സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖരനെ നിയമിച്ചതിനെ ന്യായീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. സി.പി.എം. സർക്കാർ തീരുമാനത്തിനൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ റവാഡയെ കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും, സർക്കാരും പാർട്ടിയും രണ്ട് നിലപാട് എടുക്കേണ്ട സാഹചര്യമില്ലെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
കേന്ദ്രം നൽകിയ പട്ടികയിൽ നിന്നാണ് സർക്കാർ ഡി.ജി.പി.യെ തിരഞ്ഞെടുത്തതെന്നും, ഈ സർക്കാർ തീരുമാനത്തെ പാർട്ടി അംഗീകരിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ വികാരം ഇളക്കിവിടാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി. ജയരാജൻ പറഞ്ഞത് എതിർപ്പല്ലെന്നും, സർക്കാർ നിലപാട് വ്യക്തമാക്കട്ടെ എന്ന് പറഞ്ഞത് എങ്ങനെ എതിർപ്പാകുമെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.
നേരത്തെ, റവാഡ ചന്ദ്രശേഖരനെ നിയമിച്ചതിൽ സി.പി.എം. നേതാവ് പി. ജയരാജൻ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയവരിൽ ഒരാളാണ് റവാഡ ചന്ദ്രശേഖരൻ എന്നായിരുന്നു ജയരാജൻ്റെ പരാമർശം. ഈ നിയമനത്തിൽ വിശദീകരിക്കേണ്ടത് സർക്കാരാണെന്നും, എല്ലാവർക്കും നീതി ഉറപ്പാക്കുന്ന തരത്തിലുള്ള പോലീസ് സംവിധാനമാണ് പാർട്ടി തീരുമാനിച്ചതെന്നും പി. ജയരാജൻ പറഞ്ഞിരുന്നു. എന്നാൽ, പി. ജയരാജൻ്റെ പ്രസ്താവനയെ എതിർപ്പായി കാണേണ്ടതില്ലെന്ന നിലപാടാണ് എം.വി. ഗോവിന്ദൻ സ്വീകരിച്ചത്.
English summary:
In the Koothuparamba case, it was the court that acquitted Revada; the CPI(M) government's decision aligns with that," justified M.V. Govindan.