Image

മനുഷ്യവിപ്ലവം (കഥ: വിശാഖ് എം.എസ്)

Published on 27 June, 2025
മനുഷ്യവിപ്ലവം (കഥ: വിശാഖ് എം.എസ്)

നമസ്കാരം,
ഇതൊരു കുറിപ്പാണ്. തെളിച്ചു പറഞ്ഞാൽ ഒരു ആസ്വാദനക്കുറിപ്പ്. ആസ്വാദനമെന്ന് പറഞ്ഞത് മനസ്സിലായി കാണുമല്ലോ അല്ലേ? ഇനിയും പിടി കിട്ടിയില്ലെങ്കിൽ കൂടുതൽ ആലോചിച്ചു കാട് കേറി തല പുണ്ണാക്കണ്ട. നിങ്ങൾ ചിന്തിച്ച പോലെ എല്ലാം ആസ്വദിക്കുന്ന ആ സംഭവം തന്നെയാണ് ഞാനും ഉദ്ദേശിച്ചത്.

കഴിഞ്ഞ കുരുത്തോല പെരുന്നാളിന്റന്ന് ഞാനും കണ്ണനും ഡേവിസും പള്ളി സെമിത്തേരീടെ തെക്കേ മൂലയിലെ ആലീസ് ടീച്ചറിന്റെ പഴകിപ്പൊളിഞ്ഞ കല്ലറയുടെ ചോട്ടിലിരുന്ന് തലേന്നത്തെ ഫുള്ളിന്റെ ബാക്കി ഓരോന്ന് പിടിപ്പിക്കുകയായിരുന്നു.

വെള്ളം ചേർക്കാതെയൊരു പെഗ്ഗ് കുടിച്ചിറക്കിയ ചവർപ്പിലേക്ക് ഒരു ഗോൾഡിന്റെ പുക കൂടി വലിച്ചെടുത്ത ശേഷം അത് പുറത്തേക്ക് ഊതി ഒരു വലിയ വളയം തീർത്തുകൊണ്ട് കണ്ണൻ എന്നെയൊന്ന് നോക്കി.

“ആലീസ് ടീച്ചറ് പോയിട്ട് എത്ര കൊല്ലായെടാ?”

“പന്ത്രണ്ട്.” എനിക്ക് മുന്നേ മറുപടി പറഞ്ഞത് ഡേവിസായിരുന്നു.

“അത് നിനക്കെങ്ങനറിയാം. നീ ഞങ്ങടെ സ്കൂളിലല്ലാരുന്നല്ലോ.” എന്റെ മുഖത്ത് നിന്നുള്ള നോട്ടം കണ്ണൻ ഡേവിസിലേക്ക് മാറ്റി.

“എന്റളിയാ, ടീച്ചറ് എവന്റെ റിലേറ്റീവല്ലിയോ.” കണ്ണൻ ഊതി ഉണ്ടാക്കിയ രണ്ടാമത്തെ വളയം അന്തരീക്ഷത്തിൽ ലയിച്ചു തീരും മുൻപ് ഞാൻ അവന്റെ സംശയം തീർത്തു കൊടുത്തു. ഡേവിസപ്പോൾ കൈയിലെ ഗ്ലാസ്സ് മുറുകെ പിടിച്ചു കൊണ്ട് കല്ലറയിലേക്ക് ചാരി ചേർന്നിരുന്നു.

അപ്പോൾ എന്റെ വായിൽ നിന്ന് വീണ ഒരു വാക്കിൽ പിടിച്ചായിരുന്നു ഞങ്ങളുടെ ഒരു വിലയുമില്ലാത്ത രണ്ട് മണിക്കൂറ് കഴിഞ്ഞു പോയത്. ആ രണ്ട് മണിക്കൂറ് അങ്ങനെ ഞങ്ങളുടെ ബാല്യകാലത്തിൽ തുടങ്ങി നവീനകാലത്തിലാണ് അവസാനിച്ചത്.

“ടീച്ചറെ കുറിച്ച് ഓർക്കുമ്പോ എനിക്ക് ആശാന്റെ കരുണയും ഓർമ്മ വരും. കരുണയ്ക്ക് ഒരു ആസ്വാദനക്കുറിപ്പാ ടീച്ചറ് ഒടുക്കമായി ഞങ്ങക്ക് പറഞ്ഞ് തന്നത്.”

“എന്തോന്ന്, എന്തൊരു കുറിപ്പാ. ആസ്വാ…” ഡേവിസിന് സംഗതി പിടി കിട്ടിയില്ല.

“ഓ സോറി, പറഞ്ഞ പോലെ നീ സി.ബി.എസ്.ഇ. മെറ്റീരിയലാണല്ലോ. അളിയാ അതേ ഞങ്ങള് ഈ കുട്ടിക്കാലത്ത് സ്കൂളില് എന്തേലും ചെറിയ കുറുമ്പൊക്കെ കാട്ടിയിങ്ങനെ പല്ലിളിച്ചിരിക്കുമ്പോ ആലീസ് ടീച്ചറ് ഉൾപ്പെടെ ഒള്ള മലയാളം ടീച്ചറ്മാര് പറയുന്ന ഒരു വാക്കാണ് അത്. ദേ, ഈ കവിത വായിച്ചു വേഗം ഒരു ആസ്വാദനക്കുറിപ്പ് എഴുതിയേന്ന് പറയാറില്ലാരുന്നോടാ കണ്ണാ?”

എന്റെയാ ചോദ്യം കേൾക്കാത്ത മട്ടിൽ കണ്ണൻ തല കുനിച്ചു കളഞ്ഞു. സ്റ്റേറ്റുകാരിൽ പലരും ഈ കടുപ്പം പിടിച്ച വാക്കിൽ ഒരിക്കലെങ്കിലും കുരുങ്ങി പോയിട്ടുണ്ടെങ്കിലും കണ്ണന് മാത്രം അതൊരു പുതുമയെന്നോണം മൗനത്തിലകപ്പെടേണ്ടി വന്നു.

“പറഞ്ഞ പോലെ നീ തൊട്ടടുത്തുള്ള പങ്കാളികളുടെ നോട്ട്സ് ഈച്ചക്കോപ്പിയടിക്കുന്ന മിടുക്കനല്ലായിരുന്നോ. ഞാനതങ്ങ് വിട്ടുപോയി. അപ്പോ നിനക്കും അറിയാൻ വഴിയില്ല.” ഞാൻ കണ്ണനെയൊന്ന് ചെറുതായി കളിയാക്കി.

സംഗതിയൊരു കെട്ട് പൊട്ടിയ പട്ടം പോലെ നിലയില്ലാതെ പറക്കാൻ തുടങ്ങിയത് അവിടം മുതലായിരുന്നു. ഞങ്ങളുടെ കഥയിലേക്ക് നോക്കിയിരിക്കുന്ന പ്രിയപ്പെട്ടവരോട് ഒരു കാര്യം പറയട്ടെ, പെഗ്ഗിന്റെ എണ്ണം കൂടി തുടങ്ങിയപ്പോൾ കരുണയിൽ നിന്നും ആശാനിൽ നിന്നും ആലീസ് ടീച്ചറിൽ നിന്നും വഴിതെറ്റി ഒരു ആസ്വാദനക്കുറിപ്പിനെ ചൊല്ലി ഞങ്ങൾക്ക് ഈ സമൂഹത്തിലേക്ക് ഇറങ്ങേണ്ടി വന്നു പോയി. രണ്ട് തുള്ളി മദ്യത്തിന്റെ പുറത്ത് വീണുകിട്ടിയ ധൈര്യത്തിൽ ഞങ്ങളുടെ ചിന്തകൾക്ക് അഗ്നിപർവ്വതത്തോളം ശക്തിയുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ഇവിടം മുതൽ ആസ്വാദനക്കുറിപ്പിന്റെ രൂപവും ഭാവവും മാറുകയാണ് കേട്ടോ. ദേഷ്യം പിടിക്കാതെ ഞങ്ങളെ ബാക്കി കൂടി കേട്ടിരിക്കുമല്ലോ. ഇനിയും നിങ്ങളെ പറ്റിക്കില്ല. “ഈ കുടിച്ചിറക്കിയ റം ആണേ സത്യം” എന്ന് പറയണമെന്ന് ഉണ്ടെങ്കിലും സാധ്യമല്ല. കാരണം ഞങ്ങൾ മൂന്നാളും വ്യത്യസ്തങ്ങളായ സാമൂഹിക പൊള്ളത്തരങ്ങളുടെ നിഴലുകളെ പിടി കൂടാൻ ശ്രമിച്ചു തുടങ്ങിയിരുന്നു. അറിഞ്ഞുകൊണ്ട് ഒരു പ്രശ്നത്തിലേക്ക് എടുത്തു ചാടുന്നതിലെ സാഹസികത നിങ്ങളിൽ പലർക്കും അറിയാമായിരിക്കുമല്ലോ. അതുപോലെ തന്നെ ഞങ്ങളുടെ ഓരോ വാക്കുകളെയും കഠിനമായ ചൂടുള്ള ലഹരി കീഴ്പ്പെടുത്തിയതിനാൽ ഞങ്ങളിലെ അടുക്കും ചിട്ടയും ഇതേ നിമിഷത്തിൽ നഷ്ടമാകുന്നു. അങ്ങനെ ഒരു ലക്ഷ്യവുമില്ലാത്ത യാത്രയ്ക്കാണ് ഞങ്ങൾ തുടക്കം കുറിച്ചത്. അപ്പോൾ നമുക്ക് താമസിക്കാതെ കാര്യത്തിലേക്ക് വരാം. കാര്യമെന്ന് പറഞ്ഞാൽ വല്ല്യ കാര്യമൊന്നുമില്ലന്നേ. കൂടുതൽ വളച്ചു കെട്ടാതെ ആ ആസ്വാദനത്തിൽ പിടിച്ചു തന്നെയങ്ങ് പോയില്ലെങ്കിൽ എല്ലാം കൂടി അവിയൽ പരുവം ആയിപ്പോകുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ അവരോട് വീണ്ടും സംസാരിച്ചു.

“ഡേയ്, നമ്മള് ഇഷ്ടത്തോടെ ചെയ്യുന്നതെല്ലാം ആസ്വാദനങ്ങളാണെന്നാടെ വെയ്പ്പ്. ആസ്വദിച്ചു കഴിക്കാറില്ലേ? യാത്രകള് ആസ്വദിക്കാറില്ലേ? ഇപ്പോ കാര്യം എന്താന്ന് പിടി കിട്ടിയോ രണ്ടിനും.” ഞാനൊരു സ്നേഹനിധിയായ അദ്ധ്യാപകനെ പോലെ രണ്ടാൾക്കും ആസ്വാദനത്തിന്റെ തിയറി പഠിപ്പിച്ചു കൊടുത്തു.

“അപ്പോ ഈ സൗന്ദര്യം ആസ്വദിക്കുന്നതും ഇതില് പെടുവോ മാഷേ.” കണ്ണൻ ഒരു കുട്ടിയെ പോലെ കൗതുകം പ്രകടിപ്പിച്ചു.

“പിന്നെന്താ.” ഞാനതിന് യെസ് വെച്ചു.

“അത് നിങ്ങള് കോഴിക്കുഞ്ഞുങ്ങൾക്ക്, ഞങ്ങൾ സിഗ്മകളെ കൂട്ടല്ലേ.” ഡേവിസ് കണ്ണന്റെ സംശയത്തിൽ നിന്നും അതിസമർത്ഥമായി അവനെ സ്വയം വേർപെടുത്തിയെടുത്തു.

“പെണ്ണ് കിട്ടാത്തോന്മാർക്കൊക്കെ ഇപ്പോ ഫ്രീക്ക് പേരാന്നല്ലോ. ചിഗ്മ.” ഡേവിസിനേക്കാൾ സമർത്ഥമായി കണ്ണൻ അതിനെ പുച്ഛിച്ചു തള്ളിയ ശേഷം എന്നിലേക്ക് അടുത്ത ചോദ്യമിട്ട് തന്നു.

“ഒരാളെ ആസ്വദിക്കുന്നതില് നിന്റെ അഭിപ്രായം എന്താ?”

“ഒരാളെയോ, അതോ ഒരാളുടെ ശരീരത്തെയോ?” എനിക്കപ്പോൾ ആ ചോദ്യത്തിന്റെ വിശദീകരണം വേണമെന്ന് തോന്നിപ്പോയി.

“ശരീരമില്ലാതെ ആളുണ്ടോടേ?” കണ്ണൻ കൃത്യമായ വിശദീകരണത്തിന് പകരം ഡേവിസിൽ അവശേഷിപ്പിച്ച പുച്ഛം എന്നിലേക്കും ഒന്ന് കുടഞ്ഞിടാൻ നോക്കി.

“അതില്ല. പക്ഷേ ഇവിടെ നമ്മുടെ നാട്ടില് അങ്ങനെ ഒരാളെ ആസ്വദിച്ചാൽ എപ്പോ അകത്തു കിടന്നു ഗോതമ്പുണ്ട തിന്നെന്ന് ചോദിച്ചാ മതി.” ഞാൻ കണ്ണനെ തുടരാൻ അനുവദിച്ചില്ല.

“ക്ഷമിക്കണം. അതൊന്നും ഇപ്പോ ജയിലില് ഇല്ല മാൻ.” കുറച്ചു നേരത്തെ മൗനത്തിൽ നിന്നും ഡേവിസ് എന്നെ തിരുത്തിക്കൊണ്ട് ഞങ്ങളിലേക്ക് കൂടി.

“ശരിയാ. ഗോതമ്പുണ്ടയൊക്കെ വംശനാശം സംഭവിച്ചു പോയില്ലേ. എന്നാൽ ആ ഗോതമ്പുണ്ട അടിച്ചു പരത്തി പ്ലാസ്റ്റിക് സർജറി ചെയ്തു സുന്ദരിയെ പോലെ ആക്കിയ ചപ്പാത്തി തിന്നാം. കൂടെ നല്ല ബോൺലെസ് ചിക്കനും. സോറി, നല്ല ബോൺ ഉള്ള മട്ടനും.”

“പോടാ മട്ടനോ?” മട്ടനെന്ന് കേട്ടപ്പോൾ സൗന്ദര്യാസ്വാദനത്തിൽ നിന്നുള്ള പിടിവിട്ടു കൊണ്ട് കണ്ണൻ മട്ടന് മുന്നിലേക്ക് ചാടിവീണു.

“യെസ്, മട്ടൻ.”

“അവിടെ മട്ടൻ കിട്ടൂന്ന് നിന്നോടാര് പറഞ്ഞ്?” ഡേവിസും കണ്ണനൊപ്പം മട്ടന്റെ രുചിയിലേക്ക് ചേർന്ന് നിന്നു.

“നിന്നെയൊന്നും പോലെ ഒന്നിനും കൊള്ളിക്കാത്തവൻമാര് മാത്രല്ല എനിക്ക് കൂട്ടുകാരായിട്ട് ഒള്ളത്. പൂജപ്പുരേലെ അസിസ്റ്റന്റ് ജയിലർമാരിൽ ഒരാള് നമ്മടെ ചങ്ങായിയാ.” ഞാൻ അവർക്ക് മുന്നിൽ ഒന്നാമത്തെ തെളിവ് സമർപ്പിച്ചു.

“ഓ പിന്നേ ആനപ്പുളു.” കണ്ണൻ അത് കാര്യമാക്കിയില്ല.

“പുളുവല്ലടാ സത്യം. നീയൊക്കെ എന്താ കരുതിയെ എന്നെപ്പറ്റി, എനിക്കങ്ങ് ജയിലിലും ഒണ്ടെടാ പിടി.” ഞാനൊന്ന് കുലുങ്ങി ചിരിച്ചെങ്കിലും അവർ രണ്ടാളും ഒന്നും മിണ്ടിയില്ല.
“പിന്നെ ജയിൽ വിസിറ്റ് കഴിഞ്ഞു വന്ന ഒരു അയൽവാസി എന്റെ അമ്മേടെ വീടിന് അടുത്തുണ്ട്. പുള്ളീം പറഞ്ഞിട്ടുണ്ട്.” നിശബ്ദരായിരുന്ന അവർക്ക് മുന്നിലേക്ക് ഞാൻ രണ്ടാമത്തെ തെളിവും നീട്ടി.

“ജയിൽപ്പുള്ളിയോ, ഒള്ളതാണോടേ?” ഡേവിസ് മാത്രം രണ്ടാം തെളിവിനു മുന്നിൽ പ്രതികരിച്ചു.

“പേടിക്കണ്ടടാ സിവിൽ കേസോന്നും അല്ല, ഒരു കുഞ്ഞു ക്രിമിനൽ കേസാ.” ഞാൻ അവന്റെ കൈയിൽ ചെറുതായി തട്ടിക്കൊണ്ട് വീണ്ടും ഉറക്കെ ചിരിച്ചപ്പോഴേക്കും കണ്ണൻ മട്ടനിലേക്ക് തന്നെ തിരികെ വന്നു.

“അപ്പോ നമ്മള് പറഞ്ഞു വന്നത് മട്ടന്റെ കാര്യം. മട്ടനൊക്കെ ഇപ്പോ എന്താ വെല. അല്ലേ അളിയാ. നമ്മളെ കൊണ്ടൊന്നും കൂട്ടിയാ കൂടില്ല. കഴിഞ്ഞ കൊല്ലം ഒരു വിളിക്കാത്ത മുസ്‌ലിം കല്യാണത്തിന് ആസ്വദിച്ചു കഴിച്ച ഓർമ്മയെ ഒള്ളൂ.”

“ഡേയ്, ഈ വിളിക്കാത്ത കല്ല്യാണക്കാര്യമൊക്കെ പറയുമ്പോ ഒരു മുന്നറിയിപ്പ് കൊടുക്കണോന്ന് അറിയില്ലേ നിനക്ക്.” കണ്ണനിലേക്ക് ഞാനൊരു മദ്യോപദേശം കൈമാറി.

“NB: ആരും ഇത് അനുകരിക്കരുത്. എന്നെ കല്യാണത്തിന് വിളിച്ചില്ലെന്നേ പറഞ്ഞുള്ളൂ, എന്റെ കൂട്ടുകാരനെ വിളിച്ചിരുന്നു. അവൻ എന്നെയും.” ഡേവിസിനെ നോക്കി കണ്ണുരുട്ടി കൊണ്ട് കണ്ണൻ അത് എങ്ങനെയോ തമാശയുടെ സ്വരത്തിൽ പറഞ്ഞൊപ്പിച്ചു.

“ഓ… നമ്മൾ പിന്നെയും മാറ്ററീന്ന് തെന്നിമാറിപ്പോയി. ആഹ്… മട്ടന്റെ കാര്യം. അപ്പോൾ ഫ്രീയായിട്ട് മട്ടൻ കഴിക്കാൻ ആഗ്രഹം ഉള്ളോര് ആര്ടെ എങ്കിലും ശരീരം ആസ്വദിച്ചോളൂട്ടോ. എന്താല്ലേ? കലികാലം. ഹും…” സിഗരറ്റിന്റെ ചൂടിനൊപ്പം ഞാൻ ശ്വാസമയച്ചു കൊണ്ട് കാര്യം തുടർന്നു.

“സ്കൂൾ കുട്ട്യോൾക്ക് കൊടുക്കേണ്ട ഫുഡ്‌ ജയിലിലാണല്ലോ കർത്താവേ.”

“ആഹ് ബെസ്റ്റ്, ഈ ക്ലീഷേ ഡയലോഗ് വന്നില്ലല്ലോന്ന് വിചാരിച്ചേ ഒള്ളൂ. റിപ്പീറ്റേഷൻ അടിച്ചു വയ്യാ. ജയിലിലെ മെനുകാർഡ് കേക്കുമ്പോ എല്ലാര്ടേം മനസ്സില് ഓട്ടോമാറ്റിക്കായി സ്കൂളിന്റെ രൂപം വന്നോളും.” കണ്ണൻ ആ താരതമ്യത്തെ ഒന്നുകൂടി ഓർമ്മപ്പെടുത്തി.

“നീ ഇപ്പോ കർത്താവിനെയല്ലേ വിളിച്ചേ?” ഡേവിസ് നാവു കുഴഞ്ഞു കൊണ്ട് ജയിലിൽ നിന്നും സ്കൂളിൽ നിന്നും പിടിവിട്ടിട്ട് എന്റെ പ്രാർത്ഥനയിലേക്ക് ചാടിപ്പിടിച്ചു കളഞ്ഞു.

“എന്റെ കൃഷ്ണാ, എന്റെ പടച്ചോനേ. മതിയോ? ഇത് രണ്ടും കൂടി പറഞ്ഞില്ലെങ്കീ നീയും എന്നെ അറിയാവുന്ന എല്ലാ ചെറ്റകളും കൂടി എന്നെ ആസ്വദിച്ചങ്ങു അൾത്താരയില് കേറ്റിയിരുത്തും. സോറി, നിന്റെയൊക്കെ സ്വഭാവം വെച്ച് ചെലപ്പോ കുരിശിലും കേറ്റിയേക്കും. നിന്നെയൊക്കെ എനിക്ക് നല്ലപോലെ അറിയാമേ. അത്രയ്ക്ക് വിശ്വാസം ഒണ്ടെനിക്ക്. അതുകൊണ്ട് എന്നെ ക്രിസ്ത്യാനിയാക്കി മതപരിവർത്തനം നടത്താന്ന് ഇവിടെ ആരും വ്യാമോഹിക്കണ്ട.” ഡേവിസിന്റെ ചോദ്യം ചെയ്യലിനെ ഞാൻ തന്ത്രപൂർവ്വം തളർത്തിക്കളഞ്ഞു.

ഒരു നീണ്ട പ്രഭാഷണം പോലുള്ള എന്റെ വാചകങ്ങൾ കേട്ടപ്പോൾ തന്നെ ഡേവിസിന്റെ ഫ്യൂസ് പോയി. കണ്ണന് കാര്യം പിടി കിട്ടിയെങ്കിലും അത് പുറത്തുള്ള ആർക്കോ വേണ്ടിയുള്ള താക്കീതായി പരിഗണിച്ചു അവനും മിണ്ടാതിരുന്നു.

“പറ്റിച്ചേ… എന്ത് ചെയ്യാൻ പറ്റും, നിങ്ങളെയൊക്കെ എനിക്ക് നല്ല പേടിയാന്ന് കരുതിയോ. പേടിയല്ലാട്ടോ സഹതാപം. എടാ കണ്ണാ നിനക്ക് അറിയാമോ, നമ്മള് പണ്ട് ചെസ്സ് കളിക്കുമ്പോ എനിക്ക് കുതിരേ എറക്കി വെട്ടാൻ ഭയങ്കര കൗതുകായിരുന്ന്. നമ്മടെ ഹരീഷ് കണാരൻ പറയണ പോലെ കൗതുകം ലേശം കൂടുതലാ. അപ്പോ പറഞ്ഞു വന്നത്, അങ്ങനെ കുതിരേ ഇറക്കി വെട്ടി പെട്ടെന്ന് രക്ഷപെടുന്ന രസം എനിക്ക് ഇപ്പഴും ഉണ്ട്ട്ടോ. പെറ്റു വീണത് ഹിന്ദുക്കള്ടെ എടയിലായി പോയതോണ്ട് മാത്രം ഹിന്ദുവായ ഞാൻ പണ്ട് പുണ്യാളൻ കുന്തം കൊണ്ട് കുത്തിക്കൊന്ന പാമ്പിന്റെ സ്വഭാവം ഒള്ള നിങ്ങൾക്കിടയീന്ന് പുണ്യാളന്റെ കൂടെ തന്നെ പുള്ളീടെ കുതിരേ കേറി ചതുരംഗകളത്തിലെ കറുത്ത കളത്തിലൂടെ രക്ഷപെടുന്നൂട്ടോ.” ഒരു സാഹിത്യസമാനമായ എന്റെ വർത്തമാനം പൂർത്തിയായപ്പോൾ കണ്ണൻ എടുത്തടിച്ച പോലെ ഒരു സംശയമിട്ടു തന്നു.

“അല്ല നീ പാമ്പെന്ന് പറഞ്ഞെ ഞങ്ങളെയാന്നോ അതോ പുറത്തുള്ളോരെയോ?”

“പേടിക്കണ്ട നിങ്ങളെ തന്നെയാ.”

വിശ്വാസം ഒരു തീക്കൊള്ളി പോലെയാണ്. അതിൽ പിടിച്ചു കഴിഞ്ഞാൽ ചുറ്റിൽ നിന്നും ഇതുപോലെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നേക്കാം. ചോദ്യങ്ങൾക്ക് സംശയങ്ങളുടെ നിറമായിരിക്കും. അതുകൊണ്ട് തന്നെ ഞങ്ങളുടെ കഥയിലേക്ക് ചുവട് വയ്ക്കുന്ന നിങ്ങളിൽ ചിലർക്ക് ആ പാമ്പ് തങ്ങളാണോന്ന് സ്വയം തോന്നാം. ഒരിക്കലും നിങ്ങളല്ല കേട്ടോ. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല (മണ്ടന്മാര് വിശ്വസിച്ചു കാണും). അതുകൊണ്ട് നിങ്ങൾ ക്ഷമയായി കേട്ടിരുന്നാലും.

“അതെന്താടാ കറുത്ത കളത്തിലൂടേ നിനക്ക് പോവാൻ പറ്റുള്ളോ. വെളുത്തതിലൂടെ പോയാ പുളിക്കുവോ.” അടുത്ത സംശയം ഡേവിസിന്റെ വകയായിരുന്നു.

“എന്തോന്നാടാ ഡേവീ... വേടൻ പറഞ്ഞാ നിങ്ങക്ക് ഓഹോ പാവം ഞാൻ പറഞ്ഞാ ആഹാ. കൊള്ളാടാ. കറുപ്പിന് എന്താടാ കുഴപ്പം. നമ്മടെ മോഹൻ സിത്താരേടെ കറുപ്പിനഴകെന്ന പാട്ട് തന്നെ നോക്കളിയാ. കറുപ്പിന് ഏഴ് അഴകാണടേ.”

“ബാക്കി തൊണ്ണൂറ്റി മൂന്നും വെളുപ്പിനാന്നേ.” ഞാൻ പറഞ്ഞു തീർന്നപ്പോഴേക്കും കണ്ണൻ ജാംബവാന്റെ കാലത്തെ ആ തമാശയങ്ങ് പൊട്ടിച്ചു.

“അത് ശരിയാ. പക്ഷേ നീ ഈ പറഞ്ഞ കാര്യം ഒണ്ടല്ലോ ഈ വെളുപ്പിന്റെ കാര്യം, പത്ത് പേരുടെ മുന്നില് ഷോ കാണിക്കാൻ വേണ്ടി ഇവിടുത്തെ പ്രബുദ്ധ മലയാളികള് കൂട്ടത്തോടെ എതിർക്കുന്ന കാര്യാ. ഷോ കാണിക്കാൻ കറുപ്പിനെ പൊക്കിപ്പറയുന്ന കൊറേ എണ്ണങ്ങളൊണ്ട്. ഒൺലി ഫോർ ഷോ. മുൻപ് കോളേജിൽ ഞാനിത് പറഞ്ഞപ്പോ എന്റെ കൂട്ടുകാരീസ് പറഞ്ഞ ന്യായീകരണത്തില് ചെലത് കേട്ടാ നീയൊക്കെ ചിരിച്ചു മറിയും. നമ്മുടെ കൃഷ്ണൻ കറുത്തതല്ലേന്നാ ഒരുത്തി പറഞ്ഞെ.”

“അവള് പറഞ്ഞത് കറക്റ്റല്ലേ, പുള്ളിക്കാരൻ കറുത്തതല്ലേ?” കണ്ണനും എന്റെ കൂട്ടുകാരിയുടെ പക്ഷം ചേർന്നു.

“അത് മിത്തല്ലേ സഹോ, മേല് മൊത്തത്തില് നീലോം തേച്ച് ഒരു ഓടക്കുഴലും കൊണ്ട് നീ ലവള്മാരുടെ പിന്നാലെ പോയാല് അവരില് ഒരുത്തിയേലും നിന്നെ തിരിഞ്ഞു നോക്കുവോ? എപ്പോ കണ്ടംവഴി ഓടിയെന്ന് ചോദിച്ചാ മതി. അവള്മാർക്ക് പ്രേമിക്കാൻ മതീടെ കൃഷ്ണനെ, കെട്ടാൻ വേണ്ടാ.” പരസ്പരവിരുദ്ധമായ കാര്യങ്ങളിലൂടെ ഞാൻ കണ്ണനെ സംസാരിച്ചു തോൽപ്പിച്ചു കളഞ്ഞു. ഞാൻ പറഞ്ഞതിൽ എന്തോ ഗൗരവമായ വിഷയം ഒളിഞ്ഞു കിടപ്പുണ്ടെന്ന് തോന്നിയത് കൊണ്ടാവാം കണ്ണൻ ഒന്നും എതിർക്കാൻ നിന്നില്ല. ഡേവിസ് എന്തോ കാര്യമായി ചെവിയോർത്തു കേട്ടിരുന്നു. അതുകൊണ്ട് എനിക്ക് പഴയതിലും ഊർജത്തോടെ വീണ്ടും സംസാരിക്കാൻ കഴിഞ്ഞു.

“ഓക്കേ നമുക്ക് രൂപത്തിന്റെ കാര്യം വിടാം, പുള്ളീടെ പേരല്ലേ നിനക്ക്. ‘കണ്ണൻ’. ഈ പേരൊക്കെ ഇപ്പോ ഔട്ട്‌ ഓഫ് ഫാഷനായിക്കൊണ്ടിരിക്കുവാന്നേ. അല്ലെങ്കില് അതും വിട്ടേക്കാം. നിന്റെ തന്തപ്പടീടെ പേരെന്താ?”

“അത് നിനക്ക് അറിയത്തില്ലിയോ ഗോപാലൻന്ന് ആണെന്ന്.” കണ്ണൻ ഒരു ചോദ്യത്തോടു കൂടി എന്നോട് ഉത്തരം പറഞ്ഞു.

“അതൊക്കെ അറിയാം. പക്ഷേ നിന്റെ വായീന്ന് കേക്കണോല്ലോ. അതുകൊണ്ടാ ചോദിച്ചേ. പുള്ളീടെ ചെറുപ്പത്തില് നിന്നെക്കാൾ ഫ്രീക്ക് പേരാരുന്നു അങ്ങേർക്കത്. നിന്റെ കണ്ണനെന്ന പേര് നമ്മുടെ പെൺപിള്ളേര്ടെ കൃഷ്ണേട്ടന്റെ ചെല്ലപ്പേരല്ലേ. എന്നാൽ നിന്റെ തന്തേടെ പേരോ പുള്ളീടെ ഓഫീഷ്യൽ നെയിംമാ. ‘ഗോപാലൻ’. മീൻസ് ഗോക്കളെ പാലിക്കുന്നോനെന്ന്. നീ ഒന്ന് ചിന്തിച്ചു നോക്കിയേ, നിന്റെ പിതാശ്രീടെ പേര് നിനക്കാരുന്നേലോ. ഇപ്പോഴത്തെ ഇയാള്ടെ ഈ ലൈൻ സെറ്റാവുമാരുന്നോ? നിന്റെ പ്രിയതമ നിമിഷ നിന്നെ എപ്പോ ഓടിച്ചെന്ന് ചോദിച്ചാ മതി. പുള്ളി പശുക്കള്ടെ കൂടെ നടന്നാലും പെൺപിള്ളേർക്ക് ഹീറോയാ. പക്ഷേ നീ ഒരു കറവക്കാരൻ ആരുന്നേലോ. ‘നിമിഷ വെഡ്സ് ഗോപാലൻ’ നിങ്ങടെ സേവ് ദി ഡേറ്റ് ഓർത്തിട്ട് ചിരി വരുന്ന്.” ഒരു ഗ്യാപ്പ് കിട്ടിയപ്പോൾ കൂട്ടത്തിലെ നേതാവ് ചമയാൻ നോക്കാറുള്ള കണ്ണനെ ഞാനങ്ങ് തളർത്തിക്കളഞ്ഞു.

“നോ വേ… നെവർ കറവക്കാരൻ. എവനൊരു ഫാം ഉണ്ടാരുന്നേൽ അവളല്ല വേറേം നൂറ് പെൺപ്പിള്ളേര് വന്നേനെ. എന്റെ ചേട്ടനെ പോലെ മിൽമയിലാണ് ജോലിയെങ്കില് ഡബിൾ ഓക്കേ.” ഡേവിസിന് കാര്യം കത്തിയപ്പോൾ എന്റെ കൂടെ നിൽക്കേണ്ടി വന്നു. ഡേവിസു കൂടി എന്റെ പാതയിലേക്കിറങ്ങിയപ്പോൾ കണ്ണൻ എന്തോ കാര്യമായി പറയാൻ തുനിഞ്ഞു. എന്നാൽ ഞാൻ അതിനെയും തന്ത്രപൂർവ്വം എതിർത്തു നിന്നു.

“തർക്കിക്കാൻ നിക്കണ്ട മോനേ കണ്ണാ, എന്നെ തോൽപ്പിക്കാൻ പറ്റൂല്ല. ബിക്കോസ് ഞാൻ പുണ്യാളന്റെ കുതിരപ്പുറത്തൂന്ന് എറങ്ങീട്ടില്ല. അപ്പോ ഞങ്ങള് പോവുന്നേ. ബൈ ദി ബൈ.”

“ലെ പുണ്യാളൻ: ആര്ടാ അത്. എറങ്ങടാ. ഇവിടെ ഒറ്റയ്ക്ക് പോവാൻ വയ്യ. അപ്പോഴാ ലോഡ് കേറാൻ കണ്ട സമയം.” ഡേവിസ് നല്ല ഫോമിലാവുമ്പോൾ ഇടയ്ക്കിടെ ഇതുപോലെ ചീഞ്ഞ കമന്റുകൾ അടിക്കാറുണ്ട്.

“കാണുന്നതെല്ലാം നിജമല്ല മക്കളേ, പ്രത്യേകിച്ച് ചില അവള്മാര്ടെ കാര്യത്തില്. നിനക്ക് ഓർമ്മയുണ്ടോ നമ്മടെ കോളേജ് ടൈമിലെ സംസ്കൃതം പരീക്ഷ. അന്ന് ഞാൻ കെഞ്ചി ചോദിച്ചിട്ടും ആ പഠിപ്പിസ്റ്റ് ചമയാറുള്ള നീലു എനിക്കൊരു ഉത്തരം പോലും കാണിച്ച് തരാതെ നാൽപത് പേജാ അന്നെഴുതിയെ. ഞാനോ വെറും പതിനെട്ടും. റിസൾട്ട് വന്നപ്പോ ലവള് എട്ട് നെലേലാ പൊട്ടിയെ. അന്ന് അവള്ടെ ആൻസർ ഷീറ്റ് കോപ്പിയടിക്കാത്തതാ എന്റെ വിജയോന്ന് ഞാനിപ്പഴും കരുതുന്നുണ്ട്.” പറഞ്ഞ് വന്ന കാര്യങ്ങൾ കാര്യമില്ലാത്തൊരു ഭൂതകാലത്തിലൂടെയാണ് ഞാൻ അവസാനിപ്പിച്ചത്.

“ഡേയ് മതി മതി നിർത്ത്, ഇച്ചിരി വെള്ളം അകത്ത് ചെന്നപ്പോ നീയൊക്കെ എന്തോന്നൊക്കെ പൊളിറ്റിക്കൽ ഇൻകറക്റ്റ് കാര്യങ്ങളാ ഇവിടിരുന്ന് വിളിച്ച് പറയുന്നേ. സാമൂഹ്യവിരുദ്ധമാര്.” കണ്ണന് വേറെ വഴികളില്ലാതെ വന്നപ്പോൾ അതിവേഗത്തിൽ തന്നെ ഞങ്ങളുടെ കുറ്റങ്ങൾ നിരത്തി വെക്കേണ്ടി വന്നു.

“ഡാ, എവൻ പറഞ്ഞേലും കാര്യം ഒണ്ട്ട്ടോ. എവനല്ലാതെ വേറെ വല്ലോരും ഇതൊക്കെ കേട്ടിരുന്നേൽ നമ്മളെ രണ്ടാളേം രാജ്യദ്രോഹീന്ന് മുദ്ര കുത്തിയേനെ.” ഡേവിസ് കണ്ണൻ കണ്ടെത്തിയ കുറ്റങ്ങളെ വേഗത്തിൽ ഉൾക്കൊണ്ടു.

“നമ്മളിത് എവിടുന്നാ തുടങ്ങിയെ, ആഹ്… മറ്റേ ശരീരത്തിന്റെ കാര്യം. അത് ഇന്ന ശരീരോന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ലല്ലോ. അത് ആണായാലും പെണ്ണായാലും കുത്തിയാൽ ചോരയല്ലേ വരൂ. അല്ലാതെ ചോക്ലേറ്റ് വരൂല്ലല്ലോ. എന്നാലും അത് എടുത്ത് പറഞ്ഞില്ലേല് ഇക്വാളിറ്റിക്കാര് എന്റെ നെഞ്ചത്ത് പൊങ്കാലയിടും. വെറും പൊങ്കാലയല്ല. ആറ്റുകാൽ പൊങ്കാല.” ഞാൻ ഡേവിസിനെ നോക്കി ചിരിച്ചു.

“മറ്റേ കാര്യോം കൂടി ഓർമ്മ വേണം കേട്ടോ. ഏത് മറ്റേ ചപ്പാത്തിക്കേസ്. നീ നേരത്തെ സുന്ദരി ചപ്പാത്തിയെന്നാ പറഞ്ഞെ. കൂട്ടത്തില് സുന്ദരൻ ചപ്പാത്തികളും കാണൂട്ടോ. അത് പോലെ കറവക്കാരന്മാരെ പോലെ ഇവിടെ കറവക്കാരികളും ഉണ്ട്ട്ടോ. നീ അവരെ ചെറുതാക്കി പറഞ്ഞയൊന്നും അല്ലല്ലോ. അങ്ങനാണേൽ പന്നീ ഈ കാലിക്കുപ്പിക്ക് തല ഞാൻ തല്ലിപ്പൊളിക്കും. നാട്ടില് അവര് ഉള്ളോണ്ട് ഡെയിലി നല്ല വെള്ളം ചേർക്കാത്ത കുപ്പിപ്പാലിന്റെ ചായ കുടിച്ചു പോന്ന്. പിന്നെ ആ ചിക്കന്റേം മട്ടന്റേം കാര്യത്തില് ഈ മെയിൽ ഫീമെയിൽ വാചകം ഒന്നും നിന്റെ വായീന്ന് വീഴാത്തത് ഒരു പ്ലസ് പോയിന്റാന്നേ. എങ്ങാനും വീണിരുന്നേൽ അതിലും ആണും പെണ്ണും വേർതിരിക്കേണ്ടി വന്നേനെ.” ഡേവിസ് തികച്ചും ബോധത്തോടെയാണ് അത്രയും പറഞ്ഞൊപ്പിച്ചത്.

“ശരിയാടാ നീ പറഞ്ഞെ, ഇനി അടുത്ത ദിവസം സംസാരിക്കുമ്പോ കൃഷ്ണന് പകരം നമുക്ക് കറുത്ത കാളിയെ പിടിക്കാം. അപ്പോ കാര്യം ഈക്വലാവില്ലേ?” ഞാനും എന്റെ ഭാഗം പറഞ്ഞു തീർത്ത ശേഷം ഒന്ന് നെടുവീർപ്പിട്ടു.

“ഇത്തിരി നേരം കൊണ്ട് എന്തൊക്കെയാ ഇവിടെ നടന്നെ. നമ്മള് ഇത്രേം വല്ല്യ കാര്യങ്ങളൊക്കെ ചർച്ച ചെയ്യാറായിപ്പോയല്ലേ. അതോർക്കുമ്പോ കരച്ചില് വരുന്നു.” അടുത്ത വളയത്തിന് വേണ്ടി കണ്ണൻ പുതിയൊരു സിഗരറ്റ് കത്തിച്ചു കൊണ്ട് പറഞ്ഞു.

“കരയുന്നേനും ഇക്വാളിറ്റി ഉണ്ടോടാ.” ഡേവിസ് എന്റെ നേർക്ക് തിരിഞ്ഞു നോക്കി.

“നോ മാൻ. അതില് മാത്രം ഡിഫറെൻസ് ഉണ്ട്ട്ടോ. കണ്ടിട്ടില്ലേ നിയന്ത്രണം വിട്ടുപോയാല് പെൺകുട്ട്യോള് പലരും ആദ്യം കരഞ്ഞിട്ടേ സംസാരിക്കൂ. എന്നാ നമ്മളോ കരച്ചിലൊന്ന് പിടിച്ചു നിർത്താൻ നോക്കീട്ട് പറയാനുള്ളത് പറഞ്ഞങ്ങ് തീർത്തിട്ട് ഒച്ചയടച്ചൊരു മോങ്ങലല്ലേ. അല്ലാത്തോരും ഉണ്ട്ട്ടോ. ഇവ്ടെ മാത്രം നമ്മക്ക് നേരത്തെ പറഞ്ഞ ആസ്വാദനം തെറ്റും. അത് ആളുകള്ടെ സ്വഭാവം പോലിരിക്കും.” ഞാൻ ഡേവിസിന് ഒരു കൃത്യമായ മറുപടി കൊടുത്തു.

ഓരോ മനുഷ്യരെയും ആസ്വദിക്കുമ്പോൾ ഓരോരുത്തരുടെയും മാനുഷിക പ്രവണതകൾ കൂടിയാണ് നമ്മൾ പോലുമറിയാതെ വിലയിരുത്തപ്പെടുന്നത്. കരച്ചിൽ, ചിരി, സംസാരം തുടങ്ങിയവ. സാമൂഹിക നിയമത്തിന് മുന്നിലാണ് ഇതേ വിലയിരുത്തലുകളിലൂടെ ഒരോ ആളുകളെയും ആസ്വദിക്കുന്നത്. ആ നിരീക്ഷണത്തിൽ ചിലപ്പോൾ തെറ്റുകൾ പറ്റിയെന്നു വരാം. കാരണം സ്ത്രീലിംഗ-പുല്ലിംഗ മനോനിലകളുടെ വ്യത്യസ്തതകൾ കൊണ്ടാണ്.

ചാർളിയിൽ ദുൽഖർ സൽമാൻ പറഞ്ഞ പോലെ “മറ്റുള്ളോര്ടെ ജീവിതത്തിലേക്ക് ഇടിച്ചു കേറീട്ട് നമ്മള് ചില സർപ്രൈസ് കൊടുക്കുമ്പോ അവര്ടെ കണ്ണിലുണ്ടാവുന്ന ആ പ്രകാശം ഉണ്ടല്ലോ, അതിന്റെ ഒരു രസത്തിലും ത്രില്ലിലും ഒക്കെയാ ഞാനും അങ്ങ് ജീവിച്ചു പോകുന്നെ.” അതിപ്പോ ഡോക്ടറായാലും വക്കീലായാലും ആണായാലും പെണ്ണായാലും അപരിചിതരോട് അപരിചിതത്വമില്ലാതെ പെരുമാറുമ്പോഴല്ലേ ജീവിതത്തിന് ഒരു സുഖം ഒള്ളൂ. മനുഷ്യന്മാർക്ക് ഇയ്യാംപാറ്റകളുടെ വില മാത്രമേ ഉള്ളെന്ന സത്യത്തിലാണ് ഓരോ ജീവിതങ്ങളും പറ്റിക്കൂടി കഴിഞ്ഞുപോകുന്നത്. വേദനിക്കപ്പെടുന്നവനെ കുത്തിവേദനിപ്പിക്കുന്ന മനുഷ്യവിപ്ലവങ്ങളുടെ നാട്ടിൽ നമ്മളെക്കാൾ അധികാരമാണ് കാട്ടിലെ സിംഹത്തിനും കടുവയ്ക്കുമെന്ന് നമ്മൾ പലപ്പോഴും മറക്കുന്നു.

അതുകൊണ്ട് തന്നെ ഏതൊരു ആസ്വാദനത്തിനും നന്മയെക്കാൾ തിന്മയുടെ സുന്ദരവശങ്ങൾ കണ്ടെത്താനാണ് കൂടുതൽ ആഗ്രഹം. എന്റെയും ഞങ്ങളുടെ മൂന്നാളുടെയും ഈ സാമൂഹിക നിരീക്ഷണ സംവാദക്കുറിപ്പിലൂടെ തിന്മയ്ക്ക് വേണ്ടി മാത്രമാണ് ഞങ്ങളും മുറവിളി കൂട്ടിയതെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. അത് തികച്ചും യാദൃശ്ചികം മാത്രം. കാലം മാറുമ്പോൾ കോലവും മാറുമെന്ന പോലെ മാനുഷിക പരിഗണനകൾക്ക് മേലേ വിപ്ലവങ്ങൾ മുറുകുമ്പോൾ തിന്മകൾ തനിയെ ആത്മഹത്യ ചെയ്യപ്പെടുമായിരിക്കും. അതുകൊണ്ട് നിങ്ങൾ ഞങ്ങളുടെ ഈ കുറിപ്പ് വായിച്ചു കഴിയുമ്പോൾ അവസാനവരിയിൽ ആ തിന്മയ്ക്കൊപ്പം ഞാനും മരണമടയുന്നു. അല്ല കൊല്ലപ്പെടുന്നു. നന്ദി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക