Image

'ആരോഗ്യ വകുപ്പ് അനാരോഗ്യമായി മാറി; വീണാ ജോർജിന്റെ രാജി എഴുതി വാങ്ങി, അവരെ വാർത്തവായിക്കാൻ പറഞ്ഞയക്കുക’; കെ.മുരളീധരൻ

രഞ്ജിനി രാമചന്ദ്രൻ Published on 30 June, 2025
 'ആരോഗ്യ വകുപ്പ് അനാരോഗ്യമായി മാറി; വീണാ ജോർജിന്റെ രാജി എഴുതി വാങ്ങി, അവരെ വാർത്തവായിക്കാൻ പറഞ്ഞയക്കുക’;   കെ.മുരളീധരൻ

സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെയും മന്ത്രി വീണാ ജോർജിനെതിരെയും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ആരോഗ്യ വകുപ്പ് 'അനാരോഗ്യ വകുപ്പ്' ആയി മാറിയെന്നും, കേരളത്തിൻ്റെ ചരിത്രത്തിൽ ഇത്രയും പിടിപ്പുകെട്ടൊരു മന്ത്രി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിക്ക് തൻ്റെ വകുപ്പിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മുരളീധരൻ ആരോപിച്ചു. "സിസ്റ്റത്തിൻ്റെ തകരാറാണ്" എന്ന് മന്ത്രി പറയുമ്പോൾ, ആ സിസ്റ്റത്തെ നിയന്ത്രിക്കേണ്ടത് അതാത് വകുപ്പാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എത്രയും പെട്ടെന്ന് മന്ത്രിയുടെ രാജി എഴുതി വാങ്ങി ചാനലിൽ വാർത്ത വായിക്കാൻ അയക്കണമെന്നും മുരളീധരൻ പരിഹസിച്ചു.

മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. "മുഖ്യമന്ത്രിക്കും ഒന്നിനെയും നിയന്ത്രിക്കാൻ ആകുന്നില്ല. മുഖ്യമന്ത്രിക്ക് അസുഖം വന്നപ്പോൾ പോയത് മെഡിക്കൽ കോളേജിലേക്കല്ല, അമേരിക്കയിലേക്കാണ്." ആരോഗ്യമന്ത്രി ഒരു വനിതയായതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. "ഉടുതുണിയില്ലാത്ത മനുഷ്യൻ റോഡിൽ നിൽക്കുന്നതാണ് സർക്കാരിൻ്റെ അവസ്ഥ," എന്നും അദ്ദേഹം പരിഹസിച്ചു.

ഓരോ തിരഞ്ഞെടുപ്പിലും ജനം തങ്ങളുടെ വിധി എഴുതിക്കൊണ്ടിരിക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു. ഇനി എട്ട് മാസമാണ് ഈ സർക്കാരിന് മുന്നിലുള്ളത്. "ആ എട്ട് മാസം നിങ്ങൾ ആരെയൊക്കെ കൊല്ലും," എന്ന് അദ്ദേഹം ചോദിച്ചു. വീണാ ജോർജ് മന്ത്രിയായി കാലുകുത്തിയ അന്നുതന്നെ വകുപ്പ് അനാരോഗ്യമായെന്നും, അവരുടെ രാജി എഴുതി വാങ്ങി എത്രയും പെട്ടെന്ന് വാർത്ത വായിക്കാൻ വിടണമെന്നും മുരളീധരൻ ആവർത്തിച്ചു. 'മേജർ ക്യാപ്റ്റൻ' വിളികൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, താനൊരു പട്ടാളക്കാരനായതുകൊണ്ട് അഭിപ്രായം പറയുന്നില്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.

 

 

 

English summary:

The Health Department has become unhealthy; Vina George’s resignation should be taken in writing and she should be sent to read the news instead," said K. Muraleedharan.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക