ഞാൻ ഇയ്യിടെയായി മലയാളിക്കടകളിൽ പോകുന്നത് വളരെ പേടിച്ചിട്ടാണ്. വായനക്കാർക്ക് ഇത് കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം. അവിടെയെന്താ നിങ്ങളെ പിടിച്ച് തിന്നാൻ വല്ലവരും നിൽപ്പുണ്ടോ എന്ന് നിങ്ങൾ ചോദിക്കുകയും ചെയ്തേക്കാം. സംഗതി അങ്ങോട്ട് തുറന്നുപറയാൻ എനിക്ക് വലിയ വിഷമമുണ്ട്,ആദ്യമായി ഞാനൊന്ന് പറഞ്ഞുകൊള്ളട്ടെ ഞാനൊരു എഴുത്തുകാരൻ ആണെന്ന് ചിലരൊക്കെ പറയുന്നുണ്ട്. എന്തെങ്കിലും കുത്തികുറിച്ചിട്ടുണ്ടെന്നുള്ളത് സത്യവുമാണ്. എന്നാൽ എന്നെ നിങ്ങൾ കാണാൻ വഴിയില്ല. ഞാൻ ഒരു എഴുത്തുകാരനാണെന്നു പറഞ്ഞു നടക്കാറില്ല. ആളുകൂടുന്നിടത്ത് പോകാറില്ല.പത്രങ്ങളിൽ പടം കൊടുക്കാറില്ല. എഴുത്തിനോടും വായനയോടും ഇഷ്ടമാണെന്നുമാത്രം. അതുകൊണ്ട് വളരെ ചുരുക്കം പേരെ എന്ന അറിയുകയുള്ളൂ. ഇത് എനിക്ക് വലിയ സഹായമായി അല്ലെങ്കിൽ ഇതെഴുതാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല ആരോമൽ പൈതങ്ങൾ ചന്തുവിന്റെ തല അറുത്തതുപോലെ "അയാൾ" എന്റെ തല അറുത്ത് കളഞ്ഞേനെ. തലയറുത്തത് ചന്തു ചതിയനായതുകൊണ്ടാണെന്നു വടക്കൻ പാട്ടിലും, എന്നാൽ അത് ഒരു തെറ്റിദ്ധാരണയുടെ പേരിലാണെന്ന് ശ്രീ എം ടി വാസുദേവൻ നായരും പറയുന്നുണ്ട്. എന്റെ തല ഈ ഇനത്തിൽപ്പെടുന്നില്ല.
ഒരു കാര്യവുമില്ലാതെ ആരെങ്കിലും തലയറുക്കുമോ? ന്യായമായ ചോദ്യം ഇവിടെ ഒരു ചെറിയ വിവരണം ആവശ്യമാണ്, നേരത്തെ പറഞ്ഞപോലെ എന്റെ ചില രചനകൾ ചില പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുണ്ട്. അമേരിക്കൻ മലയാളി സാഹിത്യകാരന്മാരെ പലരും കുഷ്ഠ രോഗികളെ കാണുന്നപോലെയാണ് കാണുന്നത്. അതിനു മുഖ്യകാരണം എഴുത്തുകാർ തമ്മിലുള്ള തൊഴുത്തിൽ കുത്തും ബഹുമാനപ്പെട്ട കൃഷ്ണൻ നായർസാറിന്റെ കമന്റുകളുമാണത്രെ. വായിക്കാൻ വലിയ താൽപ്പര്യമില്ലാത്ത ഒരു സമൂഹത്തിൽ എന്തെങ്കിലും കുത്തിക്കുറിക്കുന്നവരുടെ രചനകൾ ബീഭത്സം,കഠോരം, രൗദ്രം, പൈങ്കിളി, ഭരണിപ്പാട്ട്, ദൈവനിന്ദ എന്നൊക്കെ വിശേഷിക്കപ്പെട്ടപ്പോൾ, ആക്ഷേപിക്കപ്പെട്ടപ്പോൾ ആളുകൾക്ക് ഭയങ്കര രസം. ആരാന്റെയമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാനെന്തു ശേല് . ആരെങ്കിലും എഴുത്തുകാരുടെ നന്മ ലക്ഷ്യമാക്കി എഴുതിയാൽ അതിനെ "പുറം ചൊറിയൽ" പ്രസ്ഥാനമാക്കി പൊതുജനം അധഃപതിപ്പിച്ചു കളഞ്ഞു. അല്ലെങ്കിൽ അത്തരം നിരൂപണങ്ങൾ എഴുതുന്നവർക്ക് ഒന്നുമറിയില്ലെന്ന് ചിലർ നാരീസ്വരങ്ങളിൽ പറഞ്ഞു വശീകരിച്ച് പലരെയും വിശ്വസിപ്പിച്ചു. അമേരിക്കൻ മലയാളസാഹിത്യം ശ്രദ്ധിക്കുന്നവർക്ക് നർമ്മരസപ്രധാനമായ ഒരു വേദിയാണ്. മദ്യപിക്കുക, ചൂതുകളിക്കുക, വ്യഭിചരിക്കുക, പരദൂഷണം പറയുക തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുന്നവരെപ്പോലെ ചിലർ പേനാ എടുത്ത് കളിക്കുന്നു. കിളയ്ക്കുകയല്ലെന്നാണ് എന്റെ ഒരു നിരീക്ഷണം. അതുമനസ്സിലാക്കാൻ മലയാളിക്ക് ഹൃദയവിശാലത പോരായിരിക്കും. ഇതെഴുതുമ്പോൾ രസകരമായ ഒരു സംഭവം ഓർമ്മ വരുന്നത് ഇവിടെ കുറിക്കേണ്ടത് കഥയുടെ കെട്ടുറപ്പിന് ആവശ്യമാണെന്ന് കരുതുന്നു.
നാട്ടിൽ വച്ച് ഒരു അമേരിക്കൻ മലയാളി തന്റെ അരുമ പുസ്തകത്തിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു. അദ്ദേഹത്തിന് അതു അതിരറ്റ സന്തോഷം നൽകിയെങ്കിലും ചില പത്രവാർത്തകളിൽ പുസ്തകം കക്ഷി എഴുതിയതല്ലെന്നും ആരോ ഡോളർ വാങ്ങി ചെയ്തുകൊടുത്ത പുണ്യകർമ്മമാണെന്നും പ്രചാരണമുണ്ടായി. സത്യം ആർക്കറിയാം. അതിൽ പിന്നെ അമേരിക്കൻ മലയാളികൾ എഴുതുന്നത് ആരെക്കൊണ്ടെങ്കിലും എഴുതിപ്പിക്കുന്നതാണെന്നു ഒരു ധാരണ അഥവാ തെറ്റിദ്ധാരണ സമൂഹത്തിൽ പരന്നു. നോക്കണേ, അമേരിക്കൻ മലയാളി എഴുത്തുകാരുടെ ഭാഗ്യദോഷങ്ങൾ കൂടാതെ സാഹിത്യാവേശത്തോടെ ഒരു കവിക്ക് ചുറ്റും ആദരപൂർവം കൂടിയവരെ അദ്ദേഹം കാലമാടന്മാർ, തല്ലിപ്പൊളികൾ എന്ന് വിളിച്ചതും സമൂഹത്തിൽ കൺഫ്യുഷനുണ്ടാക്കി. കൺഫ്യുഷൻ തീർക്കാൻ എഴുതിയവരെ കവിയുടെ ശിങ്കിടിവാലന്മാർ ചതിയിൽ പെടുത്തുകയും ചെയ്തു. അങ്ങനെ വളരെ സ്ഫോടനാത്മകമായ ഒരന്തരീക്ഷമാണ് അമേരിക്കൻ മലയാളി സാഹിത്യത്തിന്റേത്. എഴുത്തുകാരെ കണ്ടാൽ കാച്ചിക്കളയുക എന്ന ഒരു നിലപാട് പലരിലുമുണ്ടാകുകയും അത് നടപ്പാക്കാൻ അവർ തക്കം പാർക്കുകയും ചെയ്തുപോന്നു.
വീക്കെൻഡിൽ പ്രിയതമ ഉണ്ടാക്കുന്ന ദോശയുടെയും പുട്ടിന്റെയും, ഇടിയപ്പത്തിന്റെയും രുചി നാക്കിലങ്ങിനെ ഊറിവരുന്നതുകൊണ്ട് ആവശ്യത്തിനുള്ള അരിപ്പൊടിയും, ഉഴുന്നുപൊടിയും തപ്പിയെടുത്ത് ഞാൻ കൗണ്ടറിലേക്ക് നടന്നു വരികയാണ്.ആ കടയിലെ ഒരു മൂലയിൽ ചില മലയാള പ്രസിദ്ധീകരണങ്ങൾ വച്ചിട്ടുണ്ട്. ഇതിന്റെ ആരംഭത്തിൽ പറഞ്ഞ "അയാൾ" ആ കൂമ്പാരങ്ങളിലേക്ക് നോക്കുന്നു. വെള്ളം കണ്ട അപസ്മാര രോഗിയെപോലെ അയാളുടെ കണ്ണുകൾ വിടരുന്നു. അയാൾ പൊട്ടിച്ചിരിക്കുന്നു. പുറത്ത് കുറേശ്ശേ മഞ്ഞും നല്ല കാറ്റും. കടയിൽ ക ഷ്ടകാലത്തിനു ഞാനും അയാളും കടയിലെ ചെക്കനും മാത്രം ആർക്കോ നാളികേരം മുറിച്ചുകൊടുത്ത ഒരു വെട്ടുകത്തി ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ കൗണ്ടറിലിരിക്കുന്നുണ്ട്.അയാൾ അമേരിക്കൻ മലയാളി എഴുത്തുകാരെപ്പറ്റി , ഇവിടെ എഴുതാൻ കുറച്ചു വിഷമമുള്ള വാക്കുകളിലൂടെ വർഷിച്ചുകൊണ്ട് തൻറെ കോപം പ്രകടമാക്കി. ഇവിടത്തെ എഴുത്തുകാർക്ക് ഒന്നുമറിയില്ലെന്നും പേരും പടവും പേപ്പറിൽ വരാൻ വേണ്ടി എഴുതുകയാണെന്നും അട്ടഹസിച്ചു. അയാൾ ഷൂസ് നിലത്തിട്ടു ചവുട്ടി. അതിൽ എനിക്ക് പ്രശ്നമില്ലായിരുന്നു.
അയാളുടെ കാലു, അയാളുടെ ഷൂസ്, അയാൾ പിന്നെ ചെയ്തത് അവിടെ കണ്ട ചില മലയാള പ്രസിദ്ധീകരണങ്ങൾ കയ്യിലെടുത്തു ഞെരിച്ചമർത്തി ദ്വേഷ്യം തീർക്കുകയായിരുന്നു. പിന്നെ ഇളകിമറിഞ്ഞു ഇടം വലം തിരിഞ്ഞു കേരളത്തിലെ കളരിപ്പയറ്റുകാരെപോലെ അഭ്യാസം കാണിക്കുകയായിരുന്നു. "എടുത്ത് ചവറ്റുകൊട്ടയിൽ ഇടെടാ കൊച്ചനെ. അവന്മാരുടെ ഓരോ കൊഞ്ഞാണിപ്പുകൾ വായിക്കാൻ ഞങ്ങൾക്കെന്താ വട്ടാണോ? ജോലിയും തൊഴിലും ഇല്ലാതെ ഓരോ അവന്മാർ എഴുത്തുകാർ എന്നും പറഞ്ഞു നടക്കുന്നു. എന്നിട്ടയാൾ അയാളുടെ ചോരക്കണ്ണുകൾ എന്റെ നേർക്ക് പായിച്ചു. ഞാൻ ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ചു. അയാൾ ഒരു കൊടുങ്കാറ്റുപോലെ കടയുടെ പുറകിലോട്ട് പോയി.ഒരു നാളികേരവുമായി തിരിച്ചുവന്നു. കൗണ്ടറിലിരുന്ന വെട്ടുകത്തിയെടുത്ത് പറഞ്ഞു. ദേ ഈ കത്തികൊണ്ട് നാളികേരം രണ്ടാക്കുന്ന പോലെ ഒരു എഴുത്തുകാരനെ കണ്ടാൽ അവന്റെ തലയറുത്ത് ഞാൻ ഉടൽ വേറെയാക്കും. ഞാൻ എന്റെ തലയിൽ തപ്പി. കടക്കാരൻ ചെക്കൻ ദയനീയമായി എന്നെ നോക്കി. ലാസ്റ്റ് സപ്പർ എന്ന് പറയുന്നപോലെ ഒരു ലാസ്റ്റ് ഗ്ലാൻസ്. കാരണം ചെക്കന് എന്നെയറിയാം. ഞാൻ വീണ്ടും ഈശ്വരനെ മനസ്സിൽ ധ്യാനിച്ചു.കണ്ണുകൊണ്ട് ചെക്കനോട് യാചിച്ചു "പ്രിയ അനിയാ, മിണ്ടല്ലേ"
അയാൾ പുച്ഛത്തോടെ ഒരു പത്രമെടുത്ത് നിവർത്തി അതിൽക്കണ്ട ചില പേരുകൾ വായിച്ചു. കഷ്ടകാലം, അതിൽ എന്റെ പേരും ഉണ്ടായിരുന്നു. അയാൾ എന്റെ നേരെ നോക്കി ഒരു ചോദ്യം. "എന്താ നിങ്ങളുടെ പേര്" . ഞാൻ പരിഭ്രമിക്കാൻ തുടങ്ങുകയും ചെക്കൻ ഞെട്ടുകയും ചെയ്തു. അവൻ കൗണ്ടറിൽ നിന്നും പുറത്തുവന്നു വിക്കിവിക്കി പറഞ്ഞു. "അത് ഞങ്ങൾ അങ്കിളിനെ കുഞ്ഞുമോൻ അങ്കിൾ എന്നാണു വിളിക്കാറ്. ഒരു നുണ. കുഞ്ഞുമോൻ എന്ന പേരുകാർ അനവധി യുണ്ടല്ലോ? ചെക്കന്റെ ഉചിതമായ രംഗപ്രവേശം. ഞാൻ യാന്ത്രികമായ തലകുലുക്കി. ഇന്ത്യക്ക് വെളിയിൽ ജനിച്ചിട്ടും ചടങ് ആചരിക്കാൻ വളരെ ദൂരെ നിന്നും പറന്നെത്തിയ വല്യച്ഛന്റെ മടിയിൽ കിടത്തി അദ്ദേഹം എന്റെ കാതിൽ വിളിച്ച എന്റെ മനോഹരമായ പേര് പറയാൻ പറ്റാത്ത ഒരു വില കുറഞ്ഞ നിമിഷം. ഈശ്വരന്റെ കളികൾ . ഇതിനായി ഞാൻ ചെയ്തന്തൊരു പാപം. സംഭ്രമജനകമായ നിമിഷങ്ങൾ കഴിഞ്ഞു നാളീകരവും മീനുമായി അദ്ദേഹം സ്ഥലം വിട്ടു. എന്റെ ജീവൻ നേരെയായി.
ജീവിതത്തിൽ ഒരിക്കൽ സ്വന്തം പേര് പറയാൻ നിർവാഹമില്ലാതിരുന്ന സാഹചര്യം ആർക്ക് മറക്കാൻ കഴിയും. എന്തായാലും ജീവൻ തിരിച്ചു കിട്ടിയല്ലോ. തന്നെയുമല്ല പുറത്തിറങ്ങി പ്രസിദ്ധനാകാതെ വീട്ടിൽ കുത്തിയിരുന്നതുകൊണ്ട് ആളെ തിരിച്ചറിഞ്ഞില്ലെന്ന ഗുണവുമുണ്ടായി. അതിനുശേഷം കടയിൽ നല്ല തിരക്കുള്ള സമയത്തെ ഞാൻ ഷോപ്പിംഗിനു പോകാറുള്ളൂ. എന്നാലും ഒരു ഉൾപ്പേടി ഇപ്പോഴുമുണ്ട്.
ശുഭം