ന്യു ജേഴ്‌സി: "ഫോമയുടെ ഈ ചടങ്ങിൽ സംബന്ധിക്കുന്നതിൽ ഏറെ സന്തോഷമുണ്ട് . ചെണ്ടമേളവും നൃത്തവുമൊക്കെ ഗംഭീരമായി," ക്രിക്കറ്റ് താരം സഞ്ജു സാംസൻ സന്തോഷം മറച്ചുവച്ചില്ല. ഫോമാ കാസ ഡെൽ റെ ഹോട്ടലിൽ ഒരുക്കിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സഞ്ജു.
യുവാക്കളുടെയും കുട്ടികളുടെയും വലിയ സാന്നിധ്യമായിരുന്നു ചടങ്ങിനെ വ്യത്യസ്തമാക്കിയത്. ക്രിക്കറ്റിനോടുള്ള ആരാധന എത്രയെന്ന് അവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുകയും ചെയ്തു. ലിസ് പൗലോസ് ആയിരുന്നു എംസി
സഞ്ജുവുമായി ജിനേഷ് തമ്പി, പ്രവീണ എന്നിവർ നടത്തിയ ഇന്ററാക്ടിവ് സെഷനിൽ സഞ്ജു പറഞ്ഞ ചില കാര്യങ്ങൾ:
ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റ് കളിച്ചു തുടങ്ങി . ഞങ്ങൾ ഡൽഹിയിലായിരുന്നു താമസം . അച്ഛൻ ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു. ഡൽഹിക്കു വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട് . അഞ്ചോ ആറോ വയസ്സുള്ളപ്പോൾ തന്നെ ഞാൻ അയൽക്കാരുടെ വീടുകളുടെ വാതിലുകളിൽ മുട്ടി സുഹൃത്തുക്കളെ ക്രിക്കറ്റ് കളിക്കാൻ ക്ഷണിക്കുമായിരുന്നു എന്ന് അച്ഛനും അമ്മയും പറഞ്ഞു കേട്ടിട്ടുണ്ട് . ക്രിക്കറ്റ് ആണ് എൻ്റെ ജീവിതമെന്നു നന്നേ ചെറുപ്പത്തിലേ ഞാൻ ഉറപ്പിച്ചിരുന്നു . ദൈവ കൃപയാൽ ക്രിക്കറ്റ് കളിക്കാനുള്ള കഴിവും ലഭിച്ചു . ചെറുപ്പം മുതൽ എല്ലാ വിഷമ ഘട്ടത്തിലും മാതാപിതാക്കൾ ഒപ്പം നിന്നു.
ഐപിഎലിന്റെ ക്യാപ്റ്റനാകുന്നത് രാജ്യത്തിന്റെ ക്യാപ്റ്റനാകുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് എന്നതാണ് എൻ്റെ പക്ഷം . ഒരു രാജ്യത്തിന്റെ ക്യാപ്റ്റന് ഒരു നിശ്ചിത എണ്ണം കളിക്കാരെ കൈകാര്യം ചെയ്താൽ മതി. അതേസമയം ഐപിഎലിൽ നിരവധി കളിക്കാരെ ഒരേ സമയം കൈകാര്യം ചെയ്യേണ്ടതുണ്ട്, അതും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള സൂപ്പർ താരങ്ങളെ.
ഒരു ക്യാപ്റ്റനെന്ന നിലയിൽ തെറ്റുകൾ വരുത്തുകയും ചില ധീരമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് തോന്നുന്നത് ഒരു ക്രിക്കറ്റ് ക്യാപ്റ്റൻ ടീമിന് പുറത്താണ് കൂടുതൽ പരീക്ഷിക്കപ്പെടുന്നത് എന്നാണ്. ക്യാപ്റ്റൻ എപ്പോഴും കളിക്കാർക്ക് ലഭ്യമായിരിക്കണം.
എന്റെ ക്രിക്കറ്റ് യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നു , പക്ഷേ ഞാൻ തളർന്നില്ല . കേരളത്തിൽ നിന്നുള്ള ഒരു കളിക്കാരന് പ്രതീക്ഷിക്കാവുന്ന ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തം രാജ്യത്തിനു വേണ്ടി കളിക്കുക എന്നത്. എനിക്കും അതേ സ്വപ്നം തന്നെയായിരുന്നു . അവിടെ എത്താൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ ഇന്ത്യക്കായി കളിക്കാൻ സാധിക്കുകയും ചെയ്തു.
ഇന്ത്യ ടീമിൽ എനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ അതിനെക്കുറിച്ച് ഒരിക്കലും വിഷമിച്ചിട്ടില്ല. എന്നെ പിന്തുണക്കുന്നവർ , പ്രത്യേകിച്ച് മലയാളികൾ, എനിക്ക് നൽകിയ പിന്തുണ വളരെയേറെ വിലയേറിയതാണ് . അതാണ് എൻ്റെ ശക്തിയും . ഫാൻസിന്റെ പിന്തുണ എനിക്ക് വളരെയധികം ഉത്തരവാദിത്തങ്ങളും നൽകിയിട്ടുണ്ട്. കളിക്കളത്തിൽ പൂജ്യത്തിനു പുറത്തായാലും മുന്നോട്ടു പോകാനുള്ള ഊർജം നൽകുന്നത് ജനങ്ങളുടെ പിന്തുണയാണ്.
ക്രിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന കാര്യങ്ങളിലും നല്ല ഉപദേശങ്ങൾ നൽകി എന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് എന്റെ ഭാര്യ ചാരു. ഞങ്ങൾ ആദ്യമായി കോളജിൽ വച്ചു കണ്ടപ്പോൾ എന്റെ ക്രിക്കറ്റ് ജീവിതത്തിൽ ചാരുവിനു ഇത്രയധികം സഹായം നൽകാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല.
കുട്ടിക്കാലം മുതൽ ഞാൻ എന്റെ സീനിയേഴ്സിനോടും പരിശീലകരോടും ധാരാളം ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. ഇപ്പോൾ എന്റെ ക്രിക്കറ്റ് ജീവിതത്തെ സഹായിക്കാൻ എനിക്ക് അഞ്ച് അംഗ ഉപദേശക ടീം ഉണ്ട്. എന്റെ ഭാര്യയാണ് അതിന് നേതൃത്വം നൽകുന്നത്. ഒരു സപ്പോർട്ട് സിസ്റ്റം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
പ്രധാനപ്പെട്ട മത്സരങ്ങൾക്ക് മുമ്പ് ഞാൻ സമ്മർദ്ദത്തിലാകാറില്ല . സുഹൃത്തുക്കളുമായി സംസാരിച്ച് വിശ്രമിക്കാൻ ശ്രമിക്കും-സഞ്ജു പറഞ്ഞു.
UFI ഇവന്റ്‌സുമായും കേരള ക്രിക്കറ്റ് ലീഗ് (KCL) USAയുമായും സഹകരിച്ചാണ് FOMAA Spectrum Auto - Straight Drive with Sanju എന്ന പരിപാടി സംഘടിപ്പിച്ചത്
മലയാളികളുടെ അഭിമാനമായ സഞ്ജുവിന് ജൂലൈ ആറിനാണ് ഫോമാ മുൻ പ്രസിഡന്റ് അനിയൻ ജോർജിന്റെ ഉടമസ്ഥതയിലുള്ള കാസ ഡെൽ റെയിൽ വരവേല്പ് നൽകിയത്. ഫോമാക്കു വേണ്ടി കോ ഓർഡിനേറ്റർ ടോം വർഗീസ്, ഫോമാ സെക്രട്ടറി ബൈജു വർഗീസ്, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ആർ.വി.പി. പി പദ്മരാജൻ, UFI ക് വേണ്ടി കിഷോർ വരിയത്ത് , KCL നു വേണ്ടി ജോജോ കൊട്ടാരക്കര എന്നിവർ ആശംസകൾ നേർന്നു.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ട്രഷറർ സിജിൽ പാലക്കലോടി, ജോ. സെക്രട്ടറി പോൾ ജോസ്, ജോ. ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു
ഫോമാ ന്യു യോർക്ക് എമ്പയർ റീജിയൻ ആർ.വി.പി പി.ടി തോമസ്, ഫൊക്കാന നേതാവ് പോൾ കറുകപ്പള്ളി, വേൾഡ് മലയാളി കൗൺസിൽ ആഗോള ചെയർ തോമസ് മൊട്ടക്കൽ, ആനി ലിബു (വേൾഡ് മലയാളി ഫെഡറേഷൻ), അനിൽ പുത്തൻചിറ, സണ്ണി കല്ലൂപ്പാറ, തങ്കമണി അരവിന്ദൻ, ജെയിംസ് ജോസഫ്, ജോസഫ് ഇടിക്കുള, മധു കൊട്ടാരക്കര തുടങ്ങി ട്രൈസ്റ്റേറ്റ് മേഖലയിലെ ഒട്ടേറെ പ്രമുഖ വ്യക്തികൾ സ്വീകരണത്തിൽ പങ്കെടുത്തു.