കൊച്ചിയില്‍ നിന്ന് 440 കിമീ തെക്കു കിഴക്കു ശ്രീലങ്കയോടു മുട്ടിക്കിടക്കുന്ന ധനുഷ്‌ക്കോടിയില്‍ നിന്ന് വിളിച്ചാല്‍ കൊച്ചിയില്‍ കേള്‍ക്കണമെന്നില്ല. കാരണം ബിഎസ്എന്‍എല്ലിനും ജിയോയ്ക്കും ഇവിടെ റേഞ്ചില്ല. അതേസമയം എന്റെ സുഹൃത്ത് ഫോര്‍ട്ടുകൊച്ചിക്കാരന്‍ ലോയിഡിന് സാധിക്കും, അദ്ദേഹത്തിന് ദുബൈ യില്‍ നിന്ന് വാങ്ങിയ സിം കാര്‍ഡ് ഉണ്ട്.
ലങ്കയെ ഉന്നം വച്ച് ബാംഗ്ലൂര്‍ ഇവന്റ് മാനേജര്‍ തിമ്മരാജുവിന്റെ ശംഖനാദം
ധനുഷ്‌ക്കോടി ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപില്‍ രാമേശ്വരത്തെ ഹോട്ടലില്‍ ലോയിഡ് ചെക്കിന്‍ ചെയ്തപ്പോള്‍ 'വെല്‍ക്കം ടു ശ്രീലങ്ക' എന്ന സന്ദേശം ഫോണില്‍ തെളിഞ്ഞു. മുന്‍ രാഷ്ട്രപതി മിസൈല്‍മാന്‍ എപിജെ അബ്ദുല്‍ കലാമിന്റെ ജന്മനാടായിട്ടും രാമേശ്വരത്തെയും 20 കി മീ അകലെയുള്ള ധനുഷ് ക്കോടിയിലെയും ടെലികമ്മ്യൂണിക്കേഷന്‍ ഇപ്പോഴും അത്ര നന്നായിട്ടില്ല.
ലോയിഡും സഹപ്രവര്‍ത്തകന്‍ പന്തളം സ്വദേശി ആദര്‍ശും ധനുഷ് ക്കോടിയിലെത്തിയത് ഒരുമാസംമുമ്പ് ആലപ്പുഴ തീരത്തിന് 27 കി മീ അകലെ കടലില്‍ മുങ്ങിത്താണ എംഎസ് സി എല്‍സ 3 കപ്പലിലെ രക്ഷാപ്രവര്‍ത്തവുമായി ബന്ധപ്പെട്ടാണ്.
കേരളതീരത്തു മുങ്ങിയ കപ്പലിലെ പോളിപ്രോപ്പലിന്‍ ഗ്രാന്യൂള്‍സ് ശേഖരിക്കുന്ന ലോയിഡും ആദര്‍ശും
ഗുജറാത്തിലെ പോര്‍ബന്ദര്‍ ആസ്ഥാനമായ MERC (Marine Emergency Response Centre) ഉദ്യോഗസ്ഥന്മാരാണ് ഇരുവരും. ഇന്ത്യയിലും വിദേശത്തും ജോലിചെയ്തു പരിചയസമ്പന്നര്‍. എംഎസ്സി എല്‍സയില്‍ നിന്ന് കടലില്‍ വീണു തകര്‍ന്ന അമ്പത് കണ്ടെയിനറുകളിലെ പോളിപ്രൊപ്പലീന്‍ ഗ്രാന്യൂള്‍സ് കേരള-കന്യാകുമാരി തീരങ്ങളില്‍ നിന്ന് വാരിയെടുക്കാന്‍ നിയോഗിക്കപ്പെട്ട അവരുടെ കീഴില്‍ 100 പേര്‍ പണിയെടുക്കുന്നു.
രാമനാഥപുരം ജില്ലയില്‍ 400 രൂപയാണ് ദിവസക്കൂലിയെങ്കിലും കമ്പനി 500 രൂപയും യാത്രച്ചെലവായി നൂറു രൂപ അധികമായും നല്‍കുന്നു. ഇതെല്ലാം വഹിക്കുന്നത് കപ്പലിന്റെ അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനികളാണ്. കപ്പല്‍ കടലിന്നടിയില്‍ നിന്ന് ഉയര്‍ത്തിയെടുക്കാനുള്ള ചുമതലയും മെര്‍ക്കിനാണ്.
