വിരഹം നിറയുന്നു,വികാരം മുറിയുന്നു
വാക്കും നോക്കും കുഴഞ്ഞു മറിയുന്നു
ഓർമ്മകൾ പിടിവിട്ട് കുതറി മാറുന്നു
മറക്കുടയും ചൂടി വാർദ്ധഖ്യമെത്തുന്നു..!!
മക്കളെ കാണുവാൻ മോഹം ഉദിക്കുന്നു
തുണയെങ്കിലെന്ന് വൃഥാകൊതിക്കുന്നു
വിറയുന്ന കൈകൾ നെഞ്ചിൽ തടവി
തേങ്ങും മനസ്സിന്റെ കണ്ണീർ തുടയ്ക്കുന്നു
അമ്മിഞ്ഞപാലും നുകർന്ന് വളർന്നവർ
അമ്മേ "യെന്നെന്തേയിന്നു വിളിക്കാത്തൂ..?
"അശ്രീകരം" എന്ന വാക്കുകളിന്നെന്റെ
കാതിൽ മുഴങ്ങുന്നു ഞാനും ഉരുകുന്നു
പൂമുഖപ്പടിയുടെ വാതിൽ അടയുന്നു
പിന്നാംപുറത്തായി ഞാനുംഒതുങ്ങുന്നു
ഒരുതവി കഞ്ഞികുടിക്കുവാനിന്നു ഞാൻ
നേരവും കാലവും നോക്കിയിരിക്കുന്നു
കരുതായി നിങ്ങളെ ചേർത്തു പിടിച്ചവർ
കടലോളം സ്നേഹം എന്നും പകർന്നവർ
കൺകണ്ട ദൈവമായി കന്മണിയായി
കരുതണം മാതാപിതാക്കളെ നിത്യവും
ലോകം മുഴുവനും നേടിയാലും, നിങ്ങൾ
മാതാപിതാക്കളെ ഓർക്കാതിരുന്നാൽ
നേട്ടങ്ങളൊക്കെയും വ്യർത്ഥമേ സത്യം
ആത്മാവ് നഷ്ടമായി തീർന്നിടും കഷ്ടം..!!