കുട്ടികളുടെ മാനസ്സിക സംഘർഷം കുറയ്ക്കാനും ലഹരി വിരുദ്ധ പ്രചാരണത്തിനുമായിട്ടാണ് കേരളത്തിലെ സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലനം ഈ അധ്യയന വർഷം തുടങ്ങിയത്.പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച നല്ലൊരു കാര്യമെന്നേ കൗമാരക്കാരുടെ ഭാവിയെക്കുറിച്ചു ചിന്തിക്കുന്ന ആർക്കും ഇതിനെക്കുറിച്ചു പറയാൻ കഴിയൂ. പക്ഷേ, എന്തിലും ഏതിലും വർഗീയത കാണുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്. അതു കൊണ്ടുതന്നെ സൂംബ ഡാൻസ് വിവാദമായതിൽ അദ്ഭുതമൊന്നും തോന്നിയില്ല.
വിവാദം ചില കാര്യങ്ങൾ എന്നെ ഓർമിപ്പിക്കുന്നു. ഞാൻ എഴുതിയ കായിക കേരള ചരിത്രം അടിസ്ഥാനമാക്കി ഹൈദരാബാദ് ഐ.ഐ.ടി.യിൽ പോസ്റ്റ് ഡോക്ടറേറ്റ് ചെയ്യുന്ന ഡോ.ആദ്രാ സുരേന്ദ്രൻ ആദ്യം വീട്ടിൽ വന്നപ്പോൾ കേരളത്തിലെ ആദ്യകാല കായിക താരങ്ങളിൽ ക്രിസ്ത്യാനികൾ ആണു കൂടുതലെന്ന് പുസ്തകത്തിൽ നിന്നു കണ്ടെത്തിയ കാര്യം പറഞ്ഞു. രണ്ടാമത് ഹിന്ദുക്കളാണ്. അതിൻ്റെ കാരണവും ഞങ്ങൾ ചർച്ച ചെയ്തു.
1953 ൽ ജബൽപൂർ നാഷനൽസിൽ തിരു-കൊച്ചി അത്ലറ്റിക് ടീമിൽ വനിതകൾ ആദ്യമായി സ്ഥാനം നേടി.ഗ്വാൻഡ്ലിൻ മിറാൻഡ , ലൂസി പോൾ, ശോശാമ്മ തോമസ്, വിജയലക്ഷ്മി നായർ, ഗെന്നി മിറാൻഡ എന്നിവരായിരുന്നു മലയാളി വനിതകൾ. മിഡിയും പൈജാമയും ധരിച്ച് ഓടിയിരുന്ന തങ്ങൾ ആദ്യമായി ഷോർട്സ് ധരിച്ച കഥ ലൂസി ച്ചേച്ചി പറഞ്ഞത് ഓർക്കുന്നു.1950 കളുടെ അവസാനം ദേശീയ തലത്തിൽ ഏറ്റവും തിളങ്ങിയ മലയാളി വനിതകൾ ഡോ. വസന്തകുമാരിയും സഹോദരി ഡോ.വിജയകുമാരിയുമാണ്.
അക്കാലത്ത് ഷോർട്സ് ധരിക്കുക പലർക്കും ബുദ്ധിമുട്ടായിരുന്നു.
ഇനി "The Day I Became a Runner" എന്ന പുസ്തകത്തിലേക്ക്. അതിൽ സോഹിനി ചദോപാദ്ധ്യായ ചോദിക്കുന്നു." Where is Muslim woman ?" രാജ്യാന്തര അത്ലറ്റിക്സിൽ ഇന്ത്യയെ മുസ്ലിം വനിതകൾ പ്രതിനിധാനം ചെയ്തിട്ടില്ലെന്നാണ് സോഹിനി എഴുതിയിരിക്കുന്നത്. ഇത് തെറ്റാണ്.ഇന്ത്യയെ മുസ്ലിം വനിതകളും പ്രതിനിധാനം ചെയ്തിട്ടുണ്ട്. 1982 ലെ ന്യൂഡൽഹി ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 4x400 മീറ്റർ റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ രാജസ്ഥാനിൽ നിന്നുള്ള ഹമീദാ ബാനോ അംഗമായിരുന്നു. റീത്താ സെൻ , എം.ഡി.
വൽസമ്മ, പത്മിനി തോമസ് എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. അവസാന സമയത്ത് അധികമായി നടത്തിയൊരു ട്രയൽസിൽ മലയാളി താരം എം.ശ്രീകുമാരിയമ്മയെ തഴഞ്ഞ് ഹമീദയെ ഉൾപ്പെടുത്തിയത് അന്നു വിവാദമായിരുന്നു.ഹമീദ 2024 ഡിസംബറിൽ അറുപത്തിനാലാം വയസ്സിൽ അന്തരിച്ചു. ട്രാക്ക് ആൻഡ് ഫീൽഡിൽ ഇന്ത്യൻ താരമായ ആദ്യ മുസ് ലിം വനിതയാണത്രെ ഹമീദ.
1987 ൽ കൊൽക്കത്തയിൽ സൗത്ത് ഏഷ്യൻ ഗെയിംസിൽ ജാവലിനിൽ സ്വർണം നേടിയ റസിയ ഷെയ്ഖ് ആണ് മറ്റൊരാൾ. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന റസിയ 50 മീറ്ററിൽ അധികം ജാവലിൻ പായിച്ച ആദ്യ ഇന്ത്യക്കാരിയാണ്. ഗുജറാത്ത് സ്വദേശി .
മലയാളി താരം മുജീതാ ബീഗം 1990-91ൽ ന്യൂഡൽഹി പെർമിറ്റ് മീറ്റിൽ ലോംഗ് ജംപിൽ ഇന്ത്യക്കായി മത്സരിച്ചതിന് ഞാനും സാക്ഷിയാണ്. പാലക്കാട് ആലത്തൂർ സ്വദേശിയാണ് മുജീത. തമിഴ് നാടിൻ്റെ ട്രിപ്പിൾ ജംപ് താരം നിസാമുദീനെ വിവാഹം ചെയ്ത മുജീത ഇപ്പോൾ തമിഴ്നാട്ടിലാണ്.
ഒരു കാര്യം കൂടി പറയട്ടെ.ഞാൻ ഈയിടെ വടുതല ഡോൺ ബോസ്കോ ജൂനിയർ കോളജിലെ അവാർഡ് ഡേയിൽ അതിഥിയായിരുന്നു. അവിടെ വിദ്യാർഥികളെയെല്ലാം നീന്തൽ പരിശീലിപ്പിക്കുന്നുണ്ട്. അവരുടെ കായിക ക്ഷമതാ പരിശീലന പദ്ധതിയിൽ നീന്തൽ പരിശീലനം ഉണ്ട്. എല്ലാ വിദ്യാർഥികൾക്കും നീന്തൽ പരിശീലിക്കാൻ അവസരമുണ്ട്. സൂം ബ വിവാദങ്ങൾ അവസാനിപ്പിച്ച് ,
ജാതിയും മതവുമൊക്കെ മാറ്റിവച്ച് സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനവും നിർബന്ധമാക്കണമെന്ന് അഭ്യർഥിക്കുന്നു.