ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്ന വിവാദ ഉത്തരവ് നടപ്പിലാക്കുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ ദേശവ്യാപകമായി വ്യാഴാഴ്ച ന്യൂ ഹാംഷെയർ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി ജോസഫ് എൻ. ലാപ്ലാന്റ് തടഞ്ഞു.
അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (എ.സി.എൽ.യു.) ഫയൽ ചെയ്ത കേസ്, ക്ലാസ് ആക്ഷൻ സ്യുട്ട് ആയി കോടതി അംഗീകരിച്ചതോടെയാണ് വിധിക്കു ദേശവ്യാപകമായ ജൂറിസ്ഡിക്ഷൻ ലഭിച്ചത്. നേരത്തെ സുപ്രീം കോടതി, ഡിസ്ട്രിക്ട് ജഡ്ജിമാരുടെ ഉത്തരവിന് ദേശവ്യാപകമായി സാധുതയില്ലെന്നു തീർപ്പ് കല്പിച്ചതിനാൽ എല്ലാ സ്റ്റേറ്റിലും ഉള്ളവർക്ക് വേണ്ടി ക്ലാസ് ആക്ഷൻ സ്യുട്ട് സമർപ്പിക്കുക മാത്രമായിരുന്നു ഏക പോംവഴി.
ട്രംപിന്റെ ഉത്തരവിനെ 22 സ്റ്റേറ്റുകളാണ് നേരത്തെ ചോദ്യം ചെയ്തത് . ചോദ്യം ചെയ്യാത്ത 28 സ്റ്റേറ്റിൽ ഉത്തരവ് നിലനിൽക്കുമായിരുന്നു. അതാണ് ഇപ്പോൾ ഇല്ലാതായത്.
ഉത്തരവ് കോടതി ഏഴു ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. അതിനകം സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാത്ത പക്ഷം, ഈ കേസ് ഇവിട വിചാരണ ചെയ്ത് തീർപ്പ് കല്പിക്കും. അതിനെതിരെ പിന്നെയും അപ്പീലുകൾ തുടരും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
മാതാപിതാക്കളുടെ ഇമ്മിഗ്രേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിക്കുന്ന ആളുകൾ സ്വാഭാവിക പൗരന്മാരാണെന്ന പാരമ്പര്യത്തെ അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ശക്തമായി രംഗത്തുണ്ട്. ജഡ്ജി ലാപ്ലാന്റേയുടെ ഉത്തരവ് പുതിയ വ്യവഹാരവും അപ്പീലുകളും ഉറപ്പാക്കുന്നു.
പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷ് നിയമിച്ച് ജഡ്ജിയാണ് ലാപ്ലാന്റ്
കഴിഞ്ഞ മാസം സുപ്രീം കോടതി വിധി വന്നതിന് മണിക്കൂറുകൾക്ക് ശേഷമാണ് എ.സി.എൽ.യു. കേസ് ഫയൽ ചെയ്തത്. സുപ്രീം കോടതി തന്നെ അവരുടെ ഉത്തരവ് നടപ്പാക്കുന്നത് 30 ദിവസത്തേക്ക് മാറ്റി വച്ചിരുന്നു.-അതായത് ഈ മാസം 26 വരെ. അത് നടപ്പായിരുന്നെങ്കിൽ 28 സംസ്ഥാനത്തു ജനിക്കുന്ന കുട്ടികൾ അമേരിക്കൻ പൗരന്മാർ അല്ലാത്ത സ്ഥിതി വരുമായിരുന്നു. അതാണ് ഇപ്പോൾ ഒഴിവായത്.
ഇനി കേസ് സുപ്രീം കോടതി വരെ അന്തിമ തീരുമാനത്തിനായി എത്തുമെന്ന് ഉറപ്പ്.