Image

ലോഹിതദാസിന്റെ ഓർമദിനം : ലാലു കോനാടിൽ

Published on 28 June, 2025
ലോഹിതദാസിന്റെ ഓർമദിനം : ലാലു കോനാടിൽ

ജൂൺ 28 ഓർമദിനം ലോഹിതദാസിന്റെ അമരാവതി... അകലൂരിലെ കഥകളുറങ്ങാത്ത വീട്...!

'' തോരാതെ മഴ പെയ്യാൻ തുടങ്ങിയിട്ട്
നേരമേറെയായി... നല്ലതണുപ്പുണ്ട്
അമരാവതി രാവിൻന്റെ ഇരുൾ
പുതച്ചിരിക്കുകയാണ്... പൂമുഖത്ത്
ഞാനും..ഈ മഴയെ എനിക്ക് പേടിയാണ്... "

ഓർമ്മയുടെ അടിത്തട്ടിൽനിന്ന് 16വർഷം മുൻപുള്ള ഒരു മഴക്കാലം തേടി വരുന്നു...

" ഇതുപോലൊരു മഴയുള്ള
രാത്രിയിൽ ഞാൻ ഈ പൂമുഖത്ത്
ഉറങ്ങാതിരിന്നിട്ടുണ്ട്, ചിതയ്ക്കുമേൽ
വലിച്ചുകെട്ടിയ ടാർപായക്ക് ആ മഴയെ
വഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ
എന്ന് മനസ്സിൽ ഒരായിരം വട്ടം ഉരുവിട്ട
ഒരു രാത്രി.. മഴയിലും കണ്ണീരിൽ കുതിർന്ന
ഒരു കാലമായിരുന്നു അത്.. അന്നുതൊട്ട്
എന്റെ ഉള്ളിൽ മഴയ്ക്ക് മറ്റൊരു മുഖമാണ്...
ഇന്നും.. ഈ തോന്നൽ തികച്ചും
വ്യക്തിപരമാണ് എന്ന് എനിക്കറിയാം..
മഴയേക്കാൾ സൗന്ദര്യമുള്ള
മറ്റെന്താണുള്ളത്...
പ്രണയമെന്ന വികാരത്തോട്‌ 
മഴയേക്കാൾ ഇഴചേർന്ന മറ്റൊന്നുമില്ല..
ഞാൻ ഭയക്കുന്ന ഈ രാത്രിമഴയെ
അനേകായിരം ഹൃദയങ്ങൾ
ആസ്വദിക്കുന്നുണ്ടാവാം..."

ലോഹിതദാസിന്റെ തൂലികയിലെ
പ്രണയങ്ങൾ ഈ രാത്രി മഴ പോലെ
ആയിരുന്നു....

അവരുടെ സ്നേഹം ഈ
രാത്രി മഴയുടെ ശബ്ദം പോലെ വ്യക്തമാണ്..
പക്ഷേ ആ സ്നേഹത്തിന്റെ ആഴവും
വ്യാപ്തിയും രാത്രിയുടെ ഇരുട്ട്പോലെ
ആയിരുന്നു.. കണ്ണുകൾക്ക് കാണാൻ
കഴിയാത്ത ഒരുപാട് ഉണ്ടായിരുന്നു അതിൽ..
സംരക്ഷണവും ത്യാഗവും കരുതലും
അങ്ങനെ ഒരുപാട്...

ലോഹിതദാസ് സിനിമകളിലെ ബന്ധങ്ങളെക്കുറിച്ച് ആവാം 
ഏറ്റവും കൂടുതൽ ചർച്ച
ചെയ്യപ്പെട്ടിരിക്കുന്നത്, പക്ഷേ പ്രണയ
ബന്ധങ്ങളെ കുറിച്ച് അധികം പറഞ്ഞു
കേൾക്കാറില്ല...

തനിയാവർത്തനം എന്ന
ആദ്യ സിനിമ മുതൽ എല്ലാ കഥകളിലും
ദിവ്യമായ പ്രണയത്തിന്റെ സമ്പന്നത
ഒളിഞ്ഞിരിപ്പുണ്ട്.. തനിയാവർത്തനം
കണ്ടവർ ഒരുപക്ഷേ ചിന്തിക്കുന്നുണ്ടാവാം
അതിൽ എവിടെയാണ് ഒരു പ്രണയരംഗം
എന്ന്, മുകളിലെ മുറിയിൽ
ചങ്ങലക്കിട്ടിരിക്കുന്ന ശ്രീധരൻ മാമയെ
ഓർമ്മയില്ലേ... അയാൾ എങ്ങനെ
ചങ്ങലയുടെ ഒരു തലയ്ക്കൽ എത്തി..?
കുട്ടിയായിരുന്നു ബാലൻ മാഷിനെയും
ഗോപിനാഥനെയും കൂട്ടി കുന്നിൻചെരുവിൽ
പോയിരിക്കുന്ന രാത്രികളിൽ നക്ഷത്രങ്ങൾ
പൊട്ടി അടർന്നു വീഴുമ്പോൾ അത്
പൊളിഞ്ഞു പോകുന്നതിനു മുൻപേ
മേനാച്ചേരിയിലെ വലിയ കണ്ണുകളുള്ള
ആ പെൺകുട്ടി അമ്മായി ആയി വരാൻ പ്രാർത്ഥിക്കാൻ പറയുന്ന ശ്രീധരൻ മാമയെ
പറ്റി ബാലൻ മാഷ് പറയുന്നുണ്ട്.. സന്ധ്യക്ക്
തിരികൊളുത്താൻ സർപ്പക്കാവിൽ പോയ
ആ പെൺകുട്ടി വിഷംതീണ്ടി
മരിക്കുകയായിരുന്നു, ആ സംഭവമാണ്
ശ്രീധരൻ മാമയെ ആ ചങ്ങലയുമായി
ബന്ധിപ്പിക്കുന്നത്.. ഇതുപോലെ തീവ്രമായ
ഒരുപാട് പ്രണയബന്ധങ്ങൾ ആണ്
ലോഹിതദാസിന്റെ തൂലികയിൽ പിറന്നത്..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക