Image

എന്നും ബഷീർ ദിനം - വസ്തുത അതാണ് (ഷുക്കൂർ ഉഗ്രപുരം)

Published on 11 July, 2025
എന്നും ബഷീർ ദിനം - വസ്തുത അതാണ് (ഷുക്കൂർ ഉഗ്രപുരം)

ബഷീർ ദിനം കഴിഞ്ഞെങ്കിലും ബഷീർ എഴുത്തിലൂടെ സൃഷ്ടിച്ച ആശയ ലോകം ഇന്നും സംവാദത്തിന് വകനൽകുന്നു എന്നതു കൊണ്ടു കൂടിയാണ് ബഷീർ അനശ്വരനാകുന്നത്. സാധാരണക്കാരിൽ സാധാരണക്കാരായ കുറേ മനുഷ്യരെ പുസ്തകത്തോടും വായനയോടും ചേർത്തുവെച്ചു എന്നതാണ് ബഷീർ ചെയ്ത ഏറ്റവും പ്രധാന കാര്യമെന്നു തോന്നുന്നു.

ബഷീർ ദിനത്തിൽ പലരും ബഷീറിൻ്റെ പഴയ എഴുത്തുകളും തത്വചിന്തയുമൊക്കെ ക്വാട്ട് ചെയ്യുന്നത് കണ്ടു. അവയെല്ലാം ബഷീർ എഴുത്തിലൂടെ മുന്നോട്ടു വെച്ച തത്ത്വ ചിന്തയെ കൂടുതൽ ചർച്ചക്ക് വിധേയമാക്കുന്നവയാണ്. എഴുത്തുകാരനും ഇഖാമ എന്ന നോവലിൻ്റെ രചയിതാവുമായ പ്രത്രപ്രവർത്തകൻ അമ്മാർ കിഴുപറമ്പ് എഴുതിയ ഒരു കുറിപ്പ് കൂടുതൽ ചിന്തയ്ക്ക് അവസരം നൽകുന്നു. അത്തരമൊന്ന് താഴെ നൽകുന്നു.

"എന്തുകൊണ്ടായിരിക്കും ബഷീറിന്റെ പ്രധാന കൃതികളെല്ലാം നൂറു പേജിൽ കുറഞ്ഞവ ആയത്... അഞ്ഞൂറും ആയിരവും പേജില്ലാതെ എന്തിനാണ് ബാല്യകാല സഖിയും, പാത്തുമ്മയുടെ ആടും എഴുതിയത്.. എഴുതാൻ അറിയാത്തത് കൊണ്ടാണോ..? അതോ ഇന്നത്തെ എഴുത്തുകാരെ പോലെ യമണ്ടൻ നോവലുകൾ എഴുതി വായനക്കാരെ പിടിച്ചിരുത്താൻ (ബോറടിപ്പിക്കാൻ ) ബഷീർ എന്തുകൊണ്ട് മിനക്കെട്ടില്ല... ഇന്ന് രാവിലെ മുതൽ തലയിൽ മിന്നിയ കോസ്രാൻകൊള്ളി ചോദ്യം കെടുത്താൻ നല്ലത് ബഷീർ ദി മാൻ എടുത്ത എം എ റഹ്‌മാൻ തന്നെ എന്ന് മനസ്സ് പറഞ്ഞപ്പോൾ നേരെ വിളിച്ചു... വീട്ടിൽ സ്വസ്ഥം എഴുത്തും വായനയുമായി ജീവിക്കുന്ന റഹ്‌മാൻ സാറിനോട് സ്നേഹം ഭാഷണത്തിന് ശേഷം ചോദിക്കേണ്ട താമസം ദേ കിടക്കുന്നു മറുപടി.. ബഷീർ എഴുത്ത്കാരനും പുസ്തക കച്ചവടക്കാരനും ആയിരുന്നു... പാവങ്ങളായ സാധാരണക്കാരാണ് രണ്ടണയും നാലണയും മുടക്കി പുസ്തകം വാങ്ങുന്നത്... അവരാണ് വായനക്കാർ. അവരുടെ വിയർപ്പിന്റെ മൂല്യം പുസ്തകത്തിനും വേണം. അതുകൊണ്ട് തന്നെ ബഷീർ ആയിരം പുറത്തിൽ അവസാനിപ്പിക്കാവുന്ന മതിലുകൾ നൂറു പേജിൽ താഴെ ഒതുക്കി... അങ്ങനെ വായനക്കാരോട് നീതി പുലർത്തി.. മലയാള ഭാഷയോടും....

തടിച്ച പുസ്തകം ആയിരങ്ങൾ കൊടുത്തു വാങ്ങിയാലെ സാഹിത്യകാരനും കൃതിക്കും ഒരു ഗുമ്മുണ്ടാവുകയുള്ളു എന്ന ന്യൂ ജെൻ വൈബുകരുടെ തലമണ്ടക്ക് അന്നേ താമ്ര പത്രം കൊണ്ട് കിഴുക്ക് കൊടുക്കുകയാണ് ബഷീർ... ആ പാതയിലാണ് എം എ റഹ്‌മാൻ എന്ന എഴുത്തുകാരനും.. നൂറു പേജിൽ താഴെ ആണ് അദ്ദേഹത്തിന്റെ പുതിയ നോവലും.പൊസങ്കടി, കിതാബ് മഹൽ എന്നിവക്കൊക്കെ 135 രൂപ യാണ് വില... ഇങ്ങനെ സൗന്ദര്യത്തോടെ കാര്യങ്ങൾ കൈ ഒതുക്കത്തോടെ എഴുതാൻ എഴുത്തുകാർ മുന്നോട്ട് വന്നു ബഷീർ സ്നേഹം പ്രകടിപ്പിക്കട്ടെ... നന്മകൾ ജീവിതത്തിൽ പകർത്തുന്നതാണല്ലോ ആദരവ്..."


ബഷീർ തൻ്റെ സുഹൃത്തിനെ കല്ല്യാണത്തിന് ക്ഷണിച്ചുകൊണ്ട് എഴുതിയ കത്ത് പ്രശസ്തമാണ് അത് താഴെ നൽകുന്നു.

"കേരളത്തിന്റെ ചിന്താ മണ്ഡലത്തിൽ ഏറ്റവും ആഴത്തിൽ ചോദ്യത്തിന്റെ മഴുമുനകൾ എറിഞ്ഞ് പതിപ്പിച്ച എഴുത്തുകാരൻ ബഷീറാണ്.

മലയാള സാഹിത്യത്തിൽ ഒരേയൊരു സുൽ ത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തു നിർത്തിയ ബേപ്പൂർ സുൽ ത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ.

സാധാരണക്കാരിൽ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകൾ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു. അതായിരുന്നു ആ തൂലികയുടെ ശക്തിയും.


ഒരിക്കലും അലക്കിത്തേച്ച വടിവൊത്ത ഭാഷയിൽ അദ്ദേഹം എഴുതിയില്ല. ഇത് മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെടാൻ സാധിക്കാത്തവിധം ബഷീറിനെ ജനകീയനാക്കി. തന്റേതുമാത്രമായ വാക്കുകളും ശൈലികളുമായുന്നു ബഷീറിന്റെ സവിശേഷത.


ജീവിതത്തിലും ബഷീർ വ്യത്യസ്തൻ ആയിരുന്നു. അദേഹത്തിൻറെ സൗഹൃദങ്ങളും,


ബഷീർ കൗമുദിയുടെ ധീരനായ പത്രാധിപരും അസാമാന്യ കൾസ് കുടിയനുമായിരുന്ന സുഹൃത്ത് കെ.ബാലകൃഷ്ണന്  എഴുതിയത്...


പ്രിയപ്പെട്ട കെ. ബാലകൃഷ്ണൻ,


എന്റെ മകളുടെ വിവാഹം ആണ്...

ഡേറ്റ്.... മാസം..... വർഷം..... മുഹൂർത്തം....

നീ ആ സമയത്ത് ആ പരിസരത്തേയ്ക്ക് വന്നുപോകരുത്..

ആ പരിസരത്തു കണ്ടാൽ തല്ലി കാലൊടിക്കുന്നതായിരിക്കും..


എന്ന്

സംഘാടകസമിതിക്കുവേണ്ടി

വൈക്കം മുഹമ്മദ് ബഷീർ.(ഒപ്പ്)


ബഷീറിന്റെ കത്തു കിട്ടി. കെ.ബാലകൃഷ്ണനും സംഘവും ഉടൻ ബഷീറിന്റെ വീട്ടിലേക്ക് തിരിച്ചു... ബഷീറിനെ അങ്ങിനെ വിട്ടാൽ ശരിയാവൂല്ലല്ലോ...


അങ്ങിനെ വരുന്ന വഴിയ്ക്ക് കണ്ട ഷാപ്പിൽ മുഴുവൻ കയറി കൾസ് കുടിച്ചു... കുടിച്ച്... പാതിരാത്രിയിലാണു വീട്ടിലെത്തിയത്...


അപ്പോൾ കല്യാണം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയിരുന്നു...

പക്ഷേ, അവർ അവിടെയിരുന്നു ഒരു ഗാനമേളയൊക്കെ അവതരിപ്പിച്ചാണു പിരിഞ്ഞു പോയത്.


എന്നാൽ  ബഷീർ ബീനയ്ക്ക് എഴുതിയ കത്തു വായിച്ചുനോക്കിയാൽ അവർ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴം നമുക്ക് മനസിലാകും. അതിൽ കെ.ബാലകൃഷ്ണനെക്കുറിച്ച് വലിയ സ്നേഹത്തിൽ ആണ് അവരോട് വിവരിച്ചിരിക്കുന്നത്.

കെ. ബാലകൃഷന്‍-ബഷീര്‍ സൗഹൃദവും, കഥകളും അവരുടെ സൃഷ്ടികളെ പോലെ രസാവഹമാണ്!


ഒരു ദിവസം  കെ. ബാലകൃഷന്‍-കോഴിക്കോട്ടു നിന്നും അത്യാവശ്യമായി ബഷീറിനെ തിരുവനന്തപുറത്തേക്ക് വിളിപ്പിക്കുന്നു. ലോഡ്ജില്‍ റൂം എടുത്ത് കൊടുത്തിട്ട്  ബഷീറിനെ പുറത്ത് നിന്നും ലോക്ക് ചെയ്ത് "നീ എന്റെ ഓണപ്പതിപ്പിലെക്കുള്ള കഥ എഴുതിയിട്ട് പുറത്ത് ഇറങ്ങിയാല്‍ മതി" എന്ന് ആക്രോശിക്കുന്നു. കുറെ തെറിയൊക്കെ വിളിച്ചു ബഷീര്‍ കിടന്നുറങ്ങി.


അടുത്ത ദിവസം രാവിലെ, കഥ തീര്‍ത്ത്, വാതില്‍ തുറന്നയുടനെ ഒന്നും മിണ്ടാതെ അദ്ദേഹം കോഴിക്കോട്ടേക്ക് പോയി! കഥ വായിച്ചു ഞെട്ടിപ്പോയ ബാലകൃഷ്ണന്‍, 'കൗമുദി'യുടെ ഒരു ബ്ലാങ്ക് ചെക്ക് അയച്ചു കൊടുത്തു. ഇഷ്ടമുള്ളത് എഴുതി എടുക്കാം. അത്രക്ക് ഇഷ്ടപ്പെട്ടു...


ബഷീര്‍ ആ ചെക്കില്‍ വെറും 100 രൂപ എഴുതി കെ ബാലകൃഷ്‌ണന്‌ തന്നെ തിരിച്ചു അയച്ചുകൊടുത്തു... മറുപടിയില്‍ ഇങ്ങനെ എഴുതിയിരുന്നു..


"നിന്റെ ഭാര്യക്ക് എന്റെ വക ഒരു ഓണപ്പുടവ വാങ്ങി കൊടുക്കണം, ശുഭം"  

അതായിരുന്നു ബഷീർ!


നാലുകെട്ട്, നെലവിളക്ക്, ചന്ദനക്കുറി,തുളസിക്കതിർ, തുമ്പുകെട്ടിയിട്ട മുടി, നിർമ്മാല്യം, ഉൽസവം, എഴുന്നള്ളത്ത്, ബ്രഹ്മം ഇതിനെക്കുറിച്ചൊക്കെ എഴുതിയാൽ  എഴുതുന്നവൻ മതേതരനായ എഴുത്തുകാരനാവും ജ്ഞാനപീഠവും പദ്‌മശ്രീയും വരെ കിട്ടും


എന്നാൽ ആട്, വിശപ്പ്, ഭിർ. മുല. വളി, ആട്ടിൻ കാട്ടം, ചാമ്പങ്ങാ, ബെടക്കൂസ്, ആകാശമുഠായി, പ്രേമലേഖനം, അണ്ഡകടാഹം എന്നൊക്കെ എഴുതിയാൽ....

"ജാതി മനുഷ്യ സൃഷ്ടിയാണെന്ന്" പറഞ്ഞ നാരയണഗുരു സമുദായപരിഷ്ക്കർത്താവും "ജാതി പ്രകൃതി സൃഷ്ടിയാണെന്ന്" പറഞ്ഞ ഗാന്ധി മഹാത്മാവും ആയതുപോലെ

സമുദായപരിഷ്ക്കർത്താവായ എഴുത്തുകാരനും ആകും എന്നതിന്റെ തെളിവ് കൂടിയാണ് ബഷീർ.


ഭാഷയിലെ സവർണ്ണ അവർണ്ണ വിവേചനത്തിനെതിരെ ബോധപൂർവം ഇടപെടൽ നടത്തിയ ബഷീർ നിരന്തരമായി സവർണ്ണഫാസിസ്റ്റ് ബൗദ്ധികതയാൽ വേട്ടയാടപ്പെടുന്ന എഴുത്തുകാരനായിരുന്നു.

അപ്പോഴൊക്കെ  ശക്തമായ ആ വാക്കുകളിലൂടെ  ബഷീർ മനുഷ്യരുടെ എഴുത്തുകാരനായി മാറുകയായിരുന്നു.


മനുഷ്യർ അവരുടെ ഹൃദയം നല്കി ബഷീറിനെ ഏതു അവാർഡ് ജേതാവിനേക്കാളും ഇന്നും എന്നും ആദരിക്കുന്നു!


മലയാള ഭാഷ ഉള്ളിടത്തോളം കാലം അദ്ദേഹം മലയാള ഭാഷയുടെ സുൽത്താനായി വാഴുക തന്നെ ചെയ്യും!

ലിബി ഹരി ഇങ്ങനെയാണ് എഴുതി വെച്ചത്.


ബഷീർ ഗാന്ധിയെ തൊട്ട അനുഭവം രസകരമായി എഴുതിയിട്ടുണ്ട് - അത് ഇങ്ങനെ വായിക്കാം.

സ്വാതന്ത്ര്യസമര പോരാളിയും മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

വൈക്കം ബോട്ട്ജട്ടിയിലും കായലോരത്തും വലിയ തിരക്ക്.എങ്ങും ബഹളം.മറ്റു വിദ്യാര്ഥികളോടൊന്നിച്ചു ഞാനും തിക്കിത്തിരക്കി ജനക്കൂട്ടത്തിന്റെ മുമ്പിലെത്തി.ബോട്ടിൽ ഗാന്ധിജിയെ ദൂരെവെച്ചേ കണ്ടു.ജട്ടിയിൽ ബോട്ടടുത്തു.ആയിരമായിരം കണ്ഠങ്ങളിൽനിന്നു ശബ്ദം ഉയർന്നു;ഇന്ത്യയിലെ എല്ലാ അനീതികളോടുമുള്ള സമരപ്രഖ്യാപനംപോലെ.ഉഗ്രമായ വെല്ലുവിളിപോലെ;ആയിരമായിരം കണ്ഠങ്ങളില്നിന്നു കടലിരമ്പംമാതിരി:

"മഹാത്മാ...ഗാന്ധീ...കീ...ജേ...!"


ആ 'അർധനഗ്നനായ ഫഖീർ' രണ്ടു പല്ലുപോയ മോണ കാണിച്ചു ചിരിച്ചുകൊണ്ടു തൊഴുകൈയോടെ കരയ്ക്കിറങ്ങി. വല്ലാത്ത ആരവം. തുറന്ന കാറിൽ അദ്ദേഹം മെല്ലെ കയറിയിരുന്നു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ കാർ സത്യഗ്രഹാശ്രമത്തിലേക്കു പതുക്കെ നീങ്ങി. വിദ്യാർത്ഥികളിൽ പലരും കാറിന്റെ സൈഡിൽ തൂങ്ങി നിന്നു; അക്കൂട്ടത്തിൽ ഞാനും. ആ ബഹളത്തിനിടയ്ക്ക് എനിക്കൊരാഗ്രഹം! ലോക വന്ദ്യനായ ആ മഹാത്മാവിനെ ഒന്നു തൊടണം! ഒന്നു തൊട്ടിലെങ്കിൽ ഞാൻ മരിച്ചു വീണുപോകുമെന്നെനിക്കു തോന്നി. ലക്ഷോപലക്ഷം ജനങ്ങളുടെ നടുക്ക്. ആരെങ്കിലും കണ്ടാലൊ?എനിക്ക് ഭയവും പരിഭ്രമവും ഉണ്ടായി.എല്ലാം മറന്ന് ഞാൻ ഗാന്ധിജിയുടെ വലതുതോളിൽ പതുക്കെ ഒന്ന് തൊട്ടു! വീഴാൻ പോയതിനാൽ കൈത്തണ്ടയിൽ പിടിച്ചു.മസിലിനു ബലമില്ല.പിളുപിളിപ്പ്!ഗാന്ധിജി എന്നെ നോക്കി മന്ദഹസിച്ചു.


അന്ന് സന്ധ്യക്ക് വീട്ടിൽ ചെന്ന് ഞാൻ അമ്മയോട് അഭിമാനത്തോടെ പറഞ്ഞു:

"ഉമ്മാ,ഞാൻ ഗാന്ധിയെ തൊട്ട്!"


*******

ഉമ്മയും അമ്മയും പര്യായങ്ങളില്ലാത്ത സ്നേഹ വാചകങ്ങളാണെന്ന് പഠിപ്പിച്ചതും ബഷീർ തന്നെയാണ്.

'പാത്തുമ്മയുടെ ആടി'ൽ ബഷീർ വന്ന് മാതാവേ എന്ന് വിളിക്കുമ്പൊ ഉമ്മ ചോദിക്കുന്നത്  "എവിടന്നാണ് ഈ മനുഷ്യ പറ്റില്ലാത്ത ഭാഷ നീ പഠിച്ചത് " എന്നാണ്.

      അന്ന് വരെ സാഹിത്യകാരന്മാർ ഉപയോഗിച്ചിരുന്ന ആഡ്യഭാഷയിൽ നിന്ന് സാഹിത്യത്തെ ബഷീർ മോചിപ്പിച്ചു എന്നു പറയാം.

പ്രണയത്തെ സാഹിത്യത്തിൽ പലരും പല രീതിയിലും അടയാളപ്പെടുത്തിയി

ട്ടുണ്ട്. പക്ഷേ ബഷീറിൽ വരുമ്പൊ അത് വ്യത്യസ്ഥവും വേറൊരു തലത്തിലുള്ളതുമായി മാറും.

ഒറ്റക്കണ്ണൻ പോക്കരുടെ മകൾ സൈനബ മണ്ടൻ മുസ്തഫയെ പ്രേമിക്കുകയും, മുസ്തഫ പോക്കരുടെ ചായക്കടയിൽ ചായ കുടിക്കാൻ വരുമ്പൊ പ്രേമം കൊണ്ട് സൈനബ പുട്ടിന്റെ ഉള്ളിൽ ഒരു പുഴുങ്ങിയ മുട്ട ആരും കാണാതെ വെക്കുകയും ചെയ്യും....

      അങ്ങനെ ദിവ്യമായ പ്രണയത്തിന്റെ അടയാളമായി മലയാള സാഹിത്യത്തിൽ ആദ്യമായി ഒരു പുഴുങ്ങിയ മുട്ട പ്രത്യക്ഷപ്പെട്ടു.
******
ബഷീറിൻ്റെ മതിലുകൾ വായിച്ച് ഹംസ അറക്കൽ  എഴുതിയ വായന കുറിപ്പ് നോക്കൂ.

"മതിലുകളാണ് ഞാൻ ആദ്യം വായിച്ച വൈക്കം മുഹമ്മദ് ബഷീർ  കൃതി. ബോംബെ ജുഹുവിലെ ഒരു ഇടുങ്ങിയ മുറിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മലയാളി സമാജത്തിന്റെ ലൈബ്രറിയിൽ നിന്നായിരുന്നു ആ പുസ്തകം കിട്ടിയത്.ഒരു നല്ല പുസ്തകം ആവശ്യപ്പെട്ടപ്പോൾ ലൈബ്രേറിയൻ മതിലുകളാണ് തന്നത്. ഒരു ജയിൽ കഥ എന്ന് മാത്രമെ അന്ന് തോന്നിയിരുന്നുള്ളു. സാഹിത്യത്തെ അടുത്തറിഞ്ഞപ്പോഴാണ് അതിരുകൾ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ചാണ് ബഷീർ പറയുന്നത് എന്ന് മനസ്സിലായി

അനേകം വായനയിലൂടെ കടന്നു പോകേണ്ട ഒരു മികച്ച കൃതിയാണ് മതിലുകൾ. തടവറക്കുള്ളിലും റോസാചെടികൾ നട്ട് പ്രപഞ്ചമാകെ പ്രണയത്തിന്റെ സുഗന്ധം പരത്തുകയാണ് ബഷീർ. ആൺ ജയിലിനേയും പെൺ ജയിലിനേയും വേർപ്പെടുത്തിയിരിക്കുന്ന പടുകൂറ്റൻ മതിൽ.ഒരിക്കൽ ആ മതിലിന് വലിയ തുളയുണ്ടായിരുന്നു. ആ തുളയിലൂടെ പെൺ ജയിലിലെ കാഴ്ചകൾ കാണാൻ ജയിലർ തടവുപുള്ളികളിൽ നിന്ന് പണവും വാങ്ങിയിരുന്നു.എന്നാൽ എല്ലാവർക്കും ആ കാഴ്ച കാണാൻ സാധിക്കുമായിരുന്നില്ല. തടവുപുള്ളികളിൽ ദരിദ്രരായവർ ഏറെയാണ്. പണം ചോദിച്ചാൽ കൊടുക്കാനില്ലാത്തവർ. അവർ സംഘർഷങ്ങൾ ഉണ്ടാക്കി. ബഷീറും നാരായണിയും തമ്മിലുള്ള പ്രണയകാലമാകുമ്പോഴേക്കും ജയിലർ ആ തുള അടച്ചു കഴിഞ്ഞിരുന്നു.അവർ ഒരിക്കലും ജീവിതത്തിൽ കാണാത്തവരാണ്. മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് അവർ കാണാതെ പ്രേമിച്ചു. മതിലിന് ശ്വാസക്കുഴലുകൾ ഉണ്ടായി. ആത്മാവും, ശരീരവും അതിനുണ്ടെന്നവർ തിരിച്ചറിഞ്ഞു. അവർ മതിലിനെ പ്രണയപൂർവ്വം തലോടി.

ശരീരത്തിന്റെ മണം ആ വൻ മതിലിനപ്പുറത്തേക്ക് ആഗിരണം ചെയ്യപ്പെട്ടു. അവരുടെ കൊച്ചു കൊച്ചു  വാക്കുകളിലൂടെ രൂപവും സൗന്ദര്യവും ശരീരത്തിന്റെ അടയാളങ്ങളും കണ്ടെടുത്തു. ജീവിത ചിന്തകളും സ്വപ്നങ്ങളും പങ്കുവെച്ചു. ഇടക്കിടക്ക് ആകാശത്തേക്ക് അവൾ  ഉയർത്തുന്ന ഉണങ്ങിയ കമ്പിൽ നാരായണി അവളുടെ ജീവിതത്തെയാണ് കാട്ടിത്തരുന്നത്. പതിനാലു വർഷത്തേക്ക് ജയിൽശിക്ഷ അനുഭവിക്കുന്ന ഇരുപത്തിരണ്ടുകാരിയാണ് നാരായണി.

കാറ്റും മഴയും ഇടിമിന്നലുമുള്ള ഘോരമായ രാത്രിയിൽ ജയിൽ ചാടാൻ കാത്തിരിക്കുന്ന ബഷീർ എന്ന നായകൻ ആ ശ്രമം ഉപേക്ഷിക്കുന്നത് നാരായണി ഹൃദയത്തിൽ പതിഞ്ഞതുകൊണ്ടാണ്. വർഷങ്ങൾ കടന്നു പോയി

പെട്ടെന്നാണ് നായകന്റെ ജയിൽ ശിക്ഷ കാലാവധി തീർന്ന അറിയിപ്പ് ജയിൽ അധികാരികൾ അറിയിക്കുന്നത്. അതോടെ സ്തബ്ധനായി പോകുന്ന നായകൻ "ആർക്കു വേണം ഈ സ്വാതന്ത്ര്യം?" എന്ന് ജയിലറോട് പൊട്ടിത്തെറിക്കുന്നുണ്ട്. ജയിലിൽ ബഷീറിന്റെ ഇഷ്ടാനിഷ്ടങ്ങൾ അനുവധിച്ചു കൊടുക്കുന്ന സ്നേഹസമ്പന്നനായ ആ ഉദ്യോഗസ്ഥൻ അതു കേട്ട് ചിരിക്കുക മാത്രം ചെയ്യുന്നു.ജയിലിന് പുറത്തുള്ള ലോകം ബഷീറിന്റെ ഭാവനയെ നിരാശപ്പെടുത്തുന്ന സ്വാതന്ത്ര്യത്തിന്റെ ലോകമാണ്.

കൊടും ചൂഷണവും, ജാതീയമായ അസമത്വവും, നിലനിൽക്കുന്ന ജീർണ്ണിച്ച ആ സാമൂഹ്യ വ്യവസ്ഥയെ നിശ്ശബ്ദം വിചാരണ ചെയ്യുകയാണ് മതിലുകളിൽ.

അതോടൊപ്പം വരേണ്യവർഗ പ്രണയ സങ്കല്പങ്ങളെ പാടെ നിരാകരിക്കുന്ന, അതേ വരെ മലയാള സാഹിത്യം ദർശിച്ചിട്ടില്ലാത്ത പ്രണയത്തിന്റെ പുതിയൊരു ആഖ്യാനം ഭാഷയിലേക്ക് കൊണ്ടുവരികയാണ് ബഷീർ.

.................................

പ്രണയത്തെ അതിൻ്റെ തീക്ഷ്ണതയെ നാലുവരിയിൽ എഴുതാൻ കഴിയുന്ന ആൾ മലയാളത്തിൽ ബഷീറല്ലാതെ വേറെ ആരാണ്.

ലോകമേ എന്റെ മരണവും ക്രൂരഹൃദയയായ സാറാമ്മയുമായി യാതൊരു ബന്ധവുമില്ല ! സാറാമ്മയെ ഞാൻ സ്നേഹിക്കുന്നുവെന്നുള്ളതും സാറാമ്മ എന്നെ സ്നേഹിക്കുന്നില്ലെന്നതും ശരിയാണ്. ഞാൻ കൊടുത്ത മധുരസുന്ദരമായ പ്രേമലേഖനം കഠിനതയോടെ അവൾ ചുരുട്ടിക്കൂട്ടി എറിഞ്ഞതും സത്യമാണ്. എന്നാലും എന്റെ മരണവും കഠിനഹൃദയയായ സാറാമ്മയുമായി ലോകമേ... യാതൊരു ബന്ധവുമില്ല !


എന്ന് സാറാമ്മക്കു വേണ്ടി ചത്ത കേശവൻ നായർ എന്ന പാവത്താൻ (ഒപ്പ് )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക