Image

ഞാൻ മേജർ ആയിട്ടു കാലം കുറെയായി മോനെ സതീശാ (പാര, ഭൂഷണം-സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 01 July, 2025
ഞാൻ മേജർ ആയിട്ടു കാലം കുറെയായി മോനെ സതീശാ (പാര, ഭൂഷണം-സുനിൽ വല്ലാത്തറ ഫ്ലോറിഡ)

കേരളത്തിൽ ഇന്നുള്ള കോൺഗ്രസ്‌ നേതാക്കളിൽ വളരെ ചെറുപ്പത്തിൽ തന്നെ പാർട്ടിയുടെയും അധികാരങ്ങളുടെയും ഉന്നതശ്രേണി മതിയാവോളം അനുഭവിച്ച നേതാവാണ് രമേശ്‌ ചെന്നിത്തല

കെ എസ് യു വിന്റെയും എൻ എസ് യു വിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്‌ഥാന തലത്തിലും ദേശീയ തലത്തിലും പ്രസിഡന്റ് ആയിരുന്ന ചെന്നിത്തല എഴുപതുകളുടെ അവസാനവും എൺപതുകളിലും കേരളത്തിലെ കോളേജ് ക്യാമ്പസുകളെ ഇളക്കി മറിച്ച പ്രാസംഗികൻ ആയിരുന്നു

ലീഡർ കെ കരുണാകരന്റെ അരുമ ശിഷ്യൻ ആയിരുന്ന ചെന്നിത്തലയ്ക്കു ലീഡറുമായുള്ള അഭേദ്യ ബന്ധം രാഷ്ട്രീയത്തിൽ അതിവേഗം കുതിച്ചുയരുന്നതിനു വളരെയേറെ സഹായിച്ചു

ഒരു കാലത്ത് ഇന്ദിരാഗാന്ധിയുടെ അടുപ്പക്കാരുടെ ലിസ്റ്റിൽ വരെ സ്‌ഥാനം പിടിച്ച ചെന്നിത്തല തന്റെ ഇരുപത്തിയേട്ടമത്തെ വയസ്സിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി മറ്റു സീനിയർ നേതാക്കളെ കടത്തിവെട്ടി ആയതും കരുണാകരനും ഇന്ദിരയും ആയിട്ടുള്ള അകമഴിഞ്ഞ ആത്മബന്ധം കൊണ്ടായിരുന്നു

എൺപത്തി ഒൻപതിൽ ആദ്യമായി പാർലമെന്റിലേയ്ക്കു മത്സരിക്കുവാൻ കോട്ടയം മണ്ഡലത്തിൽ ചെന്നിത്തല നേരിട്ടത് സി പി എം ന്റെ സ്റ്റാർ കാൻഡിഡേറ്റും യുവ പോരാളിയും സിറ്റിംഗ് എം പി യും ആയ സുരേഷ് കുറുപ്പിനെ ആയിരുന്നു

എൺപത്തി നാലിലെ ലോക്സഭ പൊതു തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന്റെ സഹതാപ തരംഗം ആഞ്ഞുവീശി കോൺഗ്രസ്‌ ഇന്ത്യ ഒട്ടാകെ നാലിൽ മൂന്നു ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നപ്പോൾ കേരളത്തിൽ ഇരുപതിൽ പത്തൊൻപതു സീറ്റിലും ജയിച്ച കോൺഗ്രസ്‌ മുന്നണിക്ക് നഷ്ടപ്പെട്ടത് കോട്ടയം മാത്രമായിരുന്നു. ആ തരംഗതിലും കോട്ടയം കോട്ട കാത്ത പുലിക്കുട്ടി സുരേഷ് കുറുപ്പിനെ എൺപത്തി ഒൻപതിൽ കരകവിഞ്ഞൊഴുകിയ മീനച്ചിൽ ആറ്റിലേയ്ക്കു തൂക്കി എറിഞ്ഞു ആദ്യമായി പാർലമെന്റിന്റെ വടക്കെ കവാടത്തിൽ കൂടി പ്രവേശിച്ച ചെന്നിത്തലയുടെ നോർത്തിന്ത്യക്കാരെ വെല്ലുന്ന ഹിന്ദി പ്രസംഗം കേട്ടു അന്ന് പാർലമെന്റിൽ ഉണ്ടായിരുന്ന രാജീവ്‌ ഗാന്ധി പോലും എഴുനേറ്റു നിന്നു കയ്യടിച്ചു

ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിൽ വഴിതിരിവ് ആകുന്നത് തൊണ്ണൂറ്റി രണ്ടിൽ കരുണാകരനു തിരുവനന്തപുരത്തിനു അടുത്തു വച്ചുണ്ടായ കാറപകടം ആണ്‌

ലീഡറുടെ പുത്രൻ കെ മുരളീധരൻ എൺപതുകളുടെ ഒടുവിൽ ഗൾഫിലെ ഉന്നത ഉദ്യോഗം ഉപേക്ഷിച്ചു കേരളത്തിൽ മടങ്ങിയെത്തി പിതാവിന്റെ പാത സ്വീകരിച്ചു രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ മുതൽ ഐ ഗ്രൂപ്പിൽ മുരളീധരന്റെ നേതൃത്വം അംഗീകരിക്കാൻ ചെന്നിത്തലയെ പോലെ കുറച്ചു യുവ നേതാക്കൾ തയ്യാറായില്ല

അങ്ങനെ വിങ്ങിപ്പൊട്ടി ചെന്നിത്തലയും കൂട്ടരും ഐ ഗ്രൂപ്പിൽ തുടരുമ്പോഴാണ് അന്ന് മുഖ്യമന്ത്രി ആയിരുന്ന കരുണകാരന് അപകടം ഉണ്ടകുന്നതുംഗുരുതര പരിക്ക് ഏറ്റതിനെ തുടർന്ന് അമേരിക്കയിൽ വിദഗ്ദ്ധ ചികത്സയ്ക്കായി പോകുന്നതും

അവസരം മുതലെടുത്ത ചെന്നിത്തല സമകാലീനർ ആയ ജി കാർത്തികേയനെയും എം ഐ ഷാനവാസിനെയും കൂട്ടി തിരുത്തൽവാദി എന്നൊരു ഗ്രൂപ്പ്‌ ഉണ്ടാക്കി കേരളത്തിൽ ഉടനീളം ഉള്ള തന്റെ അനുയായികളെ സംഘടിപ്പിച്ചുകൊണ്ട് ഗ്രൂപ്പ്‌ യോഗങ്ങൾ സംഘടിപ്പിച്ചു തിരുത്താൽവാദിയെ ശക്തമാക്കി തന്റെ ശക്തി കോൺഗ്രസ്‌ ഹൈക്കമാണ്ടിനു കാണിച്ചു കൊടുത്തു

രണ്ടായിരത്തി നാലിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വമ്പൻ പരാജയം തന്റെ നേതൃത്വംതിൽ ഉള്ള കോൺഗ്രസ്‌ മുന്നണിക്ക് ഉണ്ടായതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു അന്ന് മുഖ്യമന്ത്രി ആയിരുന്ന എ കെ ആന്റണി രാജീവച്ചപ്പോൾ പകരം മുഖ്യമന്ത്രി ആയത് എ ഗ്രൂപ്പ്‌ കാരൻ ആയ ഉമ്മൻചാണ്ടിയാണു

കേരളത്തിലെ കോൺഗ്രസിൽ അന്ന് ദുർബലനാകാൻ തുടങ്ങിയിരുന്ന കരുണകാരന് പ്രഹരം ഏൽപ്പിച്ചുകൊണ്ട് കോൺഗ്രസ്‌ ഹൈക്കമാൻഡ് മകൻ മുരളിയെ മാറ്റി കരുണാകര കുടുംബത്തിന് അനഭിമതൻ ആയി മാറിയിരുന്ന ചെന്നിത്തലയെ ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രി ആക്കിയതോടൊപ്പം കെ പി സി സി പ്രസിഡന്റ് ആക്കി

കോൺഗ്രസ്‌ നേതൃത്വതിൽ വന്ന ഉമ്മൻചാണ്ടി ചെന്നിത്തല കൂട്ടുകെട്ട് വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതെ ഏതാണ്ട് പത്തു വർഷത്തോളം കേരളത്തിലെ കോൺഗ്രസിനെ നയിച്ചു

രമേശ്‌ജിക് മുഖ്യമന്ത്രി മോഹം ആരംഭിക്കുന്നത് രണ്ടായിരത്തി പതിനൊന്നിലെ നിയമസഭ തെരഞ്ഞെടുപ്പോട് കൂടിയാണ്. അതുവരെ കോട്ടയത്ത്‌ നിന്നും മാവേലിക്കരയിൽ നിന്നുമായി മാറി മാറി പാർലമെന്റിലേക്കു മത്സരിച്ചിരുന്ന രമേഷ്ജി രണ്ടായിരത്തി പതിനൊന്നിൽ ഹരിപ്പാട് നിന്നും മത്സരിച്ചു ജയിച്ചു നിയമസഭയിൽ എത്തി

ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന രണ്ടായിരത്തി പതിനൊന്നു മുതൽ പതിനാറുവരെ പലരീതിയിൽ രമേഷ്ജി ഉമ്മൻചാണ്ടിക്കെതിരെ കരുക്കൾ നീക്കി. അതിന്റെ ആദ്യപടിയായി എൻ എസ് എസ് ന്റെ പിന്തുണയിൽ തിരുവഞ്ചൂരിനെ ബലമായി മാറ്റി ആഭ്യന്തര മന്ത്രി ആയി

ഉമ്മൻചാണ്ടിക്ക് തുടർഭരണം ലഭിക്കാതെ ഇരിക്കേണ്ടിയത് വേറെ ആരെക്കഴിഞ്ഞും ആവശ്യമായിരുന്ന രമേഷ്ജി സോളാർ വിവാദവും ബാർകോഴയും ഇടതുപക്ഷം അളിക്കത്തിച്ചപ്പോൾ മൗനമായി അവരെ സപ്പോർട്ട് ചെയ്തു

തുടർഭരണം നഷ്ടപ്പെട്ട ഉമ്മൻചാണ്ടി ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രതിപക്ഷ നേതാവാകാൻ വൈമുഖ്യം കാണിച്ചപ്പോൾ അവസരം മുതലെടുത്ത രമേഷ്ജിക്കു പ്രതിപക്ഷ നേതാവാകാനുള്ള നറുക്ക് വീണു

രണ്ടായിരത്തി പതിനാറു മുതൽ ഇരുപത്തി ഒന്നുവരെ കേരളത്തിലെ പ്രതിപക്ഷ നേതാവായും കേരളത്തിലെ കോൺഗ്രസിലെ ഏറ്റവും ശക്തനായ നേതാവായും മാറിയ രമേഷ്ജി പിണറായി സർക്കാരിനെതിരെ ഒരുപാട് അഴിമതി ആരോപണങ്ങളും സമരങ്ങളും കൊണ്ടുവന്നെങ്കിലും രണ്ടായിരത്തി പതിനെട്ടിൽ ഉണ്ടായ പ്രളയവും കോവിഡ് മഹാമാരിയും നേരിടുന്നതിൽ കാണിച്ച അസാമാന്യ നേതൃ പാടവും തന്റെടവും പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങൾക്കു പ്രിയങ്കരനാക്കി

ഇരുപത്തിഒന്നിൽ വീണ്ടും പിണറായിയുടെ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രതിപക്ഷ നേതാവ് സ്‌ഥാനത്തിന് ഇളക്കം തട്ടിയ രമേഷ്ജി അതു നിലനിർത്താൻ ഉമ്മൻചാണ്ടിയുടെ പിൻബലത്തിൽ ഒരുപാട് നാടകീയ നീക്കങ്ങൾ നടത്തിയെങ്കിലും യുവ കേസരി വി ഡി സതീശനെ ഹൈക്കമാൻഡ് പുതിയ പ്രതിപക്ഷ നേതാവ് ആക്കിയപ്പോൾ കരഞ്ഞുകൊണ്ട് കന്റോൻമെന്റ് ഹൗസിൽ നിന്നും പെട്ടിയെടുക്കേണ്ടി വന്നു ഇരുപതു വർഷമായി കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റി മെമ്പറായ രമേശ്ജിക്ക്

വി ഡി സതീശൻ പ്രതിപക്ഷ നേതാവായതിനു ശേഷവും സതീശനോട് ഒപ്പത്തിന് ഒപ്പം തന്നെ വാർത്താസമ്മേളനങ്ങൾ വിളിച്ചു കൂട്ടിയും സമരങ്ങളിൽ മുൻ നിരയിൽ നിന്നും കഴിഞ്ഞ നാലു വർഷമായി കേരള സമൂഹത്തിൽ ശ്രെദ്ധിക്കപ്പെട്ടിരുന്ന രമേഷ്ജിക്കു വിനയായത് നിലമ്പുർ ഉപതെരഞ്ഞെടുപ്പാണ്

സതീശൻ നേതൃതൊത്തിൽ വന്നതിനു ശേഷം നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന്റെ ഇലക്ഷൻ എഞ്ചിനീയറിംഗ് വൈഭവം കൊണ്ടും പ്രൊഫഷണിലിസം കൊണ്ടും കോൺഗ്രസും ഒപ്പം യൂ ഡി എഫും വൻ കുതിച്ചുകയറ്റം നടത്തുന്നതിൽ രമേഷ്ജി ഉൾപ്പെടെ പല കോൺഗ്രസ്‌ നേതാക്കളും അസ്വസ്‌ഥരായിരുന്നു എങ്കിലും അതു മറ നീക്കി പുറത്തു വന്നത് നിലമ്പുർ ഉപതെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷമാണു

അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചു യൂ ഡി എഫ് അധികാരത്തിൽ വരുകയാണെങ്കിൽ മുഖ്യമന്ത്രിയാകാൻ ഉടുപ്പ് തയ്ച്ചു വച്ചിരിക്കുന്ന കോൺഗ്രസ്‌ നേതാക്കൾ ഒരുപാട് പേര് ഉണ്ടെങ്കിലും ദീർഘ കാലമായുള്ള തന്റെ ഡൽഹിയിലെ സ്വാധീനം ഉപയോഗിച്ചു താൻ തന്നെ സത്യപ്രതിജ ചെയ്യും എന്നു ഉറച്ചു വിശ്വസിച്ചിരുന്ന രമേഷ്ജിക്കു കനത്ത അടി കൊടുത്തുകൊണ്ടാണ് നിലമ്പുരിൽ പി വി അൻവറെ കൈകാര്യം ചെയ്ത സതീശന്റെ ഗ്രാഫ് കുത്തനെ ഉയർന്നത്

നിലമ്പുർ തെരഞ്ഞെടുപ്പോടെ ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചാണക്യൻ ലീഡർ കെ കരുണാകരൻന്റെ ഒപ്പമോ അതിൽ അല്പം ഉയരത്തിലോ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളിലെ ഒന്നാമൻ ആയി മാറിയിരിക്കുന്ന സതീശനെ രാഷ്ട്രീയം മറന്നു കേരള ജനത ക്യാപ്റ്റൻ എന്നു വിളിക്കുന്നതിൽ ഏറ്റവും ആസ്വസ്‌ഥനായ രമേഷ്ജി യെ സതീശൻ ആശ്വസിപ്പിക്കുവാൻ മേജർ എന്നു വിളിച്ചെങ്കിലും രമേഷ്ജി യുടെ ആശങ്ക കൂടിയിരിക്കുകയാണ് 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക