വീടിനടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിലേക്ക് തൊഴാൻ പോകുമ്പോഴാണ് അത് സംഭവിച്ചത്. ഈശ്വരൻ ഏതെല്ലാം രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. പക്ഷെ അത് തിരിച്ചറിയുക എങ്ങനെ? പ്രണയിക്കുന്നവരിൽ ശ്രീകൃഷ്ണനുണ്ടോ? അതോ ശ്രീകൃഷ്ണനിൽ നമ്മൾ പ്രണയിക്കുന്നവർ ഉണ്ടോ? ആ നമ്പ്യാർ കുട്ടിക്ക് മനസ്സിൽ തോന്നിയ സംശയമാണ്. ഹൃദയം പ്രണയയമുനയായി ഒഴുകുമ്പോൾ കണ്ണൻ അതിന്റെ തീരത്ത് വരാതിരിക്കുമോ? അവളുടെ സങ്കല്പങ്ങൾ ഓടകുഴൽ നാദമായി ചുറ്റിലും നിറഞ്ഞു നിന്നു.
ഇയ്യിടെയാണ് അവളുടെ കുടുംബം ആ ഗ്രാമത്തിൽ എത്തിയത്. പഴമയുടെ പാരമ്പര്യം പേറുന്ന ആ ഗ്രാമം അവൾക്കിഷ്ടമായി. ക്ഷേത്രദർശനം കുഞ്ഞുനാൾ തൊട്ടു ഇഷ്ടമായിരുന്നതുകൊണ്ട് പുതിയ സ്ഥലത്തെത്തിയപ്പോഴും അത് മുടക്കിയില്ല. ആ പ്രദേശത്തേക്ക് മാറിവന്നപ്പോൾ അവരുടെ കുടുംബദേവതയെ അവളുടെ അച്ഛൻ കൂട്ടികൊണ്ട് വന്നിരുന്നു.ആ ദേവിയെ തൊഴുതതിനുശേഷമാണ് അവൾ അമ്പലത്തിലേക്ക് പോയിരുന്നത്. നടതുറക്കുന്നതിനു മുമ്പ് പൊതുവാൾ പാടുന്ന അഷ്ടപദി പ്രതിദിനം കേട്ടുനിന്നപ്പോൾ മുമ്പില്ലാത്തപോലെ അവാച്യമായ ഒരു അനുഭൂതി അവൾക്കനുഭവപ്പെട്ടു, അവൾ കണ്ണടച്ച് നിന്നപ്പോൾ അവളുടെ മുന്നിൽ നീലക്കാർവർണ്ണൻ നിൽക്കുന്നപോലെ തോന്നി.
പൂജാരി പുണ്യാഹം തളിച്ച് പൂവും പ്രസാദവും ഇലക്കീറിൽ നൽകുമ്പോൾ ശരീരത്തിന്റെ താപനില ഉയരുന്നപോലെ. ഉണ്ണിക്കണ്ണന്റെ വിഗ്രഹം അവളെ മാടിവിളിക്കുന്നപോലെ. എന്താണ് സംഭവിക്കുന്നതെന്നറിയില്ല. പൂജാരിക്ക് എന്തോ മനസ്സിലായപോലെ ചോദിച്ചു "എന്താ കുട്ട്യേ" എന്നിട്ടയാൾ അർദ്ധനിമീലിത നേത്രങ്ങളുമായി സോപാനഗീതം പാടുന്ന ചെറുപ്പക്കാരനായ പൊതുവാളിനെ നോക്കി.. രാധാകൃഷ്ണലീലകൾ പാടുന്ന പൊതുവാളിൽ അവളുടെ മനസ്സ് ഉടക്കിയെന്നു പൂജാരി കരുതിക്കാണും. എന്നാൽ ഭഗവൻ കൃഷ്ണൻ തനിക്കു ചുറ്റും നിൽക്കുന്നപോലെയുള്ള അനുഭവമാണ് അവൾക്കനുഭവപ്പെടുന്നത്. ശ്രീകോവിലിന്റെ മുന്നിൽ തൊഴുതു നിൽക്കുമ്പോഴും മനസ്സിൽ താരമ്പന്റെ തട്ടലും മുട്ടലും. എന്നും നട തുറന്നു ഭഗവത് ദർശനം കഴിഞ്ഞു പ്രസാദം വാങ്ങുമ്പോൾ മനസ്സ് തുടിക്കാൻ തുടങ്ങും. അങ്ങനെ മന:സമാധാനം നഷ്ടപ്പെട്ട് ഒരു ഉന്മാദാവസ്ഥയിലാണ് എന്നും തിരിച്ചുവരവ്.
അന്നും പതിവുപോലെ മുറ്റത്തെ ദേവിയെ തൊഴുത് വീടിന്റെ മുന്നിലൂടെയുള്ള ചരൽ പാകിയ വഴിയിലൂടെ അമ്പലത്തിലേക്ക് നടക്കയായിരുന്നു. പാദങ്ങൾ ചരലിൽ പതിയുന്ന ശബ്ദം. സൂര്യരസ്മികളെ മഴമേഘങ്ങൾ മറയ്ക്കുന്നുണ്ടായിരുന്നെങ്കിലും പതിവിൽ കൂടുതൽ ഉഷ്ണം അനുഭവപ്പെട്ടു. അവൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു.. വഴിപോക്കർ ആരും തന്നെയില്ല. അപ്പോഴതാ ഒരു ശബ്ദം. "ഞാനുമുണ്ട്”. ഒരു ഏഴുവയസ്സുകാരൻ ആൺകുട്ടി. അവൻ വന്നു കയ്യിൽ പിടിച്ച് ഒപ്പം നടന്നു. ആ പ്രദേശത്തുള്ളവരെ നല്ലപോലെ പരിചയമായിട്ടില്ല. കുട്ടി ഏതാ എന്ന് ചോദിച്ചപ്പോൾ ഒരു വീട്ടിലേക്ക് ചൂണ്ടി "ദാ അവിടത്തെ" എന്ന് പറഞ്ഞു. കുട്ടി അമ്പലം വരെ വന്നു. പിന്നെ അമ്പലത്തിൽ കണ്ട കൂട്ടുകാരുടെ കൂടെ കളിക്കാൻ പോയി.
അമ്പലത്തിൽ തൊഴുതു നിൽക്കുമ്പോൾ അന്നു പാടിയ അഷ്ടപദി "മേഘൈർമേദുരമംബരം, വനഭൂവഃ ശ്യാമാസ്തമാലദ്രുമൈഃ" അപ്പോൾ പുറത്ത് മഴമേഘങ്ങൾ ഉരുണ്ടു കൂടിയിരുന്നു. നടന്നവഴി വൃക്ഷനിബിഡായിരുന്നു. കൂടെ വന്ന കുട്ടിക്ക് തനിയെ അമ്പലത്തിലേക്ക് പോകാൻ പേടിയുണ്ടായിരുന്നു. അവൻ തന്റെ വിരലുകളിൽ മുറുക്കെ പിടിച്ചിരുന്നു. അഷ്ടപദി പദങ്ങൾ അവളെ പുറകോട്ട് വലിച്ചുകൊണ്ടിരുന്നു. അവാച്യമായ അഭൗമമായ എന്തോ തനിക്ക് അനുഭവപ്പെടുന്ന പ്രതീതി അവൾക്ക് ഇയ്യിടെയായി ഉണ്ടാകുന്നുണ്ട്.
