ഒരു പ്രഭാതംകൂടി വിടരുകയാണ്. ഒപ്പം ആ വയനാടന്‍ താഴ്‌വാരത്തിന്റെ സൗന്ദര്യമത്രയും അയാളുടെ കണ്ണുകളില്‍ വന്നു നിറയുകയും. നീലഗിരിയുടെ സഖികളെക്കുറിച്ച് വയലാര്‍ രചിച്ച 'സുപ്രഭാതം' എന്ന സിനിമാഗാനം മധു അറിയാതെ തന്റെ മനസ്സില്‍ പാടിപ്പോയി.
വാസ്തവത്തില്‍ ഇതു തന്റെ ജീവിതത്തിലെ ഒരു പുനര്‍ജന്മമാണെന്ന് അയാള്‍ ഓര്‍മ്മിച്ചു. മനസ്സില്‍ ലക്ഷ്മി എന്ന പെണ്‍കുട്ടി അറിയാതെയെങ്കിലും സൃഷ്ടിച്ച വിസ്‌ഫോടനത്തില്‍ നിന്ന് രക്ഷപെടുന്നതിനു വേണ്ടി ഒരു ഭീരുവിനെപ്പോലെ അയാള്‍ ഒളിച്ചോടുകയായിരുന്നു.
ചെന്നൈ നഗരത്തോട് എന്നന്നേക്കുമായി യാത്ര പറഞ്ഞുകൊണ്ട് സെന്‍ട്രല്‍ സ്റ്റേഷനില്‍ കിടന്ന ഏതോ ഒരു തീവണ്ടിയില്‍ കയറിപ്പറ്റി.
തീവണ്ടി മുന്നോട്ടു കുതിച്ചു.
അപ്പോള്‍ വീണ്ടും ഓര്‍മ്മകളുടെ തിരയിളക്കം മനസ്സിനെ മഥിച്ചു.
ലക്ഷ്മിയുടെ മോഹനരൂപം ഒരിക്കല്‍കൂടി അയാളുടെ മനസ്സിലേക്കു കടന്നുവന്നു. മനസ്സിലെ വിഷാദം മുഖത്തേക്കു പ്രതിഫലിച്ചിരിക്കാം.
ട്രെയിനിലെ തിരക്കൊഴിഞ്ഞപ്പോള്‍ തൊട്ടടുത്തിരുന്ന ചെറുപ്പക്കാരന്‍ ലോഹ്യം കൂടാനെത്തി:
''എന്തുപറ്റി സുഹൃത്തേ, താങ്കള്‍ വളരെ അസ്വസ്ഥനായിരിക്കുന്നുവല്ലോ? ഞാന്‍ കുറച്ചുനേരമായി ശ്രദ്ധിക്കുന്നു.'' ആ ചെറുപ്പക്കാരന്‍ പറഞ്ഞു.
''ഹേയ് ഒന്നുമില്ല.'' മധു സംസാരിക്കാന്‍ താല്പര്യമില്ലാത്ത മട്ടില്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
അതോടെ ആ ചെറുപ്പക്കാരനും നിശബ്ദനായി.
എങ്കിലും അല്പനേരം കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ചങ്ങാത്തം കൂടാനെത്തി.
ദീര്‍ഘമായ ഒരു യാത്രയുടെ വിരസത അകറ്റാനെങ്കിലും മധു അയാള്‍ക്കു ചെവി കൊടുത്തു.
അയാള്‍ ഗോപാലകൃഷ്ണന്‍-
പറഞ്ഞത് ഹൃദയസ്പര്‍ശിയായ ഒരു ജീവിതകഥയായിരുന്നു-
മദ്ധ്യതിരുവിതാംകൂറില്‍ നിന്ന് വയനാട്ടിലേക്ക് കുടിയേറിയ ഒരു കുടുംബമാണ് ഗോപാലകൃഷ്ണന്റേത്. അച്ഛനും അമ്മയും സഹോദരിയുമടങ്ങിയ കുടുംബം.
കുടിയേറ്റ ഭൂമിയില്‍ വിയര്‍പ്പു ചിന്തി അവര്‍ കനകം വിളയിച്ചു. സമാധാനത്തോടും സന്തുഷ്ടിയോടും കൂടി ആ ജീവിതം മുന്നോട്ടു പോകവെയാണ് ഒരു തുലാവര്‍ഷക്കാലമെത്തിയത്.
ഒരാഴ്ചക്കാലത്തോളം നിറുത്താതെ പെയ്ത പേമാരിയില്‍ വയനാടന്‍ മലയോരങ്ങള്‍ വിറുങ്ങലിച്ചു നില്‍ക്കുന്നു.
ഒരു കറുത്ത രാത്രി.
താഴ്‌വാരം സുഖനിദ്രയില്‍ മുഴുകിക്കിടക്കവെ ഇടിമുഴക്കംപോലെ ഒരു ശബ്ദം കേട്ടു.
ഉരുള്‍പൊട്ടലാണ്-
മലയുടെ മുകളില്‍ നിന്ന് ഒലിച്ചിറങ്ങിയ കല്ലിലും മണ്ണിലും ഗോപാലകൃഷ്ണന്റെ വീടും തകര്‍ന്നടിഞ്ഞു. ഒപ്പം ആ ചെറുപ്പക്കാരന്റെ മാതാപിതാക്കളുടെ ജീവനും അപഹരിക്കപ്പെട്ടു...
കൊച്ചനുജത്തിയുടെ കയ്യും പിടിച്ച് ഗോപാലകൃഷ്ണന്‍ പച്ചയായ ജീവിതത്തിനു മുന്നില്‍ പകച്ചു നിന്നു....
പിന്നീട് എല്ലാം ഒന്നില്‍നിന്ന് - അല്ലെങ്കില്‍ ഒന്നുമില്ലായ്കയില്‍ നിന്ന് കെട്ടിപ്പടുക്കുകയായിരുന്നു.
ഒരു കൊച്ചുവീട്. കുറച്ചു കൃഷിയിടം. വിവാഹ പ്രായമെത്തിയ ഒരു അനുജത്തി. ഇത്രമാണ് ഇന്ന് ഗോപാലകൃഷ്ണന്റെ ബാക്കിപത്രം...
ഗോപാലകൃഷ്ണന്‍ കഥ പറഞ്ഞു തീരുമ്പോഴും മധുവിന് ലക്ഷ്യമില്ലാത്ത ഒരു യാത്രയുടെ ദൂരം ബാക്കി നില്‍പ്പുണ്ടായിരുന്നു.
അതിനിടയിലെപ്പോഴോ അയാള്‍ തന്റെ ജീവിതകഥയും ഗോപാലകൃഷ്ണനു കൈമാറി.
അതോടെ കൂടുതല്‍ അടുപ്പമായി. ഒരു ആത്മബന്ധം ഉടലെടുക്കുകയായി.
ലക്ഷ്യമില്ലാതെ യാത്ര തുടരുകയായിരുന്ന മധുവിനെ ഗോപാലകൃഷ്ണന്‍ കോഴിക്കോട്ടു റെയില്‍വേ സ്റ്റേഷനില്‍ നിര്‍ബ്ബന്ധിച്ചിറക്കി.
അവിടെനിന്ന് വയനാടന്‍ താഴ്‌വാരങ്ങളിലേക്ക് ഒരു ബസ്സുയാത്ര.
സായാഹ്നത്തോടെ അവര്‍ ഹരിതാഭമായ ആ നാട്ടിന്‍പുറത്തുള്ള ഗോപാലകൃഷ്ണന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നു.
''ശോഭേ, ഇതാ എനിക്കൊരു പുതിയ കൂട്ടുകാരനെക്കിട്ടി-മധു.'' ഗോപാലകൃഷ്ണന്‍ തന്റെ സഹോദരിക്ക് അതിഥിയെ പരിചയപ്പെടുത്തി.
ശോഭ-ഗ്രാമത്തിന്റെ നൈര്‍മ്മല്യം മുഴുവന്‍ മുഖത്തു പ്രതിഫലിക്കുന്ന ഒരു ശാലീന സുന്ദരി.
അവളുടെ മുഖത്ത് നേര്‍ത്ത ഒരു മന്ദഹാസം വന്നു മറഞ്ഞു.
''ഇനി മധു നമ്മോടൊത്താണ് താമസം.'' ഗോപാലകൃഷ്ണന്‍ വീണ്ടും പറഞ്ഞു.
അപ്പോഴും അവളുടെ മുഖത്ത് മിന്നി മറയുന്ന ഒരു മൃദുസ്‌മേരം.
താമസിക്കാന്‍ മധുവിന് അവിടെയുള്ള ഒറ്റപ്പെട്ട ഒരു മുറി ലഭിച്ചു. അതില്‍ നിന്ന് ഡ്രസ്സുമാറി പുറത്തേയ്ക്കു വരുമ്പോള്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു:
''വരൂ, ഇവിടെയടുത്ത് പുഴയുണ്ട്. നമുക്ക് അവിടെപ്പോയി മുങ്ങിക്കുളിക്കാം.''
മധുവിനും ഉത്സാഹമായി.
ആ കാനനച്ചോലയിലെ ശീതളിമയില്‍ മുങ്ങിക്കിടക്കുമ്പോള്‍ പെട്ടെന്ന് അയാള്‍ക്ക് താന്‍ ജനിച്ചു വളര്‍ന്ന തന്റെ ഗ്രാമത്തെ ഓര്‍മ്മ വന്നു. അതിനു പിന്നാലെ ഊര്‍മ്മിളയുടേയും കൊച്ചമ്മയുടേയും ഓര്‍മ്മ കൂടി എത്തിയപ്പോള്‍ അയാള്‍ തല കുടഞ്ഞു. ഓര്‍മ്മിക്കാനാവാത്ത ഒരു അധ്യായം.
''എന്തേ?'' ഗോപാലകൃഷ്ണന്‍ തിരക്കി.
''ഹേയ്. ഞാനെന്റെ നാട്ടിന്‍പുറത്തെ ഓര്‍മ്മിച്ചു പോയി.''
കുളി കഴിഞ്ഞ് വരുമ്പോള്‍ മധുവിന്റെ നഷ്ടപ്പെട്ട ഊര്‍ജസ്വലത തിരിച്ചു കിട്ടിയിരുന്നു.
ശോഭ അപ്പോഴേയ്ക്കും അവര്‍ക്കു കഴിക്കാന്‍ ചായയും ലഘുഭക്ഷണവും തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു. അവര്‍ രണ്ടാളും കൂടി അതു ഭക്ഷിച്ചു.
അനന്തരം ഗോപാലകൃഷ്ണന്‍ പറഞ്ഞു:
''വരൂ, ഇനി നമുക്ക് ടൗണിലൊക്കെ ഒന്നു കറങ്ങിയിട്ടു വരാം. മധുവിന് നമ്മുടെ നാടൊക്കെ ഒന്നു പരിചയപ്പെടുകയും ആവാമല്ലോ.''
മധുവിനും ഉത്സാഹമായി.
അവര്‍ ഇരുവരും കൂടി അപ്പോള്‍ത്തന്നെ പട്ടണത്തിലേയ്ക്കു തിരിച്ചു. കുറെ നേരത്തെ കാല്‍നടയാത്ര വേണ്ടിവന്നു അവര്‍ക്ക് അവിടെ എത്തിച്ചേരാന്‍.
ഒരു നാല്‍ക്കവലയും കുറെ ബിസ്സിനസ് സ്ഥാപനങ്ങളും-അത്രമാത്രമേയുണ്ടായിരുന്നുള്ളൂ ആ വയനാടന്‍ പട്ടണം.
താന്‍ അടുത്തകാലം വരെ വസിച്ച ചെന്നൈ നഗരവും ഈ വയനാടന്‍ പട്ടണവും തമ്മില്‍ എന്തൊരു അന്തരം! ആ വ്യത്യാസം ഇവിടുത്തെ ആളുകളുടെ പ്രകൃതത്തിലും സ്വഭാവ രീതികളിലും ഉണ്ടാവാം.
മധു അത്യാവശ്യം വേണ്ട അല്ലറചില്ലറ സാധനങ്ങളൊക്കെ അവിടെ കണ്ട കടകളില്‍ നിന്നും വാങ്ങി.
ഏതൊക്കെയോ പരിചയക്കാര്‍ ഗോപാലകൃഷ്ണനോടു തിരക്കി:
''ആരാണു ഗോപാലകൃഷ്ണാ ഈ പുതിയ ചങ്ങാതി?''
''എന്റെ കൂട്ടുകാരനാണ്. അങ്ങു നാട്ടില്‍ നിന്നും വന്നതാണ്.''
മധു ചിലരെയൊക്കെ പരിചയപ്പെട്ടു. ഒരു ഗ്രാമത്തിന്റെ നന്മ ഹൃദയത്തില്‍ സൂക്ഷിക്കുന്ന കുറെ നല്ല മനുഷ്യര്‍.
രാത്രിയായി.
ഇരുട്ടില്‍ നിലാവു വഴികാട്ടിയായി.
വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ശോഭ അത്താഴത്തിനുള്ള വിഭവങ്ങളൊക്കെ ഒരുക്കി വച്ചിരുന്നു.
''കഞ്ഞിയും പയറും ചമ്മന്തിയുമേയുള്ളൂ. പട്ടണത്തില്‍ നിന്നും വന്ന ആള്‍ക്ക് ഇതൊക്കെ ഇഷ്ടപ്പെടുമോ ആവോ...'' അവള്‍ കതകിന്റെ മറവില്‍ വന്നു നിന്ന് ഭവ്യതയോടെ അറിയിച്ചു.
മധു പൊട്ടിച്ചിരിച്ചു.
''പട്ടണത്തിലെ ഭക്ഷണം കഴിച്ച് മടുത്തിരിക്കുന്ന ഞാന്‍ ഇത്തരമൊരു ഭക്ഷണത്തിനായി കൊതിച്ചിരിക്കുകയായിരുന്നു.''
മധു ആ നാടന്‍ ഭക്ഷണം ആര്‍ത്തിയോടെ കഴിച്ചു.
വയനാടന്‍ താഴ്‌വാരത്തിന്റെ സുഖകരമായ ആലസ്യത്തില്‍ അവന്‍ സുഖമായി ഉറങ്ങി.
പ്രഭാതത്തിലും നാടന്‍ ഭക്ഷണം. കപ്പപ്പുഴുക്കും മുളകു ചട്‌നിയും.
കാപ്പികുടിയും കഴിഞ്ഞ് പത്രവും വായിച്ച് അലസമായി ഇരിക്കുമ്പോള്‍ ഗോപാലകൃഷ്ണന്‍ തൂമ്പയുമായി എത്തി.
''പറമ്പില്‍ അല്പം തൂമ്പാപ്പണിയുണ്ട്. താല്പര്യമുണ്ടെങ്കില്‍ മധുവിനും കൂടാം.''
''തീര്‍ച്ചയായും'' മധു ആവേശത്തോടെ ചാടിയെഴുന്നേറ്റു.
മറ്റൊരു തൂമ്പയുമായി അവനും ഗോപാലകൃഷ്ണനെ അനുഗമിച്ചു.
തെങ്ങും കുരുമുളകും കപ്പയുമെല്ലാം സമൃദ്ധമായി വളരുന്ന ഒരു കൃഷിയിടം.
മധുവിന് കൃഷിപ്പണി പരിചിതമല്ല.
അതുകൊണ്ടു തന്നെ അവനതൊരു പുതുമയായിരുന്നു; ആവേശവുമായിരുന്നു.
തൂമ്പകൊണ്ടുള്ള ഓരോ വെട്ടിനും ഭൂമിയുടെ മാറിനെ പിളര്‍ക്കുമ്പോള്‍ ഒരു ദേശം പിടിച്ചടക്കിയ ആവേശമായിരുന്നു. കിളച്ചു മറിച്ചിട്ട ഭൂമിയിലേയ്ക്കു പിന്തിരിഞ്ഞു നോക്കുമ്പോള്‍ അതിനേക്കാളേറെ ആവേശം.
ഇടയ്ക്ക് ശോഭ അവര്‍ക്കിരുവര്‍ക്കും കുടിക്കാന്‍ തണുത്ത വെള്ളവുമായി എത്തി.
''ഉച്ചഭക്ഷണം കൂടി ഈ പണിസ്ഥലത്ത് എത്തിച്ചിരുന്നെങ്കില്‍ ഞാന്‍ ശരിക്കും ഒരു കര്‍ഷകനായേനെ.'' മധു പറഞ്ഞു.
''അതുവേണ്ട. അതു വീട്ടില്‍ വന്നിരുന്ന് സൗകര്യമായിട്ടു കഴിച്ചാല്‍ മതി.'' ശോഭ ചിരിച്ചുകൊണ്ടു പറഞ്ഞു.
''കേട്ടോ മധൂ. ഉരുള്‍പൊട്ടലില്‍ ശരിക്കും തകര്‍ന്നു തരിപ്പണമായ ഭൂപ്രദേശമാണിത്. പിന്നെ വര്‍ഷങ്ങള്‍ കൊണ്ട് ചോര നീരാക്കിയാണ് ഇത് ഞാന്‍ ഈ പരുവത്തില്‍ എത്തിച്ചത്.''
''നാട്ടിന്‍പുറത്തായിരുന്നു എന്റെയും ബാല്യകാലം. അതുകൊണ്ട് കൃഷിയെക്കുറിച്ചും കര്‍ഷകന്റെ നന്മയെക്കുറിച്ചുമൊക്കെ എനിക്കും അറിവുള്ളതാണ്. എന്റെ ബാല്യം എനിക്കു തിരിച്ചു കിട്ടിയതുപോലെ തോന്നുന്നു. കഴിയുമെങ്കില്‍ എന്റെ ഇനിയുള്ള ജീവിതകാലമത്രയും ഈ വയനാടന്‍ താഴ്‌വാരത്തില്‍.''
''അങ്ങനെയാവട്ടെ. അതിന് ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാവും.'' ഗോപാലകൃഷ്ണന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
ശാരീരികമായ അല്പം ക്ഷീണം അനുഭവപ്പെട്ടെങ്കിലും അന്നു വൈകുന്നേരം വരെ മധു കൂട്ടുകാരനോടൊപ്പം ആ കൃഷിയിടത്തില്‍ പണിയെടുത്തു.
ഒടുവില്‍ താന്‍ പണിയെടുത്ത സ്ഥലത്തേക്ക് പിന്തിരിഞ്ഞു നോക്കുമ്പോള്‍ വല്ലാത്ത ഒരാത്മ സംതൃപ്തി.
തെല്ലകലെയുള്ള പുഴയില്‍ പോയി കുളിച്ച് പുതുവസ്ത്രങ്ങളും ധരിച്ചു കഴിഞ്ഞപ്പോള്‍ ഒരു നവോന്മേഷം.
''ഇവിടെ അടുത്ത് നല്ല പട്ടച്ചാരായം കിട്ടും. അല്പം പട്ടയും മുട്ടയും കൂടി സേവിച്ചാല്‍ എല്ലാ ക്ഷീണവും പമ്പ കടക്കും.'' ഗോപാലകൃഷ്ണന്‍ ചെവിയില്‍ മന്ത്രിച്ചു.
''വേണ്ട. അതു പരിചയമില്ല.'' മധു മദ്യം നിരസിച്ചു.
എങ്കിലും എല്ലുമുറിയെ പണിയെടുത്തതിനാല്‍ നല്ല രുചിയോടെ അത്താഴം കഴിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളും അതുപോലെ തന്നെ മുന്നോട്ടു നീങ്ങി. രാവിലെ മുതല്‍ ഗോപാലകൃഷ്ണനോടൊത്ത് കൃഷിപ്പണി. വൈകുന്നേരം പട്ടണത്തില്‍ ഒരു സവാരി. രാത്രിയായാല്‍ സുഖനിദ്ര.
അതിനിടയില്‍ ലക്ഷ്മി എന്ന സുന്ദരി ഹൃദയത്തിനേല്‍പ്പിച്ച ഷോക്ക് ഒരു മുറിവായി മനസ്സിലേക്കു കടന്നു വന്നില്ല.
ദിവസങ്ങള്‍ അങ്ങനെ സംഭവരഹിതമായി കടന്നു പോകുന്നതിനിടയിലാണ് ആ അപകടം-
Read More: https://www.emalayalee.com/writers/304