Image

സാർക്കിനെതിരെ പുതിയ കൂട്ടായ്മ രൂപീകരിക്കാൻ പാക്കിസ്ഥാനും ചൈനയും കൈകോര്‍ക്കുന്നു

Published on 30 June, 2025
സാർക്കിനെതിരെ പുതിയ കൂട്ടായ്മ രൂപീകരിക്കാൻ പാക്കിസ്ഥാനും ചൈനയും കൈകോര്‍ക്കുന്നു

ദക്ഷിണേഷ്യൻ പ്രാദേശിക സഹകരണ സംഘടനയായ   സാര്‍ക്കിന് പകരം പുതിയ കൂട്ടായ്മ രൂപീകരിക്കാന്‍ പാകിസ്ഥാനും ചൈനയും കൈകോര്‍ക്കുന്നു.
ചൈനയിലെ കുന്‍മിങില്‍ പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് പ്രതിനിധികള്‍ തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. 

ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാര്‍ക്ക് കൂട്ടായ്മയിലുള്ളത്. ഇതിന് പകരം ചൈനയ്ക്കും പാകിസ്ഥാനും പ്രാധാന്യം ലഭിക്കുന്ന വിധത്തില്‍ പുതിയ കൂട്ടായ്മ രൂപീകരിക്കാനാണ് നീക്കമെന്ന് കറാച്ചി ആസ്ഥാനമായുള്ള ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയുന്നു. ഇന്ത്യ ഒരു പ്രധാന അംഗമായിരുന്ന സാർക്ക് നിലവില്‍ നിഷ്ക്രിയമാണ്.

സാര്‍ക്കിന്റെ ഭാഗമായ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും പുതിയ ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ഷണിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെയും പുതിയ നിര്‍ദിഷ്ട ഫോറത്തിലേക്ക് ക്ഷണിക്കും. കുന്‍മിങ് യോഗത്തിന് മുന്നോടിയായി മേയ് മാസത്തില്‍ ചൈന-പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ത്രിരാഷ്ട്ര ചർച്ചയും നടന്നിരുന്നു. ചൈന-പാകിസ്ഥാൻ സാമ്ബത്തിക ഇടനാഴി വികസിപ്പിക്കുന്നതിനും താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുന്നതിനുമാണ് ഈ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്.

1985 ഡിസംബർ എട്ടിന് ധാക്കയില്‍ വച്ചാണ് സാർക്ക് രൂപീകരിക്കപ്പെട്ടത്. ഏഴ് സ്ഥാപക അംഗങ്ങളുണ്ടായിരുന്ന സാർക്കില്‍ 2007ല്‍ അഫ്ഗാനിസ്ഥാൻ അംഗമായി. 2014 ല്‍ ആണ് സാര്‍ക്ക് ഉച്ചകോടി അവസാനമായി നടന്നത്. കാഠ്മണ്ഡുവില്‍ നടന്ന ഈ ഉച്ചകോടിക്ക് ശേഷം 2016 ല്‍ ഇസ്ലാമാബാദില്‍ ഉച്ചകോടി നടക്കേണ്ടതായിരുന്നു. എന്നാല്‍ 2016 സെപ്റ്റംബര്‍ 18 ന് ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനിക ക്യാമ്ബിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഇസ്ലാമാബാദ് യോഗത്തില്‍ പങ്കെടുത്തില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക