Image

ഒരുനേരമെങ്കിലും കേൾക്കാതെവയ്യ ; ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി : വിനോദ് കട്ടച്ചിറ

Published on 27 June, 2025
ഒരുനേരമെങ്കിലും  കേൾക്കാതെവയ്യ ; ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി : വിനോദ് കട്ടച്ചിറ

മലയാളത്തിലെ ഭക്തിഗാനങ്ങളുടെ സ്വർണ്ണഖനിയായിരുന്നു

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി.

മൂവായിരത്തിലധികം ഗാനങ്ങളിലൂടെ മലയാളിമനസ്സുകളെ

ഭക്തിസാന്ദ്രമാക്കിയ കവി.

"ഒരുനേരമെങ്കിലും കാണാതെവയ്യെന്റെ

ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം....."

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെഴുതിയ

ആദ്യത്തെ ഭക്തി ഗാനമായിരുന്നിത്.

ഈ ഗാനത്തിന്റെ വരികൾ

ഒരിയ്ക്കലെങ്കിലുമൊന്നുമൂളാത്ത മലയാളിയുണ്ടാവില്ല.

പത്രപ്രവര്‍ത്തകനായും, രാഷ്ട്രീയക്കാരനായും, ചെണ്ടക്കാരനായും,

പാട്ടുകാരനായും കഥകളിക്കാരനായും എഴുത്തുകാരനായും

കവിയായും തിരക്കഥാകൃത്തായും ഹാസ്യരചയിതാവും ഗാനരചയിതാവായുമെല്ലാം പേരെടുത്ത പ്രതിഭാശാലിയായിരുന്നു ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി.

കൈതൊട്ട മേഖലകളിലെല്ലാം സ്വന്തംമുദ്രയുടെ സ്വർണ്ണമാലചാർത്തിയ

അപൂർവ്വവ്യക്തിത്വം. ഭക്തിഗാനങ്ങളുടെ തമ്പുരാനായിരുന്നു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി.

"അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിക്കുന്നു....."

"മൂകാംബികേ ദേവി ജഗദംബികേ...."

"അഷ്ടമി രോഹിണി നാളിലെൻ മനസ്സൊരു.....'

"ഉദിച്ചുയർന്നു മാമല മേലെ...."

"ഗുരുവായൂരോമന കണ്ണനാമുണ്ണിക്ക്.."

"നീലപ്പീലി കാവടിയേന്തി....."

അങ്ങനെയെത്രയെത്രഗാനങ്ങൾ.

1976ൽ “തുലാവർഷം” എന്ന ചിത്രത്തിലെ

"സ്വപ്നാടനം ഞാൻ തുടരുന്നു...."

എന്നഗാനവുമായായിരുന്നു

സിനിമയിലെ തുടക്കം.

തുടർന്ന്എട്ടോളം ചിത്രങ്ങളിൽ പാട്ടുകളെഴുതി.

സൂപ്പർഹിറ്റ്ചിത്രമായിരുന്ന

"പ്രഭാതസന്ധ്യ"ക്ക് കഥയും, തിരക്കഥയുമെഴുതി.

ഹരിഹരന്റെ "സർഗ്ഗം" സിനിമയുടെ

സംഭാഷണം,

ശ്രീരാഗം, കർപ്പൂരദീപം, ചൈതന്യം

എന്നീചിത്രങ്ങളുടെ തിരക്കഥ..

ഏതാനും സിനിമകളിൽ അഭിനയിച്ചു..

അങ്ങനെ നീളുന്നു പറഞ്ഞാലും തീരാത്തത്ര

വിശേഷങ്ങൾ. തുടങ്ങിവച്ച മേഖലകളിലെല്ലാം

പൊന്നുവിളയിച്ച മാന്ത്രികൻ.

ജനപ്രീതിയിൽ സിനിമാഗാനങ്ങളേയും വെല്ലുന്ന

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഭക്തിഗാനങ്ങളും,

ഓണപ്പാട്ടുകളും, ലളിത ഗാനങ്ങളുമൊക്കെ

കാലമെന്നും ഓർമ്മിയ്ക്കപ്പെടും.

ബാഷ്പാഞ്ജലി.!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക