല എന്നു തെളിയിച്ചത്
ഉമ്മൻചാണ്ടി അന്തരിച്ച ഒഴിവിൽ രണ്ടു വർഷം മുൻപ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയായ ചാണ്ടിയെ പറ്റി നല്ലത് മാത്രമേ നാട്ടുകാർക്ക് പറയുവാൻ ഉള്ളൂ എങ്കിലും തെരഞ്ഞെടുപ്പു സമയത്തുള്ള ചാണ്ടിയുടെ അതിവേഗതയിൽ ഉള്ള മുന്നറിയിപ്പില്ലാതെയുള്ള വരവ് നാട്ടുകാർക്ക് കുറച്ചു ബുദ്ധിമുട്ടുണ്ടാക്കി
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പു സമയത്തു വന്ന ചാനലുകാരിൽ പകുതി പേരും ചാണ്ടിക്ക് ഒപ്പം ഓടിയെത്താൻ കഴിയാതെ എതിർ സ്‌ഥാനാർഥി ജയിക്കിന്റെ പിന്നാലെ പോയി ജയിക്കിനെ അനങ്ങാൻ സമ്മതിക്കാതെ ഇരുന്നത് കൊണ്ടു പ്രചരണത്തിൽ ഒരുപാട് മുന്നിലെത്തിയ ചാണ്ടി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു എം എൽ എ ആയി
ഉമ്മൻചാണ്ടി വളർത്തിക്കൊണ്ടു വന്ന കേരളത്തിലെ യുവ കോൺഗ്രസ് നേതാക്കൾ ഇപ്പോൾ രണ്ടു തട്ടിലാണ്
ഉമ്മൻചാണ്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിൽ ഒരാളായിരുന്ന ഷാഫി പറമ്പിൽ പാലക്കാട് നിന്നും വടകരയിൽ പാർലമെന്റിലേയ്ക്കു മത്സരിക്കുവാൻ പോയപ്പോൾ അച്ചു ഉമ്മൻ വടകരയിൽ പോയി നോമിനേഷൻ കൊടുക്കുന്ന സമയത്തും തുടർന്നുള്ള പല പൊതുയോഗങ്ങളിലും ഷാഫിക്കൊപ്പം ഉണ്ടായിരുന്നു. പക്ഷേ ചാണ്ടിയുടെ അഭാവം അന്നേ ശ്രെദ്ധിക്കപ്പെട്ടു
നിലമ്പുരിൽ യുവ കോൺഗ്രസ് നേതാക്കൾ എല്ലാം ശക്തമായ പ്രചരണവുമായി ആര്യടാൻ ഷൗക്കത്തിനു ഒപ്പം ആഴ്ചകളോളം ഉണ്ടായിരുന്നു എങ്കിലും രണ്ടു ഗ്രൂപ്പ് ആയാണ് നിന്നത്
മാത്യു കുഴൽനാടനും ഡീൻ കുര്യാക്കോസും അങ്കമാലി എം എൽ എ റോജി എം ജോണും അബിൻ വർക്കിയും തമ്മിൽ കൂടിയാലോചനകൾ നടന്നപ്പോൾ മറുഭാഗത്തു ഷാഫിയുടെ നേതൃത്വതിൽ രാഹുൽ മാങ്കൂട്ടത്തിലും ആലുവ എം എൽ എ അൻവർ സദാത്തും പി സി വിഷ്ണുനാഥുംമായി ആയിരുന്നു സൗഹൃദം
മൂന്നര ആഴ്ച നിലമ്പുരിൽ ക്യാമ്പ് ചെയ്ത ചാണ്ടിഉമ്മനെ ഒറ്റയാൻ ആയി ആണ് കണ്ടത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നത് പാർട്ടിക്കുള്ളിലും സമൂഹത്തിലും ഇമേജ് നഷ്ടപ്പെട്ടു ഒറ്റപ്പെട്ട ചാണ്ടിക്ക് നിലമ്പുർ ഒരു പിടിവള്ളി ആയിരുന്നു
എടക്കര പഞ്ചായത്തിന്റെ ചാർജ് കെ പി സി സി ചാണ്ടിക്ക് കൊടുത്തപ്പോൾ മറ്റുള്ളവർക്കു ഇല്ലാത്ത ഒരു ടാസ്ക് കൂടി പ്രായശ്ചിതം ചെയ്യാനെന്നപോലെ ചാണ്ടിക്ക് കൊടുത്തു രണ്ടായിരം വീടുകളിൽ കയറണമെന്ന്
പാലക്കാട് നഷ്ടപ്പെട്ട മാനം തിരിച്ചു പിടിക്കുവാൻ രണ്ടും കൽപ്പിച്ചു കനത്ത മഴയും കൊടും ചൂടും അവഗണിച്ചു ഭാരത് ജോടോ യാത്രയെ അനുസ്മരിക്കും വിധം നിലമ്പുരിൽ ഓടി പാഞ്ഞ ചാണ്ടിക്ക് മലപ്പുറത്ത് പണ്ടു താൻ ഉണ്ടാക്കിയ ഒരു വിവാദ പ്രസംഗത്തിന്റെ നാണക്കേടും മറ്റേണ്ടതുണ്ടായിരുന്നു
ഏതായാലും ഇരുപത്തിരണ്ടു ദിവസങ്ങൾക്കൊണ്ട് മൂവായിരത്തിൽ അധികം വീടുകൾ ചാടി ഓടിക്കയറി നിലമ്പുർ താരങ്ങളിൽ ഒരാളായി മാറിയ ചാണ്ടിയുടെ പേര് വിജയിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ നന്ദി പറഞ്ഞപ്പോൾ ആര്യടാൻ ഷൗക്കത്തു പറയുവാൻ വിട്ടു പോയത് മനപ്പൂർവം അല്ലെന്നു കരുതാം