മകളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ, കാസർഗോഡ് നീലേശ്വരം പള്ളിക്കര സ്വദേശികളായ പത്മനാഭൻ (70), ദേവി (65) ദമ്പതികളെ യൂണിയൻ ബാങ്ക് വീട്ടിൽ നിന്ന് ഇറക്കിവിട്ടു. ദമ്പതികളുടെ വസ്ത്രങ്ങളടക്കം സെക്യൂരിറ്റി ജീവനക്കാരൻ കത്തിച്ച നിലയിലായതിനാൽ ദുരിതം ഇരട്ടിച്ചു.
2015-ലാണ് ദമ്പതികൾ മകളുടെ വിവാഹത്തിനും വീടിന്റെ അറ്റകുറ്റപ്പണികൾക്കുമായി യൂണിയൻ ബാങ്കിൽ നിന്ന് 16 ലക്ഷം രൂപ വായ്പയെടുത്തത്. ഇതിൽ 13 ലക്ഷം രൂപ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയെ തുടർന്ന് വിദേശത്തായിരുന്ന മകന് ജോലി നഷ്ടപ്പെടുകയും വഴിയോരക്കച്ചവടം നടത്തിയിരുന്ന പത്മനാഭന് ഉപജീവനമാർഗം ഇല്ലാതാകുകയും ചെയ്തതോടെ വായ്പാ തിരിച്ചടവ് മുടങ്ങി.
വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് മകളെ സമീപിച്ചെങ്കിലും മകൾ സഹായിച്ചില്ലെന്നും ഫോൺ വിളിച്ചാൽ എടുക്കുന്നില്ലെന്നും ദമ്പതികൾ പറയുന്നു. മകൾ സജിത പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡെന്റൽ അസിസ്റ്റൻ്റായി ജോലി ചെയ്യുകയാണ്. ജപ്തി നടപടികൾ പൂർത്തിയായതോടെ യൂണിയൻ ബാങ്ക് വീട്ടിൽ സെക്യൂരിറ്റിയെ ഏർപ്പെടുത്തിയിരിക്കുകയാണ്. വീടിന് പുറത്തിറങ്ങിയ ദമ്പതികളുടെ വസ്ത്രങ്ങൾ ഉൾപ്പെടെ കത്തിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ വിഷയത്തിൽ അധികാരികളുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.
English summary:
Loan repayment defaulted; elderly couple evicted from their home by Union Bank; belongings including clothes found burnt.