ധനുഷ് കോടിയിലെ കപ്പല്‍ഛേദ രക്ഷാപ്രവര്‍ത്തകര്‍
ശ്രീലങ്കയുടെ തലൈമന്നാര്‍ തുറമുഖത്തുനിന്നു കഷ്ട്ടിച്ചു 20 കി മീ അടുത്തു വാലറ്റം പോലെ നീണ്ടു കിടക്കുന്നു ധനുഷ് ക്കോടി. സീതയെ രക്ഷിക്കാന്‍ വാനരപ്പടയും ഒടുവില്‍ ശ്രീരാമനും കടന്നു ചെന്ന് രാവണനെ വധിച്ചു ശ്രീലങ്കയെ ചുട്ടുചാമ്പലാക്കിയ രാമായണ കഥയിലെ ഇതിഹാസ ഭൂമിയിലാണല്ലോ നില്‍ക്കുന്നതെന്ന് ഓര്‍മ്മിച്ചപ്പോള്‍ കുളിരു കോരി.
ബാംഗ്ലൂരില്‍നിന്നെത്തിയ ഇവന്റ് മാനേജര്‍ തിമ്മരാജൂ ധനുഷ് ക്കോടിയിലെ ഡസന്‍ കണക്കിനു ചിന്തിക്കടകളില്‍ ഒന്നില്‍ നിന്നു വാങ്ങിയ ശംഖുയര്‍ത്തി മുഴക്കുന്നതു കേട്ട് ഞാന്‍ ചോദിച്ചു ആരെയാണ് വിളിക്കുന്നതെന്ന്. രക്ഷകരെ കാത്ത് കണ്ണീരണിഞ്ഞു കാത്തിരിക്കുന്ന സീതാദേവിയല്ലാതെ മറ്റാരെ? എന്ന് മറുചോദ്യം. ഇടത്ത് രാമസേതുവിന്റെ ശാന്തമായ നീലക്കടല്‍. വലത്ത് പാല്‍പ്പതയോടെ തിരമാലകള്‍.
പുനര്‍ നിര്‍മ്മിച്ച പാമ്പന്‍ പാലങ്ങള്‍
കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയുടെ വാലറ്റത്ത് മലയാളികളെ കാണാനാവുമോ എന്ന് ഞാന്‍ പരതി. മലയാളം കലപില സംസാരിക്കുന്ന ഒരു സംഘം മുമ്പില്‍ വന്നു പെട്ടു. ഞാനൊരു മലയാളി ജേര്ണലിസ്‌റ്. നിങ്ങളുടെ ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ച മാത്രയില്‍ മുല്ലപ്പൂ ചൂടിയ മുടിയിളക്കി മൊബൈലില്‍ സംസാരിച്ചുകൊണ്ടിരുന്ന ഒരു കൗമാരക്കാരി ഒറ്റയോട്ടം. വശങ്ങളില്‍ 'വയനാട്ടുകാരന്‍' എന്നെഴുതിയ ഒരു ട്രാവലറിനടുത്തേക്കു ആ സംഘം നീങ്ങി.
അറുപതു വര്‍ഷം മുമ്പ് ഭീകരമായ ചുഴലിക്കാറ്റ് തകര്‍ത്തു തരിപ്പണമാക്കിയ ദുരന്തഭൂമിയിലാണ് നില്‍ക്കുന്നതെന്ന് വിശ്വസിക്കാനായില്ല. പാമ്പന്‍ പാലവും തൊട്ടുചേര്‍ന്നുള്ള റെയില്‍പ്പാലവും പുനര്‍ നിര്‍മ്മിച്ചു തുറന്നു കൊടുത്തിട്ടു മാസങ്ങളെ ആയിട്ടുള്ളു. പഴയ പള്ളിയുടെയും റയില്‍വേ സ്റ്റേഷന്റെയും അവശിഷ്ട്ടങ്ങള്‍ അവിടെ ഇപ്പോഴും കാണാം.
അപ്പപ്പോള്‍ പിടിച്ചു കൊണ്ടുവരുന്ന മല്‍സ്യം ഉപ്പും മുളകും പുരട്ടി പൊരിച്ച് തരുന്ന ഒരു പിഎംകെ ഭരതന്‍ സ്റ്റോറില്‍ ഞങ്ങള്‍ കയറി. സുധയുടെയും നമ്പിരാജിന്റെയും കട. സുധയുടെ അച്ഛനാണ് ഭരതന്‍. ധധുഷ് ക്കോടിയിലെ പുതിയ ലൈറ്റ്ഹൗസിന്റെ തൊട്ടു മുന്നിലാണ് കട. പത്തുരൂപ ടിക്കറ്റില്‍ ലൈറ്റ് ഹൗസില്‍ ആര്‍ക്കും കയറാം. തിങ്കളാഴ്ച ഒഴികെ.
കപ്പല്‍ കടക്കാന്‍ വേണ്ടി ഉയര്‍ത്തിക്കൊടുക്കുന്ന ഉരുക്കുപാലം
രണ്ടു ഇടത്തരം കടല്‍ മീന്‍ ചൂണ്ടിക്കാട്ടി ഓര്‍ഡര്‍ കൊടുത്തു. രാവിലെ പത്തര ആവുന്നതേയുള്ളു, ആദ്യത്തെ ഓര്‍ഡര്‍. പത്താം ക്ലാസ്സില്‍ അഞ്ഞൂറില്‍ 340 മാര്‍ക്ക് വാങ്ങിയ കിഷോര്‍നാഥനാണ് കടയിലേക്ക് ആളുകളെ വിളിച്ചു കയറ്റുക. ഇനി എന്തിനു പഠിക്കണം? രണ്ടു മീന്‍ പൊരിച്ച് തരുന്നതിനു 450 രൂപ. കടയില്‍ ശരാശരി അയ്യായിരം രൂപ വരുമാനമുണ്ടെന്നു സുധ പറഞ്ഞു. അച്ഛന്‍ ഭരതനും രാമേശ്വരത്തു കടയുണ്ട്.
മീന്‍ കടയില്‍ വച്ചാണ് ലോയിഡിനെയും ആദര്‍ശിനെയും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. കടയുടെ പിന്നിലെ വെളുത്ത മണലോരത്തു നിന്ന് പോളിപ്രൊപ്പലീന്‍ തരികള്‍ ശേഖരിക്കുന്ന ആണ്‍-പെണ്‍ പടയെ അവര്‍ കാണിച്ചു തന്നു. പുറത്തു സൂര്യന്‍ 39 ഡിഗ്രിയില്‍ ജ്വലിച്ചു നിന്നതിനാല്‍ അവരെ ദൂരെനിന്നു കണ്ടു മതിയാക്കി.
പാമ്പന്‍ പാലത്തിനു കീഴിലെ മത്സ്യമാര്‍ക്കറ്റ്
ശ്രീലങ്കന്‍ യുദ്ധം നടക്കുന്നതിനു മുമ്പ് കോട്ടയത്തുനിന്ന് പത്തുപേരടങ്ങിയ ഒരു സംഘത്തില്‍ പെട്ട് കൊല്ലം, മധുര, മാനമധുര വഴി രാമേശ്വരത്തു ട്രെയിനില്‍ എത്തിയ ദിവസം ഓര്‍മ്മയില്‍ ഓടിയെത്തി. അവിടെ നിന്ന് ഇന്ത്യന്‍ യാത്രക്കപ്പലില്‍ തലൈമന്നാറിലേക്ക് കടന്നു വീണ്ടും ട്രെയിനില്‍ പിറ്റേന്നു രാവിലെ കൊളംബോയില്‍ എത്തിയ സാഹസയാത്ര.
കോട്ടയത്തു നിന്ന് കൊളംബോ വരെ 1974ല്‍ ആകെ യാത്രക്കൂലി 95 രൂപ. കപ്പല്‍ കൂലി 35 രൂപ ഉള്‍പ്പടെ. കോട്ടയംകാരന്‍ കുരുവിളയുണ്ടായിരുന്നു കപ്പലില്‍ സഹായിക്കാന്‍. രാമേശ്വരത്തു പരിശോധനകള്‍ കഴിഞ്ഞു വലിയ തോണികളില്‍ കപ്പലിനടുത്തെത്തിച്ചു കയര്‍ ഗോവണി വഴി കയറ്റുകയായിരുന്നു. തലൈമന്നാറിലാകട്ടെ വിഴിഞ്ഞവും കൊച്ചിയും പോലെ കപ്പല്‍ കരയോടു മുട്ടിയുരുമ്മി നിന്നു. അന്ന് കൊളംബോയില്‍ ഫോറിന്‍ കാറുകള്‍ തലങ്ങും വിലങ്ങും പായുന്നത് കണ്ടു കണ്ണുമിഴിച്ചു നിന്നുപോയി. യൂണിഫോമില്‍ ഒരു വനിതാപോലിസുകാരിയെ ആദ്യം കണ്ടതും അവിടെവച്ചു തന്നെ.
ലങ്കയിലേക്ക് നോക്കി നില്‍ക്കുന്ന സഞ്ചാരികള്‍
യുദ്ധ കാലത്തു ഇന്ത്യയിലേക്കു ഓടിപ്പോന്ന ആയിരക്കണക്കിന് തമിഴ് അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചത് രാമേശ്വരത്തു നിന്ന് പത്തു കിമീഅകലെയുള്ള മണ്ഡപത്തില്‍ ആണ്. അവിടത്തെ രണ്ടു റെയില്‍ സ്റ്റേ ഷനുകളില്‍ ഒന്ന് മണ്ഡപം ക്യാമ്പ് എന്നറിയപെടുന്നു. ഇന്ന് പാസഞ്ചര്‍ ട്രെയിനുകളേ അവിടെ നിര്‍ത്താറുള്ളു. എന്നാല്‍ സാക്ഷാല്‍ മണ്ഡപത്തില്‍ എല്ലാ ട്രെയിനുകളും നിര്‍ത്തും
മണ്ഡപം വെസ്റ്റ് ബീച്ചിലെ ബ്ലൂ വാട്ടേര്‍ഴ്സ് റിസോര്‍ട്ടില്‍ മൂന്ന് കിടക്കകള്‍ ഉള്ള ഒരു എസി കോട്ടേജിന് 2500. ബ്രെക്ക്ഫാസ്റ്റ് ഫ്രീ. രാത്രി വൈകുവോളം കടല്‍തീരത്തു ഫിഷിങ് ബോട്ടുകളുടെ നടുവില്‍ കസേരയിട്ടു മുകളിലാകാശവും താഴെ നീലക്കടലും കണ്ടുകൊണ്ടു മയങ്ങിയിരുന്നു. വലത്ത് ദൂരെ പാമ്പന്‍ പാലത്തില്‍ നിന്നും രാമേശ്വരത്തു നിന്നും ജ്വലിക്കുന്ന വൈദ്യതി വെളിച്ചവും ആവഴി പായുന്ന വാഹനങ്ങളുടെ മിന്നല്‍ വെളിച്ചവും ചേര്‍ന്നൊരു ഇന്ദ്രപുരി കാണാം.
ധനുഷ് ക്കോടിയിലെ പഴക്കച്ചവടം
നടക്കാവുന്ന ദൂരത്തില്‍ എന്‍എംകെ എന്ന മല്‍സ്യബന്ധന കമ്പനി കാണാം. ഉടമ നമ്പുനാരി ഇങ്ങോട്ടുവന്നു പരിചയപെട്ടു, മണ്ഡപത്തിന്‍ തന്നെ മുന്നൂറോളം ബോട്ടുകള്‍ ഉണ്ടത്രേ. എന്‍എംകെയ്‌സ് എട്ടെണ്ണം. മല്‍സ്യം സപ്ലൈ ചെയ്യുന്നതു കൊച്ചി തോപ്പുംപടിയിലെ ബേബി മറൈന്‍ സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്സിന്. കമ്പനിയുടെ രണ്ടു വന്‍ പ്രോസസിംഗ് യൂണിറ്റും തൊട്ടടുത്തുണ്ട്.
അന്‍വറിന്റെ ബിരിയാണിക്കടയാണ് മണ്ഡപം ടൗണിലെ മറ്റൊരു ആകര്‍ഷണം. ഫൗസിയ ബാനു നടത്തുന്ന കടയിലെ ആദ്യ കസ്റ്റമറും ഞങ്ങള്‍ ആയിരുന്നു. മുട്ടസഹിതമുള്ള ഒരു പാക്കറ്റു ചിക്കന്‍ ബിരിയാണിക്ക് 110. ഉപ്പയുടെ ഉമ്മ പാലക്കാട്ടുകാരിയായിരുന്നുവെന്നു ഫൗസിയ. പക്ഷെ ഇതുവരെ പാലക്കാട് കണ്ടിട്ടില്ല. മകന്‍ അന്‍വറിന്റെ പേരിലാണ് കട. അവന്‍ എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്നു.
173 കിമീ ദൂരമുള്ള മധുര-രമേശ്വരം ദേശിയ പാതയില്‍ മധുരയില്‍ നിന്ന് അമ്പത് കിമീ അകലെയാണ് മാനമധുര. ദേശീയപാതയില്‍ നിന്ന് വിളിപ്പാടകലെ പുതിയ താലൂക്ക് ഓഫീസിനു എതിര്‍വശം പൊരിച്ച ചെട്ടിനാട് ചിക്കന്‍ കൂട്ടി ശാപ്പാടു തരുന്ന ഒരു കടയുണ്ട്. മാനമധുര രാമായണ കാലത്തെ വാനരസേനയില്‍ നിന്ന് ഉടലെടുത്തതാണത്രേ. ജില്ലാ ആസ്ഥാനമായ രാമനാഥപുരത്തിനും അങ്ങിനെയൊരു കഥ പറയാനുണ്ട്.
കൊച്ചി ബേബി മറൈന് മല്‍സ്യം പിടിച്ചയക്കുന്ന മണ്ഡപത്തിലെ നമ്പുനാരിയോടൊപ്പം
മണ്ഡലം വെസ്റ്റിനോട് വിട പറയുന്ന പ്രഭാതത്തില്‍ ഞങളുടെ റിസോര്‍ട്ടിനോട് തൊട്ടുചേര്‍ന്ന വളപ്പില്‍ പുതിയൊരു റിസര്‍ട്ടും പിറന്നു വീണു-പാക്ക് സ്‌ട്രൈറ്‌സ് റിസോര്‍ട്. ഈ രണ്ടെണ്ണമേ ഇപ്പോള്‍ ആ ബീച്ചിലുള്ളു. കടലോരത്തെ മറ്റു പ്ലോട്ടുകളെല്ലാം മധുരയില്‍ നിന്നും ചെന്നൈയില്‍ നിന്നുമുള്ള പണക്കാര്‍ ഗസ്‌റ് ഹൗസുകള്‍ക്കായി വാങ്ങിയിട്ടിരിക്കുകയാണത്രെ.
അത്തരം ഒരേക്കര്‍ വരുന്ന ഒരു വളപ്പിന്റെ ചുമതല ഞങ്ങള്‍ താമസിച്ച ബ്ലൂ വാട്ടേഴ്‌സ് റിസോര്‍ട് മാനേജര്‍ ആഷിക്കിന്.ക്രിക്കറ്റില്‍ ഭ്രാന്തു കയറി ഒമ്പതില്‍ പഠിത്തം നിര്‍ത്തിയ ആഷിക് പക്ഷെ നന്നായി ഇംഗീഷ് സംസാരിക്കും. റിസോര്‍ട്ടിന്റെ ഉടമ ലണ്ടനിലെ പദ്മനാഥന്‍ എന്ന കുടുംബ സുഹൃത്താണ്. അദ്ദേഹത്തിന്റെ വക മറ്റൊരേക്കര്‍ കടലോര വളപ്പിന്റെ കെയര്‍ടേക്കറും ആഷിക് തന്നെ. ആര്‍ക്കും വാങ്ങാം. സെന്റിന് 1.20 ലക്ഷം.
ചിത്രങ്ങള്‍
1. ആറു പതിറ്റാണ്ടു മുമ്പ് സുനാമി തകര്‍ത്ത ധനുഷ്‌ക്കോടിയിലെ ഒരു കെട്ടിടത്തിന്റെ ബാക്കിപത്രം
.