"പണ്ടിവനൊരു കടിയാലൊരു പുലിയെ-
ക്കണ്ടിച്ചതു ഞാൻ കണ്ടറിയുന്നേൻ "
കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കഥയിലെ ഈ വരികൾ നമ്മൾ സ്കൂളിൽ പഠിച്ചിട്ടുള്ളതാണ്.
ഒരാൾ തൻ്റെ "ആയ" കാലത്തു വടി വാളിന്റെയും , തോക്കിൽ കുഴലിന്റെയും ഒക്കെ ഇടയിലൂടെ നടന്നു പല പല "ആക്ഷനുകൾ" കണിച്ചിട്ടുണ്ടെങ്കിലും, മരണ ഭീതി പിടികൂടിയാൽ പിന്നെ നാളിതുവരെ പറഞ്ഞുകൊണ്ട് നടന്ന എല്ലാ വീരസ്യങ്ങളും ആദർശങ്ങളും മാറ്റിവച്ചിട്ടു, ആദ്യം കിട്ടിയ വണ്ടി പിടിച്ചു, ലോകത്തിലെ ഏറ്റവും "ഹീനമായ" ബൂർഷാ സമ്പ്രദായത്തെ ആശ്രയിച്ചും സ്വന്തം ജീവൻ നിലനിർത്താൻ ശ്രമിക്കും; അതു മാത്രമാണ് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ചെയ്തത്.
ശ്രീ പിണറായി വിജയൻ സ്വന്തം ജീവൻ നിലനിർത്താൻ വേണ്ടി അമേരിക്കയിലെ മായോ ക്ലിനിക്കിനെ ആശ്രയിക്കുന്നതിനെ വ്യക്തിപരമായി ഞാൻ ഏതിരക്കുന്നില്ല. അദ്ദേഹം കേരളത്തിലെ മൂന്നര കോടിയിലധികം വരുന്ന ജനങ്ങളുടെ മുഖ്യമന്ത്രിയാണ്, അദ്ദേഹത്തിനു കിട്ടാവുന്നതിൽ വച്ച് ഏറ്റവും വിദഗ്ദ്ധ ചികിത്സ തന്നെ നൽകണം. പക്ഷെ അങ്ങനെ "നൽകുന്നതെല്ലാം" തൻ്റെ ആദർശങ്ങൾക്കും നിലപാടുകൾക്കും അനുയോജ്യമാണോ എന്ന് തീരുമാനിക്കേണ്ടത് ശ്രീ പിണറായി വിജയൻ മാത്രമാണ്.
അമേരിക്കയിലെയും, മറ്റു പാശ്ചാത്യ രാജ്യങ്ങളിലേയും "മുതലാളിത്ത" സമ്പ്രദായങ്ങളെ കുറിച്ച് സാധാരണക്കാരായ പാർട്ടി പ്രവർത്തകരെ ബോധവൽക്കരിക്കുന്നവർ, സ്വ ജീവൻറെ കാര്യം വരുമ്പോൾ, അല്ലെങ്കിൽ സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ, താൻ എന്നും എതിർത്തു പോന്ന ഈ "മുതാളിത്വത്തെ" തന്നെ കൂട്ട് പിടിക്കുന്നതിലെ വൈരുദ്ധ്യം തുറന്നു കാട്ടേണ്ടതാണ് . പിണറായി വിജയൻ എന്നും അങ്ങനെ ആയിരുന്നു. !! സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ നിരന്തരമായ സമരങ്ങൾ കേരളത്തിൽ അരങ്ങേറിയിരുന്ന കാലത്തു, അദ്ദേഹം തൻ്റെ രണ്ടു മക്കളേയും കേരളത്തിന്റ് പുറത്തെ പ്രശസ്തമായ സ്വാശ്രയ കോളേജുകളിൽ അയച്ചു പഠിപ്പിച്ചു. മകനെ ലണ്ടനിൽ അയച്ചതാണ് അദ്ദേഹം പഠിപ്പിച്ചത്. കുറ്റം പറയരുതല്ലോ, ഒരു അപ്പൻ ചെയ്യേണ്ട കടമകൾ മാത്രമാണ് ശ്രീ പിണറായി വിജയനും ചെയ്തത്!! പക്ഷേ, ഇദ്ദേഹത്തിൻറെ വാക്കുംകേട്ടു സ്വാശ്രയ കോളേജുകൾക്കെതിരേ നിരന്തരമായി സമരങ്ങൾ നടത്തി, പൊലീസിന്റെ തല്ലു വാങ്ങിയവർ, പോലീസ് വെടിവെപ്പിൽ ജീവൻ നഷ്ടപ്പെട്ടവർ , ഇന്നും ജീവിക്കുന്ന രക്തസാക്ഷികൾ ഇവരോടൊക്കെ ഒരു പ്രതിബദ്ധത ഏതൊരു നേതാവിനും, പ്രത്യേകിച്ചൊരു "കമ്മ്യൂണിസ്റ്റിനു" വേണ്ടേതല്ലേ ?? അതുമാത്രമേ ചോദ്യം ഇവിടെ ചെയ്യപ്പെടുന്നുള്ളു!!
ആരോഗ്യരംഗത്തു കേരളം "നമ്പർ വൺ" ആണെന്ന് ഭരണ പക്ഷം ആവർത്തിച്ചു പറയുമ്പോൾ, തുടർച്ചയായി സർക്കാർ ആശുപത്രികളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങളും, ജീവൻ രക്ഷാ മരുന്നുകളുടേയും, മറ്റു ഉപകരണങ്ങളുടെയും ദൗർലഭ്യതയും ചൂണ്ടിക്കാട്ടി, ഭരണപക്ഷ വാദങ്ങൾ പൊള്ളയാണെന്നു പ്രതിപക്ഷവും വാദിക്കുന്ന ഈ അവസരത്തിൽ, "നമ്പർ വൺ" കേരളയുടെ "ബ്രാൻഡ് അംബാസിഡർ" ആകേണ്ട മുഖ്യമന്ത്രി സ്വന്തം പ്രാണ രക്ഷാർത്ഥം അമേരിക്കയിലേക്ക് "മുങ്ങിയതു" കൊണ്ടാണ് ശ്രീ പിണറായി വിജയൻറെ ഇപ്പോഴത്തെ അമേരിക്കൻ യാത്ര കൂടുതലായി ചർച്ച ചെയ്യപ്പെടുന്നത്. സിപിഎം അനിയായികളിൽ പ്പോലും ഇപ്പോഴത്തെ യാത്ര അമ്പരപ്പ് ഉണ്ടാക്കിയിരിക്കുന്നു എന്നതാണ് വാസ്തവം.
തിരുവനതപുരം മെഡിക്കൽ കോളേജിൽ തുടർച്ചയായി മരുന്നുകളും ഉപകരണങ്ങളും ലഭിക്കാത്തതുകൊണ്ടു മാസങ്ങളായി പല അടിയന്തിര ശസ്ത്രക്രിയകളും മാറ്റിവെക്കേണ്ടിവരുന്നതിനെകുറിച്ച് "ഹെഡ് ഓഫ് ദി ഡിപ്പാർട്മെൻറ്" ഡോ. ഹാരിസ് നടത്തിയ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളേജിൻറെ കെട്ടിടം ഇടിഞ്ഞു വീണു, ചികിത്സ തേടിപ്പോയ പാവപ്പെട്ട രോഗിയുടെ അമ്മ മരണപ്പെട്ടതിന്റെ വേദനയും, അത് കേരളത്തിൽ ഉണ്ടാക്കിയ പ്രതിഷേധങ്ങളും ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇതേ തുടർന്ന് മാധ്യമങ്ങൾ കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളുടേയും, സർക്കാർ ആശുപത്രികളുടേയും അവസ്ഥയെക്കുറിച്ചു തയ്യാറാക്കിയ റിപ്പോർട്ടുകൾ, നമ്മുടെ ആതുരാലയങ്ങളുടെ നിലവിലെ ശോച്യാവസ്ഥയുടെ നേർചിത്രങ്ങൾ ആയിരുന്നു. അതുപോലെ മെഡിക്കൽ സ്റ്റുഡന്റസ് താമസിക്കുന്ന ഹോസ്റ്റലുകളുടെ വൃത്തിഹീനമായ അവസ്ഥകണ്ടു ലോകത്തിലുള്ള സർവ്വ മലയാളികളും തലകുനിച്ചു. ഇതാണോ നമ്മൾ കൊട്ടിഘോഷിക്കുന്ന "നമ്പർ വൺ"??
ശരിക്കും ആരോഗ്യ രംഗത്തു നമ്മൾ "നമ്പർ വൺ" ആണോ ? ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മാതൃ-ശിശു മരണനിരക്ക് കേരളത്തിൽ പണ്ടുമുതലേ കുറവാണ്. സമർഥരായ, സേവന തല്പരരായ ഡോക്ടർമ്മാരും നേഴ്‌സുമാരും നമുക്കുണ്ട്. എന്നാൽ അതുമാത്രം മതിയോ? പുതിയ കാലത്തിനനുസരിച്ചുള്ള ചികിത്സാ ഉപകരണങ്ങളും മരുന്നുകളും ഒക്കെ വേണം. അതുപോലെ ചോർന്നൊലിക്കുന്നതും , വൃത്തിഹീനവുമായ കെട്ടിടങ്ങളുമൊക്കെ മാറ്റിപണിയേണ്ടിയിരിക്കുന്നു. ചികിത്സ തേടി ആതുരാലയത്തിൽ വരുന്നവർ, ആ കെട്ടിടം തന്നെ ഇടിഞ്ഞു വീണു മരിക്കേണ്ടി വരുന്ന അവസ്ഥ, "നമ്പർ വൺ" കേരളത്തിന് ഭൂഷണമാണോ.? സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവർ, താരതമ്യേന സാധാരക്കാരും പാവങ്ങളുമാണ്. അങ്ങനെ ഉള്ളവർക്കും നല്ല ചികിത്സയും താമസ സൗകര്യവും ഏർപ്പെടുത്തേണ്ടത് സർക്കാരുകളുടെ കടമയാണ്. പക്ഷേ സർക്കാർ ആശുപത്രികളിൽ പലപ്പോഴും പഞ്ഞിയും മരുന്നും സൂചിയും ഒന്നുമില്ല . അല്ലെങ്കിൽ രോഗികൾ തന്നെ ഇതൊക്കെ വാങ്ങിക്കൊണ്ടുവരണം!! ഇതൊക്കെയാണ് ശരാശരി സർക്കാർ ആശുപത്രികളിലെ അവസ്‌ഥ.!! അടിസ്ഥാനപരമായ ഇക്കാര്യങ്ങൾക്കൊക്കെ മാറ്റം വന്നിട്ടുപോരെ പോരെ "നമ്പർ വൺ" എന്ന് അഭിമാനിക്കാൻ?
പാർട്ടിഭേതമില്ലാതെ, പൊതുവായ ഒരു ചോദ്യം കൂടി! കാലാകാലങ്ങളായി നമ്മുടെ മുഖ്യമന്ത്രിമ്മാരും , മന്ത്രിമാരുമൊക്കെ വിദഗ്ദ്ധ ചികിത്സ തേടി വിദേശ രാജ്യങ്ങളിൽ പോകുന്നതു പതിവാണ്. എന്നാൽ അതിനു പകരം, എന്റെ രാജ്യത്തിലെ സാധാരണക്കാരായ ഓരോ പ്രജകൾക്കും കിട്ടുന്ന ചികിത്സ മാത്രംമതി തനിക്കുമെന്നു പറയാനുള്ള ആർജവം എന്തുകൊണ്ട് ഇവർ കാണിക്കുന്നില്ല?
അങ്ങനെയുള്ളവരെയല്ലേ പാർട്ടി ഭേദമന്യേ നമ്മൾ "ക്യാപ്റ്റൻ" എന്ന് വിളിക്കേണ്ടത്? അല്ലാതെ അപകടം വരുമ്പോൾ കപ്പലിലുള്ളവരെ ഉപേക്ഷിച്ചു "ലൈഫ് ബോട്ടുമായി" സ്വയം രക്ഷപെടുന്നവരെയാണോ ??