Image

പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ അനുസ്മരിച്ച് കസാക്കിസ്ഥാൻ തലസ്ഥാനത്ത് പുതിയ ദേവാലയം

Published on 30 June, 2025
പീഡിപ്പിക്കപ്പെടുന്ന  ക്രൈസ്തവരെ അനുസ്മരിച്ച് കസാക്കിസ്ഥാൻ  തലസ്ഥാനത്ത് പുതിയ ദേവാലയം

അസ്താന: പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കായി കസാക്കിസ്ഥാന്റെ തലസ്ഥാനമായ അസ്താനയില്‍  സമർപ്പിച്ചിരിക്കുന്ന മരിയൻ ദേവാലയം കൂദാശ ചെയ്തു. ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് യുഎസ് ആസ്ഥാനമായുള്ള നസറേൻ.ഓർഗ് സംഘടന സ്ഥാപിക്കുന്ന ആറാമത്തെ പ്രാർത്ഥനാലയമാണിത്. ഈ ഗണത്തില്‍പ്പെടുന്ന മധ്യേഷ്യയിലെ ആദ്യത്തെ ദേവാലയമെന്ന പ്രത്യേകതയും അസ്താനയിലെ ദേവാലയത്തിനുണ്ട്. ജൂൺ 20-നാണ് ദേവാലയ കൂദാശ നടന്നത്.

പതിറ്റാണ്ടുകളായി ക്രൈസ്തവര്‍ അടിച്ചമർത്തലുകൾ നേരിടുന്ന രാജ്യത്ത് സ്ഥിതി ചെയ്യുന്ന ഈ ദേവാലയം, ആർച്ച് ബിഷപ്പ് തോമാസ് പെറ്റയുടെ ആശീര്‍വാദത്തോടെയും സഹായ മെത്രാന്‍ അത്തനേഷ്യസ് ഷ്‌നൈഡറിന്റെ പിന്തുണയോടെയുമാണ് സ്ഥാപിതമായിരിക്കുന്നത്. ദേവാലയ കൂദാശയ്ക്കിടെ ലെബനീസ് മെൽക്കൈറ്റ് കന്യാസ്ത്രീ സൗരയ ഹെറോ വരച്ച രൂപം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. പീഡിപ്പിക്കപ്പെട്ടവരുടെ അമ്മ എന്ന അറമായ ലിഖിതം ഐക്കണിൽ എഴുതിചേര്‍ത്തിട്ടുണ്ട്.

1991-ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം, കസാക്കിസ്ഥാൻ മതസ്വാതന്ത്ര്യം ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ ഇത് ഫലവത്തല്ല. രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 70% മുസ്ലീങ്ങളാണ്. കൂടുതലും റഷ്യൻ ഓർത്തഡോക്സ് അംഗങ്ങളായ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ 26% മാത്രമാണ്. ഇതില്‍ കത്തോലിക്ക സമൂഹം ചെറിയ ന്യൂനപക്ഷമാണെങ്കിലും സ്കൂളുകൾ, ഇടവകകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സഭ സജീവ സാന്നിധ്യം നിലനിർത്തുന്നു.

 ക്രൈസ്തവര്‍ ഏറ്റവും അധികം വെല്ലുവിളികള്‍ നേരിടുന്ന രാജ്യങ്ങളുടെ ഓപ്പണ്‍ ഡോഴ്സ് പട്ടികയില്‍ മുപ്പത്തിയൊന്‍പതാം സ്ഥാനത്താണ് കസാക്കിസ്ഥാന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക