Image

വനിതാ ഫുട്‌ബോളില്‍ പ്രതീക്ഷയായി മാളവികയും അല്‍ഫോന്‍സിയയും (സനില്‍ പി തോമസ്)

Published on 10 July, 2025
വനിതാ ഫുട്‌ബോളില്‍ പ്രതീക്ഷയായി  മാളവികയും അല്‍ഫോന്‍സിയയും (സനില്‍ പി തോമസ്)

ഏഷ്യന്‍ കപ്പ് വനിതാ ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിന് ഇന്ത്യ യോഗ്യത നേടിയപ്പോള്‍ ടീമില്‍ കളിക്കാരിയായി (സ്ട്രൈക്കർ ) പി. മാളവികയും അസി.കോച്ചായി പി.വി. പ്രിയയും കേരളത്തിന്റെ പ്രതിനിധികളായുണ്ടായിരുന്നു. കാല്‍ നൂറ്റാണ്ടിനു ശേഷമാണ് ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമില്‍ ഒരു മലയാളി താരം സ്ഥാനം കണ്ടെത്തിയത്. 1999 ല്‍ ഇന്ത്യക്കു കളിച്ച ബെന്റ്‌ല ഡിക്കോത്തയായിരുന്നു ഇതിനു മുമ്പ് അവസാന പ്രതിനിധി.

പക്ഷേ, ഈ വര്‍ഷം ജനുവരിയില്‍ ഇന്തൊനീഷയില്‍ നടന്ന എ.എഫ്.സി. ഏഷ്യന്‍  കപ്പ് വനിതാ ഫുട്‌സാൽ യോഗ്യതാ റൗണ്ടില്‍ മത്സരിച്ച ഇന്ത്യന്‍ ടീമിലും ഒരു മലയാളിയുണ്ടായിരുന്നു. മിഡ്ഫീല്‍ഡര്‍ എം.അല്‍ഫോന്‍സിയ.
ഇന്ത്യന്‍ വനിതാ ഫുട്‌സാൽ ടീമില്‍ കളിച്ച ആദ്യ കേരള താരമാണ് അല്‍ഫോന്‍സിയ. നാല് ഗ്രൂപ്പുകളിലായി 19 ടീമുകള്‍ മത്സരിച്ച എ.എഫ്.സി. വിമന്‍സ് ഫുട്‌സാൽ ഏഷ്യന്‍ കപ്പ് നാലു രാജ്യങ്ങളിലായി നടന്നു. ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് 'ബി' മത്സരങ്ങള്‍ ഇന്തൊനീഷ്യയില്‍ ആയിരുന്നു.

മാളവിക 

ഫുട്സാലിനെ വേറിട്ടു കാണണമെങ്കിലും ഇന്ത്യന്‍ വനിതാ ടീമില്‍ കളിക്കാന്‍ കേരളത്തില്‍ നിന്ന് രണ്ടു ഫുട്‌ബോള്‍ താരങ്ങള്‍ യോഗ്യരായി എന്നു പറയാം.
തായ്ലൻഡിൽ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ. ആദ്യ മത്സരത്തില്‍ മംഗോളിയയ്‌ക്കെതിരെ സബ്‌സറ്റിട്യൂട്ട് ആയി ഇറങ്ങി ഒരു ഗോള്‍ അടിച്ച മാളവിക  രണ്ടു മത്സരങ്ങള്‍ കൂടി കളിച്ചു.

കാസര്‍കോട് നീലേശ്വരം ബങ്കളത്ത് പരേതനായ എം.പ്രസാദിന്റെയും എ.മിനുയുടെയു പുത്രിയാണ് മാളവിക, പതിനൊന്നാം വയസ്സില്‍ മാളവികയ്ക്ക് പിതാവിനെ നഷ്ട്‌പ്പെട്ടതാണ്. അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്യാമ്പില്‍ എത്തിയ മാളവിക ഉസ്ബക്കിസ്ഥാനെതിരെ സൗഹൃദ മത്സരം  കളിച്ചിരുന്നു. ബംഗ്ലൂരുവിലെ മിസാക യുണൈറ്റഡ്, ട്രാവന്‍കൂര്‍ എഫ്.സി, കെമ്പ് എഫ്.സി., കൊല്‍ക്കത്ത റയിന്‍ബോ അത്‌ലറ്റിക് ക്ലബ്, കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമുകള്‍ക്കു വേണ്ടി കളിച്ചു. തമിഴ്‌നാട്ടിലെ(മധുര)  സേതു എഫ്.സി.ക്കായി കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ വനിതാ ലീഗില്‍ തിളങ്ങി. തൃശ്ശൂര്‍ കാര്‍മല്‍ കോളജില്‍  ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി.

അൽഫോൻസിയ

ഈ വര്‍ഷം ആദ്യം  ഇന്തൊനീഷ്യയില്‍ നടന്ന എ.എഫ്.സി.ഏഷ്യൻ കപ്പ്  ഫുട്‌സാൽ യോഗ്യതാ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യമായിരുന്ന എം.അല്‍ഫോന്‍സിയയും എണ്ണപ്പെടേണ്ടതാണ്. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള അല്‍ഫോന്‍സിയ നാലുവര്‍ഷം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്തു. മേരി ദാസന്റെയും മരിയ ഗൊരീറ്റിയുടെയും പുത്രി. ഇന്ത്യന്‍ വനിതാ ലീഗില്‍ പോയ സീസണില്‍ ഗോവയിലെ റൂട്ട്‌സ് എഫ്.സി.യുടെ താരമായിരുന്നു. കേരള സര്‍വ്വകലാശാലാ നായിക, ഇന്ത്യന്‍ വാഴ്‌സിറ്റീസ് താരം. കോവളം എഫ്.സി., ലൂക്ക സോക്കര്‍ ക്ലബ്, എമിറേറ്റ്‌സ് എഫ്.സി., ലോര്‍ഡ്‌സ് എഫ്.സി., ട്രാവന്‍കൂര്‍ റോയല്‍സ്  എന്നീ ക്ലബുകള്‍ക്കും കളിച്ചിരുന്നു. കാര്യവട്ടം എല്‍.എന്‍.സി.പി.ഇ.യില്‍ നിന്ന് എം.പിഎഡ് പൂര്‍ത്തിയാക്കിയ അല്‍ഫോന്‍സിയ പരിശീലകയുടെ റോളിലും സജീവമാണ്.

നിഖില

ഇടക്കാലത്ത് ഉയര്‍ന്നുവന്ന നിഖില തുമ്പയിലിന് സീനിയര്‍ തലത്തില്‍ കാര്യമായ അവസരം കിട്ടിയില്ല. 2010 ഒക്ടോബറില്‍ അമ്മാനില്‍ നടന്ന എ.എഫ്.സി. അണ്ടര്‍ 14, 2014 നവംബറില്‍ അമ്മാനില്‍ തന്നെ തടന്ന എ.എഫ്.സി. അണ്ടര്‍ 19 യോഗ്യതാ ടൂര്‍ണമെന്റുകളില്‍ നിഖില ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിരുന്നു. 2023 ല്‍ ധാക്കയില്‍ നടന്ന സാഫ് ഫുട്‌ബോളില്‍ ഷില്‍ജി ഷാജിയും അഖില രാജനും ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞു.വനിതാ ഫുട്ബോളിൽ  കേരളം വീണ്ടും ഉണരുന്നു എന്നു കരുതാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക