Image

കുടുംബിനി; ഷെറിന് ജയില്‍ മോചനം അനുവദിച്ച് ഗവര്‍ണറും ഒപ്പിട്ടു

Published on 11 July, 2025
കുടുംബിനി; ഷെറിന് ജയില്‍ മോചനം അനുവദിച്ച് ഗവര്‍ണറും ഒപ്പിട്ടു

തിരുവനന്തപുരം:  ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിനു ജയില്‍മോചനം അനുവദിച്ചു ഗവര്‍ണറും ഒപ്പിട്ടു. കുടുംബിനി, മാനുഷിക പരിഗണന എന്നീ പരിഗണനകളിലാണ് ഇളവു നല്‍കിയത്. സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അംഗീകരിച്ചതോടെയാണ് ഷെറിന് മോചനം സാധ്യമായത്. ആദ്യഘട്ടത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിന്റെ പട്ടിക തിരിച്ചയച്ചിരുന്നു.

നേരത്തെ ഷെറിന്റെ ജയില്‍ മോചനത്തിന് ചില തടസ്സങ്ങളുണ്ടായിരുന്നു .അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്തുവന്നതുമാണ് നേരത്തെയുള്ള ജയില്‍ മോചനത്തിനു തിരിച്ചടിയായത്. സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്നം സൃഷ്ടിച്ചതും തിരിച്ചടിയായി. ഇതേത്തുടര്‍ന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോം രാജ് ഭവന്‍ ഏര്‍പ്പെടുത്തി. ശുപാര്‍ശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ ചെയ്യുകയായിരുന്നു. ജീവപര്യന്തം തടവിനു ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.

2009ലാണ് ഭര്‍തൃപിതാവായ ഭാസ്‌കര കാരണവരെ ഷെറിനും മറ്റു മൂന്നു പ്രതികളും ചേര്‍ന്ന് വീടിനുള്ളില്‍ കൊലപ്പെടുത്തിയത്. ഷെറിന്‍ അടക്കം 11 പേര്‍ക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക