നാട്ടിൽ പേപ്പട്ടിയും കാട്ടാനയും പാമ്പും പുലിയും പന്നിയും വിഹരിക്കുന്നതിനെ പൊതുജനം ഭയപ്പെട്ട് ജീവിക്കുന്നത് ഇപ്പോൾ ഒരു വാർത്ത അല്ലാതായിരിക്കുന്നു, ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയെ പേടിക്കേണ്ടതില്ലെന്ന് അറിയാവുന്ന അധികാരികൾ വേണ്ട നടപടികൾ എടുക്കാറുമില്ല.
കാരണം പേപ്പട്ടിയുടെ വില പോലുമില്ല സാദാ പൗരനെന്ന് തെളിയിക്കുന്ന കുറെ നിയമങ്ങൾ മറ്റാർക്കോ വേണ്ടി പാസ്സാക്കി, അതിൽ കുത്തിയിരിക്കയാണ് വകുപ്പു മേലധികാരികൾ.
ഒരാഴ്ചമുമ്പ്, തിരുവനന്തപുരം പോത്തൻകോടിൽ ഒരു കിലോമീറ്റർ ദൂരത്തിൽ നാല്പതിലധികം വഴിയാത്രക്കാരെ കടിച്ച തെരുവ് നായയെ പറ്റിയുള്ള വാർത്തകൾ മലയാളം ചാനലുകളിൽ കേട്ടുകൊണ്ടാണ് പ്രഭാതം പൊട്ടിവിടർന്നത്. സമാനമായ തെരുവുനായകളുടെ ആക്രമണം തലശ്ശേരിയിലും അതേ ദിവസ്സം റിപ്പോര്ട്ട് ചെയ്തിരുന്നു. ഇതുപോലെയുള്ള നായകൾ നിരത്തിൽ നിറഞ്ഞു വിഹരിക്കുമ്പോൾ, പാവം കാൽനടക്കാരായ പൊതുജനങ്ങൾക്ക് ജീവിതം എത്ര ദുസ്സഹമായിരിക്കുന്നുവെന്ന് ഭരിക്കുന്ന സർക്കാരിനും വിവിധ വകുപ്പ് മേധാവികൾക്കും മാത്രമേ അറിയാൻ പാടില്ലാത്തത് എന്ന് തോന്നുന്നു. പാവപ്പെട്ടവൻ ബാങ്ക് ലോണും പണയവും വെച്ചിറക്കിയ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളും കാട്ടാനകളും സകല നാശങ്ങളും വിതച്ചിട്ട് മെയിൻ റോഡിലൂടെ നിർബാധം വിഹരിച്ചുനടക്കുന്നു. കാട്ടിൽനിന്നും പുലിയും വിഷപ്പാമ്പുകളും നാട്ടിലിറങ്ങി വളർത്തു മൃഗങ്ങളെയും ഒത്താൽ മനുഷ്യനെയും കടിച്ചു കൊല്ലാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു.
നരഭോജിയായ കടുവയെ കാളികാവിൽ, പിടിച്ച സ്ഥലത്ത് തന്നെ വെടിവെച്ചു കൊല്ലണമെന്ന് പൊതുജനങ്ങൾ ഒത്തുകൂടി ശക്തമായി കാട്ടിയ ജനരോഷം നിസ്സാരമല്ല.
മനുഷ്യജീവനാണ് ഏറ്റവും പ്രധാനമായതെന്നു സ്ഥിതീകരിക്കുന്ന നിയമവും നടപടികളും ഉറപ്പാക്കണം.
ഇതിനെ ഏതെങ്കിലും വെടിവെക്കാനോ കൊല്ലാനോ ശ്രമിച്ചാൽ, പോലീസും വനം വകുപ്പും തൂടങ്ങി സകല വകുപ്പുകളിലെയും മേലാളന്മാർ പാവം മനുഷ്യനെ പിടിച്ചകത്തിടാൻ കാട്ടുന്ന വ്യഗ്രത കാണേണ്ടത് തന്നെ.
മനുഷ്യരെ പരിരക്ഷിക്കാൻ ഇവർക്കൊന്നും യാതൊരു ഉത്തരവാദിത്വവുമില്ലേ? മനുഷ്യന് ഒരു പേപ്പട്ടിയുടെ വില പോലുമില്ലേ ?
മനുഷ്യജീവിയുടെ ജീവനും സ്വത്തും പരിരക്ഷിക്കാനല്ലേ നിയമങ്ങൾ ആദ്യം പ്രാധാന്യം നൽകേണ്ടത്?.
ഇതൊക്കെയും ചോദിക്കേണ്ട പൊതുജനം, കഴുതയാണെന്നു അവർ തന്നെ പറഞ്ഞു നിരാശരായി കീഴടങ്ങി, അല്ലെങ്കിൽ ഭരണാധികാരികൾ അവരെ കീഴടക്കിയിരിക്കയാണല്ലോ.
പിന്നെ മുമ്പൊക്കെ ജനങ്ങളുടെ വികാര വിചാരങ്ങൾ പൊതുവേദികളിൽ എത്തിക്കാനും, സർക്കാരിന്റെ ഇടപെടലിന് പ്രേരകമാകേണ്ടതും മുഖ്യധാരാ മാദ്ധ്യമങ്ങളിലൂടെയായിരുന്നു.
എന്നാൽ ആ മാധ്യമ പ്രതിബദ്ധത യ്ക്ക് ഒരു വശത്ത് കൂച്ചുവിലങ്ങിട്ടിരിക്കുന്നു. മറുവശത്ത് കോർപറേറ്റ് അജണ്ടാകൾക്കു പ്രാമുഖ്യം കൊടുക്കയും, വൻ കമ്പനികളുടെ പരസ്യങ്ങളും സ്‌പോൺസർഷിപ്പുകളുമായി ലാഭേച്ഛയോടെ നീങ്ങുന്നതിനാൽ, അവിടെയൊക്കെ നടക്കുന്ന അവിഹിത കൂട്ടുകെട്ടുകളും ജനദ്രോഹപരമായ നീക്കങ്ങളും റിപ്പോര്ട്ട് ചെയ്യാൻ പോലും മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും കണ്ണടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, പൊതുജനം ഒന്നും ചെയ്യാനാവാതെ നിരാശരായിരിക്കുന്നു.
പ്രതിഷേധത്തിന് ജനാധിപത്യ രീതികളുണ്ടെന്നു പറഞ്ഞാൽ, അത് ന്യായം. പക്ഷേ തന്റെ നിരവധി പരാതികൾക്കും നിവേദനങ്ങൾക്കും യാതൊരു നടപടിയും കാണാഞ്ഞതിനാൽ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.ഹാരിസ് ഹസ്സൻ അവസാന കച്ചിത്തുരുമ്പായ സോഷ്യൽ മീഡിയായിൽ, ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെപ്പറ്റി എഴുതിയപ്പോൾ, ഏമാന്മാർ സടകുടഞ്ഞെഴുനേറ്റല്ലോ? അതുവരെ ഇവരൊക്കെ ഏതു മാളത്തിൽ ഒളിച്ചിരിക്കയായിരുന്നു?
ഡോക്ടർ തുറന്നു പറഞ്ഞതല്ലാതെ ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയോ കുറ്റപ്പെടുത്തലുകളോ അല്ല താൻ ചെയ്തതെന്ന് ആണയിട്ടു പറഞ്ഞതും പൊതുജനം കേട്ടതാണ്.
ബ്യുറോക്രസിയുടെ മെല്ലെപ്പോക്കു തുറന്നുകാട്ടുന്ന പോരാട്ടമാണ് താൻ നടത്തുന്നതെന്നും,
സർക്കാരിനു എതിരെയുള്ള സമരമുറയൊന്നുമല്ല തന്റെ ഉദ്ദേശമെന്നും നേരിട്ട് ഡോക്ടർ പറയുന്നുമുണ്ട്.
വകുപ്പുതല അച്ചടക്ക നടപടികൾ ഉടൻ ഉണ്ടാകുമെന്ന് മുഖ്യന്റെ ഓഫീസുമുതൽ, വന്ന
അന്ത്യശാസനം
മാധ്യമങ്ങൾ കൊട്ടിഘോഷിച്ചു.
നടപടിയെ ഭയപ്പെടുന്നില്ലെന്നു തുറന്നു പറയുന്ന ഡോക്ടർ ഹാരിസ് ഹസ്സൻ യാതൊരു ശിക്ഷയെയും പേടിച്ചോടുന്ന ആളല്ല. അദ്ദേഹം ചുമതലയെല്ലാം മറ്റൊരു ഡോക്ടർക്കു കൈമാറി എന്തിനും തയ്യാറായിരിക്കുന്നു.
ഡോക്ടർ സത്യം തുറന്നുപറഞ്ഞതിനും, തന്റെ വാദങ്ങൾ ശരിയെന്നുറപ്പാക്കിയതിലും ചാരിതാർഥ്യമുണ്ട്. എന്നാൽ മന്ത്രി തിരുത്തി മൊഴിഞ്ഞു " പറഞ്ഞതിൽ തെറ്റില്ല, പ്രതികരിച്ച രീതി തെറ്റിപ്പായി"! .
കൂനിന്മേൽ കുരുപോലെ കോട്ടയം മെഡിക്കൽ കോളേജിലെ ഒരു "ഉപേക്ഷിച്ച ശുചിമുറി" എന്ന് പറയുന്ന ഒരു പഴഞ്ചൻ കെട്ടിടത്തിന്റെ മൂല പൊളിഞ്ഞുവീണ് ബിന്ദു എന്ന വീട്ടമ്മയും മരിച്ചതോടെ, പ്രതിപക്ഷം കാത്തിരുന്ന വജ്രായുധം വീണുകിട്ടിയ സതോഷത്തോടെ പ്രതിഷേധം ആളിക്കത്തിച്ചു . "ആരോഗ്യമന്ത്രി ഉടൻ രാജി വെച്ച് പുറത്തുപോകണം", കൂട്ടത്തിൽ മന്ത്രിയുടെ കോലവും കത്തിച്ചപ്പോൾ , എന്തൊക്കെയോ നേടി എന്ന ഭാവത്തിൽ ചാനലുകളിൽ നിരന്നിരുന്നു ഹർഷാരവം മുഴക്കി.
മന്ത്രി വേണമെങ്കിൽ രാജി വെച്ചോട്ടെ, അങ്ങനെയെങ്കിലും ആരോഗ്യവകുപ്പിന് ആരോഗ്യം വീണ്ടുകിട്ടുമെങ്കിൽ നല്ലത് തന്നെ.
പക്ഷേ ഒരു കാര്യം ഓർക്കണം. കേരളം എന്ന സംസ്ഥാനം നിലവിൽ വന്നപ്പോൾ പുതുതായി പണിത സർക്കാർ കെട്ടിടങ്ങൾ മിക്കവാറും, വേണ്ട സമയത്തു് പരിരക്ഷണ പണികൾ നടത്താതെ കോൺക്രീറ്റ് പാളികളും അടർന്നുവീണ്, ഭിത്തികൾ പൊട്ടിക്കീറി ഏതു സമയത്തും നിലം പൊത്താവുന്ന നിലയിലാണ്. ഓരോ കെട്ടിടവും തകർന്നു വീഴുമ്പോൾ രാജി വെയ്ക്കാനും മാത്രം നമുക്ക് വകുപ്പ് മന്ത്രിമാരുമില്ല.
അപ്പോൾപിന്നെ നിവേദനങ്ങളും പരാതികളും കണ്ടില്ലെന്നു നടിച്ചിരിക്കുന്ന സർക്കാരിനെ ഉണർത്താൻ പൊതുജനത്തിന് ആകെയുള്ള പോംവഴിയാണ് സാമൂഹ്യ മാധ്യമങ്ങൾ.
മുഖ്യധാരയിലെപോലെ എഡിറ്റർമാർ അവരുടെ ഇഷ്ടത്തിന് വെട്ടിക്കളയുമെന്നോ, ഇല്ലെങ്കിൽ ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിൽ എറിയുമെന്നോ സംശയിക്കയും വേണ്ട.
കഴുതകൾക്കു കാറിത്തീർക്കാൻ, വിരൽത്തുമ്പിൽ സോഷ്യൽ മീഡിയയുടെ നിരവധി പ്ലാറ്റ്‌ഫോമുകൾ തുറന്നു കിടക്കുകയല്ലേ.
സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറച്ചിൽ നടത്തിയ ഡോക്ടർ ഡോ.ഹാരിസിനെതിരെ കർശന നടപടി വേണ്ടെന്നും അഭിപ്രായമുണ്ട്.
സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിടുന്നവർക്കെതിരെ ഉടൻ നടപടി എടുക്കുമെന്ന് പേടിപ്പിക്കുന്ന സർക്കാരിന് എന്തുകൊണ്ട് പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ, അത് പരിഹരിക്കാൻ ഒരു മെല്ലെപ്പോക്ക് ?
പൊതുജനങ്ങളുടെ ജീവന് സംരക്ഷണം നൽകണം. അതിന് പറ്റിയ മാറ്റങ്ങൾ നിയമത്തിലുണ്ടാവണം. അല്ലെങ്കിൽ നാട്ടിൽ പേയിളകിയ ഹിംസ്രജന്തുക്കൾ വിഹരിക്കും. അതില്ലെങ്കിൽ, പൊതുജനത്തിന് പേയിളകിയാൽ ആരെയൊക്കെ കടിക്കുമെന്ന് പറയാനാവില്ല. അപ്പോഴും സോഷ്യൽ മീഡിയയിൽ പലതും തുറന്നു കാട്ടാൻ ആരെങ്കിലും ഉണ്ടാവും. അപ്പോഴും ഇന്നത്തെ പല്ലവി ആവർത്തിക്കാമല്ലോ
"അതേ സിസ്റ്റം തകരാറിലാണ്".