Image

അഴുക്കുചാൽ (കവിത : രമണി അമ്മാൾ)

Published on 29 June, 2025
അഴുക്കുചാൽ (കവിത : രമണി അമ്മാൾ)

ആകാശം കാണാതൊഴുകുന്ന നിശ്ശബ്ദതയെ,
ആരോയെഴുതിയ
തെരുവുഗീതം പോലെ,
കാറ്റ് മറവിയിലേക്കു വകഞ്ഞുമാറ്റുന്നു...!

മാലിന്യങ്ങൾ
നിറഞ്ഞു കലങ്ങിയൊഴുകുന്ന
ശാന്തിയിൽ,
വളർന്നു വരുന്നയൊരു തവളച്ചിറകിൽ
പുതിയ മഴക്കാലം ഓലിയിടുന്നു...!

ഒരിക്കൽ
പുഴയിലേക്കുളള വഴികൾ മൂടപ്പെട്ടുകിടന്നിരുന്നു.
അന്ന്, മണ്ണിന്റെ വക്കിലൂടെ
ഒഴുക്കു മരണമില്ലാതെ
വഴിയറ്റുപോയത്
പുഴയല്ലായിരുന്നു,
ശാന്തമായൊഴുകിയൊരു
ചാലായിരുന്നു,
നിശ്ശബ്ദ പ്രതീക്ഷയായിരുന്നു..
മഴപ്പെയ്ത്തിൽ
ആകാശംപോലുമവളി
ലേയ്ക്ക് കണ്ണുനട്ടിരുന്നിരുന്നു..

വേർതിരിയ്ക്കപ്പെട്ട 
ദാരിദ്ര്യങ്ങൾ
അവളിലേക്കാർത്തലച്ചു വീഴുമ്പോൾ,
മഴപ്പുഴുക്കൾ വായിച്ചറിഞ്ഞ
ഒരുന്മാദിയുടെ   കവിതപോലെ...!

നഗരമവളെ മറന്നു പോയെന്നാലുമാ
കുടഞ്ഞ ശബ്ദങ്ങളി
പ്പൊഴുമലറുന്നുണ്ട്..

അറഞ്ഞിട്ടില്ലവൾക്കു
ഭാഷയുണ്ടെന്ന്,
ഭാഷ നീരാളിയാണെന്ന്,
ശബ്ദം ചോരാത്ത ഒഴുക്കാണെന്ന്..!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക