Image

ഏകാകിനിയുടെ യാത്ര ( കവിത : പി സീമ )

Published on 30 June, 2025
ഏകാകിനിയുടെ യാത്ര ( കവിത : പി സീമ )

ഒറ്റയ്ക്കൊരുവൾ 
സഞ്ചരിക്കുമ്പോൾ 
ഓരോ ഒറ്റയടിപ്പാതയും
നിനച്ചിരിക്കാതെ 
ഇരുൾ മൂടി 
വിജനമാകുന്നു.

ഒരു വിരൽത്തുമ്പിനപ്പുറം 
അവൾക്കു 
കീഴടക്കാനാകാത്ത 
ഒരു കടൽദൂരം 
ഇരമ്പുന്നു

കാലമേ 
കുളിരായി 
പെയ്തില്ലെങ്കിലും 
അവളിൽ 
കനലായി 
എരിയാതിരിക്കുക.
അവളുടെ 
ഇടനെഞ്ചിൽ 
തീയായി 
പടരാതിരിയ്ക്കുക.
അവൾ 
ഞാനാകുമ്പോൾ 
നീയില്ലായ്മയുടെ 
നൊമ്പരം  പോലുമിപ്പോൾ 
എന്നിലെ ഓർമ്മയും 
ഉന്മാദവും 
ലഹരിയുമാകുന്നു.

എന്നിട്ടും 
നീ തുറന്നിട്ടു പോയ
കവാടങ്ങളിലൂടെ
ഞാനറിയാതെ
വീശുന്ന കാറ്റുകൾ
ഉണങ്ങിപ്പോയ
ജീവിതപ്പൂമരത്തിന്റെ
അടിവേരുകളെ
ശിഥിലമാക്കുന്നു.
എപ്പോൾ മണ്ണോട്
ചേരുമെന്നറിയാതെ
മരങ്ങൾ  മഴയിൽ 
ഉച്ചത്തിൽ
നിലവിളിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക