ഇന്തോ-പാക്ക് യുദ്ധം ഒഴിവാക്കാൻ യുഎസ് ഇടപെട്ടുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ ചൊവാഴ്ച്ച ഏറ്റെടുത്തു. അക്കാര്യം ഇന്ത്യ നിഷേധിക്കുന്നത് അവരുടെ അഭിപ്രായം മാത്രമാണെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് ടാമി ബ്രൂസ് പറയുകയും ചെയ്തു.
"ഞങ്ങൾ ഇടപെട്ടാണ് ഇന്തോ-പാക്ക് സംഘർഷം അവസാനിപ്പിച്ചതും യുദ്ധം ഒഴിവാക്കിയതും," ട്രംപ് തന്റെ അവകാശവാദം ആവർത്തിച്ചതിനു പിന്നാലെ റുബിയോ ചൊവാഴ്ച്ച ക്യാബിനറ്റ് യോഗത്തിൽ പറഞ്ഞു. ഭരണകൂടത്തിന്റെ ആറു മാസത്തെ നേട്ടങ്ങളിൽ ഒന്നായാണ് അദ്ദേഹം അത് ചിത്രീകരിച്ചത്.
പിന്നീട് നടന്ന സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പത്ര സമ്മേളനത്തിൽ ഇന്ത്യ അക്കാര്യം നിഷേധിച്ചത് ഒരു പാക്ക് പത്രപ്രവർത്തകൻ ചൂണ്ടിക്കാട്ടിയപ്പോൾ ബ്രൂസ് പറഞ്ഞു: "കാര്യങ്ങൾ സുഗമമാക്കാനാണ് പ്രസിഡന്റ് ട്രംപ് ഇവിടെയുള്ളത്. സെക്രട്ടറി റുബിയോയും അതേ. പാക്കിസ്ഥാനും ഇന്ത്യയുമായി വൈസ് പ്രസിഡന്റും ബന്ധം പുലർത്തിയിരുന്നു."
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കങ്ങളിൽ മൂന്നാമതൊരു രാജ്യം ഇടപെട്ടിട്ടില്ലെന്നു കഴിഞ്ഞ മാസം ട്രംപിനോട് മോദി തന്നെ പറഞ്ഞിരുന്നു. എങ്കിലും ട്രംപ് ആ അവകാശവാദം ആവർത്തിച്ച് കൊണ്ടിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും നേരിട്ട് സംസാരിച്ചാണ് വെടിനിർത്തൽ നടപ്പാക്കിയതെന്നു വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ അടുത്തിടെ യുഎസ് സന്ദർശിച്ചപ്പോൾ ആവർത്തിച്ചിരുന്നു താനും.
ബ്രൂസ് വളച്ചൊടിച്ച, നീണ്ട വിശദീകരണത്തിൽ ആരെയും പരാമർശിച്ചില്ല. "ലോകം നമുക്ക് മുൻപ് ചെറുതും വലുതുമായ സ്‌ക്രീനുകളിൽ തെളിയുന്നുണ്ട്," അവർ പറഞ്ഞു. "എല്ലാവർക്കും അഭിപ്രായങ്ങൾ ഉണ്ടാവും. അവർ പറഞ്ഞതും അഭിപ്രായമാണ്. ചില അഭിപ്രായങ്ങൾ തെറ്റുമാണ്. എന്റെ അഭിപ്രായങ്ങൾ തെറ്റാറില്ല, പക്ഷെ മറ്റു പലരും പറയുന്നത് തെറ്റാറുണ്ട്."
ടെലിവിഷൻ നമ്മളെ സത്യങ്ങൾ കാട്ടിത്തരുന്നുവെന്നു ബ്രൂസ് പറഞ്ഞെങ്കിലും ട്രംപും കൂടെയുള്ളവരും പറയുന്നത് ശരി വയ്ക്കുന്ന യാതൊന്നും ഇതു വരെ ടി വി യിൽ കണ്ടിട്ടില്ല.
ട്രംപിനു നൊബേൽ സമ്മാനം കിട്ടാൻ ഇടയില്ലെന്നു ബ്രൂസ് പറഞ്ഞു. "അദ്ദേഹം അങ്ങിനെയാണ് കരുതുന്നത്."
India's denial is 'just an opinion,' says US