ദേവി സാന്നിധ്യമുള്ള തറവാട്ടിലെ അവസാനത്തെ പെൺസന്തതി ആയിരുന്നു അവൾ. അവൾ ദേവിയുടെ അംശം പേറുന്നവളാണെന്നു എല്ലാവരും പറഞ്ഞിരുന്നു. പോരാത്തതിന് ജ്യോതിഷിയും അത് ശരിവച്ചിരുന്നു. അവളിൽ ഒരു ദേവചൈതന്യം കുടികൊള്ളുന്നതായി എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ മുറ്റത്തെ ദേവി ദുർഗ്ഗയാണ്. ദുർഗാ എന്തിനു കൃഷ്ണനെ സ്നേഹിക്കണം. ഒരു പക്ഷെ ഇതെല്ലാം ദുര്ഗാദേവിയുടെ മായയായിരിക്കുമോ. അഷ്ടപദി പുരോഗമിക്കുമ്പോൾ മഴ പെയ്തു. കുട്ടിയെ അവിടെ നോക്കിയിട്ടൊന്നും കണ്ടില്ല.
മഴത്തുള്ളികൾ ഇറ്റിറ്റു വീഴുന്നപോലെ മനസ്സിൽ സ്നേഹം ഒഴുകുന്നു. കണ്ണാ നീ എവിടെയെന്നു മനസ്സ് ദാഹിക്കുന്നു. ഞാൻ രാധയാണോ? എങ്കിൽ നീ എന്റെ പുറകിൽ ഉണ്ടാവണമല്ലോ. എന്റെ പേരിനു ശേഷം മതി നിന്റെ പേര് എന്ന് നിശ്ചയിച്ചത് നീ തന്നെയല്ലേ.അവളുടെ മനസ്സിലേക്ക് ചിന്തകളുടെ മഴക്കാറുകൾ ഉരുണ്ടുകൂടാൻ തുടങ്ങി. മഴവെള്ളം ഇടവഴിയിൽ കണങ്കാലിനൊപ്പമായി. അതിൽ ചവുട്ടി നടക്കുമ്പോൾ യമുനയുടെ ഓളങ്ങൾ തന്റെ കാലടികളെ തലോടുകയാണെന്നു തോന്നി. വഴിയോരത്തെ പറമ്പിൽ ഒരു മയിൽ പീലിവിടർത്തി നിൽക്കുന്നുണ്ട്. മയിലാട്ടം കണ്ടു മാനം വെള്ളത്തുള്ളികൾ വീഴ്ത്തിക്കൊടുത്ത സന്തോഷത്തിൽ ഇടയ്ക്കിടെ അത് നൃത്തച്ചുവടുകൾ വയ്ക്കുന്നുണ്ട് കാറ്റിൽ ഒരു മയിൽപീലി പറന്നുവന്നപോലെ തോന്നി. കണ്ണൻ ഇവിടെ അടുത്തുണ്ട്.എന്താണ് മനസ്സ് പിടയുന്നത്. അധികനേരം അമ്പലത്തിൽ നിൽക്കാൻ തോന്നിയില്ല. ഉടനെ തിരിച്ചു നടന്നു.
ധൃതിയിൽ നടക്കുമ്പോൾ പുറകിലൂടെ ആരോ നടന്നു വരുന്ന കാലൊച്ച. അയാൾ വെള്ളത്തിൽ കാൽപാദങ്ങൾ അമർത്തി ചവിട്ടുന്ന ശബ്ദം തിരിഞ്ഞു നോക്കുമ്പോൾ കള്ള കണ്ണൻ, മഞ്ഞമുണ്ട് ചുറ്റി ഓടകുഴലുമായി അവളെ നോക്കി പുഞ്ചിരിക്കുന്നപോലെ. നോക്കി നിൽക്കാൻ ശക്തിതോന്നിയില്ല. ഉടനെ മുഖം തിരിച്ചു. ഭയം തോന്നി.വേഗം നടന്നു. വഴിയിൽ അപ്പോൾ ആരുമില്ല.
കുറെ നടന്നപ്പോൾ ആരോ എതിരെ വരുന്നു. അയാളെ പരിചയമില്ല. പക്ഷെ അയാൾ തന്റെ പുറകിലേക്ക് നോക്കി ചോദിക്കുന്നു. "എന്താ പൊതുവാൾ രാവിലെ, എവിടെക്കാ"…അവൾ കൃഷ്ണ കൃഷ്ണ എന്ന് ജപിച്ച് വേഗം നടന്നു.
ശുഭം