വാഷിംഗ്ടൺ : യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുമോ എന്ന ചോദ്യം വീണ്ടും ഉയരുന്നു. മധ്യ പൂർവ ഏഷ്യയിൽ പല തവണ നേരിട്ടും തന്റെ ദൂതന്മാർ വഴിയും നടത്തിയ സമാധാന ചർച്ചകൾ ഒടുവിൽ വിജയം കണ്ടു എന്ന് വേണം ഇസ്രേലിന്റെയും ഇറാന്റെയും നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ മുഖവിലയ്ക്ക് എടുക്കുവാൻ കഴിയുമെങ്കിൽ കരുതാൻ.
ട്രംപ് വില പേശലുകൾ നടത്തുവാനും ഉടമ്പടികൾ സൃഷ്ടിക്കുവാനും അസാധാരണ കഴിവുള്ള വ്യക്തിയാണ്. വ്യവസായ രംഗത്തു തന്റേതായ സാമ്രാജ്യം പടുത്തുയർത്തുവാൻ ട്രംപിന് കഴിഞ്ഞതും ഈ കഴിവുൾക്കു തെളിവാണ്. മാരിയോ പുസോയുടെ പ്രസിദ്ധമായ നോവലിലെ കേന്ദ്ര കഥാപാത്രം, ഗോഡ്ഫാദറിന് ഏറെ പ്രചാരത്തിലാക്കുവാൻ കഴിഞ്ഞ ഉപദേശം, 'മേക്ക് ഹിം ആൻ ഓഫർ ഹി കനോട് റെഫ്യൂസ് ' ആണ്. ബിസിനസ്സിലും രാഷ്ട്രീയത്തിലും നേട്ടങ്ങൾ കൊയ്യുവാൻ ആഗ്രഹിക്കുന്ന പലരും കഴിഞ്ഞ ആറു ദശകങ്ങളായി ഇത് ആപ്തവാക്യമായി ഏറെക്കുറെ അംഗീകരിച്ചു കഴിഞ്ഞു. ഇതായിരിക്കാം മകൾ ഇവാൻക താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ശക്തനായ ഡീൽ മേക്കർ തന്റെ പിതാവാണ് എന്ന് പറയാൻ കാരണം.
യുദ്ധം അവസാനിക്കാതെ നീണ്ടു പോകേണ്ടത് പല രാഷ്ട്രീയ, വ്യവസായ നേതാക്കളുടെയും ആഗ്രഹമാണ്. സാധാരണ കാണാറുള്ളത് പോലെ പലരും ഒളിപ്പിച്ചു വച്ച അജണ്ടയുമായാണ് അനുരഞ്ജന ചർച്ചകൾക്ക് എത്തുക. പല ആഭ്യന്തര, അന്താരാഷ്ട്രീയ പ്രശ്നങ്ങളും നീണ്ടു പോകാൻ ഇത് കാരണമാകാറുണ്ട്. ഇതിന്റെ ദുർഫലങ്ങൾ എവിടെയും അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്.
ഇറാൻ-ഇസ്രേൽ യുദ്ധ വിരാമം താല്കാലികമാണ്. 60 ദിവസത്തേക്കാണ് രണ്ടു രാജ്യങ്ങളും തമ്മിൽ അന്യോന്യം മിസൈലുകളും മറ്റു യുദ്ധോപകരണങ്ങളും ആക്രമിക്കുവാൻ ഉപയോഗിക്കുന്നത് നിർത്തി വച്ചിരിക്കുന്നത്. ഈ കരാർ എപ്പോൾ വേണമെങ്കിലും രണ്ടു രാജ്യങ്ങളിൽ ഒന്നോ, രണ്ടും തന്നെയുമോ ലംഘിച്ചു എന്ന് വരാം. പക്ഷെ ഇത്രയുമെങ്കിലും സാധിച്ചെടുക്കുവാൻ കഴിഞ്ഞത് ഒരു വലിയ നേട്ടം തന്നെയാണ്. ഗാസയിലെ ഇസ്രേലി ആക്രമണങ്ങൾക്കും ഏതാണ്ട് അറുതി വന്നിട്ടുണ്ട്. വളരെ മനോഹരമായ നഗരങ്ങളും, ഏറ്റവും ആധുനിക സംവിധാനങ്ങൾ ഉള്ള ആന്തരിക സമ്പ്രദായങ്ങളും പ്രകൃതി സുന്ദരമായ ഗ്രാമങ്ങളുമെല്ലാം ഏതാനും ദിവസങ്ങളിലെ ആക്രമണ പ്രത്യാക്രമണങ്ങളിൽ നിലം പരിശായി. വീണ്ടും ഒരു സംസ്കാരവും കടന്നു ചെന്നിട്ടില്ലാത്ത ഭൂ പ്രദേശങ്ങളായി ഇവ മാറി. രണ്ടു രാജ്യങ്ങളും യുദ്ധം നിർത്താൻ പ്രധാന കാരണം ഈ തിരിച്ചറിവായിരിക്കണം.
ഏറെ അലങ്കോലപ്പെടുത്തുകയും സംവിധാനത്തിന് ഒന്നും ചെയ്യുവാൻ ആവാത്ത സ്ഥിതിസൃഷ്ടിക്കുകയും ചെയ്ത 'ഇസ്രേലി-യു എസ് ബാക്ക്ഡ് എയ്ഡ് സിസ്റ്റം ഇൻ ഗാസ' നിർത്തിവയ്ക്കുവാൻ 165 ൽ അധികം ഇന്റർനാഷണൽ ചാരിറ്റി, ഹ്യുമാനിറ്റേറിയൻ സംഘടനകൾ തീരുമാനിച്ചതായി അറിയിച്ചു. സഹായം ആവശ്യമായ പലെസ്ടിനികൾക്കു എതിരായി ഈ സഹായ വിതരണ കേന്ദ്രങ്ങളിൽ അക്രമങ്ങൾ നടന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം സ്വീകരിക്കേണ്ടി വന്നത് എന്ന് ഇവർ അറിയിച്ചു. ഓക്സ് ഫാമും, സേവ് ദി ചിൽഡ്രനും, ആംനസ്റ്റി ഇന്റർനാഷണലും ചേർന്ന് സംയുക്തമായി ഈ തീരുമാനം അറിയിച്ചു. ഗാസയുടെ 20 ലക്ഷത്തിൽ അധികം വരുന്ന ജനങ്ങളെ ഭക്ഷ്യ ക്ഷാമത്തിലേക്കും കൊടും ദുരിതത്തിലേക്കും ഈ തീരുമാനം എത്തിച്ചിരിക്കുകയാണ്. ഇസ്രേലി പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ തിങ്കളാഴ്ച പ്രസിഡണ്ട് ട്രംപ് വൈറ്റ് ഹവസിൽ കാണുന്നുണ്ട്.
ട്രംപ് ഇസ്രേലി ഗവെർന്മേന്റിനും ഹമാസിനും മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയാണ് രണ്ടു കൂട്ടരെയും യുദ്ധ വിരാമത്തിന് സമ്മതിപ്പിച്ചത് എന്നാണ് റിപോർട്ടുകൾ. ഇതിനിടയിൽ യുദ്ധ വിരാമം പ്രഖ്യാപിച്ചതിനു ശേഷം ഹൂതി റിബലുകൾ യെമെനിൽ നിന്ന് തൊടുത്തുവിട്ടതാണ് എന്ന് ഇസ്രേൽ ആരോപിക്കുന്ന ഒരു മിസൈൽ ഇസ്രേലിന്റെ നേർക്കെത്തിയതിനു ഇസ്രേൽ പകരം വീട്ടുമെന്ന് ഇസ്രേൽ ഡിഫെൻസ് മിനിസ്റ്റർ ഇസ്രേൽ കാട്സ് പറഞ്ഞു.
പ്രസിഡണ്ട് തിരെഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ തൻ അധികാരത്തിൽ എത്തിയാൽ ആദ്യ ദിവസം തന്നെ റഷ്യയും ഉക്രനുമായുള്ള യുദ്ധവും ഗാസയിലെ ഏറ്റുമുട്ടലുകളും അവസാനിപ്പിക്കും എന്ന് ട്രംപ് പറഞ്ഞിരുന്നു. വൈകിയാണെങ്കിലും (എത്ര നാൾ സമാധാനം രണ്ടു മേഖലകളിലും നിലനിൽക്കും എന്നറിയില്ലെങ്കിലും ) ട്രംപ് വാക്ക് പാലിച്ചിരിക്കുകയാണ്.
ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണം എന്ന വാദം ആദ്യമായി ഉയർന്നപ്പോൾ തന്നെ പലരും വിമർശിക്കുകയും കളിയാക്കുകയും ചെയ്തു. മാധ്യമങ്ങളും പക്ഷം പിടിച്ചു തങ്ങളുടെ കോളങ്ങളും ടി വി ചാനലുകളുടെ പരിപാടികളും നിറച്ചു. അമേരിക്കയുടെ വൈസ് പ്രെസിഡന്റായിരുന്നപ്പോൾ അൽ ഗോറിന് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചു. ആഗോള താപനത്തെക്കുറിച്ചു അദ്ദേഹം തയ്യാറാക്കിയ ഒരു പ്രബന്ധമാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹനാക്കിയത്. മുൻ പ്രസിഡണ്ട് ബാരാക് ഒബാമ ആദ്യ ഊഴത്തിൽ ഭരണമേറ്റ വർഷം തന്നെ നൊബേൽ പീസ് പ്രൈസ് നേടി. അന്നൊന്നും ചുളിയാത്ത നെറ്റികൾ ഇപ്പോൾ വളരെ പെട്ടന്ന് അനായാസമായി ചുളിയുകയാണ്. ലോക സമാധാനത്തിനു വേണ്ടി ഇത്രയേറെ പരിശ്രമിച്ച പല വ്യക്തികളും സ്ഥാപനങ്ങളും ഉണ്ടാകാം. ഒരു തവണ ട്രംപിന് ഈ പുരസ്‌കാരം നൽകുന്നതിൽ അത്ര വലിയ അപരാധം ഒന്നും ഉണ്ടാകാൻ സാധ്യതയില്ല.