Image

ചുരുളി വിവാദം; നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

Published on 28 June, 2025
ചുരുളി  വിവാദം; നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്‌ പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ചുരുളി സിനിമ വിവാദത്തിൽ നടൻ ജോജു ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്‌ ലിജോ ജോസ് പെല്ലിശ്ശേരി പിൻവലിച്ചു. ജോജുവിന് സിനിമയിൽ നൽകിയ പ്രതിഫല കണക്കുമായി ബന്ധപ്പെട്ട പോസ്റ്റാണ് പിൻവലിച്ചത്. ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് ജോജു ജോർജ് രംഗത്തെത്തിയിരുന്നു. സിനിമയിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട എഗ്രിമെന്റ് പുറത്ത് വിടണമെന്ന് ജോജു അവശ്യപ്പെട്ടതിന് പിന്നാലെയാണ് ലിജോ ഫേസ്ബുക്ക് പോസ്റ്റ്‌ നീക്കം ചെയ്തത്.

സിനിമയിൽ ജോജുവിന് അഞ്ച് ലക്ഷത്തിലേറെ രൂപ നല്‍കിയതിന്റെ രേഖകളാണ് ലിജോ ഫേസ്ബൂക്കിലൂടെ പുറത്തുവിട്ടത്. സിനിമയില്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് ജോജുവിന് നല്ല ബോധ്യമുണ്ടായിരുന്നുവെന്നും ചിത്രം ഇതുവരെ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അവസരമുണ്ടായാല്‍ ചിത്രം എന്തായാലും തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ താന്‍ തെറി പറയുന്ന പതിപ്പ് അവാര്‍ഡിന് മാത്രമേ അയയ്ക്കൂ എന്ന് പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു ജോജു ജോര്‍ജിന്റെ ഒരു ആരോപണം. തുണ്ട് കടലാസിനു പകരം സിനിമയുമായി ബന്ധപ്പെട്ട് താനുമായി ഒപ്പുവെച്ച യഥാർത്ഥ എഗ്രിമെന്റ് പുറത്തു വിടണമെന്നും ജോജു ജോർജ് പറഞ്ഞിരുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റ്‌ പുറത്തു വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി നടൻ ജോജു ജോർജ് രംഗത്ത് വന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക